Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയൽക്കിളികളെ ഭയപ്പെടുത്തി പറപ്പിക്കാൻ ഒരുങ്ങി സിപിഎം; 25ന് ആരംഭിക്കുന്ന 'കേരളം കീഴാറ്റൂരിലേക്ക്' മാർച്ചിന് മുന്നോടിയായി 24ന് 'നാടിന് കാവൽ' എന്ന പേരിൽ സമരവുമായി സിപിഎം രംഗത്ത്; 3,000 സിപിഎം പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിന് നേതൃത്വം നൽകുന്നത് എം വി ഗോവിന്ദൻ; 'ദേശീയപാത ആകാശത്തു കൂടി ഉണ്ടാക്കാൻ പറ്റുമോ?' എന്നു ചോദിച്ച് പ്രതിഷേധങ്ങളെ പരിഹസിച്ച് സിപിഎം നേതാവ്

വയൽക്കിളികളെ ഭയപ്പെടുത്തി പറപ്പിക്കാൻ ഒരുങ്ങി സിപിഎം; 25ന് ആരംഭിക്കുന്ന 'കേരളം കീഴാറ്റൂരിലേക്ക്' മാർച്ചിന് മുന്നോടിയായി 24ന് 'നാടിന് കാവൽ' എന്ന പേരിൽ സമരവുമായി സിപിഎം രംഗത്ത്; 3,000 സിപിഎം പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിന് നേതൃത്വം നൽകുന്നത് എം വി ഗോവിന്ദൻ; 'ദേശീയപാത ആകാശത്തു കൂടി ഉണ്ടാക്കാൻ പറ്റുമോ?' എന്നു ചോദിച്ച് പ്രതിഷേധങ്ങളെ പരിഹസിച്ച് സിപിഎം നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികളെ പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. വയൽ നികത്തി ദേശീയപാതാ ബൈപ്പാസ് നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ കേരളം മുഴുവൻ പ്രതിഷേധം ശക്തമാകുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സമരക്കാരെ പ്രതിരോധിക്കാൻ മാർച്ചുമായി രംഗത്തെത്തുകയാണ് സിപിഎം. 24ന് 'നാടിന് കാവൽ' എന്ന പേരിലാണ് സമരവുമായി സിപിഎം രംഗത്തുവരുന്നത്. തളിപ്പറമ്പിൽനിന്നും കീഴാറ്റൂരിലേക്ക് 3,000 സിപിഎം പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിനും പാർട്ടി നേതൃത്വം നൽകുന്നുണ്ട്. എം വി ഗോവിന്ദനാണ് സമരത്തെ നയിക്കുക.

ബൈപാസിനെതിരെ സിപിഎം മൂന്നുതവണ നേരത്തെ സമരം ചെയ്തിരുന്നു. ഇതേതുടർന്നു രണ്ടു തവണ അലൈന്മെന്റ് മാറ്റിവച്ചു. ഇപ്പോൾ വയൽക്കിളികൾ നടത്തുന്ന സമരത്തിലും സിപിഎം പങ്കെടുത്തിരുന്നു. പിന്നീട് സിപിഎം പിന്മാറുകയായിരുന്നു. മാർച്ച് 25നുശേഷം പന്തൽ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം. മാർച്ച് 25ന് വയൽക്കിളികൾ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാം ഘട്ട സമരത്തിന് മുന്നോടിയയാണ് സിപിഎം നീക്കം. വയൽക്കിളികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം സമരം. ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ വീണ്ടും സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം വയൽക്കിളികളുടെ സമരപന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചിരുന്നു.

വയൽക്കിളികളുടെ സമരത്തിന് സിപിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ശക്തമാക്കനാണ് എഐവൈഎഫ് നീക്കം. സംസ്ഥാനത്തെ സാംസ്‌കാരിക സാമൂഹിക മേഖലകളിലുള്ളവർ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. നെൽവയൽ നശിപ്പിച്ച് ദേശീയ പാത നിർമ്മിക്കുന്നതിനെതിരെ കർഷകർ നടത്തുന്ന സമരത്തിന് പിൻതുണയേറി വരികയാണ്.

വയൽക്കിളികൾ നടത്തുന്ന സമരത്തെ പരാജയപ്പെടുത്താൻ സിപിഐ (എം)ഉം പൊലീസും ശ്രമിക്കുകയാണെന്നാരോപിച്ച് മേധാപട്ക്കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ പ്രസ്താവന ഇറക്കി കഴിഞ്ഞു. ഭരണമുള്ളിടത്ത് വേട്ടക്കാരനൊപ്പവും ഭരണമില്ലാത്തിടത്ത് ഇരക്കൊപ്പവും എന്ന സിപിഐ.(എം). ന്റെ കാപട്യമാണ് കീഴാറ്റൂർ സമരത്തിന്റെ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്ന് മേധാ പട്ക്കർ, ഡോ.സനിൽ, എം. ജി. എസ്. നാരായണൻ, സാറാ ജോസഫ്, ശ്രീനിവാസൻ, ജോയ് മാത്യു തുടങ്ങി 32 പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

വയൽക്കിളി സമരത്തിന് പൂർണ്ണ പിൻതുണ നൽകാൻ കോൺഗ്രസ്സും തയ്യാറായിരിക്കയാണ്. വയൽക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും തകർക്കാമെന്ന് സിപിഐ.(എം). ഉം സർക്കാറും വ്യാമോഹിക്കേണ്ടതില്ലെന്ന് ഹസ്സൻ പറഞ്ഞു. ദേശീയപാതാ വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇടതു പക്ഷം തന്നെ വിവിധ സ്ഥലങ്ങൾ കൊടി കുത്തി സമരം നടത്തിയിരുന്നു. കീഴാറ്റൂരിൽ സമരക്കാരുമായി ചർച്ച നടത്തണമെന്ന റവന്യൂ വകുപ്പിന്റെ നിർദ്ദേശം പോലും കാറ്റിൽ പറത്തുകയായിരുന്നു. മാത്രമല്ല സിപിഐ. (എം). പ്രവർത്തകർ പരസ്യമായി സമര പന്തൽ കത്തിക്കുകയായിരുന്നു. സമരക്കാർ മേൽപ്പാലം ഉൾപ്പെടെയുള്ള സമാന്തര പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടും അക്കാര്യം പരിശോധിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ഹസ്സൻ ആരോപിച്ചു.

25 ന് ആരംഭിക്കുന്ന രണ്ടാം ഘട്ട നെൽവയൽ സമരത്തിൽ മുൻ.കെപിസിസി. പ്രസിഡണ്ട് വി എം. സുധീരൻ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കീഴാറ്റൂർ വയൽക്കിളികളെ വയൽ കഴുകന്മാരായി ചിത്രീകരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാടിലും സിഐടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റേയും പ്രസ്താവനയോടെ കൂടുതൽ സംഘടനകൾ പിൻതുണയുമായി രംഗത്ത് വരികയാണ്. എ.ഐ. വൈ. എഫ്. സംസ്ഥാന ഭാരവാഹികൾ ഇന്ന് കീഴാറ്റൂർ സന്ദർശിക്കുന്നുണ്ട്. വയൽക്കിളികളെ വികസന വിരോധികളായി ചിത്രീകരിച്ച് സമരത്തെ നേരിടുന്ന രീതി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.

മന്ത്രി ജി.സുധാകരന്റെ പരാമർശത്തെ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പ്രതിഷേധിച്ചു. തിമിരം ബാധിച്ച സുധാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയാണ് വേണ്ടതെന്ന് സുരേഷ് പറഞ്ഞു. കൃഷി അറിയാത്തവരാണ് കീഴാറ്റൂരിൽ കർഷകർ എന്ന പേരിൽ സമരം നടത്തുന്നതെന്ന മന്ത്രിയുടെ ആരോപണത്തിലെ വസ്തുത അറിയാൻ പാടത്തു നിന്നും പൊലീസ് അറസ്റ്റു ചെയ്ത സ്ത്രീകളുടെ വീടുകൾ സന്ദർശിക്കുകയാണ് വേണ്ടത്. അവരെങ്ങിനെയാണ് ജീവിക്കുന്നതെന്ന് അപ്പോൾ മനസ്സിലാകും. 25 ന് കീഴറ്റൂരിലേക്ക് മാർച്ച് നടത്തുന്നവരെ തടയാൻ നിങ്ങൾക്ക് കഴിയുമോ എന്നും സുരേഷ് കീഴാറ്റൂർ ചോദിച്ചു.

അതേസമയം ട്രേഡ് യൂണിയൻ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങൾ അരാജക സമരങ്ങൾക്ക് അമിത പ്രാധാന്യം നൽകുകയാണെന്ന് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആരോപിച്ചു. കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തിയ സമരം ജനകീയ സമരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ഭൂ ഉടമകളും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായിട്ടുണ്ട്. ഏതാനും ചിലരെ മുന്നിൽ നിറുത്തി പുറത്തു നിന്നുള്ളവരാണ് അവിടെ സമരം ചെയ്യുന്നത്. മലബാറിന്റെ വികസനത്തിന് ഹൈവേ നിർമക്കേണ്ടത് അത്യാവശ്യമാണ്. ഇത് പ്രദേശത്തി?െന്റ മുഴുവൻ വികസനത്തിനും കാരണമാകും. ഭൂമി വിട്ടു നൽകുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുകയാണ് വേണ്ടത്. പുനരധിവാസം ഏർപ്പെടുത്തണം. പക്ഷേ ഭൂമി തൊടാനേ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കരീം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP