Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താടി വളർത്തിയെത്തിയ യുവാവിനെ ക്ലാസിൽ കയറ്റിയില്ല; വൈസ് ചാൻസലർക്ക് പരാതി നൽകിയപ്പോൾ താൽക്കാലിക അനുമതി ലഭിച്ചു; മറ്റുള്ളവർക്കും താടി വെക്കാൻ അനുമതി വേണമെന്ന ആവശ്യം ശക്തം: ഹിലാലിന്റെ താടിയെ ചൊല്ലി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിപിഎഡ് സെന്ററിൽ വിവാദം

താടി വളർത്തിയെത്തിയ യുവാവിനെ ക്ലാസിൽ കയറ്റിയില്ല; വൈസ് ചാൻസലർക്ക് പരാതി നൽകിയപ്പോൾ താൽക്കാലിക അനുമതി ലഭിച്ചു; മറ്റുള്ളവർക്കും താടി വെക്കാൻ അനുമതി വേണമെന്ന ആവശ്യം ശക്തം: ഹിലാലിന്റെ താടിയെ ചൊല്ലി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിപിഎഡ് സെന്ററിൽ വിവാദം

എം പി റാഫി

കോഴിക്കോട്: താടി വളർത്തിയതിന്റെ പേരിൽ പൊല്ലാപ്പായിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിലെ കായിക വിദ്യാർത്ഥി ഹിലാൽ. കഴിഞ്ഞ ഒരു മാസത്തിലധികമായി തന്റെ താടി വരുത്തിയ വിവാദങ്ങളും അലയൊലികളും കാമ്പസിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. താടി വച്ചതിന്റെ പേരിൽ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഹിലാലിനെ ക്ലാസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് ഒരു മാസത്തിനു ശേഷം വൈസ് ചാൻസിലർ ക്ലാസിൽ കയറാൻ താൽക്കാലിക അനുമതി നൽകുകയായിരുന്നു. എന്നാൽ താടി 'പ്രശ്‌നം' ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഹിലാലിന് അനുവദിച്ച ഇളവ് മറ്റെല്ലാ വിദ്യാർത്ഥികൾക്കും നൽകണമെന്നും താടി വെയ്ക്കൽ നിയമം പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബി.പി.എഡ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിലാൽ ക്ലാസിൽ കാലുകുത്തിയ അന്നു തുടങ്ങിയിരിക്കുന്നു ഈ താടി വിവാദം. ആദ്യം ആരും ഗൗനിക്കാതിരുന്നെങ്കിലും ഇപ്പോൾ വിഷയം കത്തിപ്പടർന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താടിയുടെ പേരിൽ സമരം നടക്കുകയാണ്. ഹിലാലിനെ തിരിച്ചെടുത്ത ശേഷം സീനിയർ വിദ്യാർത്ഥികളെല്ലാം സമരം ചെയ്യുന്നത് ഈ നിയമം എല്ലാവർക്കും വേണമെന്നു പറഞ്ഞുകൊണ്ടാണ്. താടി വരുത്തിവച്ച പ്രശ്‌നങ്ങൾ ഇനി എവിടെ ചെന്നെത്തുമെന്ന് ആർക്കും നിശ്ചയമില്ല. ക്ലാസുകൾ മുടങ്ങി ഓരോ ദിവസവും വിഷയം സങ്കീർണമാവുകയാണ്.

2009ൽ സോഫ്റ്റ് ബോൾ കേരളാ ടീമിൽ കളിച്ച് ഹിലാൽ അടങ്ങുന്ന ടീം വെങ്കല മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം സീനിയർ ബെയ്‌സ് ബോളിൽ കേരളാ ടീമിൽ കളിച്ചിരുന്നു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയായ ഹിലാൽ കായിക പഠനത്തിലെ താൽപര്യമാണ് ബി.പി.എഡ് കോഴ്‌സ് എടുക്കാൻ പ്രേരിപ്പിച്ചത്. നിലവിൽ കായിക പഠനത്തിൽ ബിരുദ കോഴ്‌സ് കാലിക്കറ്റിലാണുള്ളത്. ഇതിനാൽ ഇവിടെ വന്നി പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവേശന പരീക്ഷയും അഡ്‌മിഷനുമെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിനായിരുന്നു ക്ലാസ് ആരംഭിച്ചത്. ഈ ദിവസം തന്നെ ഹിലാൽ എത്തിയിരുന്നു. എന്നാൽ തന്റെ നീട്ടി വളർത്തിയ താടിയായിരുന്നു പിന്നീടങ്ങോട്ട് വിവാദം സൃഷ്ടിച്ചത്. താടി വളർത്തി ക്ലാസിൽ വരാൻ പാടില്ലെന്ന് നിലവിൽ നിയമമില്ലെന്ന് മാത്രമല്ല കോഴ്‌സിന്റെ നിയമാവലിൽ പറയുന്നുമില്ല. എന്നാൽ കോളേജ് അധികൃതരാകട്ടെ കീഴ്‌വഴക്കവും യൂണിഫോമിറ്റിയും ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ എതിർത്തത്. താടി ഷേവ് ചെയ്താൽ അല്ലാതെ ക്ലാസിൽ കയറേണ്ടന്ന നിലപാട് എച്ച്.ഒ.ഡി എടുത്തതിനു പിന്നിലും ഈ കീഴ്‌വഴക്കങ്ങളായിരുന്നു. സംഭവം ചർച്ചയാവുകയും ഹിലാലിനെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ കാലിക്കറ്റിലെ താടി വിവാദം മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്.

ആരെയും മോശമാക്കാനായിരുന്നല്ലെന്നും ഭാവിയിൽ ഇത്തരമൊരു അവസ്ഥ മറ്റാർക്കും ഉണ്ടാവരുതെന്നു കരുതിയാണ് താൻ നിലപാടിൽ ഉറച്ചു നിന്നതെന്ന് ഹിലാൽ പറഞ്ഞു. താടി വളർന്ന ശേഷം ഇതുവരെ ഷേവ് ചെയ്തില്ലെന്നും ഇത് പ്രവാചക ചര്യയും മതവിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടുമാണ് താൻ താടി വെക്കുന്നതെന്നും ഹിലാൽ പറഞ്ഞു. താടിയുടെ പേരിൽ ക്ലാസിൽ നിന്നും പുറത്താക്കപ്പെടുന്ന മാനസികാവസ്ഥ ഒരു വിദ്യാർത്ഥിക്കും സഹിക്കാനാവാത്തതാണെന്ന് ഹിലാൽ പറയുന്നു. താടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കായിക വിദ്യാർത്ഥി മുഹമ്മദ് ഹിലാൽ മറുനാടൻ മലയാളിയോടു മനസു തുറക്കുന്നതിങ്ങനെ:

ഒന്നാം തിയ്യതി ക്ലാസിൽ വന്നപ്പോഴാണ് അദ്ധ്യാപകൻ ഈ കാര്യം എന്നോട് പറഞ്ഞത്. താടി ഷേവ് ചെയ്താൽ മാത്രമെ ക്ലാസിൽ കയറിയാൽ മതിയെന്നു പറഞ്ഞു. പിന്നീട് 31 ദിവസം എനിക്ക് ക്ലാസിൽ കയറാൻ സാധിച്ചില്ല. ഷേവ് ചെയ്യുക എന്നത് ഈ കോഴ്‌സിന്റെയും ഇവിടത്തെയും രീതിയാണെന്നാണ് ഇവരെല്ലാം പറഞ്ഞിരുന്നത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചട്ടമോ നിയമാവലിയോ ഇല്ലായിരുന്നു. സിക്ക് മതക്കാർക്ക് അവന്റെ താടി എത്രമാത്രം പ്രധാനമാണോ അതുപോലെയാണ് എന്റെ മതത്തിലും താടിയെന്ന് അവരെ ധരിപ്പിച്ചു. പക്ഷെ, ഇല്ലാത്ത നിയമത്തിന്റെ പേരിൽ എനിക്ക് ഒരു മാസക്കാലം ക്ലാസിൽ കയറാൻ സാധിച്ചില്ല.

ആംആദ്മി, കാമ്പസ് ഫ്രണ്ട് സംഘടനകൾ മാത്രമായിരുന്നു എനിക്കു വേണ്ടി മാർച്ചും പ്രതിഷേധവും ഈ വിഷയത്തിൽ സംഘടിപ്പിച്ചത്. എന്നെ പുറത്താക്കിയ തൊട്ടടുത്ത ദിവസം ഞാൻ ഡിപാർ്ട്ട്‌മെന്റ് ഹെഡിനെ പോയി കണ്ടെങ്കിലും വിട്ടുവീഴ്ചക്കു അവർ തയ്യാറായില്ല. പിന്നീട് ഞാൻ യൂണിവേഴ്‌സിറ്റി ഡീൻ, രജിസ്ട്രാർ, വൈസ് ചാൻസിലർ എന്നിവർക്ക് റിക്വസ്റ്റ് രേഖാ മൂലം നൽകി. പിന്നീട് മീഡിയകളിലൂടെ ചില ഒറ്റപ്പെട്ട വാർത്തകൾ വന്നു തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു ചില സംഘടനകളുടെ മാർച്ചുകൾ. ഇതിനു പിന്നാലെ ക്ലാസിൽ പ്രവേശിക്കുന്നതിന് വൈസ് ചാൻസിലർ താൽക്കാലിക ഉത്തരവിറക്കുകയായിരുന്നു.

പക്ഷെ, ഇപ്പോഴും ഇവിടെ ക്ലാസ് നടക്കാത്ത അവസ്ഥയാണ്. സീനിയർ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ് താടി സംബന്ധമായി എല്ലാവർക്കും ഒരേ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌കൊണ്ട്. സത്യത്തിൽ ഇങ്ങനെയൊരു റൂൾ ഇല്ലായിരുന്നു. ഇതിനാൽ ഇവരുടെ സമരം അധികൃതർക്കെതിരെയാണ്. താടി വെക്കരുതെന്ന് നിയമാവലിയുണ്ടെന്നായിരുന്നു ആദ്യം അദ്ധ്യാപതർ തന്നെ പറഞ്ഞിരുന്നത്. പിന്നീട് അവർ പറഞ്ഞു പിന്തുടർന്നു വരുന്ന രീതിയാണെന്നായിരുന്നു. താടി പ്രശ്‌നം ഇപ്പോൾ നീണ്ടു പോകുകയാണ്. എന്നെ ഒരുപാട് വിദ്യാർത്ഥികൾ സപ്പോർട്ട് ചെയ്തിരുന്നു. ഞാൻ താടി വെയ്ക്കുന്നത് വ്യക്തിപരമായ കാര്യങ്ങളുടെ പേരിലാണെന്ന് ഞാൻ എഴുതി നൽകിയതാണ്. പക്ഷെ, ഇപ്പോൾ എല്ലാവർക്കും ഈ നിയമം വേണമെന്ന് പറഞ്ഞ് നടത്തുന്ന സമരത്തിന് പിന്നിൽ ഏതെങ്കിലും താൽപര്യങ്ങളുണ്ടെന്ന് എനിക്കറിയില്ല. ഒരുപാട് കാലമായി ഇല്ലാത്ത നിയമത്തിന്റെ പേരിൽ എല്ലാ വിദ്യാർത്ഥികളും ദുരിതം അനുഭവിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സീനിയർ വിദ്യാർത്ഥികളുടെ സമരം നടക്കുന്നത്.

ഞാൻ താടി ഇതുവരേ താടി വടിച്ചിട്ടേയില്ല. ഇസ്ലാമിക കാഴ്‌ച്ചപ്പാടിൽ താടി വടിക്കൽ നിഷിദ്ധമായ കാര്യമാണ്. പ്രവാചകന്റെയും ഇസ്ലാമിന്റെയും ചര്യ പിൻതുടരുന്നതുകൊണ്ടാണ് ഞാൻ താടി വക്കുന്നത്. ഞാൻ നിലവിൽ ഒരു മത സംഘടനയുടെയോ ആളല്ല. കായിക വിഷയത്തിലുള്ള താൽപര്യത്തിന്റെ പേരിലാണ് ഈ കോഴ്‌സ് പഠിക്കാൻ വന്നത്. താടി വച്ചതിന്റെ പേരിൽ കഴിഞ്ഞ ഒരു മാസത്തിലികമായി ക്ലാസിൽ കയറാൻ പറ്റാത്ത അവസ്ഥ എന്നെ ഒരുപാട് വേദനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP