Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബിക് സർവ്വകലാശാലയില്ലെങ്കിൽ വോട്ടുമില്ല; സമസ്തയുടെ നേതൃത്വത്തിൽ സർക്കാരിൽ മുസ്ലിം സംഘടനകളുടെ സമ്മർദ്ദം ശക്തം; യൂണിവേഴ്‌സിറ്റി വർഗ്ഗീയത ആളിക്കത്തിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ ഉടക്ക് രൂക്ഷമാകുന്നു

അറബിക് സർവ്വകലാശാലയില്ലെങ്കിൽ വോട്ടുമില്ല; സമസ്തയുടെ നേതൃത്വത്തിൽ സർക്കാരിൽ മുസ്ലിം സംഘടനകളുടെ സമ്മർദ്ദം ശക്തം; യൂണിവേഴ്‌സിറ്റി വർഗ്ഗീയത ആളിക്കത്തിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ ഉടക്ക് രൂക്ഷമാകുന്നു

എം പി റാഫി

കോഴിക്കോട്: അറബിക്ക് സർവകലാശാലയെ ചൊല്ലി യു.ഡി.എഫിൽ കലഹം മുറുകുന്നു. സംസ്ഥാനത്ത് അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് യു.ഡി.എഫിൽ പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അറബിക്ക് സർവകലാശാല വരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് മുസ്ലിം സംഘടനകൾ യു.ഡി.എഫിനെ സമ്മർദത്തിലാക്കിയിരിക്കുന്നത്. അറബിക്ക് സർവകാലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ധനവകുപ്പ് തള്ളുകയും നിർദ്ദേശത്തിനെതിരെ ധനവകുപ്പ് സെക്രട്ടറി ഡോ.കെ.എം എബ്രഹം, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ വിശദീകരണ റിപ്പോർട്ട് സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് മുസ്ലിം സംഘടനകൾ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വിഷയം പുറത്തായതിനു തൊട്ടു പിന്നാലെ മുഴുവൻ മുസ്ലിം സംഘടനാ പ്രതിനിധികളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ യോഗം ചേർന്നിരുന്നു. സംഘടനകൾ ഒറ്റക്കും കൂട്ടമായും യു.ഡി.എഫ് നേതാക്കളെയും സർക്കാറിനെയും സമീപിച്ചിരുന്നു. അറബിക്ക് സർവകലാശാലക്ക് അനുമതി ലഭിച്ചില്ലെങ്കിൽ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സമുദായത്തിന്റെ വികാരം പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും വിവിധ സംഘടനകൾ സർക്കാറിന് നൽകി. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുള്ള കേരളത്തിലെ മുസ്ലിം സംഘടനകൾ അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിലെ സർക്കാർ നിലപാടിനെതിരെ ഒന്നായി തിരിഞ്ഞിരിക്കുകയാണ്. സർക്കാറിൽ വ്യക്തമായ സ്വാധീനമുള്ള സമസ്തകേരള ജംഇയ്യത്തുൽ ഉലമ, ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമ, കേരള നദ് വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളാണ് സർക്കാറിൽ സമ്മർദം ശക്തമാക്കിയിട്ടുള്ളത്.

അതേസമയം കേരള സാഹചരിയത്തിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് അറിബിക്ക് സർവകലാശാലയെന്നതാണ് ധനവകുപ്പിന്റെ വാദം. വിദ്യാഭ്യാസ വകുപ്പ് ആറു കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത് എന്നാൽ ധനവകുപ്പ് 96 കോടി രൂപ വേണ്ടി വരുമെന്നാണ് ഫയലിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേസമയം, ഇത്തരമൊരു സർവകലാശാല സ്ഥാപിക്കുന്നതിലുള്ള നീക്കം സംബന്ധിച്ച് ഇന്റലിജൻസ് കേന്ദ്രങ്ങൾ നിരന്തരം അന്വേഷിച്ച് ആശങ്ക അറിയിച്ചതായും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്. കലാപകലുഷിതമായ അന്തരീക്ഷത്തിൽ വർഗീയത ആളിക്കത്തിക്കാനേ സർവകലാശാല ഉപകരിക്കൂവെന്നാണ് ചീഫ് സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തിയത്. ഭരണഘടനയുടെ പട്ടികിൽ ഉൾപ്പെടുന്ന 22 ഭാഷകളിൽ അറബി ഇല്ലാത്തതിനാൽ വിദേശ ഭാഷാ പഠനത്തിന് സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര വിദേശ കാര്യ മാനവശേഷി മന്ത്രാലയങ്ങളിൽ നിന്നും അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വർഗീയമായി ചേരിതിരിവുണ്ടാക്കുന്ന നിലപാടെടുത്ത ചീഫ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കണെന്നാവശ്യവും മുസ്ലിം സംഘടനകൾക്കിടയിൽ ശക്തമായിട്ടുണ്ട്.

ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് കാലടിയിൽ സംസ്‌കൃത സർവകലാശാല സ്ഥാപിക്കപ്പെട്ടത്. അക്കാലത്തൊന്നും ഉയർന്നു വരാത്ത വിവാദം ഇപ്പോൾ ഉയർത്തുന്നതിനു പിന്നിൽ ഭരണ സിരാ കേന്ദ്രങ്ങളിലെ വർഗീയ നിലപാടുള്ള ഉദ്യോഗസ്ഥരാണെന്നാണ് മുസ്ലിം സംഘടനകളുടെ പ്രധാന ആക്ഷേപം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലിംങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങണമെന്നുമുള്ള സച്ചാർ കമ്മിഷൻ റിപ്പോർട്ടും പാലോളി കമ്മിറ്റി റിപ്പോർട്ടും സർക്കാർ തിരസ്‌ക്കരിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിലൂടെയുണ്ടാകുന്ന വിദേശ രാജ്യങ്ങളിലുൾപ്പടെയുള്ള നിരവധി തൊഴിലവസരങ്ങളും ലോകത്തിന് തന്നെ സമ്മാനിക്കാവുന്ന സാഹിത്യ ഗവേഷണ ശൃംഘലകളും വഴിതുറക്കപ്പെടുമെന്നാണ് പണ്ഡിത പക്ഷം. സെമിറ്റിക്ക് ഭാഷകളിൽ ഏറ്റവും കൂടുതൽ സജീവമായി ഉപയോഗിക്കപ്പെടുന്ന ഭാഷാണ് അറബി. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ ഭാഷാ എന്നതിലുപരി ഖുർആൻ അവതിരിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ അറബി ഭാഷക്കും സംസ്‌ക്കാരത്തിനും കേരളവുമായി ബന്ധമുണ്ട്. ഇതിന്റെ ഭാഗമായി അറബിയിൽ നിന്നും മലയാളത്തിലേക്കും തിരിച്ച് മലയാളത്തിൽ നിന്നും അറബിയിലേക്കും ധാരളം പദങ്ങൾ കൈമാറ്റം നടന്നതായി ഭാഷ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ലോക പ്രസിദ്ധിയാർജിച്ച നിരവധി ഗദ്യ-പദ്യ ഗ്രന്ഥങ്ങൾ കേരളീയരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇത് മനസിലാക്കുന്നതിനും കൂടുതൽ ഗവേഷണം നടത്തുന്നതിനും സർക്കാർ വർഗീയത കാണേണ്ടതില്ലെന്നുമാണ് വിവിധ അറബി ഭാഷാ സംഘടനകളുടെയും വാദം.

സംസ്ഥാനത്തെ അറബിക്കോളേജുകളും വിദേശ പഠന വിഭാഗങ്ങളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലായിരുന്നു കേരളത്തിൽ എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി നൂറിലധികം വരുന്ന അറബിക്ക് കോളേജുകളെയും വിവിധ യൂണി വേഴ്‌സിറ്റികളിലെ അറബിക്ക് ഡിപാർട്ട്‌മെന്റുകളെയും കോർത്തിണക്കി സർവകലാശാല എന്ന ആശയം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ചത്. ഭാഷാപഠനത്തിനും ഗവേഷണത്തിനും വിദേശ തൊഴിൽ അന്വേഷണത്തിനും ഏറെ ഗുണം ചെയ്യുമെന്ന വിദഗ്ദരുടെ നിർദ്ദേശങ്ങളാണ് വർശങ്ങളായുള്ള അറബിക്ക് സർവകലാശാല എന്ന മുറവിളിക്ക് വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തത്.

എന്നാൽ ധനവകുപ്പും ചീഫ് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയത് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക മുസ്ലിം ലീഗിനു തന്നെയാണ്. തെരഞ്ഞെടുപ്പടുത്തിരിക്കെ അറബിക്ക് സർവകലാശാലാ വിഷയത്തിൽ മുസ്ലിം സംഘടനൾ ലീഗിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഇത് ലീഗിനും യു.ഡി.എഫിനും ഏറെ തിരിച്ചടിയുണ്ടാകു. വിഷയത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാറിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്. വരും ദിവസങ്ങളിൽ ഏറെ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ് അറബിക്ക് സർവകലാശാല.

അതേസമയം, സംസ്ഥാനത്ത് അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിൽ പ്രതിസന്ധിയില്ലെന്നും അതിനുള്ള നടപടിക്രമങ്ങൾ സർക്കാറും വിദ്യാഭ്യാസ വകുപ്പും നടത്തി വരികയാണെന്നും മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എംപി, കെ.പി.എ മജീദ് എന്നിവർ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അറബിക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട് ധനവകുപ്പ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ വിശദീകരണ റിപ്പോർട്ടും ഇന്റലിജൻസ് വിഭാഗങ്ങൾ നൽകിയെന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടും പരിശോധിച്ച് മുസ്ലിം ലീഗ് നിലാപാട് വ്യക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP