Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടൻ വാർത്ത പ്രകോപനം സൃഷ്ടിച്ചു; മകനെ ജയിലിൽ അടച്ചതിന് പിന്നാലെ പിതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ചെന്നിത്തലയുടെ പ്രതികാരം: ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ച കോൺഗ്രസ് നേതാക്കൾ എല്ലാം പുറത്ത്

മറുനാടൻ വാർത്ത പ്രകോപനം സൃഷ്ടിച്ചു; മകനെ ജയിലിൽ അടച്ചതിന് പിന്നാലെ പിതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ചെന്നിത്തലയുടെ പ്രതികാരം: ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ച കോൺഗ്രസ് നേതാക്കൾ എല്ലാം പുറത്ത്

മറുനാടൻ മലയാളി

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഗ്രൂപ്പ് യുദ്ധത്തിൽ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജയിലിലായ വിഷയം കഴിഞ്ഞദിവസമാണ് മറുനാടൻ മലയാൽറിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ മുതുകുളത്താണ് എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധം ചെന്നിത്തലയുടെ കോലം കത്തിക്കലിലേക്ക് വരെ എത്തിയത്. വിഷ്ണു എന്ന കോൺഗ്രസ് പ്രവർത്തകനെ ചെന്നിത്തല ഇടപെട്ട് ജയിലിലാക്കി എന്നായിരുന്നു ആരോപണം. കൂടാതെ എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിലേക്ക് തന്റെ മകനെ മാറ്റാമെന്ന് പറഞ്ഞ് തുറന്ന കത്തെഴുതിയതോടെ പിതാവ് രാമചന്ദ്രനെയും പ്രതിഷേധിച്ച പാർട്ടി ഭാരവാഹികളെയും പാർട്ടിയിൽ നിന്നും പുറത്താക്കി.

കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. തോമസ്, മുതുകുളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ എന്നിവരെ പാർട്ടിപദവികളിൽ നിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകരായ വി എം. ഷാജി, ടി. വേലായുധൻ തമ്പി, കെ. ശ്രീധരൻപിള്ള, ടി.ജി. രാജസൂരി എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെപിസിസി പ്രസിഡന്റ് നീക്കം ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.

ചെന്നിത്തലയുടെ കോലം കത്തിച്ച സംഭവത്തിൽ കെപിസിസി അന്വേഷണം നടത്തിയിരുന്നു. ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബുവിന്റെ ഈ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഡി.സി.സി പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്നാണു കോലം കത്തിച്ചതെന്നാണു കണ്ടെത്തൽ.

അടിപിടിക്കേസിൽ അറസ്റ്റിലായ വിഷ്ണുവിനെ വിട്ടുകിട്ടാൻ വേണ്ടി പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും ആഭ്യന്തരമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത എ ഗ്രൂപ്പ് പ്രവർത്തകരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഐ ഗ്രൂപ്പിന് മേധാവിത്തമുള്ള പാർട്ടി കമ്മിറ്റിയാണ് ഈ നടപടി കൈകൊണ്ടിരിക്കുന്നത്. വിഷ്ണുവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇതിന് ഉത്തരവാദിയായ എസ്‌ഐയെ പുറത്താക്കണമെന്നുമായിരുന്നു ഐ ഗ്രൂപ്പുകാരായ കോൺഗ്രസുകാരുടെ ആവശ്യം. എന്നാൽ കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വിഷ്ണുവിന്റെ പിതാവ് രാമചന്ദ്രൻ തുറന്നകത്തെഴുതിയതോടെ അച്ചടക്കം ലംഘിച്ചെന്ന് പറഞ്ഞ് പ്രവർത്തകരെ പുറത്താക്കുകയായിരുന്നു.

ഐ ഗ്രൂപ്പിന് മേധാവിത്തമുള്ള മുതുകുളം വാർഡ് കോൺഗ്രസ് കമ്മിറ്റിയിൽ എ ഗ്രൂപ്പ് മുന്നേറാൻ നടത്തിയ ശ്രമങ്ങളാണ് ഇവിടുത്തെ പ്രശ്‌നങ്ങളെ വഷളാക്കിയത്. ഐ ഗ്രൂപ്പുകാർക്ക് അനഭിമതനായ വിഷ്ണുവിനെ ആസൂത്രിതമായി കുടുക്കുകയാണ് എന്ന ആരോപണമാണ് എ ഗ്രൂപ്പുകാർ ആരോപിച്ചിരുന്നത്. ഈരയിൽ ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് അടിപിടിയാണ് കോൺഗ്രസിലെ ഗ്രൂപ്പുയുദ്ധം മൂർച്ഛിക്കാൻ ഇടയാക്കിയത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് വാർഡ് പ്രസിഡന്റായ വിഷ്ണുവിനെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇയാൾ ഇപ്പോഴും ജയിലിൽ കിടക്കുകയാണ്.

 

മകനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു രാമചന്ദ്രൻ ഫേസ്‌ബുക്കിലൂടെ എഴുതിയ തുറന്നകത്തെഴുതിയത്. തന്റെ മകനെ എ ഗ്രൂപ്പിൽ നിന്നും മാറ്റി ഐ ഗ്രൂപ്പിൽ ചേർക്കാമെന്നാണ് പിതാവ് രാമചന്ദ്രൻ പറഞ്ഞത്. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വിഷ്ണുവിനെ വ്യക്തിവൈരാഗ്യം തീർക്കാനാണ് അറസ്റ്റു ചെയ്തതെന്നും പിതാവ് ആരോപിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള ആരാധയനയുടെ പേരിലാണോ മകനെ ജാമ്യം കിട്ടാത്ത വകുപ്പ് ചേർത്ത് കള്ളക്കേസ് എടുത്തതെന്നും പിതാവ് രാമചന്ദ്രൻ ചോദിക്കുന്നു. ഐ ഗ്രൂപ്പിൽ പ്രവർത്തിച്ചാൽ കേസ് ഒഴിവാക്കി കൊടുക്കാമെന്ന നേതാക്കൾ പറഞ്ഞതായും ഇദ്ദേഹം ആരോപിക്കുന്നു. ചെന്നിത്തലയ്ക്ക് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്ന മകനെ കള്ളക്കേസിൽ കുടുക്കിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഈ തുറന്ന കത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിതും മറുനാടൻ വാർത്തയാക്കുകയും ചെയ്തതോടെയാണ് കോൺഗ്രസ് അച്ചടക്ക നടപടി. അതേസമയം ആഭ്യന്തര മന്ത്രി പകപോക്കുകയാണെന്നാണ് പുറത്താക്കപ്പെട്ട പ്രവർത്തകർ പറയുന്നത്. സാമാന്യ നീതിക്ക് വേണ്ടി പ്രതികരിച്ച തങ്ങളെ പുറത്താക്കിയത് നീതിക്ക് നിരക്കുന്നതല്ലെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP