Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിപിഎം കൂടെയുണ്ടെങ്കിൽ ആരെ വേണമെങ്കിലും കൊല്ലാം; സ്ഥിരം കുറ്റവാളികളെ പ്രതികളാക്കി തെളിവില്ലാതെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ യഥാർത്ഥ പ്രതി കുടുങ്ങിയാൽ ഇഷ്ടം പോലെ പരോൾ തരും; 20 മാസത്തിനിടയിൽ കുഞ്ഞനന്തന് പിണറായി സർക്കാർ കനിഞ്ഞ് അനുവദിച്ചത് 193 ദിവസത്തെ പരോൾ; കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലയിലെ പ്രതിയുടെ പരോൾ ജീവിതം ഏത് കുറ്റവാളിയെയും അസൂയപ്പെടുത്തുന്നത്

സിപിഎം കൂടെയുണ്ടെങ്കിൽ ആരെ വേണമെങ്കിലും കൊല്ലാം; സ്ഥിരം കുറ്റവാളികളെ പ്രതികളാക്കി തെളിവില്ലാതെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ യഥാർത്ഥ പ്രതി കുടുങ്ങിയാൽ ഇഷ്ടം പോലെ പരോൾ തരും; 20 മാസത്തിനിടയിൽ കുഞ്ഞനന്തന് പിണറായി സർക്കാർ കനിഞ്ഞ് അനുവദിച്ചത് 193 ദിവസത്തെ പരോൾ; കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലയിലെ പ്രതിയുടെ പരോൾ ജീവിതം ഏത് കുറ്റവാളിയെയും അസൂയപ്പെടുത്തുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'സർക്കാർ ഒപ്പമുണ്ട്' എന്നതാണ് ഒന്നാം വാർഷികാഘോഷ വേളയിൽ പിണറായി സർക്കാർ പുറത്തിറക്കിയ പരസ്യത്തിലെ മുദ്രാവാക്യം. ഈ പരസ്യവാചകം അക്ഷരം പ്രതി ശരിവെക്കുന്നത് സിപിഎം പ്രതിസ്ഥാനത്തുള്ള വധക്കേസ് പ്രതികളുടെ കാര്യത്തിലാണ്. ചിലർ ജയിലുകളെ അവരുടെ സാമ്രാജ്യമാക്കി ഭരണം നടത്തുന്നു. മറ്റുചിലരാകട്ടെ ഭാവി വധുവുമൊത്ത് സല്ലപിക്കാനുള്ള വേദിയാക്കി ജയിലറകളെ മാറ്റുന്നു. ഇതിനെല്ലാം ഒത്താശ ചെയ്ത് 'എല്ലാം ശരിയാക്കി' സർക്കാറും. ശരിക്കും പറഞ്ഞാൽ രാഷ്ട്രീയ കൊലയാളികൾ ആകുന്നെങ്കിൽ അത് സിപിഎമ്മിന് വേണ്ടിയാകണം എന്ന് ഏതൊരു ക്രിമിനലും ആശിച്ചു പോകുന്ന ഘട്ടമാണ് ഇപ്പോൾ കടന്നു പോകുന്നത്. തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി സിപിഎം സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അത്തരത്തിലുള്ളതാണ്.

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി പരോൾ അനുവദിച്ചത് 193 ദിവസമാണെന്ന കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജയിൽ നിയമങ്ങളും ചട്ടങ്ങളുമെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്തിന് മുന്നിൽ മുട്ടുമടക്കുന്ന കാഴ്‌ച്ചയാണ് ഇവിടെ കാണുന്നത്.

സർക്കാർ വന്ന 2016 മെയ്‌ മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോൾ ലഭിച്ചിട്ടുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി വ്യക്തമാക്കുന്നു. കണ്ണൂരിലെ പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയിൽ നിലനിർത്തി. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തു.

2016 മേയിൽ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സർക്കാർ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമാണു പരോൾ നൽകിയത്. 2016ൽ മാത്രം പരോൾ ലഭിച്ചത് 79 ദിവസം. 2017ൽ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികിൽസ, കുടുംബത്തോടൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോൾ നൽകിയത്.

ഇടതുസർക്കാർ അധികാരത്തിൽവന്നതിനുശേഷം പരോളിൽ പാർട്ടിവേദികളിൽ സജീവമാണ് കുഞ്ഞനന്തൻ. എല്ലാം പരോൾ ലഭിച്ചതിന്റെ പിൻബലത്തിൽ. കേസിൽ പ്രതിയായതിനുശേഷം നടന്ന പാർട്ടി സമ്മേളനങ്ങളിലും പങ്കെടുത്തു. പാനൂർ ഏര്യാ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടതിനുശേഷം നടന്ന ഏരിയാസമ്മേളനത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. പിന്നീട് ഇടതുമുന്നണി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ അനുകൂലമായി. കഴിഞ്ഞവർഷം ഒടുവിൽ നടന്ന ലോക്കൽ-ഏരിയാ സമ്മേളനത്തിൽ സ്ഥിരം സാന്നിധ്യമായി. ഏരിയാകമ്മിറ്റി അംഗമായ കുഞ്ഞനന്തൻ കുന്നോത്തുപറമ്പ് ലോക്കൽ സമ്മേളനത്തിൽ മുഴുവൻസമയ നിരീക്ഷകനായിരുന്നു.

ഈ സമ്മേളനത്തിൽ ലോക്കൽകമ്മിറ്റി രണ്ടായി വിഭജിച്ചു. കുഞ്ഞനന്തനായിരുന്നു ഇതിന് നേതൃത്വം നൽകിയത്. പൊതുസമ്മേളന വേദിയിലും നേതാവായി പങ്കെടുത്തു. 'പോരാളിയായ കുഞ്ഞനന്തൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെ'ന്നായിരുന്നു സ്വാഗതപ്രസംഗകൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മുടക്കമില്ലാതെ മിക്കവാറും ഏരിയാകമ്മിറ്റി യോഗങ്ങളിൽ കുഞ്ഞനന്തൻ പങ്കെടുക്കാറുണ്ട്. പരോൾ തീരുമാനമൊക്കെ കുഞ്ഞനന്തൻ തീരുമാനിക്കുന്നത് പോലെയാണ്. കുഞ്ഞനന്തന്റെ മകളുടെ ഗൃഹപ്രവേശനത്തിന് ജയിൽവകുപ്പിലെ ഉദ്യോഗസ്ഥർ വരെ പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുമൊഴികെ ബാക്കിയെല്ലാവരും ചടങ്ങിനെത്തി. തിരുവനന്തപുരത്തുനിന്നും ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ചടങ്ങിനെത്തി. അപ്പോൾ പിന്നെ കാര്യങ്ങൾ എങ്ങനയാണെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ലല്ലോ?

16 തവണയാണ് കുഞ്ഞനന്തന് ഇതിനകം പരോൾ ലഭിച്ചത്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പരോൾ അനുവദിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പരോളിൽ ഇറങ്ങിയ കുഞ്ഞനന്തൻ നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തു. ടി.പി കേസിലെ പ്രതികൾക്ക് സുഖ ചികിത്സ നൽകുന്നു. ഇതിനിടെ കുഞ്ഞനന്തന്റെ ജയിൽവാസം പൂർണമായും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായും സർക്കാർ രംഗത്തുണ്ട്. കുഞ്ഞനന്തനെ പ്രായത്തിന്റെ കാര്യവും അസുഖങ്ങളുടെ കാര്യവും ചൂണ്ടിക്കാട്ടി വിട്ടയക്കാനാണ് ശ്രമിക്കുന്നത്.

പൊലീസിന്റേയും സാമൂഹ്യ ക്ഷേമ വകുപ്പിന്റേയും റിപ്പോർട്ട് കുഞ്ഞനന്തന് അനുകൂലമാണ്. കുഞ്ഞനന്തൻ പുറത്തിറങ്ങിയാലും ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാകില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതാണ് സൂചന. പരോൾ കാലത്ത് കുഞ്ഞനന്തൻ പ്രവർത്തിച്ചത് നിയമപരമായാണ്. ഈ കാലയളവിലും പ്രശ്നമൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ പ്രായത്തിന്റെ ഇളവ് കുഞ്ഞന്തന് നൽകാമെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ കുഞ്ഞനന്തനെ വിട്ടയ്ക്കാൻ തീരുമാനിച്ചാൽ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ കോടതിയെ സമീപിക്കും. അതുകൊണ്ട് തന്നെ കുഞ്ഞനന്തന്റെ മോചനത്തിൽ അന്തിമ തീരുമാനം കോടതിയുടേയാകും.

സർക്കാറിന് താൽപര്യമുള്ള കൊലക്കേസ് പ്രതികളെ വിട്ടയക്കുന്നതിനെതിരെ പ്രതിപക്ഷം അടുത്തിടെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകാൻ സർക്കാർ പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ ചർച്ചയ്ക്കിടയിലും കുഞ്ഞനന്തന് അനുകൂലമായാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ചേ കുഞ്ഞനന്തന്റെ കാര്യത്തിൽ നടപടിയെടുത്തിട്ടുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിയ്യൂരിൽ 19 പേർക്ക് പരോൾ അനുവദിച്ചു. ടി.പി കേസിലെ പ്രതികളുടെ കാര്യം കമ്മറ്റി പരിഗണിച്ചു. ചട്ടപ്രകാരം മാത്രമേ ഇക്കാര്യത്തിൽ നടപടി എടുത്തിട്ടുള്ളു. മുൻ സർക്കാർ സ്പെഷ്യൽ റിവിഷൻ പ്രകാരം 400 ലേറെ തടവുകാർക്ക് ഇളവ് അനുവദിച്ചിരുന്നു. എല്ലാ സർക്കാറും നടത്തുന്ന കാര്യം മാത്രമേ ഈ സർക്കാരും നടത്തിയിട്ടുള്ളു. ഇക്കാര്യത്തിൽ നടപടിയിൽ രാഷ്ട്രീയം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ആശങ്കക്ക് ഇപ്പോൾ അടിസ്ഥാനമില്ല. നിയമപരമായ പരിശോധന പൂർത്തിയാക്കിയ ശേഷമേ ആരെയും വിട്ടയക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കുഞ്ഞനന്തന്റെ മോചനത്തിലേക്കാണ് ഈ വാക്കുകളും വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും കുഞ്ഞനന്തനെ മോചിപ്പിക്കുന്ന തീരുമാനം സർക്കാർ പ്രഖ്യാപിക്കും. പ്രതിപക്ഷത്തെ മുൻകാല തീരുമാനങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയും ചെയ്യും. അവശത അനുഭവിക്കുന്ന 65 വയസുകഴിഞ്ഞവരുടെ കാര്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷായിളവു നൽകി വർഗീസ് കേസിലെ പ്രതിയായ മുൻ ഐ.ജി: ലക്ഷ്മണയെ മുൻ സർക്കാർ വിട്ടയച്ചു. 70 വയസുകഴിഞ്ഞവർക്കു ശിക്ഷായിളവു നൽകണമെന്ന് അലക്‌സാണ്ടർ ജേക്കബ് അധ്യക്ഷനായ ജയിൽ പരിഷ്‌കരണസമിതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 59 പേരുടെ പട്ടിക ശേഖരിച്ചു. മെഡിക്കൽറിപ്പോർട്ടും ലഭ്യമാക്കും. ഇതിൽ 14 വർഷത്തെ ശിക്ഷപൂർത്തിയാക്കിയവരും വരും. ഇതൊക്കെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP