Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിലർ പുഷ്പവൃഷ്ടി നടത്തി; മറ്റ് ചിലർ ചെരുപ്പില്ലാത്തവർക്ക് ചെരുപ്പുകൾ വാങ്ങി നൽകി; വേറെ ചിലർ വഴി നീളെ കുടത്തിൽ വെള്ളം നിറച്ച് കാത്ത് നിന്നു; പണം വാരി നൽകിയിട്ടും ചിലർ കണ്ണീർ പൊഴിച്ചു; സമരക്കാരെ കാണുമ്പോൾ മുഖം തിരിക്കുകയും മെക്കിട്ട് കയറുകയും പേടിച്ച് പിൻവലിയുകയും ചെയ്യുന്ന നഗരവാസികൾ നീതി തേടി നടന്ന കർഷർക്ക് വഴി നീളെ കരുണ ചൊരിഞ്ഞത് ഇങ്ങനെ

ചിലർ പുഷ്പവൃഷ്ടി നടത്തി; മറ്റ് ചിലർ ചെരുപ്പില്ലാത്തവർക്ക് ചെരുപ്പുകൾ വാങ്ങി നൽകി; വേറെ ചിലർ വഴി നീളെ കുടത്തിൽ വെള്ളം നിറച്ച് കാത്ത് നിന്നു; പണം വാരി നൽകിയിട്ടും ചിലർ കണ്ണീർ പൊഴിച്ചു; സമരക്കാരെ കാണുമ്പോൾ മുഖം തിരിക്കുകയും മെക്കിട്ട് കയറുകയും പേടിച്ച് പിൻവലിയുകയും ചെയ്യുന്ന നഗരവാസികൾ നീതി തേടി നടന്ന കർഷർക്ക് വഴി നീളെ കരുണ ചൊരിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കർഷകരുടെ ലോങ് മാർച്ച് മുംബൈയിലെത്തുമ്പോൾ നഗരവാസികൾ സമരക്കാരെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറിച്ചാണ്. സമരങ്ങളോട് മുഖം തിരിക്കുന്ന നഗരവാസികൾ സമരക്കാർക്ക് അഭിവാദനവുമായെത്തി. അങ്ങനെ 'ലോങ് മാർച്ചി'നൊടുവിൽ എല്ലാ ആവശ്യങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രേഖാമൂലം ഉറപ്പുനൽകി. സമരം അവസാനിപ്പിച്ചതായി സിപിഎം സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ അറിയിച്ചതോടെ കർഷകർ ഗ്രാമങ്ങളിലേക്കു മടങ്ങി. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈ നഗരം ഈ സമരക്കാർക്ക് നൽകിയത്. ഇത് തന്നെയാണ് സർക്കാരിനേയും അനുകൂല തീരുമാനമെടുക്കാൻ നിർബന്ധിതമാക്കിയത്. അങ്ങനെ ഗ്രാമങ്ങളുടെ വേദന നഗരവും ഏറ്റെടുത്തു.

മഹാരാഷ്ട്രയിൽ കർഷകർ വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വിദർഭയും മറാഠ്വാഡ മേഖലയും കർഷക ആത്മഹത്യകളുടെ തുടർക്കഥകളായി. പ്രതിപക്ഷത്തിന്റെയും ബിജെപി സർക്കാരിലെ സഖ്യകക്ഷി ശിവസേനയുടെയും സ്വാഭിമാനി ഷേത്കാരി സംഘടനയുടെയും നേതൃത്വത്തിൽ കഴിഞ്ഞവർഷം കർഷക പ്രതിഷേധം കൊടുമ്പിരിക്കൊണ്ടപ്പോൾ കടങ്ങൾ എഴുതിത്ത്ത്തള്ളുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1.36 ലക്ഷം കോടി കർഷകരിൽ 89 ലക്ഷം കർഷകർക്കു ഗുണം ലഭിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും ഇതിൽ 31 ലക്ഷം കർഷകർ കടാശ്വാസത്തിന് അർഹരല്ലെന്ന പ്രഖ്യാപനം പിന്നാലെയെത്തി. ആളുമാറി എംഎൽഎമാർക്കു വരെ കടാശ്വാസത്തുക ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. ഇതായിരുന്നു ലോങ് മാർച്ചിലേക്ക് കാര്യങ്ങളെത്തിച്ചത്. എല്ലാം എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മുംബൈക്കാരും സമരക്കാരുടെ വേദന നെഞ്ചിലേറ്റി. എല്ലാ സഹായവുമായി മുന്നിൽ നിന്നു.

ലോങ് മാർച്ചിനെ ചിലർ പൂക്കൾ വിതറിയാണ് സ്വീകരിച്ചത്. ചോര വാർന്നൊലിക്കുന്ന കാലുകൾക്കു ചെരിപ്പുകളുമായി ചിലർ ഓടിയെത്തി, മറ്റു ചിലർ ഈന്തപ്പഴവും വടാപാവും വെള്ളവുമായി രാത്രിയിലുടനീളം കാത്തുനിന്നു. നാസിക്കിൽ നിന്നു 180 കിലോമീറ്റർ പിന്നിട്ടെത്തിയ കർഷക മാർച്ചിനെ മുംബൈ സ്‌നേഹം കൊണ്ട് സ്വീകിരച്ചു. രാഷ്ട്രീയം മറന്ന് ഏവരും ഒരുമിച്ചു. ഇതോടെ സമരം വലിയ വിജയമായി. ഐഐടി വിദ്യാർത്ഥികൾ കർഷകർക്കൊപ്പം ജാഥയിൽ അണിനിരന്നു. റസിഡന്റ്‌സ് അസോസിയേഷനുകൾ വലിയ വാട്ടർ ട്രക്കുകൾ വരെ ഏർപ്പെടുത്തി.

നഗരത്തിലെ ഓഫിസുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്ന ഡബ്ബാവാലകൾ 'നമ്മുടെ സഹോദരങ്ങൾക്കു ഭക്ഷണം നൽകാം' എന്ന ആഹ്വാനവുമായെത്തി. 'നമുക്കു പതിവായി അന്നം തരുന്നവർക്ക് ഇപ്പോൾ അതു നൽകേണ്ട ചുമതലയുണ്ട്' - ഡബ്ബാവാല അസോസിയേഷൻ വക്താവ് സുഭാഷ് തലേക്കൽ പറഞ്ഞു. കർഷകർ തമ്പടിച്ച ആസാദ് മൈതാനിൽ നഗം സാന്ത്വനവുമായെത്തി. നടന്ന് കാല് മുറിഞ്ഞവർക്ക് ആശ്വാസമാകാൻ ഡോക്ടർമാരും. 'ആരോടും സഹായം ചോദിച്ചിരുന്നില്ല. ആരെയും പ്രയാസപ്പെടുത്താനും ആഗ്രഹിച്ചില്ല. നാസിക്കിൽ നിന്ന് ആഹാരസാധനങ്ങളുമായി ഒരു ട്രക്ക് ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കു നിർത്തി സ്വയം ഭക്ഷണം പാകം ചെയ്താണു കഴിച്ചത്. പക്ഷേ, ഇവിടെയെത്തിയപ്പോൾ സഹായിക്കാൻ ആളുകൾ ഓടിയെത്തി'- കാലങ്ങളായി അവഗണന സഹിക്കുന്നവരോടു ജനം കാട്ടിയ സ്‌നേഹത്തിന്റെ തെളിവായിരുന്നു അഖിലേന്ത്യ കിസാൻ സഭാ ഭാരവാഹികളുടെ ഈ വാക്കുകൾ.

കർഷകരുടെ മുഴുവൻ കടവും എഴുതിത്ത്ത്തള്ളാൻ സർക്കാരിന് ഒരുലക്ഷം കോടി രൂപ മതി. അത്രയും ചെലവാക്കാനില്ലെന്നു സർക്കാർ പറയുന്നു. എന്നാൽ അതിലും എത്രയോ വലിയ തുക നഷ്ടപ്പെടുത്തുന്ന ബാങ്കുകളാകട്ടെ, വൻകിട വ്യവസായികളുടെ വായ്പകൾ എഴുതിത്ത്ത്തള്ളുന്ന തിരക്കിലുമാണ്-സമരത്തിന് പുതിയ മുഖം നൽകാൻ സിപിഎം മുന്നോട്ട് വച്ച മുദ്രാവാക്യമായിരുന്നു ഇത്. ജനശക്തിയുടെ ത്രസിപ്പിക്കുന്ന ഉദാഹരണമാണ് ഈ സമരം. കർഷകർ ഉന്നയിക്കുന്നത് ഏറ്റവും ന്യായമായ ആവശ്യമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഈ സർക്കാരിന് ഒന്നും ചെയ്യാനുള്ള കഴിവില്ല. ഇവർ നിങ്ങളെ സ്വപ്നം കാണിക്കുകയാണ്. ഇത്രയും ദൂരം നടന്ന്, നിങ്ങളുടെ പാദങ്ങൾ രക്തമണിഞ്ഞതു മറക്കരുതെന്നായിരുന്നു രാജ് താക്കറെയുടെ വിമർശനം. ഇതെല്ലാം കേട്ട് ഫട്‌നാവീസും കർഷർക്കായി തീരുമാനമെടുത്തു. അങ്ങനെ മുംബൈ നെഞ്ചിലേറ്റിയ സമരം വിജയവുമായി.

സർക്കാർ രേഖാമൂലം നൽകിയ ഉറപ്പുകൾ റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ സമരവേദിയിലെത്തി വായിച്ചു. തുടർന്നാണ് സമരം അവസാനിപ്പിച്ചതായി ലോങ് മാർച്ചിന് നേതൃത്വം നൽകിയ കിസാൻസഭ പ്രഖ്യാപിച്ചത്. സിപിഎമ്മിന്റെ കർഷകവിഭാഗമായ അഖിലേന്ത്യാ കിസാൻസഭയുടെ മഹാരാഷ്ട്രാ ഘടകത്തിന്റെ നേതൃത്വത്തിലാണ് അരലക്ഷത്തോളം കർഷകർ നാസിക്കിൽനിന്ന് മുംബൈയിലേക്ക് മാർച്ചുനടത്തിയത്. ബജറ്റ് സമ്മേളനം നടക്കുമ്പോൾ നിയമസഭ ഉപരോധിക്കാനായിരുന്നു കർഷകരുടെ പദ്ധതി. തിങ്കളാഴ്ച ഉച്ചയ്ക്ക് സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചു.

ചൊവ്വാഴ്ച നാസിക്കിൽനിന്ന് കാൽനടയാത്രയാരംഭിച്ച കർഷകർ ഞായറാഴ്ച വൈകീട്ടാണ് നഗരപ്രാന്തത്തിലെ സയണിൽ എത്തിയത്. അവിടെ നിന്ന് മുംബൈയിലേക്കും.

പരീക്ഷകൾക്ക് തടസ്സം വരാതിരിക്കാനും ജനപക്ഷത്ത്

ഞായറാഴ്ച മുംബൈയിലെത്തി സയണിൽ തമ്പടിച്ച കർഷകർ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തേക്കു മാർച്ച് നടത്തിയതു ജനങ്ങൾക്ക് ഒരു തരത്തിലും പ്രയാസമുണ്ടാക്കാതെയാണ്. പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾക്കു പ്രശ്‌നമുണ്ടാകാതിരിക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനുമായി പുലർച്ചെ രണ്ടിനു യാത്ര തുടങ്ങിയവർ അഞ്ചരയോടെ 13 കിലോമീറ്റർ അകലെ ആസാദ് മൈതാനത്തെത്തി. നിയമസഭാ മന്ദിരം വളയുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ചർച്ചയ്ക്കു വിളിച്ചതോടെ തീരുമാനം പിൻവലിച്ചു. അങ്ങനെ ജനങ്ങളും സമരത്തിൽ ദുരിതത്തിൽപ്പെട്ടില്ല.

മഹാരാഷ്ട്രയിൽ വലിയതോതിൽ സ്വാധീനം ഇല്ലാതിരുന്നിട്ടു പോലും കിസാൻ സഭയുടെ സമരത്തിനു പ്രമുഖ പാർട്ടികളുടെയെല്ലാം പിന്തുണ ലഭിച്ചു. ഭരണത്തിൽ സഖ്യകക്ഷിയായ ശിവസേനയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒടുവിൽ നേതാക്കളെ ചർച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു കർഷകരുടെ വിജയപ്രഖ്യാപനം.

ആറുദിവസം കൊണ്ടു നാസിക്കിൽനിന്നു മുംബൈയിലേക്കു 180 കിലോമീറ്റർ നടന്നെത്തിയവർക്കു മടങ്ങാൻ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം റെയിൽവേ രണ്ടു സ്‌പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി. മൂന്നു ട്രെയിനുകളിൽ ഓരോ അധിക കോച്ചും അനുവദിച്ചു. ആദിവാസികൾക്കുള്ള വനഭൂമി കൈമാറ്റം ആറു മാസത്തിനകം പൂർത്തിയാക്കും. വായ്പ ഇളവിനുള്ള കാലാവധി 2016 ജൂൺ മുപ്പതിൽ നിന്ന് ഒരു വർഷത്തേക്കു കൂടി നീട്ടി. ഇതുവരെ, 2009നു ശേഷമുള്ള വായ്പയാണ് എഴുതിത്ത്ത്തള്ളിയിരുന്നത്. 2001 മുതലുള്ള വായ്പകൾ ഇളവുപരിധിയിൽ ഉൾപ്പെടുത്തി. കാർഷികോപകരണങ്ങൾക്കു വേണ്ടിയുള്ള ഒന്നരലക്ഷം രൂപയുടെ വായ്പകളും കടം പദ്ധതിയിൽ ഉൾപ്പെടുത്തി.

ഒരു കുടുംബത്തിൽ ഒരാൾക്ക് ഒന്നരലക്ഷം രൂപ കടാശ്വാസ പരിധി നിശ്ചയിച്ചിരുന്നത് അംഗങ്ങൾക്കെല്ലാമായി ഒന്നരലക്ഷം രൂപ കടാശ്വാസം ലഭിക്കുന്ന വിധത്തിലാക്കി. കടം പൂർണമായി എഴുതിത്ത്ത്തള്ളണമെന്ന ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു നേതാക്കൾ പറയുന്നു. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതായും ആദിവാസികൾക്കും കർഷകർക്കും വനഭൂമി കൈമാറുന്ന കാര്യം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് ആവശ്യങ്ങൾ നടപ്പാക്കാൻ മന്ത്രിമാരും സമരനേതാക്കളും ഉൾപെട്ട സമിതിയും രൂപീകരിച്ചു.

ലാൽ സലാം വിളിച്ച് കോൺഗ്രസ് അധ്യക്ഷനും

മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ അശോക് ചവാൻ ഉറക്കെ വിളിച്ചു- 'ലാൽ സലാം', കർഷക സഖാക്കൾ അതേറ്റു വിളിച്ചു. ആസാദ് മൈതാനത്തെ സമരപ്പന്തലിൽ രാഷ്ട്രീയ ഭിന്നതകൾ മാറിനിന്നു. കർഷകരുടെ ലോങ് മാർച്ചിന് അഭിവാദ്യം അർപ്പിക്കാൻ എത്തിയതായിരുന്നു ചവാൻ. കർഷകരുടെ കണ്ണീരിനും വേദനയ്ക്കുമൊപ്പം തങ്ങളുണ്ടെന്ന് ഉറപ്പു നൽകാൻ കൂടിയാണു സമരപ്പന്തലിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി മോഹൻ പ്രകാശ്, മുംബൈ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സഞ്ജയ് നിരുപം, ബിജെപി വിട്ടു കോൺഗ്രസിൽ തിരിച്ചെത്തിയ വിദർഭയിലെ നേതാവ് നാനാ പഠോളെ, മുൻ മന്ത്രിമാർ തുടങ്ങിയവരും പന്തലിലെത്തി.

ഇനിയാർക്കും കർഷകരെ അവഗണിക്കാനാവില്ല

കർഷകരെ അവഗണിച്ച് ഒരു സർക്കാരിനും ഇനി മുന്നോട്ടുപോകാനാവില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ ജോയന്റ് സെക്രട്ടറി വിജുകൃഷ്ണൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകരുടെയും മറ്റു ബഹുജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങൾ ശക്തമായി ഉയരുകയാണ്. അത്തരത്തിലുള്ള അന്തരീക്ഷം വരുംകാലങ്ങളിൽ രാജ്യത്ത് ഉണ്ടാവും. 2019-ലെ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാസിക്കിൽനിന്നാരംഭിച്ച ലോങ് മാർച്ചിൽ മൂന്നുദിവസം വിജുകൃഷ്ണനും ഉണ്ടായിരുന്നു. എല്ലാ തരത്തിലുമുള്ള ജനവിഭാഗങ്ങളിൽനിന്ന് നല്ല പ്രതികരണമാണ് മാർച്ചിന് കിട്ടിയത്. ജാഥാംഗങ്ങൾക്കുവേണ്ട ഭക്ഷണം ഉൾപ്പെടെയുള്ളവ ഗ്രാമീണർതന്നെയാണ് നൽകിയത്. സമരത്തിനുമുമ്പ് ഒരു മാസത്തോളം കർഷകരുടെ ഇടയിൽ പ്രചാരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോങ് മാർച്ചിൽ അലയടിച്ചത് -അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽ ഭൂമിക്കുവേണ്ടി നടന്ന സമരം, രാജസ്ഥാനിലെ സമരം എന്നിവ വിജയിച്ചതിന്റെ ആവേശം ലോങ് മാർച്ചിലും പ്രകടമായിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ സമരം തുടരും. മുന്നൂറു സംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാർ ആന്ദോളൻ, ഇടതുപക്ഷ കർഷക-തൊഴിലാളി-ബഹുജന സംഘടനകളുടെ കൂട്ടായ്മ, അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി, ജൻ ഏകതാ ജൻ അധികാർ ആന്ദോളൻ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് സമരരംഗത്തുണ്ട്. അവരുടെ കൂട്ടായ്മയിൽ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറും -വിജുകൃഷ്ണൻ പറഞ്ഞു.

ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള ശക്തി കർഷകർക്കുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റൊരു മാർച്ച് 18-ന് ഗാന്ധിജി തുടങ്ങിയ ദണ്ഡിയാത്ര ബ്രിട്ടീഷുകാരെ വിറപ്പിച്ചപോലെ കർഷകരുടെ ലോങ് മാർച്ച് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി. സർക്കാരുകളെ വിറപ്പിച്ചിരിക്കുകയാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.

കർഷകർ ആവശ്യപ്പെട്ടത്

* വനഭൂമിയിൽ കൃഷിചെയ്തുവരുന്ന ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുനൽകണം
* കാർഷികവായ്പകൾ പൂർണമായും എഴുതിത്ത്ത്തള്ളണം
* കൃഷിഭൂമിയെ വെള്ളത്തിലാക്കുന്ന നദീസംയോജന പദ്ധതികൾ പരിഷ്‌കരിക്കണം
* കീടബാധയേറ്റും പ്രകൃതിക്ഷോഭത്തിലും കൃഷി നശിച്ചവർക്ക് ഏക്കറിന് 40,000 രൂപവെച്ച് നഷ്ടപരിഹാരം നൽകുക
* കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക
* അശാസ്ത്രീയമായി കൃഷിഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക

സർക്കാരിന്റെ ഉറപ്പ്

* ആദിവാസികൾക്ക് ആറുമാസത്തിനകം വനഭൂമി പതിച്ചുനൽകും
* കാർഷിക ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില ഏർപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസർക്കാരിനുമുന്നിൽവയ്ക്കും
* താങ്ങുവില നിശ്ചയിക്കുന്ന സമിതിയിൽ കർഷകസംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും
* സാങ്കേതിക തടസ്സങ്ങളുള്ള ചില ആവശ്യങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയം
* ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആറംഗസമിതിയെ നിയോഗിക്കും 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP