Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിൽ നിന്നിറങ്ങാതെ പി സി ജോർജ്ജ്; ഗണേശിന്റെ വീടിന് നേരെ കല്ലേറ്; നടന്നു പോയപ്പോൾ തല്ലുവാങ്ങി നികേഷ് കുമാർ: അരുവിക്കര തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ജയിപ്പിക്കാൻ ഇറങ്ങിയവർക്കെല്ലാവർക്കും ഭീഷണിയും: കോൺഗ്രസ് പ്രവർത്തകർ അരുവിക്കരക്കാർ ആഘോഷിച്ചത് ഇങ്ങനെ

വീട്ടിൽ നിന്നിറങ്ങാതെ പി സി ജോർജ്ജ്; ഗണേശിന്റെ വീടിന് നേരെ കല്ലേറ്; നടന്നു പോയപ്പോൾ തല്ലുവാങ്ങി നികേഷ് കുമാർ: അരുവിക്കര തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ജയിപ്പിക്കാൻ ഇറങ്ങിയവർക്കെല്ലാവർക്കും ഭീഷണിയും: കോൺഗ്രസ് പ്രവർത്തകർ അരുവിക്കരക്കാർ ആഘോഷിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയലഹരിയിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ആക്രമണം അഴിച്ചുവിട്ടത് യുഡിഎഫിന് എതിരായി പ്രവർത്തിച്ച എല്ലാവർക്കും നേരെ. റിപ്പോർട്ടർ ടിവി എം ഡി എം വി നികേഷ് കുമാറിനും മാദ്ധ്യമപ്രവർത്തകർക്കും നേരെ ആക്രമണം ഉണ്ടായപ്പോൾ എൽഡിഎഫ് പാളയത്തിലേക്ക് പോയ കെ ബി ഗണേശ് കുമാർ എംഎൽഎയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ഫലത്തിൽ സിപിഎമ്മിനെ വിജയിപ്പിക്കാൻ ഇറങ്ങിയ എല്ലാവരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തകർ.

പി സി ജോർജ്ജെന്ന രാഷ്ട്രീയ നേതാവ് തീർത്തും അപ്രസക്തനായ ദിവസമായിരുന്നു ഇന്നലെ. അരുവിക്കരിയിൽ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാർത്ഥി കെ ദാസ് പതിനായിരം വോട്ട് നേടുമെന്ന് വീരവാദം പറഞ്ഞ പിസിയെ വോട്ടെണ്ണിയപ്പോൾ നോട്ടയും തോൽപ്പിച്ചു. എ.സി.ഡി.എഫ്. സ്ഥാനാർത്ഥിക്കും പി.ഡി.പി. സ്ഥാനാർത്ഥിക്കും കെട്ടിവച്ച കാശും പോയിരുന്നു. അരുവിക്കര മണ്ഡലത്തിൽ ആകെ പോൾ ചെയ്ത 1,42,485 വോട്ടിൽ പി.സി. ജോർജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിക്ക് നേടാനായത് 1197 വോട്ടുകൾ മാത്രം.

ഫലം അറിയുമ്പോൾ അസംബ്ലിയിൽ ആയിരുന്ന ജോർജ്ജ്. ഇതോടെ പതിയെ ഒരു വാർത്താസമ്മേളനം വിളിച്ച് ഉമ്മൻ ചാണ്ടിയെ വിമർശിച്ചു. അഴിമതി വിരുദ്ധമുന്നണി തുടരണോ പിരിച്ചുവിടണോയെന്ന് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് ജോർജ് പറഞ്ഞു.
തന്റെ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൾ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇതു രാഷ്ര്ടീയമായ തിരിച്ചടിയല്ലെന്നും ജോർജ് പറഞ്ഞു.

വാർത്താസമ്മേളനം കഴിഞ്ഞപിന്നീട് ആർക്കും പി സി ജോർജ്ജ് പിടികൊടുത്തില്ല. കൈരളി ചാനലിന്റെ ചർച്ചക്കിടയിൽ നിന്നും ഇറങ്ങിപ്പോയ ജോർജ്ജിനെ പിന്നീട് ചാനൽ ചർച്ചകളിലൊന്നും കണ്ടില്ല. മാദ്ധ്യമപ്രവർത്തകർ വിളിച്ചപ്പോൾ പോലും ഫോണെടുക്കാൻ ജോർജ്ജ് തയ്യാറായില്ല. സാധാരണ മാദ്ധ്യമപ്രവർത്തകർ എടുത്താൽ മടിയില്ലാതെ പ്രതികരിക്കുന്ന വ്യക്തിയാണ് ജോർജ്ജ്.

അതിനിടെ പത്തനാപുരം പഞ്ചായത്തിൽ കേരള കോൺഗ്രസ്(ബി)യുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ ആചരിക്കും. കേരള കോൺഗ്രസ്(ബി) എംഎൽഎ കെ.ബി ഗണേശ്‌കുമാറിന്റെ വീടിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് ഇടയിലായിരുന്നു ഗണേശ്‌കുമാറിന്റെ വീടിനു നേരെ കല്ലേറ് നടന്നത്. ഇന്നലെ ആലപ്പുഴ ഹരിപ്പാട് പിസി ജോർജിന്റെയും ആർ ബാലകൃഷ്ണപിള്ളയുടെയും കോലം കത്തിച്ചും കോൺഗ്രസ് പ്രവർത്തകർ വിജയം ആഘോഷിച്ചിരുന്നു.

വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ചായിരുന്നു ഇന്നലെ നികേഷ് കുമാറിന് നേരെ ആക്രമണം ഉണ്ടായത്. വിജയലഹരിയിൽ മതിമറന്ന കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. റിപ്പോർട്ടർ ടിവി സിഇഒയുമായ എം വി നികേഷ് കുമാറിനെ നടന്നുപോയപ്പോൾ പിന്നിൽ നിന്നും തലയ്ക്കടിക്കുകയായിരുന്നു. വോട്ടെണ്ണൽകേന്ദ്രത്തിൽനിന്ന് പുറത്തേക്ക് വരുമ്പോൾ പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം.

സർക്കാരിന്റെ അഴിമതിയും കോഴയും പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച റിപ്പോർട്ടർ ടിവിയോട് തെരഞ്ഞെടുപ്പിനുമുന്നേ യുഡിഎഫ് നേതൃത്വം പരസ്യമായി അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നതാണ്.കൊടികെട്ടിയ വടികൊണ്ട് നികേഷിന്റെ തലയ്ക്കടിച്ചശേഷം മറ്റൊരു പ്രവർത്തകൻ ചവിട്ടുകയും ചെയ്തു. അടുത്തുനിന്ന ഉദ്യോഗസ്ഥരാണ് രക്ഷിച്ച് പുറത്തുകൊണ്ടുവന്നത്. ഇതേസമയംതന്നെ മീഡിയ വൺ സീനിയർ റിപ്പോർട്ടർ ജയേഷിനെയും ആക്രമിച്ചു. മാദ്ധ്യമപ്രവർത്തകരാണെന്ന് തിരിച്ചറിയുന്നവരെയെല്ലാം കൈകാര്യംചെയ്യാൻ കോൺഗ്രസിന്റെ പ്രാദേശികനേതാക്കൾ പ്രവർത്തകരോട് ആക്രോശിക്കുന്നുണ്ടായിരുന്നു. സിറാജ് ദിനപത്രം ഫോട്ടോഗ്രാഫർ ശിവജി എന്നിവരും കൈയേറ്റത്തിന് ഇരയായി.

ആക്രമണത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബും കേരള പത്രപ്രവർത്തകയൂണിയൻ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. കോൺഗ്രസുകാരുടെ അക്രമം മാദ്ധ്യമപ്രവർത്തകർക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് ടി എം തോമസ് ഐസക് എംഎൽഎ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരായ റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ്‌കുമാർ, മീഡിയ വൺ സീനിയർ റിപ്പോർട്ടർ ജയേഷ്, സിറാജ് ഫോട്ടോഗ്രഫർ ശിവജികുമാർ എന്നിവർക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബ്ബും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ തോമസ് ഐസക് സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുഫലം വലിയ ഉത്തരവാദിത്തമാണ് തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഉത്തരവാദിത്തമാണ് മാദ്ധ്യമപ്രവർത്തകർക്കു നേരെ കോൺഗ്രസുകാർ നടത്തിയത്. ഇത് മാദ്ധ്യമപ്രവർത്തകർക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ അജിത്കുമാർ, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, പ്രസ് ക്ലബ് സെക്രട്ടറി എസ് എൽ ശ്യാം, ട്രഷറർ എസ് സതീഷ്ബാബു, റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ ചീഫ് രതീഷ് കണ്ടക്കെ എന്നിവർ സംസാരിച്ചു. മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തതിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി അപലപിച്ചു.

അരുവിക്കര മണ്ഡലത്തിലും കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തി. വെള്ളനാട് കുതിരകുളത്ത് ബസ് കാത്തുനിന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ ശ്യാംകുമാറിനെ പ്രകടനമായെത്തിയ യുഡിഎഫുകാർ മർദിച്ചു. ഷിബു, ശ്യാം, തങ്കമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ ശ്യാംകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ആഹ്ലാദം പ്രകടനം നടക്കുന്നതിനിടെ ബിജെപികോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

ഭഗവതിപുരത്ത് എൽഡിഎഫിന്റെ ബൂത്ത് തകർത്തു. ലോറിയിൽ എത്തിയ യുഡിഎഫ് പ്രവർത്തകർ ഇവിടെ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ, ഫ്‌ളക്‌സുകൾ, ബാനറുകൾ എന്നിവയും നശിപ്പിച്ചു. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ചെറിയകൊണ്ണി ലോക്കൽ സെക്രട്ടറി ജി എസ് ബിനുകുമാർ അരുവിക്കര പൊലീസിൽ പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP