Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമ്മ സഭയിലെ മുൻവൈദികൻ യുണൈറ്റഡ് ചർച്ചിലെ ബിഷപ്പായി; കാൻസർ ബാധിച്ചു മരിച്ച ഭാര്യയുടെ അന്ത്യാഭിലാഷം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ അടക്കണമെന്ന്; തർക്കത്തിന് ഒടുവിൽ ഭാര്യയുടെ മൃതദേഹം തട്ടിയെടുത്ത് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്‌കരിച്ചു; തിരുവല്ലയിൽ ഇന്നലെ വലിയ സംഘർഷം ഒഴിവായത് തലനാരിഴയ്ക്ക്

മാർത്തോമ്മ സഭയിലെ മുൻവൈദികൻ യുണൈറ്റഡ് ചർച്ചിലെ ബിഷപ്പായി; കാൻസർ ബാധിച്ചു മരിച്ച ഭാര്യയുടെ അന്ത്യാഭിലാഷം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ അടക്കണമെന്ന്; തർക്കത്തിന് ഒടുവിൽ ഭാര്യയുടെ മൃതദേഹം തട്ടിയെടുത്ത് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്‌കരിച്ചു; തിരുവല്ലയിൽ ഇന്നലെ വലിയ സംഘർഷം ഒഴിവായത് തലനാരിഴയ്ക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാർത്തോമ്മ സഭയിൽനിന്ന് വിട്ടുപോയി യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യയിൽ ബിഷപ്പായ വൈദികന്റെ ഭാര്യ കാൻസർ ബാധിച്ചു മരിച്ചു. ഭാര്യയുടെ അന്ത്യാഭിലാഷം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കണമെന്ന്. സഭ മാറിയ ഭർത്താവിനും എതിർപ്പില്ല. ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം സംസ്‌കാരത്തിന് എടുത്തപ്പോൾ ഭർത്താവിന്റെ വിധം മാറി. നിസാര പ്രശ്നങ്ങൾ ഉന്നയിച്ച് ഭർത്താവ് മൃതദേഹവും തട്ടിയെടുത്ത് ഒറ്റപ്പാച്ചിൽ. കിലോമീറ്ററുകൾ അകലെയുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ ഭാര്യയ്ക്ക് അന്ത്യവിശ്രമം. സംസ്‌കാരത്തിന് എത്തിയ മാർത്തോമ്മ സഭാ വൈദികരും അംഗങ്ങളും സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായി.

തിരുവല്ലയിൽ ഇന്നലെ വൈകിട്ടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മാർത്തോമ്മാ സഭയിലെ മുൻ സീനിയർ വികാരിയും ഇപ്പോൾ യുണൈറ്റ്ഡ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പുമായ പനച്ചമൂട്ടിൽ സണ്ണി ഏബ്രഹാമിന്റെ ഭാര്യ എലിസബത്ത് ഏബ്രഹാമി(റൂബി-53)ന്റെ സംസ്‌കാരമാണ് വിവാദമായത്. കഴിഞ്ഞ 12 നാണ്് കാൻസർ ബാധിച്ച് റൂബി മരിച്ചത്. വടശേരിക്കര മാമൂട്ടിൽ തെക്കേതിൽ കുമ്പനാട്ട് കുടുംബാംഗം ടിഇ വർഗീസിന്റെ മകളാണ് റൂബി.

പത്ത് വർഷങ്ങൾക്ക് മുൻപ് സഭയിൽ നിന്നും പുറത്ത് പോയാണ് സണ്ണി എബ്രഹാം ബിഷപ്പായത്. ഇയാൾ സഭ മാറിയെങ്കിലും ഭാര്യയും മറ്റ് ചില ബന്ധുക്കളും മാർത്തോമ സഭയിൽ തന്നെ തുടരുകയായിരുന്നു. ബിഷപ്പിന്റെ ഭാര്യ മരിച്ചപ്പോൾ അവരെ മാർത്തോമ സഭയുടെ പള്ളിയിലാണ് അടക്കം ചെയ്യുന്നതിനായി കൊണ്ട് വന്നത്. മാർത്തോമ്മ സഭാ വിശ്വാസിയായ എലിസബത്ത് ഏബ്രഹാമിന് സ്വന്തം സഭ സെമിത്തേരിയിൽ തന്നെ അന്ത്യവിശ്രമം വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പായ ഭർത്താവ് റവ. സണ്ണി ഏബ്രഹാം പനച്ചൂമൂട്ടിൽ മാർത്തോമ സഭയുടെ സെമിത്തേരി പറമ്പിൽനിന്ന് എലിസബത്തിന്റെ മൃതദേഹം സ്വന്തം സഭാ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 11 ന് തിരുവല്ല മഞ്ഞാടി ഇവാൻജലിക്കൽ സെൻട്രൽ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. വൈകിട്ട് നാലുമണിയോടെ തിരുവല്ല എസ് സിഎസ് മാർത്തോമ്മാ പള്ളിയിൽ സംസ്‌കരിക്കാനും തീരുമാനിച്ചു. മാർത്തോമ്മ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും എത്തി സംസ്‌കാര ശുശ്രൂഷ നടത്തി സംസ്‌കാരത്തിനായി മാർത്തോമ്മ പള്ളിയിൽ മൃതദേഹം എത്തിച്ചൂ. ഇവിടെ അവസാനഘട്ട സംസ്‌കാര ശുശ്രൂഷയും നടത്തി. ഇതിനിടയിലാണ് സണ്ണി ഏബ്രഹാം ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാൻ പ്രത്യേക സെൽ വേണമെന്ന് ആവശ്യവുമായി രംഗത്തുവന്നത്. പ്രത്യേക സെല്ലിന് പകരം കുടുംബ കല്ലറയിൽ അടക്കാമെന്ന് കമ്മിറ്റിയംഗങ്ങളും ഇടവക വികാരിയും നിർദ്ദേശിച്ചു. സണ്ണി ഏബ്രഹാം വഴങ്ങിയില്ല.

തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച നടത്തിയെങ്കിലും സണ്ണി നിലപാടിൽ ഉറച്ചുനിന്നു. കമ്മിറ്റിയംഗങ്ങളും ഇടവക വികാരിയും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്താനും തയാറായില്ല. ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. വൻപൊലീസ് സന്നാഹവും സ്ഥലത്തെത്തി. ഇതിനിടെ സഭാ വിശ്വാസികളെയും ശുശ്രൂഷയ്ക്കെത്തിയ വൈദികരെയും കാഴ്ചക്കാരാക്കി സണ്ണി റൂബിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റി മടങ്ങി. നേരെ പോയത് വള്ളംകുളം ചർച്ച് ഓഫ് ഗോഡിന്റെ ആഞ്ഞിലിത്താനത്തുള്ള സെമിത്തേരിയിലേക്ക്. വൈകിട്ട് 6.30ന് മൃതദേഹം അവിടെ സംസ്‌കരിച്ചു.

ഭർത്താവിന്റെ പിടിവാശിക്ക് മുന്നിൽ ജീവിതം മുഴുവൻ കാത്ത സഭാ വിശ്വാസമനുസരിച്ചുള്ള സംസ്‌കാരം ലഭിക്കാതെയാണ് റൂബി മറ്റൊരിടത്ത് അന്ത്യവിശ്രമം കൊള്ളുന്നത്. മാർത്തോമ്മാ സഭയിലെ വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും സമയോചിത ഇടപെടൽ മൂലമാണ് സമാധാനാന്തരീക്ഷം നിലനിർത്താൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP