Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർത്തവകാലത്ത് മഠത്തിക്കാവിലമ്മയേയും മഹാദേവനേയും കല്ലൂപ്പാറ ദേവിയേയും കണ്ടെന്ന് പോസ്റ്റിട്ട് സംഘികളെ പ്രതിരോധിച്ച ബാലസംഘം നേതാവിനെ കയ്യൊഴിഞ്ഞ് സിപിഎം; മല്ലപ്പള്ളി ഏരിയാ കമ്മിറ്റി തള്ളിപ്പറഞ്ഞതോടെ കൂടെ നിന്ന സൈബർ സഖാക്കളും പേടിച്ച് പിന്മാറി; നവമിക്കും സഹോദരിക്കുമെതിരെ ആക്രമണം ഉണ്ടായിട്ടും അക്കാര്യം മിണ്ടാതെ സ്വന്തം പാർട്ടി; പ്രതിഷേധത്തിന് ശക്തികൂട്ടി ഇന്ന് ഭക്തജനസംഘം റാലി

ആർത്തവകാലത്ത് മഠത്തിക്കാവിലമ്മയേയും മഹാദേവനേയും കല്ലൂപ്പാറ ദേവിയേയും കണ്ടെന്ന് പോസ്റ്റിട്ട് സംഘികളെ പ്രതിരോധിച്ച ബാലസംഘം നേതാവിനെ കയ്യൊഴിഞ്ഞ് സിപിഎം;  മല്ലപ്പള്ളി ഏരിയാ കമ്മിറ്റി തള്ളിപ്പറഞ്ഞതോടെ കൂടെ നിന്ന സൈബർ സഖാക്കളും പേടിച്ച് പിന്മാറി; നവമിക്കും സഹോദരിക്കുമെതിരെ ആക്രമണം ഉണ്ടായിട്ടും അക്കാര്യം മിണ്ടാതെ സ്വന്തം പാർട്ടി; പ്രതിഷേധത്തിന് ശക്തികൂട്ടി ഇന്ന് ഭക്തജനസംഘം റാലി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആർത്തവകാലത്ത് അമ്പലത്തിൽ കയറിയെന്ന് പോസ്റ്റിട്ട ബാലസംഘം, എസ്എഫ്‌ഐ നേതാവായ പെൺകുട്ടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വൻ അപകീർത്തി പ്രചരണം നടന്നതിന് പന്നാലെ പെൺകുട്ടിയെ കയ്യൊഴിഞ്ഞ് സ്വന്തം പാർട്ടിയായ സിപിഎമ്മും. ഇതോടെ യുവതി തന്റെ പോസ്റ്റ് തിരുത്തുന്നതായി വ്യക്തമാക്കിയെങ്കിലും ഹൈന്ദവ സംഘടനകളും ക്ഷേത്രം അധികാരികളും, ആർത്തവ സമയത്ത് ക്ഷേത്രങ്ങളിൽ കയറിയെന്ന് യുവതി പൊതുഇടത്തിൽ പറഞ്ഞതിനെ ചൂണ്ടിക്കാട്ടി നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്. അതേസമയം, പെൺകുട്ടിയുടെ കൂടെ നിൽക്കുന്നതിന് പകരം അവരെ കയ്യൊഴിഞ്ഞ് സിപിഎം പിന്മാറി. ഇതോടെ താൻ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് ഇത്തരത്തിൽ പ്രതികരിച്ചതന്ന് പെൺകുട്ടിക്ക് പറയേണ്ടിയും വന്നു.

ക്ഷേത്ര വിശ്വാസങ്ങളേയും ആചാരങ്ങളേയും തകർക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കമാണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞ് ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ഇന്ന് മഠത്തിക്കാവിൽ നിന്ന് കുന്നന്താനത്തേക്ക് റാലിയിലും പൊതു സമ്മേളനവും നിശ്ചയിച്ചതോടെയാണ് സിപിഎം യുവതിയെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുള്ളത്. ആർത്തവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞ പെൺകുട്ടിയെ അപമാനിക്കാൻ സോഷ്യൽ മീഡിയയിൽ സംഘപരിവാറുകാരുടെ സംഘടിത ശ്രമം നടന്നതോടെയാണ് വിഷയം വലിയ ചർച്ചയായത്.

ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. സംഘപരിവാർ അനുകൂലികളാണ് ഓൺലൈനിൽ നവമിക്കെതിരെ തെറിയഭിഷേകവും അസഭ്യപ്രചരണവും നടത്തിയത്. മല്ലപ്പള്ളി സ്വദേശിനിയായ നവമിയുടെ സഹോദരി പത്താം ക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മിയെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ഇന്നലെ ഈ പെൺകുട്ടിക്കു നേരെ ആക്രമണവും ഉണ്ടായി.

എന്നാൽ യുവതിക്കൊപ്പം ആദ്യഘട്ടത്തിൽ ഉറച്ചുനിന്ന സൈബർ സഖാക്കളും സിപിഎമ്മും പിന്നീട് പിൻവലിയുന്ന കാഴ്ചയാണ് കണ്ടത്. ഹൈന്ദവാചാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിന്റെ പിന്മാറ്റം. ശബരിമലയിൽ ആർത്തവയുക്തകളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കണമെന്ന് സിപിഎം സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു നടപടിയുണ്ടായത് എന്നത് ചർച്ചയാവുകയാണ്.

ആർത്തവത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുവെന്നതിനാണ് ഈ പെൺകുട്ടിക്കും സഹോദരിക്കുമെതിരെ അപമാനിക്കുന്ന തരത്തിൽ കമന്റുകളും പോസ്റ്റുകളുമായി സംഘപരിവാറുകാർ ആഞ്ഞടിച്ചത്. എന്നാൽ പ്രതിരോധിച്ചുനിന്നു നവമി രാമചന്ദ്രൻ. തന്റെ അനുജത്തിക്കുനേരെ ആക്രമണം ഉണ്ടായിയെന്നതും അവർ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തി്ൽ നിരവധി സൈബർ സഖാക്കൾ ഇവരെ പിന്തുണച്ച് രംഗത്തുണ്ടായിരുന്നു. എന്നാൽ പാർട്ടി ഇവരെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് എത്തിയതോടെ ആരും രക്ഷയ്ക്കില്ലെന്ന സ്ഥിതിയായി. ഇതോടെ യുവതിയും സോഷ്യൽ മീഡിയയിൽ താൻ ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് വ്യക്തമാക്കി പോസ്റ്റും നൽകി.

എന്നാൽ അവിടംകൊണ്ടും വിവാദം ഒഴിയുന്നില്ല. യുവതിക്കെതിരെ ഇപ്പോഴും അശ്‌ളീല, അപവാദ പ്രചരണങ്ങൾ തുടരുകയാണ് ഒരു വിഭാഗം. മാത്രമല്ല, ഹൈന്ദവ വിശ്വാസികളുടെയെന്ന പേരിൽ ഇന്ന് ഭക്തജന സമിതി, കുന്നന്താനം എന്ന മേൽവിലാസത്തിൽ ആചാര സംരക്ഷണ റാലിയും നടത്തുന്നു.

ക്ഷേത്ര വിശ്വാസങ്ങളേയും ആചാരങ്ങളേയും തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് നടന്നതെന്നും ഇതിന്റെ ഭാഗമാണ് മഠത്തിൽകാവ്, നടയ്ക്കൽ, കല്ലൂപ്പാറ തുടങ്ങിയ ക്ഷേത്രങ്ങളെ അപമാനിക്കുന്നതെന്നും അവരുടെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. മാസമുറ സമയത്ത് ദേവിക്കിരിക്കാൻ ഒരു മുറി പണിയണമെന്നും ഇതു തെറ്റല്ലെ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മഠത്തിക്കാവിലും നടയ്ക്കലും കല്ലൂപ്പാറയിലും മാസമുറ സമയത്ത് പരീക്ഷണാർത്ഥം കേറിയെന്നും ഇതിൽ സംശയം ഉള്ളവർക്ക് മാസമുറ സമയത്ത് അടിവസ്ത്രം ഊരിക്കാണിച്ച ശേഷം കയറാമെന്നുമായിരുന്നു ബാലസംഘം ജില്ലാ പ്രസിഡന്റു കൂടിയായ നവമി വെല്ലുവിളിച്ചതെന്ന് ഭക്തജനസമിതി ആരോപിക്കുന്നു. ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നയമോ എന്ന് ചോദിച്ചാണ് സംഘപരിവാർ അനുകൂലികളുടെ നീക്കം.

എന്നാൽ ആദ്യഘട്ടത്തിൽ യുവതിക്കൊപ്പം നിലകൊള്ളുകയും അവരെ പിൻതുണയ്ക്കുകയും ചെയ്ത സൈബർ സഖാക്കൾ ഒന്നടങ്കം പാർട്ടി നിലപാട് മാറ്റിയതോടെ മറുകണ്ടം ചാടി. ഇതോടെ യുവതി ഒറ്റപ്പെട്ടു. യുവതിയുടെ സഹോദരിക്കെതിരെ കഴിഞ്ഞദിവസം ആക്രമണം ഉണ്ടായിട്ടും അതിനെതിരെ ശക്തമായി രംഗത്തുവരാൻ സിപിഎമ്മുകാർ ആരും ഉണ്ടായില്ല. ഇതോടെ ആ പാവം താൻ ഒറ്റപ്പെടുന്നുവെന്ന് വ്യക്തമാക്കി പുതിയ പോസ്റ്റും നൽകി. താൻ പ്രത്യേക മാനസികാവസ്ഥയിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പ്രതികരിച്ചതെന്നും വ്യക്തമാക്കുകയായിരുന്നു യുവതി.

ആ പോസ്റ്റ് ഇങ്ങനെ:

പ്രിയ്യപ്പെട്ടവരേ,
ഞാൻ ഒരു വിശ്വാസിയല്ല.ഒരു തരത്തിലുമുള്ള വിശ്വാസപ്രമാണങ്ങളും,ആചാരാനുഷ്ഠാനങ്ങളും അനുഷ്ഠിക്കുന്ന ആളുമല്ല.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഞാൻ ചെയ്ത ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ എനിക്കെതിരെ സമാനതകളില്ലാത്ത തരത്തിലുള്ള വ്യക്തിഹത്യയാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. 'എന്നെ ഞാൻ പഠിക്കുന്ന കോളെജിൽ നിന്നും അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കി' എന്നതടക്കമുള്ള ക്രൂരമായ വ്യാജപ്രചരണങ്ങൾ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ സഹോദരിയെ അക്രമിക്കുകന്നതടക്കമുള്ള സംഘപരിവാറിന്റെ ഹീനമായ പ്രവർത്തനങ്ങളിലും, പ്രചരണങ്ങളിലും എനിക്കുണ്ടായ മനോവേദനയിലും, ആ മാനസികാവസ്ഥയിലും ഞാൻ തുടർന്ന് ചില അഭിപ്രായപ്രകടനങ്ങൾ നടത്തുകയുണ്ടായി. ഞാൻ അമ്പലങ്ങളിൽ പോകുന്ന ആളല്ല, 'ഞാൻ ആർത്തവ സമയത്ത് അമ്പലങ്ങളിൽ കയറി' എന്ന് പറഞ്ഞത് എന്റെ അപ്പോഴുണ്ടായ മാനസികാവസ്ഥയിൽ എന്നെ തുടർച്ചയായി പ്രകോപിപ്പിച്ചതിന്റെ ഭാഗമായി പറഞ്ഞതാണ്.ഞാൻ ആ സമയത്ത് അമ്പലങ്ങളിൽ പോയിട്ടില്ല.എന്റെ ആ അഭിപ്രായത്തിൽ ആർക്കെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അതിൽ നിർവ്യാജം ഖേദിക്കുന്നു.ഇത് മനസ്സിലാക്കി ആ കമന്റ് ഞാൻ മുൻപേ പിൻവലിച്ചിട്ടുള്ളതാണ്.കമന്റ് മാത്രമാണ് പിൻവലിച്ചിട്ടുള്ളത്, പോസ്റ്റിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആ അഭിപ്രായം തന്നെയാണ് ഇപ്പോഴും ഉള്ളത്...

തള്ളിപ്പറഞ്ഞ് സിപിഎം

മല്ലപ്പള്ളിയിലെ സിപിഎം ഏരിയാകമ്മിറ്റി നവമിയെ തള്ളിപ്പറഞ്ഞതോടെയാണ് വിഷയം കൂടുതൽ ചർച്ചയാകുന്നത്. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടുമ്പോൾ തന്നെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുന്നതാകരുത് എന്ന് സിപിഎം മല്ലപ്പളഅളി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന സമൂഹത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന് ഓർമിപ്പിക്കുന്നു ഏരിയാ കമ്മിറ്റി. നവമി രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് ഉണ്ടായ വിവാദങ്ങളിൽ പാർട്ടിക്ക് യോജിപ്പില്ലെന്ന് പറയുമ്പോഴും നവമിക്കും സഹോദരിക്കും നേരെ ഉയർന്ന സൈബർ ആക്രമണത്തേയും സഹോദരിക്ക് നേരെ നേരിട്ടുണ്ടായ അപമാനശ്രമത്തേയും അക്രമത്തേയും കണ്ടില്ലെന്ന് നടിച്ചാണ് പാർ്ടി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ കെ സുകുമാരൻ ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഇതോടെ ഇക്കാര്യം ചർച്ചയായി. നേരത്ത പിന്തുണയുമായി എത്തിയ നിരവധി സൈബർ സഖാക്കൾ പതുക്കെപ്പതുക്കെ ഉൾവലിഞ്ഞു.

നവമിയുടെ ഫോട്ടോവച്ച് അപവാദ പ്രചരണം

ഇത്തരമൊരു വിഷയം ഉണ്ടായതിന് പിന്നാലെ നവമിയുടെ ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണങ്ങൾ തുടങ്ങി്. നവമിയെ അനാശ്യാസ്യത്തിന്റെ പേരിൽ കോളെജിൽനിന്ന് പുറത്താക്കിയെന്ന് വ്യാജവാർത്ത ഫോട്ടോ സഹിതം നൽകുകയും ചെയ്തായിരുന്നു ആക്രമണം. ഇതിന് പിന്നാലെ എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി നവമിയുടെ അനുജത്തി ലക്ഷ്മിയെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു നവമിയേയും ലക്ഷ്മിയേയും കൊല്ലുമെന്ന ഭീഷണി പല കോണിൽ നിന്നും ഉയർന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മുറവിളി നടത്തുന്നവർ ആരും ഇതിൽ നവമിയുടേയും ലക്ഷ്മിയുടേയും കൂട്ടിനെത്തിയില്ല. സ്ത്രീകൾക്ക് എതിരെ അശ്‌ളീല പ്രചരണം നടത്തുന്നവർക്ക് എതിരെ ശക്തമായി നീങ്ങുമെന്നും കേസെടുക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഒരു എസ്എഫ്‌ഐ നേതാവിന് എതിരെ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സംഘംചേർന്ന് ആക്രമണം ഉണ്ടായിട്ടും അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി ഇല്ലെങ്കിൽപോലും ഇത്തരമൊരു സംഭവത്തിൽ കേസെടുക്കണമെന്ന് നിയമം ഉണ്ടെങ്കിലും പൊലീസും അനങ്ങിയിട്ടില്ല.

ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിയാണ് ആദ്യം ആർത്തവത്തേക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിനെതിരെ സംഘപരിവാർ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ച് നവമി ഫേസ്‌ബുക്ക് കുറിപ്പിട്ടു. ഇതോടെ നവമിക്കെതിരെയും സംഘടിതമായി ആക്രമണം തുടങ്ങുകയായിരുന്നു. വ്യാപകമായ വിമർശനമാണ് ഇതിൽ സോഷ്യൽ മീഡിയയിൽ ഇതോടെ ഉയർന്നത്. എന്നാൽ സംഘപരിവാർ അതിനെ പുതിയ തലത്തിലേക്ക് എത്തിച്ചതോടെ സൈബർ സഖാക്കളിൽ പലരും ഉൾവലിഞ്ഞു. സിപിഎം തള്ളിപ്പറയുക കൂടി ചെയ്തതോടെ ഈ പെൺകുട്ടി ഒറ്റപ്പെട്ട അവസ്ഥയിലായി. കടുത്ത ഭാഷയിൽ തെറി പറയുന്നവർക്ക് ചുട്ട മറുപടി നൽകിയാണ് നവമി പ്രതിരോധം തീർത്തത്.

വിഷയത്തിൽ ശക്തമായി പ്രതികരിച്ച് നവമി നൽകിയ പോസ്റ്റ്:

ഭഗത് സിങ് ദേശിയവാദികൾ വളരെ നല്ല സംഘടന പ്രവർത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ് എന്ന് ഏകദേശം മുഴുവൻ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആർഎസ്എസ് കാരായിട്ടുള്ളവർ ഇട്ട കമന്റ്‌സും എല്ലാരും വായിച്ചിട്ടുണ്ടാകും.

(ഇങ്ങനെ കമന്റ് ചെയ്തിട്ട് പോയവരെ വീട്ടിൽ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആർഎസ്എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കിൽ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാൽ മുഴുവൻ ആർഎസ്എസ് കാരും ഒരേ രീതിയിൽ തെറി അഭിഷേകം നടത്തുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത് ആർഎസ്എസ് എന്നാൽ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ് തെളിയിക്കുന്നത്)

ഭക്തജനസമിതിയുടെ പേരിൽ പ്രതിഷേധം ഇങ്ങനെ

മഠത്തിക്കാവിലമ്മയേയും മഹാദേവനേയും കല്ലൂപ്പാറ ദേവിയേയും അവഹേളിച്ചതിന് എതിരെ പ്രതിഷേധിക്കേണ്ടത് ഭക്തജനങ്ങളെന്ന നിലയിൽ നമ്മുടെ കടമയാണെന്ന് വ്യക്തമാക്കിയാണ് കുന്നന്താനം ഭക്തജനസമിതിയുടെ പേരിൽ ഒരു വിഭാഗം രംഗത്തെത്തുന്നത്. ഇന്ന് വൈകീട്ട് നാലിന് മഠത്തിക്കാവിൽ നിന്ന് ആരംഭിച്ച് ആചാര സംരക്ഷണ റാലി നടത്താനും തുടർന്ന് പൊതുയോഗം നടത്താനും ആണ് തീരുമാനം. ഹിന്ദു വിശ്വാസങ്ങളെ എതിർക്കാൻ കാണിക്കുന്ന ധൈര്യം മറ്റ് ഇതര വിഭാഗങ്ങളോട് കാണിക്കുമോ സിപിഎം എന്നും സമിതി ചോദിക്കുന്നു. ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നയമോ എന്ന് ചോദിച്ച് ഒരുക്കിയ നോട്ടീസിൽ ഇത് സിപിഎമ്മിന്റെ പൊറാട്ട് നാടകമാണെന്നും നുണപ്രചരണമാണെന്നും പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP