Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എടുത്താൽ പൊങ്ങാത്ത ജീവിത ചുമടുകൾക്കിടയിൽ 14 വർഷം കൊണ്ട് ഡോക്ടറേറ്റ് നേടി ചുമട്ടു തൊഴിലാളി; തടസ്സങ്ങൾ മറികടന്ന് സംസ്‌കൃതത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയത് ചുമടെടുത്തും പാരലൽ കോളേജിൽ ജോലിചെയ്തും; ആദ്യം മൈൻഡ് ചെയ്യാതിരുന്ന പത്രക്കാർ ഡോക്ടറേറ്റ് നേടിയ ചുമട്ടു തൊഴിലാളിക്ക് സ്വീകരണം നൽകുന്നു എന്നുകേട്ടപ്പോൾ ഓടിയെത്തി: സിഐടിയുക്കാരനായ അജയകുമാറിന്റെ കഥ

എടുത്താൽ പൊങ്ങാത്ത ജീവിത ചുമടുകൾക്കിടയിൽ 14 വർഷം കൊണ്ട് ഡോക്ടറേറ്റ് നേടി ചുമട്ടു തൊഴിലാളി; തടസ്സങ്ങൾ മറികടന്ന് സംസ്‌കൃതത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയത് ചുമടെടുത്തും പാരലൽ കോളേജിൽ ജോലിചെയ്തും; ആദ്യം മൈൻഡ് ചെയ്യാതിരുന്ന പത്രക്കാർ ഡോക്ടറേറ്റ് നേടിയ ചുമട്ടു തൊഴിലാളിക്ക് സ്വീകരണം നൽകുന്നു എന്നുകേട്ടപ്പോൾ ഓടിയെത്തി: സിഐടിയുക്കാരനായ അജയകുമാറിന്റെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഡോ. കെകെ അജയകുമാർ. പാരലൽ കോളജ് അദ്ധ്യാപകനാണ് അതേസമയം, ചുമട്ടു തൊഴിലാളിയും. വിദ്യാസമ്പന്നത കൊണ്ട് ഉത്തുംഗ ശ്രേണിയിലാണെങ്കിലും ജീവിക്കാൻ വേണ്ടി ചുമടുകൾ വഹിക്കുന്ന ഒരു നാൽപ്പത്തെട്ടുകാരൻ. അതാണ് മൈലപ്ര കടമണ്ണിൽ ഡോ. കെകെ അജയകുമാർ.

കേൾക്കുമ്പോൾ സിനിമാക്കഥ പോലെ അവിശ്വസനീയമാണ് അജയകുമാറിന്റെ ജീവിതം. രണ്ടാഴ്ച മുമ്പ് സംസ്‌കൃതത്തിൽ ഡോക്ടറേറ്റ് നേടിയ തന്റെ ചിത്രവുമായി പത്തനംതിട്ടയിലെ എല്ലാ പത്രം ഓഫീസുകളിലും അജയകുമാർ കയറി ഇറങ്ങിയിരുന്നു. രണ്ടു പത്രങ്ങളിൽ ആ തലപ്പടം വന്നു. ബാക്കിയുള്ളവർ അവഗണിച്ചു. എന്നാൽ, ഇന്നലെ എല്ലാ പത്രക്കാരും അജയനെ തേടിയെത്തി. കാരണം, ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത അവർക്ക് മുന്നിലെത്തിയിരുന്നു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ഏരിയാ കമ്മിറ്റി ഡോക്ടറേറ്റ് നേടിയ ചുമട്ടു തൊഴിലാളിക്ക് സ്വീകരണം നൽകി എന്നതായിരുന്നു ആ വാർത്ത. അപ്പോഴാണ് കഴിഞ്ഞ ദിവസം കൊട്ടയിലിട്ട വാർത്തയും ചിത്രവും പലരും തപ്പിയെടുത്തത്. ആ ചുമട്ടു തൊഴിലാളി ഒരു ജീവിതം തന്നെയാണ് ചുമക്കുന്നത് എന്ന് അറിഞ്ഞതും അപ്പോൾ തന്നെ.

കാലടി ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും സംസ്‌കൃതം (ന്യായം) വിഭാഗത്തിലാണ് അജയകുമാറിന് പിഎച്ച്ഡി ലഭിച്ചിരിക്കുന്നത്. പുരാതന ദാർശനികനായിരുന്ന ഉദയനാചാര്യരുടെ കിരണാവലി എന്ന ഗ്രന്ഥത്തെക്കുറിച്ചായിരുന്നു ഗവേഷണം. പ്രഫ ഡോ ജി രാമമൂർത്തിയായിരുന്നു ഗൈഡ്.

വിപ്ലവവും പാർട്ടി പ്രവർത്തനവും തലയ്ക്ക് പിടിച്ച ജീവിതമായിരുന്നു അജയന്റേത്. പഠനവും ജീവിതവും പാർട്ടി പ്രവർത്തനവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ചുമട്ടു തൊഴിലാളിയായത്. 2003 ലാണ് പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തത്. 2006-07 കാലത്ത് പേപ്പർ ജോലികൾ പൂർത്തിയാക്കി. അതിനിടെ മൂത്തകുട്ടിക്ക് ഗുരുതരമായ അസുഖം ബാധിച്ചു. ഇതോടെ ഡോക്ടറേറ്റിനുള്ള ശ്രമം മാറ്റി വച്ച് അജയൻ കുഞ്ഞിന് വേണ്ടി അലയാൻ തുടങ്ങി. 2008 ൽ കുഞ്ഞിന്റെ അസുഖം പൂർണമായും ഭേദമായി. അപ്പോഴും പൂർത്തീകരിക്കാത്ത മോഹമായി ഡോക്ടറേറ്റ് അവിടെ കിടന്നു. 2010 ലാണ് ഗവേഷണം തുടരാൻ തീരുമാനിച്ചത്.

വീണ്ടും രജിസ്റ്റർ ചെയ്ത് ഗവേഷണ ലോകത്തേക്ക് കടന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഡോക്ടറേറ്റ് കിട്ടിയത്. ഈ വിവരം അധികമാരും അറിഞ്ഞില്ല. താൻ അത്ര വലിയ ആളായി എന്ന് അജയനും തോന്നിയില്ല. ഇന്നലെ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ഏരിയാ കമ്മിറ്റി സ്വീകരണം സംഘടിപ്പിച്ചപ്പോഴാണ് എല്ലാവരും അജയന്റെ നേട്ടം അറിയുന്നത്. മൈലപ്ര എസ്എൻവിയുപിഎസ്, സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി കാതോലിക്കേറ്റ് കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. അത് പാസായ ശേഷം ജെഡിസിക്ക് പോയി. കുറേ നാൾ അല്ലറ ചില്ലറ ജോലികൾ ചെയ്തു നടന്നു. 93 ൽ ഡിഗ്രിക്ക് കാലടി സർവകലാശാലയുടെ വഞ്ചിയൂർ സെന്ററിൽ ചേർന്നു.

ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം എന്നിങ്ങനെ മൂന്ന് ഐച്ഛിക വിഷയങ്ങളാണ് എടുത്തത്. ഇതിനിടെ സർവകലാശാലയുടെ ആദ്യ യൂണിയൻ ചെയർമാനുമായി. ഡിഗ്രി കഷ്ടിച്ച് കടന്നു കൂടിയ അജയൻ പക്ഷേ പിജിക്ക് ഒന്നാം ക്ലാസ് മാർക്ക് വാങ്ങിയാണ് കോളജിന്റെ പടിയിറങ്ങിയത്. പിന്നെ ഗവേഷകന്റെ റോളിൽ. ഇതിനിടെ നാട്ടിൽ പാർട്ടി പ്രവർത്തകനും പൊതുപ്രവർത്തകനുമായി. ജീവിക്കാൻ വേണ്ടി മൈലപ്ര പഞ്ചായത്തിൽ ചുമട്ടു തൊഴിലാളിയുമായി.

സിപിഎം മൈലപ്ര ലോക്കൽ കമ്മറ്റിയംഗം, ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കുമ്പഴയിൽ എയിംസ് അക്കാദമി എന്ന പേരിൽ ട്യൂഷൻ സെന്ററും നടത്തുന്നുണ്ട്. പ്രിഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പിൽ പഠിച്ചതു കാരണം ട്യൂഷൻ സെന്ററിൽ കുട്ടികൾക്ക് കണക്കിനാണ് ക്ലാസെടുക്കുന്നത്. പരേതനായ കെഎ കുഞ്ഞുരാമന്റെയും ഇ.കെ. കല്യാണിയുടെയും മകനാണ്. ഭാര്യ രമണി മൈലപ്ര പഞ്ചായത്തിൽ എസ്സി പ്രമോട്ടറാണ്. മക്കൾ: മനസ്, ചേതസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP