Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു

കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു

രഞ്ജിത് ബാബു

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ പോര് തുടരാൻ ഉറച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ സമാധാനത്തിനായി വിളിച്ചു ചേർത്ത യോഗം അലങ്കോലമായി. കണ്ണൂരിലെ സമാധാന യോഗത്തിൽ പരസ്പ്പരം വിരൽചൂണ്ടി സിപിഎം നേതാക്കളും കോൺഗ്രസ് നേതാക്കളും വാക്കേറ്റത്തിൽ ഏർപ്പെട്ടു. യോഗത്തിൽ രാജ്യസഭാ എം പി കെ കെ രാകേഷിനെ ഡയസിൽ കയറ്റി ഇരുത്തിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. ഈ വിഷയം ചൂണ്ടിക്കാട്ടിയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് നേരെയും മുൻ ഡിസിസി അധ്യക്ഷൻ സുരേന്ദ്രനെതിരെയും പി ജയരാജൻ രംഗത്തെത്തി. ഇതോടെ യോഗം ബഹളത്തിൽ കലാശിച്ചു. ഒടുവിൽ യുഡിഎഫ് എംഎൽഎമാർ ഇടപെടുകയും നടപടിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ സമാധാന യോഗം ബഹളത്തിൽ കലാശിച്ചു.

മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ആരംഭിച്ചതിനു പിന്നാലെ, കെ.കെ. രാഗേഷ് എംപി വേദിയിലിരിക്കുന്നതിനെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ചോദ്യം ചെയ്തതോടെയാണ് ബഹളമുണ്ടായത്. മന്ത്രിയോടുള്ള ചോദ്യത്തിന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും പാച്ചേനിയും തമ്മിൽ വാക്കേറ്റമുണ്ടായി. ജനപ്രതിനിധികളെ വിളിക്കുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ജനപ്രതിനിധികളെയും ക്ഷണിക്കണമായിരുന്നുവെന്നുവെന്നു സതീശൻ പാച്ചേനി വാദിച്ചു.

മുൻപ് കണ്ണൂരിൽ നടന്ന സമാധാനയോഗങ്ങളിൽ ഭരണപ്രതിപക്ഷഭേദമില്ലാതെ എല്ലാ ജനപ്രതിനിധികളെയും വിളിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ മാത്രം അതുണ്ടായില്ല. പ്രതിപക്ഷ പ്രതിനിധികളെ വിളിക്കാതിരുന്ന സ്ഥിതിക്ക് എംപിയെന്ന നിലയിൽ കെ.കെ. രാഗേഷ് വേദിയിൽ ഇരിക്കുന്നതു ശരിയല്ലെന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ ജനപ്രതിനിധി എന്ന നിലയിലാണു രാഗേഷിനെ വേദിയിലിരിലുത്തിയതെന്നു മന്ത്രി ബാലൻ വ്യക്തമാക്കി. ഇതോടെ യോഗസ്ഥലത്തിന് പുറത്തുണ്ടായിരുന്ന യുഡിഎപ് എംഎൽഎമാർ യോഗസ്ഥലത്തേക്ക് എത്തി.

എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ.എം. ഷാജി എന്നിവരും വേദിയിലെത്തി തങ്ങൾക്കും ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയായിരുന്നു. ജനപ്രതിനിധികളെ വിളിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗമാണു വിളിച്ചതെന്നും മന്ത്രി ബാലൻ വീണ്ടും വ്യക്തമാക്കി. എന്നാൽ എംപിയെന്ന നിലയിൽ ബഹുമാനാർഥമാണ് രാഗേഷിനു വേദിയിൽ സ്ഥലം അനുവദിച്ചതെന്നും ബാലൻ കൂട്ടിച്ചേർത്തു. ഇതേ തുടർന്ന് വാക്കേറ്റം രൂക്ഷായതോടെ എന്തു ചെയ്യണം എന്നറിയാതെ മന്ത്രിയും കുഴങ്ങി. സംഭവം ചാനലുകളിലൂടെ ശ്രദ്ധയിൽ പെട്ടതോടെ യുഡിഎഫ് പ്രവർത്തകരും സ്ഥലത്തേക്ക് ഇരച്ചു കയറി.

ഇതോടെ സമാധാന യോഗത്തിനെത്തിയ യുഡിഎഫ് നേതാക്കൾ പി ജയരാജനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. കൊലപാതകത്തിന് ആസൂത്രണം ചെയ്തവർ ഇരിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇതോടെ ബിജെപി നേതാക്കളും സിപിഎം നേതാക്കളും മറ്റ് കക്ഷികളും ഉൾപ്പെട്ട സമാധാന യോഗമാണ് ഇപ്പോൾ കലക്ടറേറ്റിൽ വെച്ച് നടക്കുന്നത്. നേരത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സമാധാന യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിലെ അതൃപ്തി അറിയിച്ചിരുന്നു.

മന്ത്രി എ.കെ. ബാലനാണ് സർക്കാറിനെ പ്രതിനിധീകരിച്ച് യോഗം വിളിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലത്തുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വിളിക്കാത്ത സമാധാന യോഗത്തിൽ വിട്ട് നിൽക്കണമെന്ന ആവശ്യമായിരുന്നു നേരത്തെ ശക്തായിരുന്നത്. എങ്കിലും സമാധാന ശ്രമത്തിൽ നിന്ന് മുഖം തിരിക്കുന്നത് തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് യോഗത്തിന് എത്തിയത്. എങ്കിലും യോഗം സമാധാന അന്തരീക്ഷം നൽകാതെ അവസാനിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ എന്നിവർ കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട്ടിൽ സന്ദർശനം നടത്താത്തതും ജില്ലാ കളക്ടറുടെ നിസ്സംഗ നിലപാടും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ കോൺഗ്രസ്സ് രാഷ്ട്രീയ സമിതി അംഗം കെ.സുധാകരൻ കളക്‌റ്റ്രേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുന്നതിന്റെ അടുത്ത ഘട്ടം നാളെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലുള്ള ഉന്നതതല യോഗം തീരുമാനിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി മറുനാടൻ മലയാളിയോട് പറഞ്ഞു. ഷുഹൈബ് വധത്തിന്റെ അന്വേഷണം സിബിഐ.യിൽ എത്തിക്കുക എന്ന ഉദ്ദേശമാണ് ഇപ്പോൾ കോൺഗ്രസ്സ് നേതൃത്വത്തിനുള്ളത്.

സംസ്ഥാന പൊലീസിനേയോ അന്വേഷണ സംവിധാനത്തേയോ അവർ മുഖവിലക്കെടുക്കുന്നില്ല. സംസ്ഥാന നേതാക്കന്മാരും എംപി.മാരും നാളെ കണ്ണൂരിലെത്തുന്നുണ്ട്. സിബിഐ. യെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനുള്ള നിയമനടപടികളെക്കുറിച്ച് അവർ ചർച്ച ചെയ്യും. അതോടെ ഇക്കാര്യത്തിൽ ്അന്തിമ തീരുമാനമാകും. യഥാർത്ഥ പ്രതികളെ പിടികൂടുക എന്ന വിഷയത്തിലൂന്നിയായിരിക്കും കോൺഗ്രസ്സും യു.ഡി.എഫും യോഗത്തിൽ ചർച്ചയിൽ പങ്കെടുക്കുക. ഷുഹൈബ് കൊലക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനുള്ള അന്വേഷണവും പൊലീസിൽ നിന്ന് പ്രതികൾക്കും സിപിഐ.(എം). നേതാക്കൾക്കും വിവരങ്ങൾ ചോരുന്നതും വിഷയമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP