Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ കൈ കാണിച്ചാൽ വണ്ടിയിൽ നിന്ന് ഇറങ്ങി രേഖകൾ കാണിക്കണോ? ഡിജിപിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയ യാത്രക്കാരന് ഇരട്ടി ഫൈനിട്ട് ഏമാന്മാരുടെ പകവീട്ടൽ; പൊലീസ് മേധാവിയുടെ സർക്കുലറിന് പുല്ലുവിലയുള്ള നാട്ടിൽ സംഭവിക്കുന്നത്..

പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ കൈ കാണിച്ചാൽ വണ്ടിയിൽ നിന്ന് ഇറങ്ങി രേഖകൾ കാണിക്കണോ? ഡിജിപിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയ യാത്രക്കാരന് ഇരട്ടി ഫൈനിട്ട് ഏമാന്മാരുടെ പകവീട്ടൽ; പൊലീസ് മേധാവിയുടെ സർക്കുലറിന് പുല്ലുവിലയുള്ള നാട്ടിൽ സംഭവിക്കുന്നത്..

മറുനാടൻ ഡെസ്‌ക്

കോഴിക്കോട്: വാഹന പരിശോധനകൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന സ്ഥലമുണ്ടെങ്കിൽ അതിൽ ഒന്ന് കേരളമാണ്. ഇതിന് കാരണം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന മോശം പെരുമാറ്റം തന്നെയാണ്. കേരളത്തിൽ വാഹന പരിശോധന നടത്തുന്നത് പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ വേണ്ടിയാണെന്ന ആരോപണങ്ങൾ കാലങ്ങളായുണ്ട്. എന്നാൽ, വാഹന പരിശോധനയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശം പൊലീസ് മേധാവി ടി പി സെൻകുമാർ മുമ്പ് പുറപ്പെടുവിച്ചതാണ്. ഇത് പ്രകാരം വാഹന പരിശോധന നടത്തുമ്പോൾ തിരക്കുള്ള വേളയിൽ പൊലീസ് കൈകാണിച്ചാൽ വണ്ടിയിൽ നിന്നും ഇറങ്ങി രേഖകൾ കാണിക്കേണ്ട കാര്യമില്ല. പകരം ഉദ്യോഗസ്ഥർ യാത്രാക്കാരുടെ അടുത്തെത്തി രേഖകൾ പരിശോധിക്കണമെന്നാണ് ചട്ടം.

ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കർശന നിർദ്ദേശം നൽകിയിരുന്നു. വാഹന പരിശോധന നടത്തുന്ന പൊലീസുകാർ വാഹന യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടരുതെന്നു കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് നിയമസഭയിലാമ്. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുതെന്നും നിർദേശിച്ചിരുന്നു. എസ്‌ഐമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിളിച്ച് മേഖലാ തലത്തിൽ ചേർന്ന യോഗങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി.

എന്നാൽ, ഇങ്ങനെയൊക്കെയാണ് നിർദേശങ്ങൾ എങ്കിലും പൊലീസുകാർ ആരെയും വകവെക്കാത്ത പഴയ ശൈലിയിൽ പരിശോധന തുടരുകയാണ്. ഇങ്ങനെ വാഹന പരിശോധനയുടെ ഇരയാകേണ്ടി വന്ന കാസർകോട് സ്വദേശി തന്റെ അമർഷം മറച്ചുവെക്കാതെ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം തനിക്ക് പൊലീസുകാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചത്. അബ്ദുൾ കാസിമെന്നയാളാണ് യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുവം വിവരിച്ചത്. എറണാകുളത്തേക്ക് വരുന്ന വഴി കോഴിക്കോട് തൊണ്ടയാട് വെച്ച് തന്റെ വാഹനം തടഞ്ഞു നിർത്തി ബുദ്ധിമുട്ടിച്ചു എന്നാണ് അദ്ദേഹത്തിന്റെ പരാതി.

വാഹനം ഡ്രൈവ് ചെയ്തിരുന്നത് കാസിമിന്റെ മകനായിരുന്നു. ഇൻസ്‌പെക്ടർ കൈകാട്ടിയപ്പോൾ അതിന്റെ അടിസ്ഥാനത്തിൽ വണ്ടി നിർത്തി. 20 വണ്ടിയെങ്കിലും നിരനിരയായി നിർത്തിയിട്ടിരുന്നു. എല്ലാവരും ഒരു ഉദ്യോഗസ്ഥന്റെ മുന്നിൽ രേഖകൾ സഹിതം നിൽക്കുന്ന കാഴച്ചയാണ് കണ്ടത്. അപ്പോൾ കാസിം അടുത്തു നിന്ന പൊലീസുകാരനോട് ഡിജിപിയുടെ സർക്കുലറിനെ കുറിച്ച് ചൂണ്ടിക്കാട്ടി. പൊലീസുകാരൻ പോയ ശേഷം പിന്നീട് ആ വഴി വന്നില്ല, കുറേ സമയം നിന്നപ്പോൾ ഏമാനെ പോയി കാണേണ്ടി വന്നു. ഡിജിപിയുടെ ഉത്തരവ് പ്രകാരം കുടുംബങ്ങളെ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കാൻ പാടില്ല. എന്നാൽ അതുണ്ടായില്ലെന്ന് കാസി ചൂണ്ടിക്കാട്ടുന്നു.

ഒടുവിൽ മകന്റെ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ അടുത്തുചെന്നു. പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി തീർന്നെന്നു പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ 400 രൂപ ഫൈൻ എഴുതി. ഇതിനിടെയാണ് പൊലീസുകാരൻ ഡിജിപിയുടെ ഓർഡർ ചൂണ്ടിക്കാട്ടിയ ആളാണെന്ന് പറഞ്ഞത്. ഇതോടെ ഫൈൻ 1000 രൂപയാക്കി ഉയർത്തിയെന്നാണ് കാസിം പരാതിപ്പെടുന്നത്. ഇത് എവിടുത്തെ ഉദ്യോഗസ്ഥനാണ്. എന്തു നീതി നടപ്പാക്കാനാണ് ഇവർ ശ്രമക്കുന്നത് എന്നാണ് കാസിമിന്റെ ചോദ്യം. നിയമം പാലിക്കേണ്ടവർ കൈയിലെടുക്കുന്ന അവസ്ഥയാണ് ഇതെന്നും വാഹനത്തിന്റെ നമ്പർ അടക്കം പോസ്റ്റു ചെയ്തുകൊണ്ട് കാസിം വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച രാവിലെ 12.13്‌നാണ് സംഭവം. കാസിമിന് സോഷ്യൽ മീഡിയിയൽ വലിയ തോതിൽ പിന്തുണ ലഭിക്കുന്നുണ്ട്.

അതേസമയം വാഹനപരിശോധനയുടെ പേരിൽ പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. പരിശോധിക്കപ്പെടുന്നവർ പുരുഷന്മാർ ആണെങ്കിൽ സർ എന്നും സ്ത്രീകളാണെങ്കിൽ മാഡം എന്നും വിളിക്കണമെന്നും ജനങ്ങളോടു മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. വാഹനപരിശോധനയുടെ പേരിൽ ദേഹോപദ്രവം ഉണ്ടാവരുത്. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്.

സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ:

  1. വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കണം. ഒപ്പംതന്നെ ജില്ലാ പൊലീസ് മേധാവിമാരും ഇത് മനസിലാക്കി വയ്ക്കണം.
  2. ഇവരിൽ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏർപ്പെടുത്തേണ്ടി വന്നാൽ അക്കാര്യം ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണം.
  3. അനുവാദമില്ലാത്ത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണം നടത്തി നടപടിയെടുക്കണം.
  4. പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ കൈവശമുള്ള പണം കൺട്രോൾ റൂം ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയും അവിടെ സൂക്ഷിക്കുകയും വേണം.
  5. ഹൈവേ പട്രോൾ വാഹനങ്ങളുടെ ചുമതലയുള്ളവർ പരിശോധന നടത്തുന്ന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്റെ വിവരങ്ങളും ഹൈവേ അലർട്ട് കൺട്രോളിൽ (9846100100) അറിയിക്കണം. ഈ വിവരങ്ങൾ ഒരാഴ്ചവരെ സൂക്ഷിച്ചുവയ്ക്കണം.
  6. ഉദ്യോഗസ്ഥർ ശരിയായ വിധത്തിൽ യൂണിഫോം ധരിച്ചിരിക്കണം. ഷർട്ടിന്റെ ബട്ടൻസ് തുറന്നിടുക, തലയിൽ തൊപ്പി വയ്ക്കാതിരിക്കുക, അതല്ലെങ്കിൽ തൊപ്പി കക്ഷത്തിലോ, മറ്റെവിടെയെങ്കിലും വയ്ക്കുക തുടങ്ങിയ പ്രവണതകൾ ഒരു കാരണവശാലും പാടില്ല. അവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിൽ പേര്, ഉദ്യോഗപ്പേര് എന്നിവ യൂണിഫോമിൽ പ്രദർശിപ്പിക്കണം.
  7. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ സ്‌പെഷൽ ബ്രാഞ്ച് മുഖാന്തിരവും അല്ലാതെയുള്ള വിവര ശേഖരണം വഴിയും ഈ നിബന്ധനങ്ങൾ പാലിച്ചാണോ വാഹന പരിശോധന നടക്കുന്നതെന്നും, അനധികൃതമായി പരിശോധന നടത്തുന്നുണ്ടോയെന്നും ഇടയ്ക്കിടെ നിരീക്ഷിക്കണം.
  8. ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല.
  9. അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നുള്ളതാണ് വാഹനപരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അല്ലാതെ പെറ്റി കേസുകളുടെ എണ്ണം തികയ്ക്കുക എന്നതായിരിക്കരുത്.
  10. വാഹന അപകടങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങളായ പെട്ടെന്നുള്ള 'U' ടേൺ തിരിയൽ, അമിതവേഗത, അപകടകരമായ ഡ്രൈവിങ്‌, മദ്യപിച്ച് വാഹനമോടിക്കൽ, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്, ഗതാഗതസിഗ്‌നൽ ലംഘനം, അപകട സാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള വാഹനം പാർക്ക് ചെയ്യൽ, രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക തുടങ്ങിയവയ്ക്കായിരിക്കണം പരിശോധനയിൽ മുൻഗണന നൽകേണ്ടത്.
  11. വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ 'സർ' എന്നോ 'സുഹൃത്ത്' എന്നോ, സ്ത്രീയാണെങ്കിൽ 'മാഡം' എന്നോ 'സഹോദരി' എന്നോ അഭിസംബോധന ചെയ്യണം.
  12. പരിശോധന നടത്തുന്ന സമയം വളരെ മാന്യമായ രീതിയിൽ പെരുമാറണം. വിശേഷിച്ചും, സ്ത്രീകൾ മാത്രമായോ കുടുംബാംഗങ്ങളോടൊപ്പമോ അല്ലെങ്കിൽ മുതിർന്ന പൗരന്മാർ മാത്രമായോ വാഹനം ഓടിച്ചുപോകുന്ന സന്ദർഭങ്ങളിൽ ഒരു കാരണവശാലും അനാവശ്യ ബുദ്ധിമുട്ടുകൾക്ക് വിധേയരാക്കരുത്. ഗതാഗത സുരക്ഷയ്ക്കുള്ള ലഘുലേഖകൾ നൽകി അവരെ ഗതാഗത സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കാവുന്നതാണ്.
  13. പരിശോധനാവേളയിൽ കണ്ടെത്തിയ നിയമലംഘനം എന്താണെന്നും, അതിന് നിയമപരമായി അവർ ഒടുക്കേണ്ട പിഴ എന്താണെന്നും, മോട്ടോർ നിയമത്തിലെ ഏത് സെക്ഷൻ പ്രകാരമാണ് പിഴ ചുമത്തിയതെന്നും, തൽസമയം പിഴയടയ്ക്കാതെ കോടതിയിൽ പോകാൻ താൽപര്യമുണ്ടെങ്കിൽ അവർക്ക് അതിന് അവകാശമുണ്ടെന്നും അറിയിക്കണം.
  14. പരിശോധനയ്ക്കിടയിൽ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടുകൊണ്ട് യോഗ്യമില്ലാത്ത രീതിയിൽ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏൽപ്പിക്കുവാനോ പാടുള്ളതല്ല. കഴിയുന്നത്ര സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങൾ മൊബൈൽ ഫോണിലോ, കൈവശമുള്ള വിഡിയോ ക്യാമറകളിലോ പകർത്താവുന്നതാണ്.
  15. ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിലും ദേഹോപദ്രവം ഏൽപ്പിക്കുന്ന രീതിയിലും ഉള്ള പെരുമാറ്റം ഉണ്ടായാൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളണം.
  16. തികച്ചും നിയമാനുസൃതവും സുതാര്യവുമായ രീതിയിലായിരിക്കണം പൊലീസുദ്യോഗസ്ഥർ വാഹനപരിശോധനാ വേളയിൽ പെരുമാറേണ്ടത്. നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുൽസാഹപ്പെടുത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP