Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണുകേസിൽ അകത്തായ വിൻസന്റ് എംഎൽഎക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയവരിൽ പ്രധാനി; അയൽക്കാരിയുടെ കുളിസീൻ പകർത്തി ബ്ലാക്‌മെയ്ൽ ചെയ്തു പണംതട്ടി എന്നറിഞ്ഞപ്പോൾ ഞെട്ടിയത് പാർട്ടിക്കാരും നാട്ടുകാരും; നാണക്കേട് ഒഴിവാക്കാൻ പുറത്താക്കി സി.പി.എം: കപടരാഷ്ട്രീയത്തിന്റെ നേർരൂപമായി ബലാത്സംഗ കേസിൽ അകത്തായ ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ

പെണ്ണുകേസിൽ അകത്തായ വിൻസന്റ് എംഎൽഎക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയവരിൽ പ്രധാനി; അയൽക്കാരിയുടെ കുളിസീൻ പകർത്തി ബ്ലാക്‌മെയ്ൽ ചെയ്തു പണംതട്ടി എന്നറിഞ്ഞപ്പോൾ ഞെട്ടിയത് പാർട്ടിക്കാരും നാട്ടുകാരും; നാണക്കേട് ഒഴിവാക്കാൻ പുറത്താക്കി സി.പി.എം: കപടരാഷ്ട്രീയത്തിന്റെ നേർരൂപമായി ബലാത്സംഗ കേസിൽ അകത്തായ ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എംഎൽഎ എം വിൻസന്റ് കഴിഞ്ഞ ഒരു മാസത്തോളമായി സബ് ജയിലിൽ കഴിയുകയാണ്. വ്യാപകമായ പ്രക്ഷോഭമാണ് യുഡിഎഫ് നേതാവിനെതിരെ പ്രാദേശിക തലത്തിൽ സി.പി.എം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാൽ ഇതിന് തിരിച്ചടിയായി സിപിഎമ്മിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമാണ് വിഴിഞ്ഞത്ത് നിന്നും പുറത്തു വന്നത്. ഒരു ജനന സർട്ടിഫിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തിയ അയൽവാസിയായ വീട്ടമ്മയെ സി.പി.എം വിഴിഞ്ഞം ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ ബലാൽസംഗം ചെയ്തെന്ന വാർത്ത പ്രദേശത്ത് പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിൻസന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രാദേശിക പ്രക്ഷോഭങ്ങളിലെ പ്രധാനിയായിരുന്നു സമീർ. വിൻസെന്റ് അറസ്റ്റിലായപ്പോൾ എംഎൽഎക്കെതിരെ കൊടിപിടിച്ച് സമര രംഗത്തു നിന്നയാൾ. അങ്ങനെയുള്ള സി.പി.എം നേതാവാണ് കുളിമുറിയിൽ വീട്ടമ്മ കുളിക്കുന്ന നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്‌മെയിലിംഗിന് ശ്രമിച്ചത്. കാപട്യ രാഷ്ട്രീയത്തിന്റെ നേർരൂപമായി ഈ സംഭവം വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പാർട്ടിക്ക് തന്നെ കടുത്ത അവമതിപ്പുണ്ടാക്കിയത്.

പ്രതിയെ പൊലീസ് പിടികൂടിയത് ഇന്നലെയാണ്. എന്നാൽ ഇയാളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ബന്ധങ്ങൾ പുറത്ത് പറയാനോ വീട്ടമ്മയുടെ പരാതി ആദ്യം പരിഗണിക്കാനോ പൊലീസ് തയ്യാറായില്ലെന്നും കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്. വിവരങ്ങൾ ആരാഞ്ഞ മാധ്യമങ്ങൾക്ക് സി.പി.എം ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് സിപിഎമ്മായിരുന്നുവെന്ന രീതിയിലുള്ള മറുപടിയാണ് നൽകിയത്. പ്രതിയെ പിടികൂടിയ ശേഷമാണ് പാർട്ടി ഇയാളെ പുറത്താക്കിയത്.

വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടിയംഗവും പിന്നീട് ബ്രാഞ്ച് സെക്രട്ടറിയുമായ വ്യക്തിയാണ് 27കാരനായ സമീർ. പ്രദേശത്തെ തെക്കുംഭാഗം ജമാഅത്തുമായി ഉള്ള അടുത്ത ബന്ധമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഇത്രവേഗം വളരാൻ ഇയാൾക്ക് സഹായകമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഴിഞ്ഞത്ത് നിന്നും നിയമസഭയിലേക്ക് എം വിൻസെന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജാഥയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്നു സമീർഖാൻ. ഇയാളുടെ ബ്രാഞ്ച് പ്രദേശത്ത് നിന്നാണ് ജാഥ ആരംഭിച്ചതും.

അയൽവാസിയായ വീട്ടമ്മയെയാണ് സമീർഖാൻ ബലാത്സംഗം ചെയ്യാൻ തുനിഞ്ഞത്. പ്രദേശത്തെ രാഷ്ട്രീയ നേതാവല്ലേ എന്നു കരുതി ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണ് വീട്ടമ്മ സമീർഖാനെ സമീപിച്ചത്. എല്ലാ ശരിയാക്കി തരാമെന്ന് യുവാവ് വീട്ടമ്മയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു. ആദ്യം തന്നെ കാണാൻ എത്തിയപ്പോൾ അവരെ തിരിച്ചയച്ച സമീർ മറ്റു ചില കാര്യങ്ങൾ കൂടി മനസിൽ കണ്ടു. പിന്നീട് കുളിമുറിയിൽ ഇവർ കുളിക്കുന്ന ദൃശ്യം പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി. തനിക്ക് വഴങ്ങണമെന്നും താൻ ആവശ്യപ്പെടുന്ന പണം നൽകണമെന്നും പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി. ഇങ്ങനെ 2 ലക്ഷം രൂപയും 23 പവൻ സ്വർണ്ണവും കൈക്കലാക്കിയെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വീട്ടമ്മ പറയുന്നു.

വീട്ടമ്മയുടെ ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് ഇവിടെ എത്തി ദൃശ്യങ്ങൾ പുറത്തുവിടുമെന്നും തനിക്ക് വഴങ്ങണമെന്നും സമീർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീട്ടമ്മ അതിന് വഴങ്ങാതെ വന്നതോടെ ബലാൽസംഗം ചെയ്ത് കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതി നൽകാനായി സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന ആരോപണവും ശക്തമാണ്. വിൻസെന്റ് വിഷയത്തിൽ നാണക്കേടായിരിക്കുന്ന കോൺഗ്രസിന് വിഷയം പിടിവള്ളിയാകുമെന്ന് കരുതിയാണ് കേസ് പാർട്ടി നേതാക്കൾ ഇടപെട്ട് വിഷം ഒതുക്കാൻ ശ്രമം നടത്തിയത്.

എന്നാൽ, വിവരം മറ്റ് രാഷ്ട്രീയക്കാരും അറിഞ്ഞതോടെയാണ് കഥ മാരിയത്. വിവരം മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെടുമെന്ന ഘട്ടമെത്തിയപ്പോൾ ഇപ്പോൾ പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്നും പ്രതി മുങ്ങാൻ സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. പിന്നീട് പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ ആരോപണം ശക്തമാവുകയും ചെയ്തു. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമായപ്പോഴാണ് പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയത്.

ഇയാൾക്കെതിരെ ഐപിസി 376 വകുപ്പുളാണ് ചുമത്തിയിട്ടുള്ള പ്രതിയെ ഇന്നലെ തന്നെ നെയ്യാറ്റിൻകര ടെമ്പററി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ ഇപ്പോൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. വിഷയം പുറത്ത് വന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്നും ഇയാളെ പുറത്താക്കിയതായി സി.പി.എം നേതൃത്വം മറുനാടൻ മലയാളിയോട് പറഞ്ഞു.  നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ് പാർട്ടിയുടെ നടപടിയെന്നത് വ്യക്തമാണ്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയിൽ ഉൾപ്പടെ സജീവ പ്രവർത്തകനായിരുന്നു പ്രതി സമീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP