'റേഞ്ച് ഇല്ലാത്തൊരു പട്ടിക്കാട്ടിൽ, എങ്ങനെ കാണും തുണ്ടുപടം'; സിഎസ്ഐ സഭയുടെ ലോ കോളേജിൽ പെൺകുട്ടികൾ സമരം ചെയ്പ്പോൾ വിളിച്ച മുദ്രാവാക്യം അശ്ലീലമാക്കി അടർത്തി പ്രചരിപ്പിച്ചവർക്ക് മേൽ പിടിവീഴും; മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി തുടങ്ങി; സ്വവർഗാനുരാഗികളും തുണ്ടും പടം കാണലുകാരുമാണെന്ന് വിദ്യാർത്ഥിനികളെ അധിക്ഷേപിച്ച പ്രിൻസിപ്പലും മാപ്പു പറയേണ്ടി വരും
February 13, 2018 | 04:23 PM | Permalink

അരുൺ ജയകുമാർ
തിരുവനന്തപുരം: സിഎസ്ഐ സഭയുടെ പാറശ്ശാലയിലെ ലോ കോളേജിൽ പെൺകുട്ടികൾ സമരം ചെയ്തത് അശ്ലീല സിനിമ കാണാൻ വേണ്ടിയാണെന്ന് പ്രചരിപ്പിച്ചവർക്കെതിരെ നടപടി വരുന്നു. മെസ്സിലെ ഭക്ഷണം മോശമായതിനെ തുടർന്ന് പെൺകുട്ടികൾ ഭക്ഷ്യ സുരക്ഷ വകുപ്പിന് പരാതി നൽകി പൂട്ടിച്ചതിന് പ്രതികാരമായി കുട്ടികളോട് വീടുകളിൽ പൊയ്ക്കോളാൻ നിർദ്ദേശിച്ചതിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളോട് പ്രിൻസിപ്പാൾ പ്രസന്ന ടീച്ചർ ചോദിച്ചത് നിങ്ങൾക്ക് അവിടെ രാത്രി പരിപാടി തുണ്ട് പടങ്ങൾ കാണുന്നതല്ലേ എന്നാണ്. ഇതിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികൾ സമരത്തിൽ റെയ്ഞ്ചില്ലാത്തൊരു പട്ടിക്കാട്ടിൽ ബ്ലൂഫിലിമെങ്ങനെ കാണാനാ എന്ന മുദ്രാവാക്യം വിളിച്ചത്. ഇതിന് മുൻപും ഇതിന് ശേഷവും വിളിച്ച മുദ്രാവാക്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം ഇത് മാത്രം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
സിഎസ്ഐ മാനേജ്മെന്റിന്റെ വനിതാ ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും വൃത്തിയില്ലാത്ത അന്തരീക്ഷത്തിലുള്ള ഭക്ഷണവുമെല്ലാമായിരുന്നു വിദ്യാർത്ഥിനികളുടെ പ്രശ്നങ്ങൾ. ഇവ പരിഹരിക്കുക എന്നതായിരുന്നു ആവശ്യം.ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയത്. മുൻപ് പല തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞ് നോക്കാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്. പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗം മെസ് പൂട്ടിച്ച ശേഷം വീണ്ടു തുറക്കണമെങ്കിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ നിർദ്ദേശിച്ചു. ഇതിന് പ്രതികാരമായി 18ന് പരീക്ഷ തുടങ്ങാനിരിക്കെ കുട്ടികളോട് വീട്ടിൽ പോകാൻ പറഞ്ഞതിനായിരുന്നു സമരം ആരംഭിച്ചത്. പിന്നീട് വീട്ടുകാരെ ഉൾപ്പടെ വിളിച്ച് വരുത്തിയ ശേഷം ചർച്ച നടത്തിയിരുന്നു.
സമരം ചെയ്ത കുട്ടികളോട് പ്രിൻസിപ്പാൾ ഡോക്ടർ എ പ്രസന്ന വളരെ മോശകരമായിട്ടാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു നിങ്ങൾക്ക് രാത്രിയിൽ തുണ്ടുപടം കാണുന്നതാണ് ഇവിടെ പരിപാടി. അതുകൊണ്ടാണ് രാവിലെ എഴുന്നേറ്റ് കോളേജിൽ വരാൻ ബുദ്ധിമുട്ട്. അതാണ് എതിർലിംഗത്തിൽ പെട്ടവരോട് ഇത്ര താൽപ്പര്യം. നിങ്ങൾക്കിടയിൽ സ്വവർഗാനുരാഗികൾ ഉണ്ട്.' എന്നെല്ലാമാണ് പ്രിൻസിപ്പൽ ഡോ. എ. പ്രസന്ന തങ്ങളോട് പറഞ്ഞതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. മാധ്യമപ്രവർത്തകരോടും പ്രിൻസിപ്പൽ ഇതേ കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതിനെതിരെയാണ് കുട്ടികൾ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിച്ചത്.
'റേഞ്ച് ഇല്ലാത്തൊരു പട്ടിക്കാട്ടിൽ, എങ്ങനെ കാണും തുണ്ടുപടം' എന്നായിരുന്നു പെൺകുട്ടികൾ വിളിച്ച മുദ്രാവാക്യം എന്ന രീതിയിൽ പ്രചരിച്ചത്.എന്നാൽ ഇതിന് ശേഷം ഹോസ്റ്റലിലെ മോശം ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേയും ഭക്ഷണം മോശമായി എന്ന് പരാതി നൽകി ഭക്ഷ്യ സുക്ഷാ വകുപ്പ് മെസ് പൂട്ടിയതിന് പ്രതികാരമായി ഇറക്കി വിട്ടപ്പോൾ കിടപ്പാടം പോയേ എന്നുൾപ്പടെപെൺകുട്ടികൾ വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്തിരുന്നു.
പിന്നീട് സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഇടപെട്ട് ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറി പ്രഥിൻ സാജ് കൃഷ്ണയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 14ന് കോളേജിൽ വീണ്ടും ക്ലാസ് തുടങ്ങാമെന്നും ഹോസ്റ്റലിലെ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം കാണാമെന്നും തീരുമാനമായിരുന്നു. എന്നാൽ വിവാദ പോസ്റ്റ് ഷെയർ ചെയ്തർക്കെതിരെ സൈബർ സെല്ലിന് പരാതി നൽകിയിരിക്കുകയാണ് വിദ്യാർത്ഥിനികൾ. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയും വിദ്യാർത്ഥികളും ചേർന്നാണ് സ്ഥലം സ്റ്റേഷനിലെ എസ്ഐ സിഐ എന്നിവർക്കും പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
പെൺകുട്ടികളെ മോശകരമായി ചിത്രീകരിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചവരെ എത്രയും വേഗം പിടികൂടുക, അദ്ധ്യാപികയ്ക്ക് യോജിക്കാത്ത പ്രയോഗങ്ങൾ നടത്തിയ പ്രിൻസിപ്പൾ എത്രയും വേഗം മാപ്പ് പറയുക എന്നിവയാണ് സമരമിരിക്കുന്ന വിദ്യാർത്ഥിനികളുടെ ആവശ്യം.