Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ ജുവലറി ഗ്രൂപ്പായ ഫ്രാൻസിസ് ആലൂക്കാസ് വമ്പൻ പ്രതിസന്ധിയിൽ; കോഴിക്കോട്ടു നിന്നു മാത്രം 40 ജീവനക്കാരെ പിരിച്ചുവിട്ടു; തമിഴ്‌നാടു ബ്രാഞ്ചുകൾ അടച്ചുപൂട്ടി; നിക്ഷേപ പദ്ധതികളിൽ ചേർന്ന പതിനായിരം പേരും വഴിയാധാരമാകും; ജുവലറി ഉടമയെ ഉപരോധിച്ചു ജീവനക്കാരുടെ പ്രതിഷേധം

പ്രമുഖ ജുവലറി ഗ്രൂപ്പായ ഫ്രാൻസിസ് ആലൂക്കാസ് വമ്പൻ പ്രതിസന്ധിയിൽ; കോഴിക്കോട്ടു നിന്നു മാത്രം 40 ജീവനക്കാരെ പിരിച്ചുവിട്ടു; തമിഴ്‌നാടു ബ്രാഞ്ചുകൾ അടച്ചുപൂട്ടി; നിക്ഷേപ പദ്ധതികളിൽ ചേർന്ന പതിനായിരം പേരും വഴിയാധാരമാകും; ജുവലറി ഉടമയെ ഉപരോധിച്ചു ജീവനക്കാരുടെ പ്രതിഷേധം

എം പി റാഫി

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട ജൂവലറി വ്യവസായികളായ ഫ്രാൻസിസ് ആലുക്കാസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജൂവലറിയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നും നാല്പതോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു.

ഈയിടെ രണ്ടു ഘട്ടങ്ങളിലായി നാലു ഷോപ്പുകളാണ് തമിഴ്‌നാട്ടിൽ അടച്ചത്. ഇതിനു പിന്നാലെ മറ്റു ശാഖകളും അടച്ചു പൂട്ടൽ ഭീഷണിയിലാണ്. ഇതോടെ നിരവധി ജീവനക്കാരും പതിനായിരക്കണക്കിന് നിക്ഷേപകരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യാതൊരു വിധ നടപടിക്രമങ്ങളോ മുന്നറിയിപ്പോ പാലിക്കാതെ നാൽപതോളം ജീവനക്കാരെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച് ഈ ജീവനക്കാർ തിങ്കളാഴ്ച ജൂവലറി ഉടമയെ കോഴിക്കോട് ഓഫീസിൽ ഉപരോധിച്ചിരുന്നു. ഫ്രാൻസിസ് ജൂവലറി സിഎംഡിയായ ഫ്രാൻസിസ് ആലുക്കായെയാണു ജീവനക്കാർ കഴിഞ്ഞ ദിവസം ഉപരോധിച്ചത്.

കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകളുള്ള സ്വർണവ്യാപാരരംഗത്തെ പ്രമുഖ കമ്പനിയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ കൂട്ട പിരിച്ചുവിടൽ നടത്തുന്നതും നിക്ഷേപകർക്ക് തുകയോ സ്വർണമോ തിരിച്ചു നൽകാനാകാതെ മുട്ടിലിഴയുന്നതും. ഒരാഴ്ചയ്ക്കു മുമ്പാണു ഈ തൊഴിലാളികളെ പിരിച്ചുവിട്ടത്. ഈ മേഖലയിൽ തൊഴിലാളി സംഘടനകളില്ല. അസംഘടിതരായതിനാലാണു തൊഴിലാളികൾ വ്യാപക ചൂഷണത്തിന് ഇരയാകുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻകിട ജൂവലറികൾ പലതും അടച്ചുപൂട്ടിയിരുന്നു. ജൂവലറിയുടെ മറവിൽ വിവിധ നിക്ഷേപ പദ്ധതികളുമായി രംഗത്തുവന്നായിരുന്നു ഇവരെല്ലാം തഴച്ചു വളർന്നിരുന്നത്. പിന്നീട് ഉടമകളുടെ തെറ്റായ സാമ്പത്തിക ക്രമങ്ങളും സാമ്പത്തിക തിരിമറികളും മൂലം അടച്ചു പൂട്ടലിലേക്കും പ്രതിസന്ധിയിലേക്കും എത്തുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചു പൂട്ടിയ അവതാർ ഗോൾഡ് അടക്കമുള്ള സ്ഥാപന ഉടമകളെല്ലാം ഇന്നും വിദേശത്തും മറ്റുമായി ഒളിവിൽ കഴിയുകയാണ്.

നിലവിൽ ആറു ശാഖകളാണ് ഫ്രാൻസിസ് ജൂവലറിക്കുള്ളത്. ജൂവലറി അധികൃതരുടെ തെറ്റായ സാമ്പത്തികനടപടികളുംധൂർത്തുമാണ് ഫ്രാൻസിസ് ആലുക്കാസിലും പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ പിരിച്ചുവിട്ടു പ്രതിസന്ധി നികത്താനായിരുന്നു ജൂവലറി ഉടമകളുടെ പദ്ധതി. എന്നാൽ മുന്നറിയിപ്പില്ലാതെ, ഏറെ നാളായി ഇവിടെ ജോലി ചെയ്തിരുന്നവരെ പോലും പിരിച്ചുവിട്ടതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ രഹസ്യമാക്കി വച്ചിരുന്ന സാമ്പത്തിക പ്രതിസന്ധി പുറത്താകുകയും കൂടുതൽ നിക്ഷേപകർ ഉടമകളെ സമീപിക്കുകയും ചെയ്തു. കോഴിക്കോട് അടക്കമുള്ള മറ്റു ബ്രാഞ്ചുകളും സമാന രീതിയിലാണ് പോകുന്നത്. എന്നാൽ പ്രതിന്ധി രഹസ്യമാക്കി മുന്നോട്ടു പോകുകയാണ് അധികൃതർ. നിക്ഷേപകരും തട്ടിപ്പിനിരയായവരും പതിനായിരത്തിലേറെ വരും ഫ്രാൻസിസ് ആലുക്കാസിൽ. ജൂവലറിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അറിയാത്തവരാണ് മിക്ക നിക്ഷേപകരും. സ്വർണ നിക്ഷേപ പദ്ധതിക്കു പുറമെ പണം ഇരട്ടിപ്പിക്കുന്ന ഏർപ്പാടും ഇവിടെ ഉണ്ടായിരുന്നു.

ഈസി ഗോൾഡ് സർപ്രൈസ് എന്ന പേരിലായിരുന്നു സ്വർണനിക്ഷേപ പദ്ധതി നടത്തിയിരുന്നത്. 36 തവണകളായി പണമടച്ചു സ്വർണം വാങ്ങുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയിൽ മാത്രം പതിനായിരക്കണക്കിന് പേർ ഉണ്ട്. അടച്ചു പൂട്ടിയ തമിഴ്‌നാട് ബ്രാഞ്ചിൽ ഈ പദ്ധതിയിൽ ചേർന്ന നിരവധി പേർക്ക് പണം നഷ്ടമായിരുന്നു. അഞ്ചുലക്ഷം നിക്ഷേപിച്ചാൽ അഞ്ചുവർഷം കഴിഞ്ഞാൽ 10 ലക്ഷം കൊടുക്കുന്ന പദ്ധതിയാണ് പണമിരട്ടിപ്പ് പദ്ധതി. ഈ പദ്ധതിയിൽ ചേർന്നവർക്ക് പണം തിരിച്ചു നൽകാനാകാത്ത വിധം ജൂവലറി പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയവരും ആശങ്കയിലാണ്. തമിഴ്‌നാട് ബ്രാഞ്ചിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡയമണ്ട് അതാത് കടകളിൽ മാത്രമെ തിരിച്ചെടുക്കൂ. ഇക്കാരണത്താൽ പൂട്ടിപ്പോയ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളിൽ നി്ന്നും ആഭരണങ്ങൾ വാങ്ങിയവർ കൈമാറ്റം ചെയ്യാനാകാതെ വിഷമിക്കുകയാണ്.

പിരിച്ചുവിട്ട ജീവനക്കാർ ആദ്യമായാണ് സംഘടിതമായെത്തി ഉടമയെ കഴിഞ്ഞ ദിവസം ഉപരോധിച്ചത്. നോട്ടീസോ മുൻകൂർ അറിയിപ്പോ ഇല്ലാതെയായിരുന്നു പിരിച്ചുവിടൽ. 4 വർഷം മുതൽ 16 വർഷം വരെ തൊഴിൽ ചെയ്തവരെയാണ് ജൂവലറി അന്യായമായി പിരിച്ചുവിട്ടത്. ശമ്പളവും മറ്റു ആനുകൂല്യങ്ങളും പലർക്കും ലഭിക്കാനുണ്ട്. വർഷങ്ങളായി ചെയ്തിരുന്ന തൊഴിലിൽ നിന്നും പിരിച്ചുവിട്ടതോടെ വഴിയാധാരമായിരിക്കുകയാണ് ജീവനക്കാർ. കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പിരിച്ചുവിടലിനു വിധേയരായ ജീവനക്കാർ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP