Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാത്രിയാത്ര കഴിഞ്ഞു റെയിൽവേ സ്‌റ്റേഷനിൽ എത്തിയ യാത്രക്കാർ നട്ടം തിരിഞ്ഞു; 500 രൂപ നൽകി പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാൻ തയ്യാറായി നിരവധി; ചില്ലറയില്ലാതെ കുഴങ്ങി കൗണ്ടർ ജീവനക്കാർ; 500, 1000 നോട്ടുകൾ എടുക്കില്ലെന്ന് ബോർഡ് വച്ച് വ്യാപാരികൾ; മദ്യം വാങ്ങാൻ എത്തിയ മദ്യപാനികളും വലഞ്ഞു: നോട്ടുകൾ പിൻവലിച്ച അപ്രതീക്ഷിത തീരുമാനത്തിൽ സാധാരണക്കാർ ദുരിതത്തിലായത് ഇങ്ങനെ

രാത്രിയാത്ര കഴിഞ്ഞു റെയിൽവേ സ്‌റ്റേഷനിൽ എത്തിയ യാത്രക്കാർ നട്ടം തിരിഞ്ഞു; 500 രൂപ നൽകി പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാൻ തയ്യാറായി നിരവധി; ചില്ലറയില്ലാതെ കുഴങ്ങി കൗണ്ടർ ജീവനക്കാർ; 500, 1000 നോട്ടുകൾ എടുക്കില്ലെന്ന് ബോർഡ് വച്ച് വ്യാപാരികൾ; മദ്യം വാങ്ങാൻ എത്തിയ മദ്യപാനികളും വലഞ്ഞു: നോട്ടുകൾ പിൻവലിച്ച അപ്രതീക്ഷിത തീരുമാനത്തിൽ സാധാരണക്കാർ ദുരിതത്തിലായത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടുനിരോധനം വലച്ചതു സാധാരണക്കാരെ. ദൂരയാത്ര കഴിഞ്ഞു റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയവരും ചെറുകിട കച്ചവടക്കാരും എന്തിനേറെ പറയുന്നു, മദ്യം വാങ്ങാനെത്തിയ സ്ഥിരം മദ്യപാനികളും കേന്ദ്രത്തിന്റെ 'സാമ്പത്തിക അടിയന്തരാവസ്ഥ'യിൽ വലഞ്ഞു.

ഇന്നലെ അപ്രതീക്ഷിതമായിരുന്നു 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. അപ്രതീക്ഷിതമായ തീരുമാനം കേട്ടപ്പോൾ തന്നെ ജനങ്ങൾ നെട്ടോട്ടം തുടങ്ങിയിരുന്നു. ഇനിയും ആ ഓട്ടം അവസാനിച്ചിട്ടില്ല. കൈയിലുള്ള അഞ്ഞൂറും ആയിരവും എങ്ങനെ ചില്ലറയാക്കി മാറ്റാമെന്ന ആശങ്കയിലാണ് എല്ലാവരും. ഇതിനായുള്ള പൊതുജനത്തിന്റെ നെട്ടോട്ടം കച്ചവട മേഖലയെ ഉൾപ്പടെ ബാധിച്ചു.

പലർക്കും വാർത്ത വിശ്വാസ്യവുമായിരുന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യുമെന്ന അന്ധാളിപ്പ് പലരിലും നിലനിൽക്കുകയാണ്. അതിന്റെ പ്രതിഫലനം തന്നെയാണ് ഇന്ന് രാവിലെ മുതൽ സംഭവിച്ചത്. സാധാരണക്കാർക്കിടയിലെ ഈ ആശയക്കുഴപ്പം കമ്പോളത്തിലും പൊതു ജീവിതത്തേയും ബാധിച്ചു. കച്ചവട സ്ഥാപനങ്ങളിലേയും പൊതുഗതാഗത സംവിധാനങ്ങളിലും ജോലി ചെയ്യുന്നവരെ പ്രതികൂലമായാണ് ഇതു ബാധിച്ചത്. നോട്ടുകൾ പിൻവലിച്ചതിൽ സമ്മിശ്ര പ്രതികരണമാണ് പൊതുജനത്തിനിടയിലുള്ളതെങ്കിലും നോട്ടുകൾ മാറാൻ ഇറങ്ങിയവർ ഏറെ ബുദ്ധിമുട്ടി എന്നതാണു യാഥാർഥ്യം.

കച്ചവട സ്ഥാപനങ്ങളിലും മറ്റും രാവിലെ മുതൽ ആളുകളെത്തിയത് 500, 1000 നോട്ടുകളുമായാണ്. കച്ചവടത്തിന്റെ ഭാഗമായി ബാക്കി തുക നൽകാൻ പോലും കഴിയാത്തതിനാൽ വ്യാപാരം നടക്കാത്ത അവസ്ഥയാണെന്ന് ഭൂരിഭാഗം കച്ചവടക്കാരും മറുനാടനോട് പറഞ്ഞു.

അസാധുവായ നോട്ടുകൾക്ക് പകരം ചില്ലറ ലഭ്യമാകുവാനായി പലരും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങിയിട്ട് 1000 രൂപയുടെ നോട്ടുകൾ നൽകുന്ന കാഴ്ചയാണ് നഗരത്തിലെ വിവിധ മാർക്കറ്റുകളിൽ കാണാനായത്. ചില്ലറ ഇല്ല എന്ന് കച്ചവടക്കാർ പറയുമ്പോൾ സാധനങ്ങൾ വാങ്ങാതെ പലരും തിരിച്ച് പോകുകയും ചെയ്തു. സാധാരണക്കാരായ കച്ചവടക്കാരെയും വഴിവാണിഭക്കാരെയുമാണ് നോട്ടുകൾ പിൻവലിച്ചത് കൂടുതലായും ബാധിച്ചത്. ദിവസവും ആകെ ഇവർ കച്ചവടം നടത്തുന്നത് 1000 രൂപയിൽ താഴെയാണ്. ഇന്ന് ലഭിക്കുന്ന തുക നാളെ ബാങ്കിൽ പോയി മാറേണ്ട സ്ഥിതി അടുത്ത ദിവസം പട്ടിണിയിലേക്ക് തള്ളിവിടുമെന്നാണ് വഴിയോരക്കച്ചവടക്കാരുടെ അഭിപ്രായം. അന്നേ ദിവസത്തെ വരുമാനം മാത്രമാണ് ജീവിതമാർഗം. ചില്ലറയില്ലാത്തതിനാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരുന്നുമില്ല.

തിരുവനന്തപുരം പേരൂർക്കട മാർക്കറ്റിൽ പ്രായമായ സ്ത്രീകൾ നിരവധിയാണ് വ്യാപാരികളായി എത്തിയത്. ഇവർക്ക് ഒരു ദിവസം ലഭിക്കുന്ന മൊത്തം തുക തന്നെ 500ൽ താഴെയാണ്. അത്കൊണ്ട് തന്നെ ഇന്ന് ആരും സാധനങ്ങൾ വാങ്ങാൻ തങ്ങളെ സമീപിക്കുന്നില്ലെന്ന് പറയുമ്പോൾ നെടുമങ്ങാട് സ്വദേശിനിയായ ഭാർഗവിയമ്മയുടെ ശബ്ദം ഇടറി. ബാങ്കിൽ പോയാൽ പുതിയ നോട്ടുകൾ നാളെമുതൽ ലഭ്യമാകുമെന്ന വിവരം പറഞ്ഞ് കൊടുത്തപ്പോൾ അപ്പോൾ നാളെ എങ്ങനെ കച്ചവടം നടക്കുമെന്നായിരുന്നു ഭാർഗവിയമ്മയുടെ ചോദ്യം. ഇത് മാർക്കറ്റിലെ ഒറ്റപെട്ട സംഭവമല്ല സാധാരണക്കാരായ കച്ചവടക്കാർക്കിടയിൽ മുഴുവൻ ഇതാണ് അവസ്ഥ.

രാവിലെ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു

പ്രതീക്ഷിതമായി നോട്ടുകൾ പിൻവലിച്ചത് കാരണം വഴിയിലായത് രാവിലെ തലസ്ഥാനത്തെത്തിയ മലബാറിൽ നിന്നുമുള്ള യാത്രക്കാരാണ്. രാത്രി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമ്പോൾ യാത്രയിലായിരുന്ന പലരും ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയതോടെയാണ് വാർത്ത സത്യമാണെന്നറിഞ്ഞത്. യാത്രയിലായിരുന്നത് കാരണം പലരും പണം കൈവശം സൂക്ഷിക്കാതെ അക്കൗണ്ടുകളിൽ സൂക്ഷിക്കുകയായിരുന്നു. എടിഎം ഉൾപ്പടെ അടച്ച് പൂട്ടിയതിനാൽ പലരും പെരുവഴിയിലായ അവസ്ഥയിലാണ്. രാവിലെ പലരും പ്രഭാത കർമ്മങ്ങൾ നിർവഹിക്കാൻ പോലും റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റുകളെ ആശ്രയിക്കുകയായിരുന്നു. ആർസിസി അടക്കമുള്ളടത്തേക്കുള്ള രോഗികളും റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി.

റെയിൽവെ കൗണ്ടറുകളിലും തർക്കം രൂക്ഷം

റെയിൽവേ കൗണ്ടറുകളിൽ പഴയ നോട്ടുകൾ സ്വീകരിക്കുമെന്ന വാർത്തയെതുടർന്ന് രാവിലെ മുതൽ ഇവിടെയും വലിയ തിരക്ക് തന്നെയായിരുന്നു. എന്നാൽ, ചില്ലറ ക്ഷാമം റെയിൽവേ കൗണ്ടറുകളേയും ബാധിച്ചതോടെ യാത്രക്കാർ ബഹളം വെക്കുന്ന സ്ഥിതിയിലേക്കും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാറി. പലരും പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാനെത്തി 500 രൂപയും ആയിരം രൂപയും മാറാനുള്ള ശ്രമം നടത്തിയതും വലിയ തർക്കങ്ങൾക്ക് ഇടയാക്കി. ഹ്രസ്വദൂര ടിക്കറ്റെടുക്കാൻ എത്തിയവരും ആയിരത്തിന്റെ നോട്ടുകൾ മാറാനുള്ള ശ്രമമാണു നടത്തിയത്. നിരവധി തവണയാണു തർക്കങ്ങളിൽ പൊലീസിന് ഇടപെടേണ്ടി വന്നത്.

പോസ്റ്റ് ഓഫീസുകളുടെ കാര്യവും വിഭിന്നമല്ല. ചില്ലറക്കാര്യത്തിലെ തർക്കം രൂക്ഷമായതോടെ പല പോസ്റ്റ് ഓഫീസുകളും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു.

സ്വകാര്യ ആശുപത്രിയിലും ചില്ലറത്തർക്കം

സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തിയവരും വലിയ പ്രതിസന്ധിയിലായി. മിക്കവരുടേയും കയ്യിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണുണ്ടായിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കു വലിയ തുകയുടെ നോട്ടുകൾ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പാലിക്കാതെ ആശുപത്രി അധികൃതരും എരിതീയിൽ എണ്ണയൊഴിച്ചു. ഒപി ടിക്കറ്റെടുക്കാൻ പോലും അധികൃതർ വിസമ്മതിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ട പലർക്കും പണമടക്കാനും പറ്റിയില്ല. അഞ്ഞൂറും ആയിരവും വാങ്ങുന്നതു സർക്കാർ ആശുപത്രികളിൽ മാത്രമെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ഇതോടെ പല കൗണ്ടറുകളിലും സംഘർഷം രൂക്ഷമായി.

500, 1000 രൂപ നോട്ടുകൾ ഇവിടെ സ്വീകരിക്കില്ല

ന്നു സാധനം വാങ്ങാൻ എത്തിയ ഉപഭോക്താക്കളെ വിവിധ കടകൾക്കു മുന്നിൽ കാത്തിരുന്നത് '500, 1000 രൂപ നോട്ടുകൾ ഇവിടെ സ്വീകരിക്കില്ല' എന്ന ബോർഡുകളായിരുന്നു. മൊത്ത വ്യാപാര വിതരണക്കാർക്ക് തലേ ദിവസം രാവിലെ തന്നെ പണം നൽകിയതിനാൽ കച്ചവടത്തിനുള്ള സാധനങ്ങൾ ഇന്ന് രാവിലെ തന്നെ എത്തുകയായിരുന്നു. ഇന്ന് വന്ന സാധനങ്ങൾ വിറ്റ് തീരാത്തതിനാൽ നാളത്തേക്കുള്ള ഓർഡർ നൽകണോ വേണ്ടയോ എന്ന ആശയക്കുഴപ്പമാണ് ഇടത്തരം കച്ചവടക്കാർക്കിടയിൽ.

സവാരി വിളിച്ച യാത്രക്കാർ ഓട്ടോറിക്ഷക്കാരെയും വലച്ചു

ച്ചവടക്കാർക്കിടയിൽ മാത്രമല്ല ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്കിടയിലും ആശയക്കുഴപ്പവും പ്രതിസന്ധിയും രൂക്ഷമാണ്. സവാരി വിളിച്ച ശേഷം പലരും നൽകുന്നത് 500, 1000 നോട്ടുകളാണ്. ബാക്കി നൽകാനാകാതെ സവാരിക്കാരുമായി തർക്കത്തിനിടയാകുന്നുവെന്നും ഓട്ടോറിക്ഷ-ടാക്‌സി തൊഴിലാളികൾ പറഞ്ഞു. പെട്രോൾ പമ്പുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പലരും നൂറ് രൂപയ്ക്കും 200 രൂപയ്ക്കും പെട്രോളടിച്ച ശേഷം 1000 രൂപയുടെ നോട്ടുകളാണ് നൽകുന്നതെന്നും ബാക്കി നൽകാൻ ചില്ലറയില്ലെന്ന് പറയുമ്പോൾ പലരും കയർത്ത് സംസാരിക്കുന്നതും പതിവായി. ഇത് തന്നെയാണ് ഇന്നലെ രാത്രി മുതലുള്ള അവസ്ഥയെന്ന് പമ്പ് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

മദ്യപാനികളെയും വലച്ചു കേന്ദ്ര തീരുമാനം

ദ്യം വാങ്ങാൻ ബിവറേജസുകൾക്കു മുന്നിലെത്തിയവരും കടയ്ക്കു മുന്നിൽ എത്തിയപ്പോൾ കണ്ടത് 500ഉം ആയിരവും സ്വീകരിക്കില്ലെന്ന ബോർഡുകൾ. ചില്ലറ കൊണ്ടു വന്നാൽ മാത്രമേ മദ്യം വാങ്ങാൻ കഴിയൂ എന്ന അവസ്ഥ സ്ഥിരം മദ്യപാനികളെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ചില്ലറ കരുതാത്ത മദ്യപാനികൾ ജീവനക്കാരെ അധിക്ഷേപിച്ചുകൊണ്ടാണു മടങ്ങിയത്.

വിനോദസഞ്ചാരകേന്ദ്രങ്ങളിലും തർക്കം രൂക്ഷം

വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തി ടിക്കറ്റുകൾക്കും വാഹനപാർക്കിങ്ങിനും അഞ്ഞൂറും ആയിരവും ജനങ്ങൾ നൽകിയതും സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം മൃഗശാല ക്യാമ്പസിൽ പാർക്കിങ്ങിനു വാഹനം കൊണ്ടു വന്ന് അഞ്ഞൂറു രൂപയും ആയിരം രൂപയും മാറ്റാൻ പലരും ശ്രമിച്ചു. സുരക്ഷാജീവനക്കാരുമായുള്ള തർക്കത്തിനും ഇതു കാരണമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP