Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസ് യു നേതാവിനെ പ്ലീഡർ ലിസ്റ്റിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത് എസ്എഫ്‌ഐക്കാർ കോടിയേരിയെ കണ്ട് പരാതി പറഞ്ഞപ്പോൾ; എസ്എഫ്‌ഐക്കാരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല; പി രാജീവിനെതിരെ പരാതിയുമായി എറണാകുളത്തെ സിപിഎമ്മുകാരും

കെ എസ് യു നേതാവിനെ പ്ലീഡർ ലിസ്റ്റിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത് എസ്എഫ്‌ഐക്കാർ കോടിയേരിയെ കണ്ട് പരാതി പറഞ്ഞപ്പോൾ; എസ്എഫ്‌ഐക്കാരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല; പി രാജീവിനെതിരെ പരാതിയുമായി എറണാകുളത്തെ സിപിഎമ്മുകാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐ(എം) നേതൃത്വത്തിലെ യുവതുർക്കിയാണ് പി രാജീവ്. എം പിയെന്ന നിലയിൽ രാജ്യസഭയിൽ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ രാജീവിന് എറണാകുളത്തെ പാർട്ടി ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിഭാഗീയതയുടെ പിടിയിലമർന്ന എറണാകുളത്തെ പാർട്ടിയെ അതിൽ നിന്ന് കരകയറ്റുക. എന്നാൽ രാജീവിനെതിരായ പരാതി കേട്ട് പൊറുതി മുട്ടുകയാണ് സംസ്ഥാന നേതൃത്വം. പാർട്ടി അധികാരത്തിലെത്തിയതോടെ പാർട്ടി ജില്ലാ സെക്രട്ടറി ആളാകെ മാറിയെന്നാണ് വാദം. മുതലാളിമാരുടെ ഫോൺ എടുക്കുന്ന രാജീവ് പാർട്ടിക്കാരെ അവഗണിക്കുന്നുവെന്നും പരാതി സജീവമാണ്. സർക്കാർ പ്ലീഡർമാരുടെ ലിസ്റ്റിൽ അനർഹർ കയറിക്കൂടിയതിന് പിന്നിലും രാജീവാണെന്നാണ് ആരോപണം. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ കെ ജി ബാലകൃഷ്ണന്റെ മരുമകനുമായുള്ള രാജീവിന്റെ ചങ്ങാത്തത്തിന്റെ പ്രതിഫലനം പ്ലീഡർ ലിസ്റ്റിലുണ്ടായെന്നും ആക്ഷേപമുണ്ട്.

ചികിത്സാ സഹായം ചേദിച്ചെത്തിയ ചെത്തു തൊഴിലാളിയോട് 'തന്നോടാരോഡോ മഴക്കാലത്ത് തെങ്ങേൾ വലിഞ്ഞു കേറാൻ പറഞ്ഞത് ആ!! അപേക്ഷ മേശപ്പുറത്തു വച്ചിട്ടു പൊക്കോ'..ഒരു അബ്കാരി വന്നിട്ടുണ്ട് കാണാൻ എന്ന് പറയുമ്പോൾ, കൊതിയോടെ 'അബ്കാരി ആണോ വരാൻ പറ 'എന്ന സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന നേതാവാണ് ജില്ലാ സെക്രട്ടറി പി രാജീവെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചരണം. എസ് എഫ് ഐയുടെ മുൻ നേതാവും പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുമായ സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും രാജീവ് എടുക്കുന്നില്ലെന്നാണ് പരാതി. അതേസമയം ചെറിയ സംഭവങ്ങളിൽ പോലും രാജീവിനെതിരെ തിരിയുന്നത് പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.

സർക്കാർ പ്ലീഡർ നിയമനത്തിൽ ഏറ്റവും അധികം പരാതി ഉയർന്നത് എറണാകുളം ജില്ലയിൽ നിന്നാണ്. ശ്രീനിജന്റെ ഭാര്യ സോണിയെ പ്ലീഡറാക്കി. ശ്രീനിജന്റെ ജൂനിയറുമായ കെഎസ് യു നേതാവിനേയും പട്ടികയിൽ തിരുകി കയറ്റി. ലോ കോളേജിൽ കെഎസ് യുവിന്റെ ചെയർമാനെ പ്ലീഡറാക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണനോട് പരാതി പറഞ്ഞു. ഇതോടെയാണ് എസ് എഫ് ഐക്കാർ പരാതിയുമായെത്തിയത്. കോടിയേരിക്ക് പിശക് മനസ്സിലായപ്പോൾ തിരുത്തൽ വന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പാർട്ടി മെമ്പർമാർക്ക് കിട്ടുന്നില്ല. അതിന് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ഏര്യാ വരെയുള്ള നേതാക്കളുടെ ശുപാർശകത്ത് വേണം. എന്നാൽ മാത്രമേ എറണാകുളം ജില്ലാ സെക്രട്ടറിയുടെ അനുകൂല നിലപാട് ഉണ്ടാകൂ. എന്നാൽ മുതലാളിമാർക്കും കോൺഗ്രസ് നേതാക്കൾക്കും ബ്രാഞ്ച് സെക്രട്ടറിയുടെ കത്തൊന്നും വേണ്ട.

സൈമൺ ബ്രിട്ടോയ്ക്ക് പോലും ന്യായമായ ആവശ്യങ്ങൾ ലഭിക്കാൻ പാർട്ടിക്കാരനാണെന്ന് തെളിയിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് വേണം. എന്നാൽ കെ എസ് യുക്കാർക്കും ശ്രീനിജനും മുതലാളിമാർക്കും ആരുടേയും കത്ത് വേണ്ട. ഇതാണ് സർക്കാർ പ്ലീഡർമാരുടെ പട്ടികയിൽ നിഴലിക്കുന്നതെന്നാണ് ആക്ഷേപം. പാർട്ടിക്കാർ പലരും ഒഴിവാക്കപ്പെട്ടതിന്റെ അമർഷവും സിപിഎമ്മിൽ നിഴലിക്കുന്നു. ശ്രീനിജന്റെ ഭാര്യ ഇതുവരെ കോടതിയിൽ പോലും പോയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ശ്രീനിജന്റെ ഭാര്യയെ പ്ലീഡറാക്കിയതും രാജീവാണെന്നാണ് ആക്ഷേപം. ഇടതുമുന്നണിയിലെ ഐക്യം കാത്ത് സൂക്ഷിക്കാൻ രാജീവിന് കഴിയുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.

സിപിഎമ്മിൽ നിന്നും സിപിഐയിലേക്ക് അണികൾ കൊഴിയുന്നതും നേതൃത്വത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പാർട്ടിക്കാരെ മുഖവിലയ്ക്ക് എടുക്കാതെ സെക്രട്ടറി നീങ്ങിയാൽ ഇനിയും ആളുകൾ പാർട്ടി വിടാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുകളെത്തുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി എറണാകുളത്തെ സിപിഐ(എം) നേതാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. പ്ലീഡർ നിയമനത്തിൽ സിപിഎമ്മുകാർക്ക് വലിയ അവഗണനയുണ്ടായതെന്നാണ് ഇവരുടെ പ്രധാന പരാതി. ജില്ലിയിലെ വിഭാഗീയതയെ നിയന്ത്രിക്കാൻ രാജീവിന് കഴിയാത്തതിന് കാരണമിതാണെന്നാണ് ഇവരുടെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറി തെറ്റ് തിരുത്തിയില്ലെങ്കിൽ ജില്ലയിൽ നിലവിലുള്ള മുൻതൂക്കം നഷ്ടമാകുമെന്നും അവർ പരാതിപ്പെടുന്നു.

വി എസ് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ കമ്മറ്റിയും എറണാകുളം ഏരിയാ കമ്മറ്റിയും ഔദ്യോഗിക വിഭാഗം ആസൂത്രിതമായി പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വേണ്ടി രാജീവിനെ പിണറായി മുന്നിൽ നിർത്തുകയായിരുന്നു. എന്നാൽ രാജീവിനെതിരെ പരാതി സജീവമായതോടെ പിണറായി കരുതലുകൾ എടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു. പല തന്ത്രങ്ങളിലൂടെ മത്സരിച്ച് മന്ത്രിയാകാൻ രാജീവ് ശ്രമിച്ചു. മൂന്ന് തവണ തൃപ്പുണ്ണിത്തുറയിലേക്ക് തന്റെ പേര് മാത്രമെഴുതി ലിസ്റ്റ് കൊടുത്തു. എന്നാൽ പിണറായി വഴങ്ങിയില്ല. അങ്ങനെയാണ് തൃപ്പുണ്ണിത്തുറയിൽ എം സ്വരാജ് സ്ഥാനാർത്ഥിയായത്. ഇതെല്ലാം രാജീവിനെ ചൊടിപ്പിച്ചു. ഇതിന്റെ പ്രതികാരം അണികളിൽ തീർക്കുകയാണെന്നാണ് പരാതി. ജില്ലയിലെ മുതിർന്ന നേതാക്കളുടെ വാക്കുകൾ പോലും രാജീവ് കേൾക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതോടെ എറണാകുളത്ത് വീണ്ടും ഗ്രൂപ്പ് പോര് ശക്തികൂടാൻ സാധ്യതയുള്ളതായും ചൂണ്ടികാണിക്കുന്നു.

യുഡിഎഫ് സർക്കാറിന്റെ കാലത്തു നിയമിച്ച ഗവൺമെന്റ് പ്ലീഡർമാർക്ക് പകരം ഇടതു സർക്കാർ നിയമിച്ച പുതിയ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയാണ് വിവാദത്തിന് ഇട നൽകുന്നത്. സർക്കാർ കേസുകൾ വാദിക്കുന്നതിനായി ഹൈക്കോടതിയിൽ നിയമിച്ച പുതിയ 47 സർക്കാർ അഭിഭാഷകരിൽ ചില അനർഹരും കയറിക്കൂടിയതാണ് കടുത്ത പാർട്ടി അനുഭാവികൾക്കിടയിൽ എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. പുതിയതായി ചാർജ്ജെടുക്കുന്ന സർക്കാർ അഭിഭാഷകരിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളും മുൻ കോൺഗ്രസ് നേതാവ് പി വി ശ്രീനിജന്റെ ഭാര്യയുമായി അഡ്വ. കെ ബി സോണിയും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ നിന്നും രാജിവച്ച ശ്രീനിജൻ കുന്നത്തുനാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ വലം കൈയായി നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ വി പി സജീന്ദ്രനെ തോല്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ശ്രീനിജന്റെ ഭാര്യയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത്. ഒരു ദിവസം പോലും വക്കീലായി ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്താത്ത ആളാണ് കെ ബി സോണിയെന്നാണ് വിമർശനം. സിപിഐ(എം) അനുഭാവിയായ ഒരു മുതിർന്ന അഭിഭാഷകൻ സോണിയുടെ നിയമനത്തിലുള്ള അമർഷം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നിരവധി പാർട്ടി അനുഭാവികളും കഴിവും പരിചയമുള്ള അഭിഭാഷകർ സർക്കാർ വക്കീലായി നിയമിക്കാൻ യോഗ്യത ഉള്ളവർ ഹൈക്കോടതിയിൽ തന്നെ ഉള്ളപ്പോഴാണ് ഇത്തരത്തിൽ പരിചയം കുറവുള്ളയാളെ സുപ്രധാന പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. കെജി ബാലകൃഷ്ണന്റെ പേരിൽ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ അന്നു മുതൽ ഇന്നു വരെ ഒരു വാക്കുപോലും പറയാത്ത പാർട്ടിയാണ് സിപിഐ(എം) എന്നതും അദ്ദേഹത്തിന്റെ മകളുടെ നിയമനവുമായി കൂട്ടിവായിക്കുന്നവർ ഏറെയാണ്. കെ ജി ബാലകൃഷ്ണനെതിരായി ആരോപണങ്ങൾ ഉയർന്നപ്പോൾ അതോടൊപ്പം മരുമകൻ പി വി ശ്രീനിജന്റെയും മകൾ സോണിയുടെയും പേരുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മകളും ഭർത്താവും ചേർന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു അന്ന് കെ ജി ബാലകൃഷ്ണൻ വിഷയത്തിനൊപ്പം ഉയർന്നു വന്ന പ്രധാന ആക്ഷേപം.

അങ്ങനെ കളങ്കിതനായ വ്യക്തിയെയാണ് അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന സർക്കാർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത് എന്നതാണ് സിപിഐ(എം) അനുഭാവികളായ മുതിർന്ന അഭിഭാഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP