Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതൃമാറ്റം ആവശ്യപ്പെട്ട ഐ ഗ്രൂപ്പുകാർ പഴയ 'കരുണാകര തന്ത്രം' പുറത്തെടുത്തേക്കും; അരുവിക്കരയിൽ പാലം വലിച്ച് ഉമ്മൻ ചാണ്ടിയെ ദുർബലനാക്കാനും നീക്കം; തടയിടാൻ സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രിയുടെ തീവ്രശ്രമം; കോൺഗ്രസിൽ ചരിത്രം ആവർത്തിക്കുമോ?

നേതൃമാറ്റം ആവശ്യപ്പെട്ട ഐ ഗ്രൂപ്പുകാർ പഴയ 'കരുണാകര തന്ത്രം' പുറത്തെടുത്തേക്കും; അരുവിക്കരയിൽ പാലം വലിച്ച് ഉമ്മൻ ചാണ്ടിയെ ദുർബലനാക്കാനും നീക്കം; തടയിടാൻ സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രിയുടെ തീവ്രശ്രമം; കോൺഗ്രസിൽ ചരിത്രം ആവർത്തിക്കുമോ?

ബി രഘുരാജ്

തിരുവനന്തപുരം: ബാർകോഴയിലും സോളാർ അഴിമതിയിലും മുങ്ങിയ യുഡിഎഫ് സർക്കാറിന്റെ അമരത്തു നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ ശ്രമം തുടങ്ങിയ ഐ ഗ്രൂപ്പുകാർ കോൺഗ്രസിലെ പരമ്പരാഗത വഴിയെ തന്നെ ഇതിന് കൂട്ടുപിടിക്കുന്നു. മുമ്പ് എ കെ ആന്റണിയെ മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറക്കാൻ കെ കരുണാകരന്റെ നേതൃത്വത്തിൽ അന്നത്തെ ഐ ഗ്രൂപ്പുകാർ പയറ്റിയ പഴയ ആയുധം പ്രയോഗിക്കാൻ പറ്റിയ വിധത്തിലുള്ള സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടത്തെ പരമാവധി മുതലെടുക്കാൻ തന്നെയാണ് ചെന്നിത്തല പക്ഷക്കാരുടെ ശ്രമം. എന്നാൽ, ഈ നേതൃമാറ്റം എന്ന ആവശ്യം അംഗീകരിക്കാതെ തന്നെ തടയിടാനുള്ള മറുതന്ത്രവുമായി എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.

മന്ത്രിസഭ കാലാവധി പൂർത്തിയാക്കാൻ ഇനി അവശേഷിക്കുന്നത് കേവലം ഒരു വർഷത്തോളം മാത്രമാണ്. അതുകൊണ്ട് തന്നെ ഈ ഒരുവർഷത്തിനുള്ളിൽ ഉമ്മൻ ചാണ്ടിയെ താഴെയിറക്കിയില്ലെങ്കിൽ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതിന് സമയമെന്നാണ് ഐ ഗ്രൂപ്പുകാരുടെ ചോദ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല മുന്നിൽ നിന്നും നയിക്കുകയും വിജയിച്ചാൽ മുഖ്യമന്ത്രി പദവിയും അല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും സ്വന്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഐ ഗ്രൂപ്പുകാരുടെ ശ്രമം.

ആന്റണിയുടെ നേതൃത്വത്തിൽ 2001ൽ അധികാരത്തിൽ വന്ന സർക്കാരിൽ കെ കരുണാകന്റെ നേതൃത്വത്തിലായിരുന്നു കലഹം. അന്നും നേതൃമാറ്റം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കി എ ഗ്രൂപ്പ് സ്വന്തംമേൽക്കൈ അന്ന് ഉറപ്പിച്ചുവെങ്കിലും നേതൃമാറ്റം എന്നത് യാഥാർഥ്യമുവകായിരുന്നു. ഈ രണ്ട് സർക്കാരുകളും കാലവധി പൂർത്തിയാവാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് നേതൃമാറ്റ വിവാദം ഉയർന്നത്. ഇതേ സാഹചര്യമാണ് ഇപ്പോൾ യുഡിഎഫ് സർക്കാരിന്റെ മുന്നിലുമുള്ളത്. ആന്റണിയുടെ കാലത്ത് എ - ഐ ഗ്രൂപ്പുകൾ തമ്മിൽ ഗ്രൂപ്പു യുദ്ധം മുറുകിയപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഏറ്റിരുന്നു. അന്ന്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പുകാർ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മിനക്കെട്ട് പരിശ്രമിച്ചിരുന്നു. ഇതേ സാഹചര്യം അരുവിക്കരയിൽ പ്രയോഗിക്കാനാണ് ഐ ഗ്രൂപ്പുകാർ ഒരുങ്ങുന്നതെന്ന സൂചനയുണ്ട്.

സോളാറിലും ബാർകോഴയിലും മുങ്ങിയ സാഹചര്യത്തിലുള്ള ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളും കടുത്ത അഗ്നിപരീക്ഷയാണ്. ഉപതിരഞ്ഞെടുപ്പിൽ തോറ്റാൽ അത് ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായയുടെ ഫലമാണെന്ന് പറഞ്ഞ് കൈകഴുകാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ സർക്കാറിൽ ഈ ആവശ്യം ചൂണ്ടിക്കാട്ടി നേതൃമാറ്റ ആവശ്യം കൂടുതൽ ശക്തമാക്കാൻ സാധിക്കും. ചുരുങ്ങിയ കാലയളവിലെങ്കിലും രമേശിനെ മുഖ്യമന്ത്രി ആക്കുക എന്നതു തന്നെയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. ജി കാർത്തികേയൻ അന്തരിച്ചതോടെ ഒഴിവുവന്ന സീറ്റിൽ ഇടതുമുന്നണി വിജയിക്കാൻ വേണ്ടി പതിനെട്ട് അടവും പയറ്റും. ഇവിടെ മുൻസ്പീക്കർ വിജയകുമാർ സ്ഥാനാർത്ഥിയാകുമെന്ന കാര്യവും ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ ഇനിയും ധാരണ ഉണ്ടായിട്ടില്ല.

കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും ഇതിൽ അന്തിമ തീരുമാനം കൈവന്നിട്ടില്ല. എന്നാൽ, ഡോ. എം ടി സുലേഖയെ സ്ഥാനാർത്ഥിയാക്കി ഐ ഗ്രൂപ്പിനെ കൂടെ നിർത്തുക എന്ന തന്ത്രമാണ് ഉമ്മൻ ചാണ്ടി പയറ്റുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ജി കാർത്തികേയനുമായുള്ള ആത്മബന്ധം എല്ലാവർക്കും അറിവുള്ളതാണ്. അതുകൊണ്ട് തന്നെ കാർത്തിയേകന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്നതോടെ വിജയിപ്പിച്ചെടുക്കേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തം ചെന്നിത്തലക്ക് തന്നെയാകും. ജ്യേഷ്ഠ സഹോദരനാണ് കാർത്തികേയനെന്ന് ചെന്നിത്തല തന്നെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നതോടെ ഐ ഗ്രൂപ്പ് പാലംവലിക്കുമെന്ന ഭയത്തെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ, ഇക്കാര്യത്തിൽ സുലേഖയുടേത് തന്നെയാകും അന്തിമ തീരുമാനം.

അതേസമയം നേതൃമാറ്റ ആവശ്യം ലക്ഷ്യമിട്ട് ഐ ഗ്രൂപ്പ് നേതാക്കൾ സർക്കാറിന്റെ പ്രതിച്ഛായ മോശമാകുന്നു എന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഈ നിലയിൽ സർക്കാർ മുന്നോട്ടുപോയാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നാണ് ഐ പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ, സർക്കാരിനെ മോശമാക്കുന്നതിനുള്ള പ്രവണത കോൺഗ്രസ്സിൽനിന്നാണ് നടക്കുന്നതെന്ന് പറഞ്ഞ് എ ഗ്രൂപ്പും തിരിച്ചടിച്ചു.

അഴിമതിയാരോപണങ്ങളാണ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. മന്ത്രിമാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാനാകുന്നില്ല. രണ്ടാം യു.പി.എ. സർക്കാരിന്റെ അനുഭവമായിരിക്കും യു.ഡി.എഫിന് ഉണ്ടാവുക. ഭരണരംഗത്തെ തിരിച്ചടി അവർ അക്കമിട്ട് നിരത്തുന്നു. ക്ഷേമപെൻഷനുകൾ മുടങ്ങിയതും സാമ്പത്തികപ്രതിസന്ധിയും റോഡ് നിർമ്മാണമടക്കമുള്ള വികസനപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുമൊക്കെ ഐ ഗ്രൂപ്പിന്റെ ആയുധങ്ങളാണ്.

നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ ലക്ഷ്യം അപ്രായോഗികവും അവരുടെ അതിമോഹവുമാണെന്നാണ് എ പക്ഷത്തിന്റെ വിലയിരുത്തൽ. ഒരു വർഷം മാത്രം കാലാവധിയുള്ള സർക്കാരിന് നേതൃമാറ്റത്തിന്റെ സമ്മർദ്ദം താങ്ങാനാകില്ല. ഒരു ഡെപ്യൂട്ടി സ്പീക്കറെ നിശ്ചയിക്കാൻ തർക്കം നടക്കുന്നിടത്ത് പകരമൊരു മന്ത്രിസഭ രൂപവത്കരിക്കാൻ തുനിഞ്ഞാൽ എന്താകും സ്ഥിതി. കൂടാതെ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നു. ഈ സാചഹര്യങ്ങൾ നിലനിൽക്കെ, മന്ത്രിസഭയെ മാറ്റാൻ തുനിഞ്ഞാൽ പകരം മന്ത്രിസഭ വരണമെന്നുതന്നെയില്ലെന്നം എ ഗ്രൂപ്പുകാർ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരുന്ന രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പിൽ മത്സരിച്ചതു തന്നെ മുഖ്യമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇത്തവണ അത് സാധ്യമായില്ലെങ്കിൽ പിന്നീട് ഒരിക്കലും സാധ്യമല്ലാതാകും എന്ന മുന്നറിയിപ്പ് രമേശുമായി അടുത്ത വൃത്തങ്ങളിൽ ചർച്ച സജീവമായി നടക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നാലും ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ ഇപ്പോൾ നേടിയെടുക്കുന്ന സ്ഥാനം കൊണ്ട് സാധിക്കുമെന്നാണ് രമേശിനൊപ്പമുള്ളവർ കരുതുന്നത്. ഐ ഗ്രൂപ്പിൽ തന്നെ മറ്റുള്ളവർ ഭാവി മുഖ്യമന്ത്രി കസേരയിലേക്ക് ലക്ഷ്യമിടും മുമ്പ് അവകാശം ഉറപ്പിക്കുകയെന്നതാണ് ഈ ആലോചനയുടെ അടിസ്ഥാനവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP