Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജേട്ടന്റെ ജനപ്രീതി മറികടക്കാൻ വി എസ് തന്നെ വേണം! പാർട്ടി നേതൃത്വം അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയെങ്കിലും പടത്തലവനെ കൈവിടാതെ അണികൾ; അരുവിക്കരയിൽ അഭിവാദ്യം അർപ്പിച്ച് ഫ്‌ലക്‌സ് ബോർഡുകൾ; വൈരം മറന്ന് പിണറായിയും പ്രതിപക്ഷ നേതാവിനൊപ്പം കൈകോർക്കുമോ?

രാജേട്ടന്റെ ജനപ്രീതി മറികടക്കാൻ വി എസ് തന്നെ വേണം! പാർട്ടി നേതൃത്വം അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയെങ്കിലും പടത്തലവനെ കൈവിടാതെ അണികൾ; അരുവിക്കരയിൽ അഭിവാദ്യം അർപ്പിച്ച് ഫ്‌ലക്‌സ് ബോർഡുകൾ; വൈരം മറന്ന് പിണറായിയും പ്രതിപക്ഷ നേതാവിനൊപ്പം കൈകോർക്കുമോ?

ബി രഘുരാജ്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനസമ്മതനായ നേതാവ് ആരെന്ന് ചോദിച്ചാൽ 93 വയസുപിന്നിട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാണെന്നത് ആർക്കും നിസ്സശംയം പറയാൻ സാധിക്കും. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായി വി എസ് മാറിയിട്ട് കാലം കൂറേയായി. മുൻകാലങ്ങളിൽ ഇടതു നേതാക്കളായ ഇഎംഎസിനും നായനാർക്കും ചുറ്റും ആളുകൾ തടിച്ചുകൂടിയിരുന്നത് പോലെയാണ് വി എസ് എത്തുമ്പോൾ അണികൾ ചുറ്റും കൂടുന്നത്. പലപ്പോഴും പർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ അണികർക്ക് നേതൃത്വം മൂക്കുകയർ ഇടാൻ ശ്രമിച്ചെങ്കിലും വി എസ് എത്തുമ്പോൾ പാർട്ടി വിലക്കെല്ലാം എല്ലാവരും മറികടക്കും. ആലപ്പുയിൽ പാർട്ടി വിലക്ക് ലംഘിച്ചും വി എസ് പങ്കെടുത്ത പരിപാടിയിലെ ജനത്തിരക്ക് ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു.

നീട്ടിക്കുറുക്കി കുറിക്കുകൊള്ളുന്ന പ്രസംഗവും അതിനൊത്ത അംഗചലനങ്ങളുമായി വി എസ് പ്രസംഗപീഠത്തിൽ എത്തുമ്പോൾ സദസ് ഇളകിമറിയുക പതിവാണ്. നേതാക്കൾ ആരൊക്കെയുണ്ടെങ്കിലും വിഎസിന്റെ പ്രസംഗം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകാറുമുണ്ട്. ഈ കാഴ്‌ച്ചകൾ കേരളം കാണാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. ഇപ്പോൾ അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ വിഎസിന് വീണ്ടും കളത്തിലിറക്കാൻ തന്നെയാണ് പാർട്ടിയുടെ ശ്രമം. വിഎസിനെ ഒഴിവാക്കി പിണറായി വിജയനെ മുഖ്യപ്രചാരകനാക്കി തെരഞ്ഞെടുപ്പിന് നേരിടാനായിരുന്നു സിപിഎമ്മിന്റെ പദ്ധതി. എന്നാൽ ജനകീയനായ ഒ രാജഗോപാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കായതോടെ വോട്ട് പിടിക്കാൻ വി എസ് തന്നെ രംഗത്തിറങ്ങേണ്ട അവസ്ഥയിലാണ് പാർട്ടി.

അരുവിക്കര മണ്ഡലത്തിലേക്ക് വിഎസിനെ പാർട്ടി ക്ഷണിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിലെ പലസ്ഥലത്തും വിഎസിന്റെ സാന്നിധ്യം വന്നുകഴിഞ്ഞു. മണ്ഡലത്തിന്റെ പല മേഖലകളിലും വിഎസിന്റെ ഫ്‌ലക്‌സുകൾ പാർട്ടി പ്രവർത്തകർ ഇതിനോടകംതന്നെ വച്ചിട്ടുണ്ട്. പ്രചരണത്തെ ചൂട് പിടിപ്പിക്കാൻ വി എസ് എത്തുമെന്ന് തന്നെയാണ് സാധാരണക്കാരായ അരുവിക്കരയിലെ പാർട്ടിപ്രവർത്തകരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് വിഎസിന്റെ ഫ്‌ലക്‌സ് ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പാർട്ടിയുടെ നേതൃത്വത്തിലല്ല ഫ്‌ലക്‌സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വി എസ് അനുകൂലികളാണ് ബോർഡുകൾ സ്ഥാപിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിന്റെ ചിത്രം വച്ചുള്ള ഫ്‌ലക്‌സുകളും പോസ്റ്ററുകളും അടിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് നേരിട്ടത്. അത് ഗുണകരമാകുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിഎസിനെതിരെ അന്തിമ കുറ്റപത്രവും പാർട്ടി നൽകി കഴിഞ്ഞു. അതുകൊണ്ടാണ് വിഎസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പിന് നേരിടാൻ പാർട്ടി പദ്ധതി തയ്യാറാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിഎസിന്റെ ചിത്രം കൂടി ഉൾപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുമെന്ന കാര്യം ഉറപ്പാണ്.

മുൻ വി എസ് പക്ഷക്കാരൻ കൂടിയായ വിജയകുമാറിനെയാണ് പാർട്ടി സ്ഥാനാർത്ഥിയാക്കി നിശ്ചയിച്ചിരിക്കുന്നത്. എം.വിജയകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പാർട്ടിനേതൃത്വം വിഎസിനെ ക്ഷണിച്ചിട്ടില്ല. എന്നാൽ, ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ നൽകുന്നത്. മണ്ഡലത്തിൽ പിണറായി വിജയൻ വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി തന്നെ രംഗത്തിറങ്ങും. ഇതിന് പിന്നാലെ വിഎസും എത്തണമെന്നാണ് അണികളുടെ ആഗ്രഹം. ജനപിന്തുണയിൽ മുന്നിൽ നിൽക്കുന്ന രണ്ട് നേതാക്കളും കൈകോർത്ത് തെരഞ്ഞെടുപ്പിനെ നയിക്കുക എന്നത് പാർട്ടി അണികളുടെ സ്വപ്‌നമാണ്. എന്നാൽ, ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. അരുവിക്കരയിൽ എങ്കിലും അങ്ങനെ ഉണ്ടാകട്ടെ എന്നാണ് അണികളുടെ ഇംഗിതം.

പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിച്ച് അധികാരത്തിൽ എത്തിക്കേണ്ട ചുമതല പിണറായിക്കാണെന്നാണ് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാൻ ആവുന്നതെല്ലാം പാർട്ടി ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അരുവിക്കരയിൽ ജൂൺ 3ന് നടക്കുന്ന ഇടതുമുന്നണിയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് തന്നെ ക്ഷണിക്കാത്തത് മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ വിഎസിനെ രംഗത്തിറക്കേണ്ടത് പാർട്ടിയുടെ ആവശ്യമാണ്.

തിരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന് വി എസ്സിനെ ഒഴിവാക്കിയത് അപ്രതീക്ഷിത വിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിൽ വി എസ്സിനെ പങ്കെടുപ്പിച്ച് അരുവിക്കര മണ്ഡലത്തിൽ പൊതുയോഗങ്ങൾ നടത്താൻ എൽ.ഡി.എഫ്. തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. അരുവിക്കര മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലികളിലും പൊതുയോഗങ്ങളിലും വി എസ്സും പിണറായിയും പങ്കെടുക്കുമെന്ന് സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.

വി എസ്. പ്രചാരണത്തിനെത്തുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വി എസ്. എത്തുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വിജയകുമാർ കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു. തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന് തൊട്ടുപിന്നാലെ എം.വിജയകുമാർ, വി എസ്സിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയിരുന്നു. രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി ബിജെപി പ്രഖ്യാപിച്ചതോടെ സഹതാപ തരംഗത്തിന്റെ സ്വഭാവം തന്നെ മണ്ഡലത്തിൽ മാറിയിട്ടുണ്ട്. സഹതാപത്തിന് അർഹർ യുഡിഎഫ് സ്ഥാനാർതി ശബരിനാഥല്ല മറിച്ച് രാജഗോപാലാണെന്നാണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്. കേരളത്തിലെ ജനമ്മതിയുള്ള നേതാവായ അദ്ദേഹം ബിജെപിക്കാരനായി എന്നതുകൊണ്ട് മാത്രമാണ് വിജയിക്കാതെ പോയതെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP