Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീറാം വെങ്കിട്ടരാമൻ നാലുകാലിലേ പോകൂ എന്നു പറഞ്ഞ എസ് രാജേന്ദ്രൻ എംഎൽഎയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഹർജി; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച എംഎൽഎയെ ക്രിമിനലായിക്കണ്ട് വിചാരണചെയ്യാൻ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന നേതാവ് വേലുക്കുട്ടൻ; മൂന്നാറിൽ ഭരണകക്ഷിക്കാരായ കയ്യേറ്റക്കാരെ പാഠംപഠിപ്പിക്കുന്ന സബ്കളക്ടർക്ക് പിന്തുണയുമായി പ്രക്ഷോഭം തുടങ്ങാനുറച്ച് ബിജെപി നേതൃത്വവും

ശ്രീറാം വെങ്കിട്ടരാമൻ നാലുകാലിലേ പോകൂ എന്നു പറഞ്ഞ എസ് രാജേന്ദ്രൻ എംഎൽഎയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഹർജി; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച എംഎൽഎയെ ക്രിമിനലായിക്കണ്ട് വിചാരണചെയ്യാൻ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന നേതാവ് വേലുക്കുട്ടൻ; മൂന്നാറിൽ ഭരണകക്ഷിക്കാരായ കയ്യേറ്റക്കാരെ പാഠംപഠിപ്പിക്കുന്ന സബ്കളക്ടർക്ക് പിന്തുണയുമായി പ്രക്ഷോഭം തുടങ്ങാനുറച്ച് ബിജെപി നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: മൂന്നാർ വിഷയത്തിൽ രാഷ്ട്രീയക്കാരുടെ തട്ടിപ്പുകൾക്ക് കീഴടങ്ങുന്നില്ലെന്ന് വന്നതോടെ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്രസമ്മേളനത്തിൽ ഭീഷണിമുഴക്കിയ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവ് രംഗത്തെത്തി. ദേവികുളത്തെ പരിസ്ഥിതി നിലനിർത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന സമിതി അംഗം പി എ വേലുക്കുട്ടനാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് രാജേന്ദ്രനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.

ഇതോടെ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ ശ്രീറാമിന്റെ കയ്യുംകാലും വെട്ടുമെന്ന ഭീഷണിയോടെ അയാൾ ഇവിടെനിന്ന് നാലുകാലിലേ മടങ്ങൂ എന്ന് വീരവാദം മുഴക്കിയ രാജേന്ദ്രനെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.

മൂന്നാറിലെ ഭൂമികയ്യേറ്റ വിഷയത്തിൽ ഏറെക്കാലത്തിനുശേഷം പുലിക്കുട്ടിയായി വിഷയങ്ങൾ കൈകാര്യംചെയ്തു തുടങ്ങിയതോടെ യുവ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയെല്ലാം കണ്ണിലെ കരടാണ്. എന്നാൽ നീതിയുക്തമാണ് ഈ ദേവികുളം സബ്കളക്ടർ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്നതിനാൽ തന്നെ എന്തെങ്കിലും കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തെ സ്ഥലംമാറ്റി തടിരക്ഷിക്കാനും പ്രാദേശിക രാഷ്ട്രീയക്കാർക്ക് കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഭീഷണിയുടെ സ്വരം വരെ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പുറത്തെടുക്കുന്നത്.

ഈ മാസം 25ന് മൂന്നാർ കയ്യേറ്റ വിഷയത്തിൽ കയ്യേറ്റക്കാരുടെ ന്യായവാദങ്ങൾ നിരത്തി എസ് രാജേന്ദ്രൻ മൂന്നാർ ഗസ്റ്റ് ഹൗസിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. ഇപ്രകാരം സബ്കളക്ടർ മുന്നോട്ടുപോയാർ അദ്ദേഹത്തിന്റെ മടക്കം നാലുകാലിൽ ആയിരിക്കുമെന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നും സുരേഷ് കുമാർ മടങ്ങിയതുപോലെയാകില്ല നാലുകാലിലാകും മടക്കമെന്നും എന്ന് രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ കൈകാലുകൾക്ക് അംഗഭംഗം വരുത്തുമെന്ന് ഉദ്ദേശിച്ച് തന്നെയാണെന്ന് പത്രസമ്മേളനം നേരിട്ടുകണ്ടപ്പോൾ ബോധ്യപ്പെട്ടുവെന്നും വ്യക്തമാക്കിയാണ് പരാതി.

സർക്കാർ ഉദ്യോഗസ്ഥനായ സബ്കളക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് ജോലി തടസ്സപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമം 353 പ്രകാരം ശിക്ഷാർഹമാണെന്നും വാദിച്ചുകൊണ്ടാണ് ഹർജി. മാത്രമല്ല ഈ വിഷയം ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിട്ടുള്ളത്.

സമൂഹത്തിലെ നിയമവ്യവസ്ഥയ്‌ക്കെതിരെയുള്ള ഭീഷണിയാണെന്നും പബ്‌ളിക് സെർവന്റ് ആയ സബ്കളക്ടർക്കെതിരെയുള്ള ഭീഷണിയെ ഗൗരവത്തോടെ കാണണമെന്നും വ്യക്തമാക്കിയാണ് ഹർജി. ഹർജിയിലുന്നയിച്ച വിഷയങ്ങൾവ്യക്തമാക്കുന്നതിനുള്ള രേഖകളും രാജേന്ദ്രന്റെ വിവാദ പത്രസമ്മേളനത്തിന്റെ സിഡിയും ഉൾപ്പെടെയാണ് പരാതി നൽകിയിട്ടുള്ളത്.

മൂന്നാറിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ശുചീകരണവും സംരക്ഷണവും ഏറ്റെടുത്ത് നടത്താനും കയ്യേറ്റമൊഴിപ്പിച്ച് പുഴ ശുദ്ധീകരിക്കാനും ശ്രീറാം മുന്നോട്ടുവന്നത് നാട്ടുകാർക്കും പ്രകൃതി സ്‌നേഹികൾക്കും വലിയ ആശ്വാസമായിരുന്നെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദിവാസികളുടേയും ദളിത് വിഭാഗത്തിൽ പെട്ടവരുടേയും ഭൂമി മാഫിയകൾ നേരിട്ടും ബിനാമികൾ വഴിയും കൈവശപ്പെടുത്തി പണിതിരിക്കുന്ന റിസോർട്ടുകൾ പൊളിക്കണമെന്ന് സബ്കളക്ടർ കടുത്ത നിലപാടെടുത്തതോടെ ആണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കയ്യേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ഇതോടെ ഇപ്പോഴത്തെ ഭരണകക്ഷിയിൽപ്പെട്ട സിപിഎമ്മിന്റേയും സിപിഐയുടേയും പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കയ്യേറ്റങ്ങൾ നടത്തുകയും ചെയ്തുവെന്ന ആരോപണമാണ് മൂന്നാറിൽ ഉയരുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇതിന്റെ പിന്നാലെ സംസ്ഥാന സമിതി നേതാവുതന്നെ ഹർജിയുമായി എത്തിയതോടെ ബിജെപി മൂന്നാർ വിഷയം കേരള രാഷ്ട്രീയത്തിൽ ശക്തമായ ചർച്ചയാക്കി മാറ്റാൻ ഒരുങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതിന് പിന്നാലെയാണ് കടുത്ത നടപടികൾ മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ സ്വീകരിക്കുന്നത്. നാലു കാലിലാകും ഈ ഉദ്യോഗസ്ഥന്റെ മടക്കമെന്ന് സി.പി.എം എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടും കുലുങ്ങാതെ ശക്തമായ നടപടികളാണ് ശ്രീറാം കൈക്കൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിലും താൻ നിയമം നടപ്പാക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു.

അങ്ങനെ മൂന്നാറിലെ സൂപ്പർ ഹീറോയാവുകയാണ് ഈ കൊച്ചിക്കാരൻ. പനമ്പള്ളിനഗർ കൃഷ്ണാലയത്തിൽ ഡോ. വി.ആർ. വെങ്കിട്ടരാമന്റെയും രാജം രാമമൂർത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്. ഡോക്ടർ കുപ്പായം അഴിച്ചു വച്ച് ഐഎഎസ് നേടിയത് ജനസേവനത്തിനാണ്. അതു തന്നെയാണ് ഈ മുപ്പതുകാരൻ മൂന്നാറിൽ ചെയ്യുന്നതും.

2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. എല്ലാം നിയമപ്രകാരമായിരുന്നു. തനിക്ക് മുമ്പിലുള്ള ഫയലുകൾ പഠിച്ചെടുത്ത തീരുമാനം. ഇതിനിടെയിലാണ് രാഷ്ട്രീയ നേതാക്കളുടെ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതും ഒഴിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങളും തുടങ്ങി.

ഇതോടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. പ്രതിഷേധവും സമരവും ശക്തമായി. സബ് കളക്ടറെ കൊണ്ട് മാപ്പു പറയപ്പിക്കുമെന്ന കൊലവിളിയും എത്തി. എല്ലാ കക്ഷികളും ഇവിടെ കളക്ടർക്ക് എതിരാണ്. എന്നിട്ടും ഈ റാങ്കുകാരൻ തളർന്നില്ല. ആവേശം ചോരാതെ താൻ വെറുമൊരു പൂച്ചക്കുട്ടിയല്ലെന്ന് തെളിയിച്ചു. കിട്ടാവുന്ന പിന്തുണയെല്ലാം സമാഹരിച്ചു. ഇതോടെ രാഷ്ട്രീയക്കാരുടെ നീക്കമെല്ലാം പൊളിഞ്ഞു.

ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിനെ എതിർത്ത റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ചങ്കൂറ്റം കാട്ടി. ഇതോടെ സബ് കളക്ടർക്ക് ധൈര്യം ഇരട്ടിച്ചു. സ്ഥാനം തെറിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ മൂന്നാറിൽ ധൈര്യസമേതം മുന്നേറുകയാണ് ഈ യുവ ഐഎഎസുകാരൻ. ഇപ്പോൾ കളക്ടർക്ക് പിന്തുണയുമായി ബിജെപിയും നിലകൊള്ളുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP