Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപ് കേസിലെ അഭിപ്രായം സ്വന്തം കേസിൽ വിഴുങ്ങി സിപിഎം; പയ്യോളി മനോജ് വധക്കേസിൽ നാട്ടിൽ പോകരുതെന്ന് കോടതി വിലക്കിയ പ്രതികൾക്ക് ഇളവ് കിട്ടിയതിന് പിന്നാലെ വൻ സ്വീകരണമൊരുക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി; തങ്ങൾ 'ഡമ്മികൾ' എന്ന് കേരള പൊലീസ് പ്രതികളാക്കിയവർ പറഞ്ഞതോടെ തുടങ്ങിയ വിവാദം വീണ്ടും കത്തുന്നു; പ്രതികൾക്ക് അവസാന നിമിഷം വരെ പാർട്ടി സംരക്ഷണം ഉണ്ടെന്ന് ഉറപ്പുനൽകി ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററും

ദിലീപ് കേസിലെ അഭിപ്രായം സ്വന്തം കേസിൽ വിഴുങ്ങി സിപിഎം; പയ്യോളി മനോജ് വധക്കേസിൽ നാട്ടിൽ പോകരുതെന്ന് കോടതി വിലക്കിയ പ്രതികൾക്ക് ഇളവ് കിട്ടിയതിന് പിന്നാലെ വൻ സ്വീകരണമൊരുക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി; തങ്ങൾ 'ഡമ്മികൾ' എന്ന് കേരള പൊലീസ് പ്രതികളാക്കിയവർ പറഞ്ഞതോടെ തുടങ്ങിയ വിവാദം വീണ്ടും കത്തുന്നു; പ്രതികൾക്ക് അവസാന നിമിഷം വരെ പാർട്ടി സംരക്ഷണം ഉണ്ടെന്ന് ഉറപ്പുനൽകി ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററും

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ബിഎംഎസ് പ്രവർത്തകനായിരുന്ന പയ്യോളിയിലെ മനോജിനെ വധിച്ച കേസിൽ സിബിഐ അറസ്റ്റുചെയ്യുകയും എറണാകുളം ജില്ലവിട്ട് പോകരുതെന്ന് ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്ന പ്രതികൾക്ക് കോടതി സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയതിന് പിന്നാലെ കോഴിക്കോട്ട് വൻ സ്വീകരണം ഒരുക്കിയ സിപിഎം നടപടി വൻ വിവാദത്തിലേക്ക്. കൊലപാതകത്തിലും ഗൂഢാലോചനയിലും ബന്ധമുണ്ടെന്ന് സിബിഐ തെളിവുകൾ സഹിതം വാദിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം വിട്ട് പുറത്ത് പോകരുതെന്ന് ഹൈക്കോടതി വിലക്കിയ പ്രതികൾക്ക് കഴിഞ്ഞ ദിവസമാണ് വിലക്ക് നീക്കി നാട്ടിൽ പോകാൻ അനുമതി നൽകിയത്. ഇതിന് പിന്നാലെ പാർട്ടിയുടെ നേതൃത്വത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, കൗൺസിലർ കെ ടി ലിഖേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രൻ എന്നിവർക്കാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്.

ഇവർക്ക് സ്വീകരണം നൽകുന്ന കാര്യം പാർട്ടി പ്രഖ്യാപിക്കുകയും പാർട്ടി അനുകൂല സൈബർ ഗ്രൂപ്പുകൾ ഇക്കാര്യം ആഘോഷിക്കുകയും ചെയ്തു. കോടതി ഒരു കേസിൽ വിധി പറയുന്നതിന് മുമ്പ് പ്രതിസ്ഥാനത്ത് ഉള്ളവരെ കുറ്റവിമുക്തർ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന പല സംഭവങ്ങളിലും പാർട്ടി അഭിപ്രായം പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ദിലീപ് കുറ്റക്കാരനല്ല എന്ന് കോടതി തീർപ്പുകൽപിക്കുംവരെ അയാൾ പ്രതിതന്നെയാണ് എന്ന നിലപാടാണ് പാർട്ടിയിലെ സീനിയർ നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ സ്വീകരിച്ചത്. സിപിഐ മന്ത്രി രാജുവുൾപ്പെടെ ദിലീപിനെ എഎംഎംഎയിൽ തിരിച്ചെടുത്തതിനെതിരെ രംഗത്തെത്തി.

എഐവൈഎഫ് താരസംഘടനയ്‌ക്കെതിരെ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. സിപിഎം പിബി അംഗം എംഎ ബേബി, മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ, കെ കെ ശൈലജ, വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ തുടങ്ങി നിരവധി പേർ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന തിരിച്ചെടുത്തതിന് എതിരെ ഘോരഘോരം അഭിപ്രായം പറഞ്ഞ് രംഗത്തെത്തി. മുതിർന്ന നേതാവ് വിഎസും സമാന നിലപാടാണ് സ്വീകരിച്ചത്. കോടതി കുറ്റക്കാരനല്ല എന്ന് പറയുംവരെ പ്രതിതന്നെയാണെന്നും അയാളെ ന്യായീകരിക്കരുതെന്നും ആയിരുന്നു ഇവരെല്ലാം ഉന്നയിച്ച വാദം.

എന്നാൽ വീട്ടിൽ കയറി ബിഎംഎസ് പ്രവർത്തകനെ വെട്ടിനുറുക്കി കൊന്ന കേസിൽ സിബിഐ അറസ്റ്റുചെയ്ത പാർട്ടി ജില്ലാ കമ്മിറ്റി അംഗവും പാർട്ടി ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ പാർട്ടിതലത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, ടി ചന്തുമാസ്റ്ററെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിലനിർത്തുകയും ചെയ്തു. ഇതെല്ലാം പാർട്ടിയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് നാട്ടിൽ കയറരുതെന്ന വിലക്ക് ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെ പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണവും ഒരുക്കിയത്. ഇതോടെ പാർട്ടി ദിലീപ് വിഷയത്തിലും മനോജ് വധക്കേസിലും നടത്തുന്ന ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാവുകയാണ്.

ഇന്നലെയാണ് സിപിഎം പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് കോഴിക്കോട്ട് സ്വീകരണം നൽകിയത്. സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി അംഗംകൂടിയായ ഒ ചന്തുമാസ്റ്ററടക്കമുള്ള ഇപ്പോൾ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് 'സിബിഐ കള്ളക്കേസ്, പയ്യോളി സഖാക്കൾക്ക് സ്വീകരണം' എന്ന ബാനറിൽ ആയിരുന്നു സ്വീകരണം.

നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്ന പ്രതികൾക്ക് എറണാകുളം ജില്ലവിട്ട് പുറത്ത് പോകാനുള്ള അനുമതിയുണ്ടായിരുന്നില്ല. ഇന്നലെയാണ് എറണാകുളം ജില്ലക്ക് പുറത്ത് പോകരുതെന്ന വിലക്ക് നീങ്ങിയത്. ഉടനെ തന്നെ പ്രതികളെ കോഴിക്കോട്ടെത്തിച്ച് ജില്ലാ സെക്രട്ടറിയടക്കമുള്ളവർ പങ്കെടുക്കുന്ന സ്വീകരണവുമൊരുക്കി. പയ്യോളിയിലെ ബിജെപി പ്രവർത്തകൻ മനോജ് കൊല്ലപ്പെട്ട കേസിൽ 10 സിപിഎം പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.

സിപിഎം. ജില്ലാകമ്മിറ്റി അംഗവും പയ്യോളി മുൻ ഏരിയാ സെക്രട്ടറിയുമായ ടി. ചന്തുമാസ്റ്റർ, പയ്യോളി ലോക്കൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ, കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറിയും സിപിഎം. ഏരിയാ കമ്മിറ്റി അംഗവുമായ സി. സുരേഷ്, നഗരസഭാ കൗൺസിലർ കെ.ടി. ലിഖേഷ്, ലോക്കൽകമ്മിറ്റി അംഗം എൻ.സി. മുസ്തഫ, മൂടാടി ലോക്കൽകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. ബ്ലോക്ക് ജോ. സെക്രട്ടറിയുമായ പി. അനൂപ്, മുൻ ബ്രാഞ്ച് സെക്രട്ടറി പി.കെ. കുമാരൻ, മുചുകുന്ന് സ്വദേശികളും ഡിവൈഎഫ്ഐ. പ്രവർത്തകരുമായ അഖിൽനാഥ് കൊടക്കാട്, രതീഷ് നിരവത്ത് എന്നിവരാണ് സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉള്ളത്.

പ്രതികളെ സിബിഐ കള്ളക്കേസിൽ കുടുക്കിയതാണെന്നും അവസാന നിമിഷംവരെ പ്രതികൾക്കും കുടുംബത്തിനും പാർട്ടിയുടെ എല്ലാപിന്തുണയുമുണ്ടാകുമെന്നും സ്വീകരണ പരിപാടിയിൽ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്മാസ്റ്റർ പറഞ്ഞു. ജയിലിലായിരുന്നപ്പോൾ തങ്ങൾക്കും പുറത്തുള്ള തങ്ങളുടെ കുടുംബത്തിനും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നതായി ജാമ്യത്തിലിറങ്ങിയ പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ ഒ ചന്തുമാസ്റ്ററും വേദിയിൽ വ്യക്തമാക്കി.

സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ജില്ലാ കമ്മറ്റിയിലെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെ പാർട്ടിക്കകത്ത് വൻചർച്ചയുണ്ടായിരുന്നത് ഇതേ ചന്തുമാസ്റ്ററുടെ പേരിലായിരുന്നു. എന്നാൽ പാർട്ടിക്ക് വണ്ടിയാണ് ഇദ്ദേഹം ഈ ത്യാഗം ചെയ്യുന്നതെന്നും അതിനാൽ അർഹമായ പരിഗണ നൽകണമെന്നും പറഞ്ഞാണ് സിപിഎം ചന്തുമാസ്റ്ററെ വീണ്ടും ജില്ലാ കമ്മറ്റിയിൽ ഉൾപെടുത്തിയത്. അതേ സമയം കൊലയാളികൾക്ക് എല്ലാവിധ പ്രോത്സാഹനവും സഹായങ്ങളും നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് ഒരിക്കൽകൂടി തെളിയിക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി തന്നെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഈ നിലപാടുള്ള പാർട്ടി നാട് ഭരിക്കുമ്പോൾ അഭിമന്യുവിന്റെ കൊലയാളികളെ ഇവിടുത്തെ പൊലീസ് പിടിക്കുമെന്നത് വെറുംവാക്ക് മാത്രമാണെന്നും പറഞ്ഞ് ബിജെപി വിഷയം ശക്തമായി ഉന്നയിച്ചു തുടങ്ങി.

തങ്ങൾ ഡമ്മി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേരളാ പൊലീസ് മനോജ് വധക്കേസിൽ അറസ്റ്റുചെയ്ത പ്രതികൾ രംഗത്തുവന്നിരുന്നു. ഇവരും കുടുംബാംഗങ്ങളും ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകുന്നത്. തങ്ങൾ വി എസ് പക്ഷക്കാരാണെന്ന് വരുത്തി കേസിൽ കുടുക്കിയതാണെന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഇരകളാണ് തങ്ങളെന്നും കേരളാ പൊലീസ് മനോജ് വധത്തിൽ പ്രതികളായി കണ്ടെത്തിയവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിബിഐ അന്വേഷണം വരികയും ചന്തുമാസ്റ്റർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ അറസ്റ്റു ചെയ്തതിന് പിറ്റേന്നുതന്നെ സിബിഐ ഗൂഢാലോചന ആരോപിച്ച് സിപിഎം മൂന്നു പഞ്ചായത്തുകളിൽ ഹർത്താലും നടത്തി.

2012 ഫെബ്രുവരി 12നാണ് സി പി എം- ആർഎസ്എസ് സംഘർഷം നടക്കുന്ന കാലത്ത് ബിഎംഎസ് നേതാവായിരുന്ന പയ്യോളി മനോജ് കൊല്ലപ്പെട്ടത്. മനോജിനെ ഒരു സംഘം വീട്ടിൽകയറി ആക്രമിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയുമായിരുന്നു. ലോക്കൽ പൊലീസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് പതിന്നാലു പേർ അറസ്റ്റിലാവുകയും ചെയ്തു.

ജാമ്യത്തിലിറങ്ങിയ ഇവർ പത്രസമ്മേളനം വിളിച്ച് കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന് പറഞ്ഞു. തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്നാണ് മനോജിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം സി ബി ഐ അന്വേഷണം ഏറ്റെടുക്കുന്നത്.

ഏതായാലും പാർട്ടി ഇപ്പോൾ പ്രതികൾക്ക് സ്വീകരണം നൽകിയത് സോഷ്യൽ മീഡിയയിലും ചർച്ചയായി. ജാമ്യം ലഭിച്ച കൊലക്കേസ് പ്രതികൾക്ക് സ്വീകരണം നൽകുന്നത് നീതിബോധത്തെ വെല്ലുവിളിക്കലാണെന്നും നിയമവ്യവസ്ഥയെ ധിക്കരിക്കലാണെന്നും വ്യക്തമാക്കി ഡോ. ആസാദ് രംഗത്തെത്തി. സമാന രീതിയിൽ പാർട്ടിയുടെ പല കേസുകളിലേയും ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രതികരണങ്ങളും വരുന്നു.

ഡോ. ആസാദിന്റെ പോസ്റ്റിലേക്ക്:

ജാമ്യം ലഭിച്ച കൊലക്കേസു പ്രതികൾക്ക് സ്വീകരണം നൽകുന്നത് നീതിബോധത്തെ വെല്ലുവിളിക്കലാണ്. നിയമ വ്യവസ്ഥയെ ധിക്കരിക്കലാണ്. അവർ നിരപരാധികളാവാം. അതു നിശ്ചയിക്കേണ്ടത് നീതിപീഠമാണ്. വിധി പുറപ്പെടുവിക്കും വരെ അവർ സംശയത്തിന്റെ നിഴലിലാണ്. അവരുടെ മതമോ സമുദായമോ രാഷ്ട്രീയ പാർട്ടിയോ കുടുംബമോ നൽകുന്ന സാക്ഷ്യപത്രം മതിയാവില്ല സമൂഹത്തിൽ അവരുടെ നിരപരാധിത്വം തെളിയിക്കാൻ. വിചാരണയും വിധിയും തീർത്ത് കോടതി വ്യവഹാരം പൂർണമാകണം.

പരിഷ്‌കൃത സമൂഹം ഇത്തരം അപക്വ വൃത്തികൾ ചെയ്യരുതാത്തതാണ്. കേസ് കള്ളക്കേസാണെന്ന് വാദിക്കാം. തെളിവുകൾ കോടതിക്കു നൽകാം. എന്നാൽ വിസ്തരിക്കേണ്ടതും വിധിക്കേണ്ടതും ഞങ്ങളാണെന്ന് ഭാവിക്കരുത്. കേസ് തീരുംമുമ്പ് പ്രതികളെ ആദരിക്കുന്ന ചടങ്ങ് ജനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും അപഹസിക്കലാകുന്നു. കോടതി ശിക്ഷിച്ച കൊലക്കേസ് കുറ്റവാളിയെ പാർട്ടി പദവിയിൽ കുടിയിരുത്തുന്നവർ മറ്റൊരു കൊലക്കേസിലെ പ്രതികളെ സ്വീകരിച്ചാനയിക്കുന്നതിൽ അത്ഭുതം തോന്നേണ്ടതില്ല.

ഓരോ പാർട്ടിയും ഈ വഴി പിന്തുടർന്നാൽ, ഓരോ സമുദായവും ഇതാവർത്തിച്ചാൽ നമ്മുടെ സമൂഹം കുറ്റവാളികളുടെ അധീശത്വത്തിലമരും. കോടതി വിധിയിൽ വിശ്വാസമില്ല, ഞങ്ങളുടെ പാർട്ടി അന്വേഷണവും വിസ്താരവും വിധിയുമേ അംഗീകരിക്കു എന്ന് ഏത് വിഭാഗത്തിനും അവകാശവാദമാവാം. അതെത്രത്തോളം അനുവദിക്കാമെന്ന് പൊതുസമൂഹം നിശ്ചയിച്ചേ തീരൂ. രാഷ്ട്രീയ പാർട്ടികൾ എത്രത്തോളം തരം താഴാമെന്ന് ഈ ദുർവൃത്തികൾ തെളിവു നൽകുന്നു. നേതൃതലത്തിൽ ബോധവും പക്വതയുമുള്ളവരുണ്ടെങ്കിൽ തെറ്റു തിരുത്തട്ടെ.

ആസാദ്, 15 ജൂലായ് 2018

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP