Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശ്മശാനത്തിന് അനുമതിയില്ലാത്ത സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചു; കാഞ്ചിയാറിൽ ജനങ്ങൾ പ്രതിഷേധവുമായി റോഡുപരോധിച്ചു; മൃതദേഹം പുറത്തെടുത്തു മാറ്റി സംസ്‌കരിക്കാനുള്ള തീരുമാനത്തോട് ബന്ധുക്കളും ദൈവസഭയും വിയോജിച്ചപ്പോൾ പഞ്ചായത്തും പൊലീസും ചേർന്നു നടപടി നടത്തി

ശ്മശാനത്തിന് അനുമതിയില്ലാത്ത സ്ഥലത്ത് മൃതദേഹം സംസ്‌കരിച്ചു; കാഞ്ചിയാറിൽ ജനങ്ങൾ പ്രതിഷേധവുമായി റോഡുപരോധിച്ചു; മൃതദേഹം പുറത്തെടുത്തു മാറ്റി സംസ്‌കരിക്കാനുള്ള തീരുമാനത്തോട് ബന്ധുക്കളും ദൈവസഭയും വിയോജിച്ചപ്പോൾ പഞ്ചായത്തും പൊലീസും ചേർന്നു നടപടി നടത്തി

കട്ടപ്പന: ശ്മശാനത്തിന് അനുമതി കിട്ടാത്ത സ്ഥലത്ത് നാട്ടുകാരുടെ കണ്ണ് വെട്ടിച്ചു അടക്കം ചെയ്ത മൃതദേഹം സംഘർഷാവസ്ഥയ്ക്കും ജനങ്ങളുടെ പ്രതിഷേധ സമരങ്ങൾക്കുമിടയാക്കി. റോഡുപരോധമുൾപ്പെടെ 24 മണിക്കൂറിലധികം നീണ്ട സംഘർഷഭരിതമായ അന്തരീക്ഷത്തിനൊടുവിൽ ജഡം പൊലിസിന്റെ നേതൃത്വത്തിൽ പുറത്തെടുത്തു പൊതുശ്മാശാനത്തിൽ സംസ്‌കരിച്ചു. ജഡം പുറത്തെടുത്തു മറ്റൊരിടത്തേക്ക് മാറ്റി സംസ്‌കരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ബന്ധുക്കൾ ഇതിൽനിന്നു വിട്ടുനിന്നു.

ഇടുക്കി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽപെട്ട പേഴുംകണ്ടത്തെ ജനവാസമേഖലയിൽ ശനിയാഴ്ചയാണ് പ്രദേശവാസികളുടെ ശ്രദ്ധപതിയാതെ കോഴിമല പാണത്തോട്ടത്തിൽ തങ്കച്ചൻ എന്ന എഴുപതുകാരന്റെ മൃതദേഹം മറവ് ചെയ്തത്. കോഴിമല ഫെയ്ത്ത് മിനിസ്ട്രീസ് ദൈവസഭയിലെ പാസ്റ്റർ ബേബി ദേവസ്യയെന്ന പാസ്റ്റർ ബേബിച്ചന്റെ ഉടമസ്ഥതയിലുള്ള രണ്ട് സെന്റ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. കോഴിമലയിലെ വീട്ടിലും മറ്റുമായി സംസ്‌കാര ശുശ്രൂഷകൾ നടത്തിയശേഷമാണ് മൃതദേഹം കാഞ്ചിയാറിലെത്തിച്ചു അടക്കിയത്.

സംസ്‌കാരം കഴിഞ്ഞയുടൻ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ഉടൻ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് സംഘർഷവുമായി. ജില്ലാ ഭരണകൂടത്തെയും കട്ടപ്പന പൊലിസിനെയും നാട്ടുകാർ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. ശ്മശാനത്തിന് അനുമതിയില്ലാത്ത സ്ഥലത്ത് കുഴിച്ചിട്ട ജഡം മാറ്റണമെന്നാവശ്യപ്പെട്ടു ജനങ്ങൾ കാഞ്ചിയാറിൽ കുട്ടിക്കാനം - കട്ടപ്പന സംസ്ഥാന പാത ഉപരോധത്തിനൊരുങ്ങി. പ്രശ്‌നത്തിൽ ഇടപെട്ട ജനപ്രതിധികളും പൊലിസും പാസ്റ്റർ ബേബിച്ചനും നാട്ടുകാരുമായി ചർച്ച നടത്തുകയും മൃതദേഹം പുറത്തെടുത്തു മാറ്റി സംസ്‌കാരിക്കാൻ ധാരണയാവുകയും ചെയ്തു.

ഇതുപ്രകാരം രാവിലെ മൃതദേഹം മാറ്റുന്നതു കാത്തിരുന്ന ജനങ്ങൾക്കുമുമ്പിൽ നിലപാട് മാറ്റി പാസ്റ്റർ ബേബിയെത്തി. ജഡം മാറ്റുന്നതിനോട് ബന്ധുക്കൾക്ക് വിയോജിപ്പായതിനാൽ സഭയുടെ തീരുമാനവും മൃതദേഹം പുറത്തെടുക്കേണ്ടെന്നാണെന്നും അദ്ദേഹം ജനപ്രതിനിധികളോട് പറഞ്ഞു. ഇതോടെ ജനം രോഷാകുലരായി സംസ്ഥാനപാതയിൽ വാഹനം തടയൽ ആരംഭിച്ചു. പൊലിസ് ഇടപെട്ട് പരിഹാരം ഉറപ്പു നൽകി റോഡുപരോധം പിൻവലിപ്പിച്ചു.

എന്നാൽ ഉദ്യോഗസ്ഥർ എത്താൻ വൈകിയതോടെ ജനങ്ങൾ വീണ്ടും വഴി തടഞ്ഞു. ഒടുവിൽ ആർ. ഡി. ഒയുടെ ചുമതലയുള്ള എൽ. ആർ ഡപ്യൂട്ടി കലക്ടർ എസ് രാജീവ് ഉച്ചയോടെ സ്ഥലത്തെത്തിയതോടെയാണ് റോഡുപരോധം നിർത്തിവച്ചത്. തുടർന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഭാപ്രതിനിധികളുമായി ചർച്ച നടത്തി. മരിച്ച വ്യക്തിക്ക് നാല് സെന്റ് ഭൂമി മാത്രമേയുണ്ടായിരുന്നുള്ളൂവെന്നതിനാലാണ് സംസ്‌കാരം ഇവിടെ നടത്തിയതെന്നു സഭാ പ്രതിനിധികൾ പറഞ്ഞു. സഭയുടെ ആചാരപ്രകാരം മൃതദേഹം പുറത്തെടുക്കാൻ കഴിയില്ലെന്നും മറ്റ് പോംവഴി തേടാമെന്നും ഇവർ പറഞ്ഞു. എന്നാൽ ജനപ്രതിനിധികളും നാട്ടുകാരും ഇതിനോട് വിയോജിക്കുകയും മൃതദേഹം മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു.

നിയമപരമായി അനുവാദം ലഭിക്കാത്ത സ്ഥലത്ത് നടത്തിയ സംസ്‌കാരം നടത്തിയത് അനുവദിക്കാൻ കഴിയില്ലെന്ന് ഡപ്യൂട്ടി കലക്ടർ അറിയിച്ചു. മൃതദേഹം പുറത്തെടുത്തു മാറ്റണമെന്നു അദ്ദേഹം നിർദേശിച്ചു. ഇതിനോട് ബന്ധുക്കളും സഭാധികൃതരും വിയോജിക്കുകയും ചെയ്തതിനാൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടി നടത്തുമെന്നു ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

തുടർന്ന് പൊലിസിന്റെയും കാഞ്ചിയാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു ആംബുലൻസിൽ കട്ടപ്പന നഗരസഭയുടെ പൊശുശ്മശാനത്തിലെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു. സംഘർഷാവസ്ഥയെതുടർന്ന് കട്ടപ്പന ഡിവൈ.എസ്‌പി എൻ. സി മോഹൻരാജ്, സി. ഐമാരായ വി. എസ് അനിൽകുമാർ, റെജി എം കുന്നിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് പൊലിസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഇടപെടലുണ്ടായത് പ്രശ്‌നം വഷളാകാതെ സഹായിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP