Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തണുപ്പൻ ഹർത്താലെന്ന് പ്രതീക്ഷിച്ച് തെരുവിൽ ഇറങ്ങിയവരെല്ലാം മടങ്ങിയത് വണ്ടി ഉപേക്ഷിച്ച്; കെഎസ്ആർടിസി അടക്കം നിരവധി വാഹനങ്ങൾ തല്ലിത്തകർത്തു; ബൈക്കുകാരെ പോലും അനങ്ങാൻ അനുവദിച്ചില്ല; പത്രക്കാരനെന്ന് കേട്ടാൽ തല്ലിന് പുറമേ തെറിവിളിയും; കോട്ടയത്തെ സിഎസ്ഡിഎസ് ഹർത്താൽ കേരളം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ ഹർത്താൽ

തണുപ്പൻ ഹർത്താലെന്ന് പ്രതീക്ഷിച്ച് തെരുവിൽ ഇറങ്ങിയവരെല്ലാം മടങ്ങിയത് വണ്ടി ഉപേക്ഷിച്ച്; കെഎസ്ആർടിസി അടക്കം നിരവധി വാഹനങ്ങൾ തല്ലിത്തകർത്തു; ബൈക്കുകാരെ പോലും അനങ്ങാൻ അനുവദിച്ചില്ല; പത്രക്കാരനെന്ന് കേട്ടാൽ തല്ലിന് പുറമേ തെറിവിളിയും; കോട്ടയത്തെ സിഎസ്ഡിഎസ് ഹർത്താൽ കേരളം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ ഹർത്താൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) എന്ന് പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് അധികം കാലമായില്ല. എന്നാൽ, വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ വളർച്ച നേടിയ മറ്റൊരു സമുദായ സംഘടന കേരളത്തിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സിഎസ്ഡിഎസിന്റെ ശക്തിപ്രകടനമായിരുന്നു ഇന്ന് കോട്ടയം ജില്ലയിൽ കണ്ടത്. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിനെ വെല്ലുവിളിച്ചു കൊണ്ട് ഈ ദളിത് സംഘടന നടത്തിയ ഹർത്താൽ വിജയത്തിൽ കലാശിക്കുക തന്നെ ചെയ്തു. സാധാരണ ഗതിയിൽ ഈർക്കിൽ സംഘടനകൾ പ്രഖ്യാപിക്കുന്ന ഹർത്താൽ വിദയിക്കാറു പോലുമില്ല. എന്നാൽ, പേരിൽ മാത്രമല്ല, അണികളുടെ എണ്ണത്തിലും തങ്ങൾ കരുത്തരാണെന്ന് തെളിച്ചാണ് ഇവരുടെ ഇന്നത്തെ കോട്ടയം ഹർത്താൽ.

കോട്ടയം ജില്ലയിൽ വ്യാപകമായി സിപിഎമ്മും എസ്എഫ്‌ഐയും നടത്തുന്ന ദലിത് പീഡനങ്ങൾക്കെതിരെയാണ് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അധികമാരും തന്നെ ഈ ഹർത്താലിനെ കുറിച്ച് അറിഞ്ഞിരുന്നുമില്ല. പതിവുപോലെ ഓഫീസിൽ പോകാൻ വണ്ടിയുമായി ഇറങ്ങിയവരെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസ് സർവീസിന് ശ്രമിച്ചെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലായിരുന്നു പ്രതിഷേധം. കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്തുകയായിരുന്നു ഹർത്താൽ അനുകൂലികൾ ചെയ്തത്.

രാവിലെ ആറു മണിമുതൽ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കൂട്ടമായി നഗര-ഗ്രാമ വ്യത്യാസമില്ലാതെ തന്നെ ഹർത്താൽ അനുഭാവികൾ അണിനിരക്കുകയാണ് ഉണ്ടായത്. കോട്ടയം- കുമളി റോഡിൽ കൊടുങ്ങൂർ, പുളിക്കൽ കവല, പാമ്പാടി, വടവാതൂർ, കളത്തിപ്പടി, കഞ്ഞിക്കുഴി തുടങ്ങിയ ഇടങ്ങളിൽ രാവിലെ മുതൽ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ പ്രവർത്തിക്കാനും ഹർത്താൽ അനുഭാവികൾ അനുവദിച്ചില്ല. ബൈക്ക് യാത്രക്കാരെ പോലും തടയുന്ന ശൈലിയാണ് അവർ സ്വീകരിച്ചത്. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ പോലും വിടാതെയാണ് കോട്ടയം നഗരത്തിൽ സിഎസ്ഡിഎസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പത്രക്കാരനാണെന്ന് അറിഞ്ഞാൽ അപ്പോൾ തെറിവിളിക്കുന്ന അവസ്ഥ കൂടിയാണ് ഉണ്ടായത്.

ഗ്രാമങ്ങളിലേക്കും സംഘടന പ്രവർത്തകരെ ഇറക്കി ഹർത്താൽ വിജയിപ്പിക്കാൻ സിഎസ്ഡിഎസ് ശ്രമിക്കുന്നുന്നുണ്ട്. അടുത്തകാലത്ത് ജില്ലാ ഹർത്താലുകളിൽ ഏറ്റവും ശക്തമായ ഹർത്താലായി ഇത് മാറിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് വൈകിട്ട് അഞ്ചിന് കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂർ, വൈക്കം, തുടങ്ങിയ സ്ഥലങ്ങളിൽ മാർച്ചു നടത്തി ശക്തി തെളിയിക്കാനുമാണ് സിഎസ്ഡിഎസ് പ്രവർത്തകരുടെ തീരുമാനം. ബിഎസ്‌പിയുടെ രാഷ്ടീയ പിന്തുണ കൂടി സംഘടനക്ക് ഉണ്ടെന്നതാണ് ഹർത്താൽ വിജയിക്കാൻ ഇടയാക്കുന്ന കാര്യവും.

അംബേദ്കർ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടയം എംജി സർവകലാശാല ക്യാമ്പസിലെ ദളിത് വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് രോഹിത് വെമുലയുടെ ഓർമ്മ ദിവസം ജില്ലയിൽ ഹർത്താൽ നടത്താൻ സിഎസ്ഡിഎസ് തീരുമാനിച്ചതും. കേരളത്തിൽ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ ഏറ്റവും ശക്തമായ ഹർത്താലാണ് ഇന്ന് കോട്ടയത്ത് നടന്നത്. കോട്ടയത്ത് തന്നെയാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രവും.

ചേരമ സാംബവ (പുലയ പറയ) വിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യങ്ങളായി വിദ്യാഭ്യാസ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, സംരക്ഷണം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയാണ് ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ലക്ഷ്യം. കോട്ടയത്ത് സ്വാധീനം തെളിയിച്ച് തുടങ്ങിയ സംഘടനയ്ക്ക് എന്നും കരുത്തായിരുന്നത് പൂഞ്ഞാറിലെ ജനപ്രതിനിധി പിസി ജോർജ്ജായിരുന്നു. മധ്യ തിരുവിതാംകൂറിൽ പിസി ജോർജ്ജിന്റെ സഹായത്താൽ പ്രവർത്തനം തുടങ്ങിയ സംഘടന ഇന്ന് കേരളത്തിലുടനീളം വേരുറപ്പിച്ചിരിക്കുന്നു. മൈക്രോ ഫിനാൻസ് ഇടപെടലിലൂടെ കൂടുതൽ സമുദായ അംഗങ്ങളെ ഒപ്പം കൂട്ടി. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ കരുത്ത് കാട്ടാവുന്ന സ്വാധീന ശക്തിയായി സംഘടന മാറിയിരിക്കുന്നു. ഇതിന് തെളിവാണ് ഇപ്പോഴത്തെ ഹർത്താലും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടത്തിയ ശക്തിപ്രകടനവും.

പതിനായിരങ്ങളെ അണിനിരത്തിയായിരുന്നു തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തു സംഘടന സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചത്. ഡോ. ബി. ആർ. അംബേദ്ക്കറുടെ മഹദ് വചനമായ സ്വയം സഹായമാണ് ഏറ്റവും വലിയ സഹായം എന്ന ആപ്ത വാക്യത്തെ മുൻനിർത്തി, ചേരമ സാംബവ കുടുബങ്ങളുടെ സ്വയം പര്യാപ്തത ലക്ഷമാക്കി, രുപീകരിക്കപ്പെട്ടിട്ടുള്ള ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയും ഇന്ന് സജീവമാണ്. 2013 നവംബർ മാസം 17ാം തീയതി കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാനതല ഉദ്ഘാടനത്തോടെ തുടക്കം കുറിച്ച ചെസാം ഇന്ന് 500ൽപരം മൈക്രോഗ്രൂപ്പുകൾ സംസ്ഥാനത്ത് രൂപീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയുടെ കരുത്തിലാണ് കുടുംബ സംഗമം ഗംഭീരമാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞത്.

നൂറ്റാണ്ടുകളായി സവർണ വിഭാഗത്തിന്റെ അടിച്ചമർത്തലുകൾക്കു വിധേയമായി സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതിയും നാനാവിധമായ ഉന്നമനവുമാണ് ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറയുന്നു. ജനാധിപത്യപരമായി സാധാരണക്കാരായ അടിസ്ഥാന വർഗ ജനങ്ങളെ സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. സോഷ്യലിസം പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചേരമന്റേയും സാംബവന്റേയും കാര്യത്തിൽ ഇക്കാര്യം ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തുല്യനീതി പറയുന്നതല്ലാതെ അത് പ്രാവർത്തികമാക്കാൻ ആരും തയ്യാറാകുന്നില്ലെന്നും പറയുന്നു. ഈ വാക്കുകളിൽ നിന്ന് തന്നെ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമെന്നും വ്യക്തം.

സംഘടനയുടെ വർദ്ധിച്ചുവരുന്ന ശക്തി സിപിഎമ്മിനെയാണ് അലോസരപ്പെടുത്തുന്നത്. കോട്ടയത്തെ സിപിഎമ്മിന്റെ അടിത്തറയിൽ വിള്ളൽ വീഴ്‌ത്തും വിധത്തിലാണ് ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ മുന്നേറ്റം. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ ബിഎസ്‌പി മോഡലിൽ ദളിത് മുന്നേറ്റത്തിന് സംഘടനയുടെ പ്രവർത്തനത്തിലൂടെ സ്ാധിക്കുമെന്ന് കരുതുന്നുവരും ഏറെയാണ്. നേരത്തെ മൃതദേഹത്തോട് അനാദവരവ് കാണിച്ചു എന്നാരോപിച്ച് സംഘടന നടത്തിയ ഇടുക്കി ഹർത്താലും വിജയത്തിൽ കലാശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP