Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളം അങ്കമാലി രൂപതയെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി! സഹായമെത്രാന്മാരുടെ മെത്രാൻപട്ടവും വൈദികരുടെ പൗരോഹിത്യപട്ടവും റദ്ദാക്കി! സീറോ മലബാർ സഭ വിഷയത്തിലെ കടുപ്പക്കാരനായ ഫാ.മുണ്ടാടൻ സൈബർ ഗൂണ്ടയെ പോലെ രംഗത്ത്; മെത്രാൻ പട്ടികയിൽ നിന്നും വെട്ടിയതിന്റെ കലിപ്പെന്ന് എതിർപക്ഷക്കാർ

എറണാകുളം അങ്കമാലി രൂപതയെ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി! സഹായമെത്രാന്മാരുടെ മെത്രാൻപട്ടവും വൈദികരുടെ പൗരോഹിത്യപട്ടവും റദ്ദാക്കി! സീറോ മലബാർ സഭ വിഷയത്തിലെ കടുപ്പക്കാരനായ ഫാ.മുണ്ടാടൻ സൈബർ ഗൂണ്ടയെ പോലെ രംഗത്ത്; മെത്രാൻ പട്ടികയിൽ നിന്നും വെട്ടിയതിന്റെ കലിപ്പെന്ന് എതിർപക്ഷക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'എറണാകുളം-അങ്കമാലി രൂപതയെ മഹറോൻ ചൊല്ലി മാർപ്പാപ്പ കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കി.ഇനി മുതൽ ഈ സഭ സീറോ-മലബാർ സഭയിൽ അംഗമായരിക്കില്ല.അതിരൂപതയിലെ സഹായ മെത്രാന്മാരുടെ മെത്രാൻ പട്ടവും, 456 വൈദികരിൽ 446 പേരുടെ പൗരോഹിത്യ പട്ടവും, 5 ലക്ഷം അൽമായരുടെ മാമോദീസയും മാർപ്പാപ്പ തിരിച്ചെടുത്തു.എന്നാൽ ഫാ.ആന്റണി പൂതവേലി,ഫാ.ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ.ജോസ് പുതിയേടം, ഫാ.ജോസ് തോട്ടക്കര എന്നിവർക്ക് വൈദിക പട്ടം നൽകാനും തീരുമാനിച്ചു.സഹായ മെത്രാന്മാരോട് ആഫ്രിക്കയ്ക്ക് പോകാനും, വൈദികരോട് തൂമ്പാപ്പണിക്ക് പോകാനും നിർദ്ദേശിച്ചത്ര!... ഇന്നലെ മറൈൻഡ്രൈവിൽ നടന്ന ഒരുലക്ഷം പേരുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചാണ് മാർപ്പാപ്പ ഈ തീരുമാനമെടുത്തിരിക്കുന്നത്.'

അങ്കമാലി ഫൊറോന പള്ളി വികാരിയും വൈദിക സമിതി സെക്രട്ടറിയുമായ ഫാ. കുര്യാക്കോസ് മുണ്ടാടൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണിത്. സമാനമായ പോസ്റ്റുകളിലൂടെ സീരോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ താറടിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട് അന്വേഷിക്കാൻ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചതോടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇരുനൂറോളം വൈദികർ പരസ്യമായി രംഗത്തെത്തിയിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എറണാകുളം ബസ്ലിക്കയിൽ യോഗം ചേർന്ന ഇവർ ഈ ആവശ്യമുന്നയിച്ച് സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് നിവേദനം നൽകി. ബസ്ലിക്കയിൽ നിന്ന് മേജർ ആർച്ച് ബിഷപ്പിന്റെ ആസ്ഥാനത്തേക്ക് വൈദികർ ഒരുമിച്ചെത്തുകയായിരുന്നു.

കർദിനാൾ സ്ഥാനമൊഴിയണമെന്ന് വൈദിക സമിതി യോഗങ്ങളിൽ വൈദികർ ആവശ്യപ്പെട്ടിരുന്നെങ്കിലും പരസ്യപ്രതിഷേധത്തിന് മുതിർന്നത് ആദ്യമാണ്. വിവരം സിനഡിനെയും മാർപാപ്പയെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ട വൈദികരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ ഫാ.കുര്യാക്കോസ് മുണ്ടാടനായിരുന്നു.

ഷംസബാദ് രൂപതയിലെ മെത്രാനായി ഫാ.കുര്യാക്കോസ് മുണ്ടാടനെ വാഴിക്കാൻ തെക്കൻ മെത്രാന്മാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ സിനഡിൽ അതുപാസാകാതെ പോയത് കർദ്ദിനാൾ മാർ ആലഞ്ചേരിയാണെന്ന വിശ്വാസത്തിലാണ് ഫാ.മുണ്ടാടൻ അദ്ദേഹത്തിനെതിരെ വിദ്വേഷത്തോടെ ആഞ്ഞടിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.

നിലവിലുള്ള സാഹചര്യത്തെ ഫാ.മുണ്ടാടനും കൂട്ടരും ചൂഷണം ചെയ്ത് രാഷ്ട്രീയക്കാരെ പോലെ പെരുമാറുകയാകയാണെന്നാണ് ചില വിശ്വാസികളുടെ ആരോപണം

റികസൺ ജോസ് എഴുതുന്നു:

ഫാ. മുണ്ടാടനോട് ഏഴു ചോദ്യങ്ങൾ...

1. അച്ചനും കൂട്ടരും കൊടുത്ത പരാതി സിനഡും റോമും സ്വീകരിച്ച് നടപടിയെടുക്കാൻ വൈകുന്നു എന്ന നിങ്ങളുടെ ന്യായീകരണത്തിന് എന്തു ന്യായമുണുള്ളത്? പരാതി കൊടുത്ത ഉടനെ നിങ്ങൾ കരുതുന്ന വിധി പുറപ്പെടുവിക്കാൻ കാത്തിരിക്കുകയല്ല അവിടെയാരും. അവർക്കു പരിശോധിക്കണം. അതിനു സമയമെടുക്കും. ദ്രുതഗതിയിൽ നടക്കുന്ന കാര്യമാണോ അത്?

2, നിങ്ങൾ സാഹചര്യത്തെ പിതാവിനെതിരാക്കാൻ ഉപയോഗിക്കുകയായിരുന്നില്ലേ? അതായത്, ഹൈക്കോടതിയുടെ പരാമർശമേറ്റ പിതാവിനെ ജനവികാരത്തിനനുസരിച്ച് ഉടനടി തെരുവിലും മീഡിയയിലും നേരിട്ടു. വാർത്താ തരംഗം പ്രയോജനപ്പെടുത്തി. ഇതു തന്നെയാണ് രാഷ്ട്രീയക്കാരും ചെയ്യുന്നത്. നിങ്ങളും അധികാരത്തിനുവേണ്ടി ചെളിവാരിയെറിയുന്ന രാഷ്ട്രീയക്കാരും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

3, ആത്മീയതയുടെ വസ്ത്രമണിഞ്ഞ നിങ്ങളിൽ വിവേകത്തിന്റെ അംശമുണ്ടായിരുന്നെങ്കിൽ അല്പം കൂടി കാത്തിരുന്ന് സഭാതലങ്ങളിൽ തന്നെ ഇതു പരിഹരിക്കുമായിരുന്നില്ലേ? അങ്ങനല്ലാതെ ഈ ചാനലായ ചാനലുകളെല്ലാം കയറിയുള്ള താങ്കളുടെ വിളമ്പൽ സഭ നിങ്ങൾക്കു നൽകിയ വൈദീക പദവിയുടെ ദുരുപയോഗമല്ലേ? ഈ അഹങ്കാരമല്ലേ സാധാരണ വിശ്വാസികളിൽ നിങ്ങളോട് പുച്ഛം ജനിപ്പിക്കുന്നത്?

4. കോടതിയുടെ പരാമർശമേക്കുന്നവർക്കെല്ലാം എതിരെ നിങ്ങൾ ഇങ്ങനെ ജാഥ നടത്തുമോ? അഭയ കേസിൽ ഒരു അച്ചനും കന്യാസ്ത്രീക്കുമെതിരേ കോടതി കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തി. അവരെ സഭയിൽ നിന്നു പുറത്താക്കണമെന്ന് താങ്കൾ പത്രസമ്മേളനം നടത്തി പറഞ്ഞോ? എന്തേ ഈ കാര്യത്തിൽ മാത്രം ഇത്ര ആവേശം?

5, സിനഡും സഭയും വേണ്ടവിധം അന്വേഷിച്ച് ആവശ്യത്തിനു സമയമെടുത്ത് മാന്യമായി ഇതു പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ അതിലംഘിക്കാൻ #താങ്കളാരാണ്? സഭ നൽകിയ പൗരോഹിത്യമല്ലേ താങ്കൾക്കുള്ളൂ...
സഭയേക്കാൾ വലുതാണോ ഈ മുണ്ടാടൻ? സഭാ സിനഡിനെ വിശ്വാസത്തിലെടുക്കാതെ പ്രശ്‌നത്തെ തെരുവിലും മീഡിയയിലും നേരിടുന്ന താങ്കളും കൂട്ടരും സഭയെ പുറങ്കാലുകൊണ്ട് ചവിട്ടി അവഹേളിക്കുകയല്ലേ? അതിലും ഭേദം സഭ വിട്ടു പോകുന്നതല്ലേ?

6, സ്ഥല വില്പനയും വാങ്ങലും അടങ്ങുന്ന ഒരു വർഷത്തിലധികമെടുത്ത ഈ പ്രോസസ് ആലഞ്ചേരി പിതാവു മാത്രം സ്വന്തം താത്പര്യത്തിൽ ചെയ്തു എന്നു പറയുന്നത് ഒരു വലിയ നുണയല്ലേ? അതിൽ ഉൾപ്പെട്ടവരെയെല്ലാം കണ്ടെത്തി സത്യസന്ധമായ ഒരു അന്വേഷണത്തിനു വേണ്ടിയല്ലേ താങ്കൾ വാദിക്കേണ്ടത്? ജനം പിരിവായും ദാനമായും സഭയ്ക്കു നൽകിയ ഈ സമ്പത്തിനെ സംബന്ധിച്ച് വിവിധ രൂപതകളിലെ വിശ്വാസികളടങ്ങുന്ന ഒരു സമിതിയെകൊണ്ട് അന്വേഷണം നടത്താൻ തയ്യാറാണോ?

7. കേസെടുക്കലും പ്രാഥമിക പരാമർശങ്ങൾ നടത്തലും ഏതു കോടതിയും ആർക്കെതിരേയും ആകാവുന്ന ഈ രാജ്യത്ത് ആരോപണത്തിന്റേയും പരാമർശത്തിന്റേയും പേരിൽ കർദ്ദിനാൾ മാറി നിൽക്കണമെന്നു പറയുന്നതിൽ എന്തു യുക്തിയുണ്ട്? ഒരു ആരോപണമുണ്ടിയാൽ താങ്കൾ വൈദീക ജീവിതത്തിൽ നിന്നും പദവികളിൽ നിന്നും രാജിവയ്ക്കുമോ? മന്ത്രിമാരെപോലെ രാജിവയ്ക്കാനും തിരിച്ചു വരാനും സാധിക്കുന്നതാണോ കാനൻ നിയമത്തിലധിഷ്ടിതമായ സഭാതലവന്റെ ഈ പദവി? അതോ താങ്കൾക്കും കൂട്ടർക്കും ഇഷ്ടപ്പെടാത്ത വ്യക്തിയെ ആ പദവിയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണോ?

സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പുരോഹിതന്മാർ പരസ്യമായി രംഗത്തെത്തിയതോടെ എതിർപ്പുമായി സഭാ വിശ്വാസികൾ തെരുവിൽ ഇറങ്ങി. കർദിനാളിനെതിരെ രംഗത്തിറങ്ങിയ വിമത വൈദികർക്കെതിരെ രോഷപ്രകടനവുമായാണ് വിശ്വാസികൾ രംഗത്തെത്തിയത്. കൊച്ചിയിൽ ബിഷപ്പ് ഹൗസിന് മുന്നിലേക്ക് വിശ്വാസികൾ മാർച്ചു നടത്തി. വിമത വൈദികരെ നയിക്കുന്ന സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനും മറ്റുള്ളവർക്കുമെതിരെ മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായാണ് വിശ്വാസികൾ തെരുവിലിറങ്ങത്. ഞങ്ങൾ വലിയ ഇടയനൊപ്പം എന്നെഴുതി പോസ്റ്ററിന് പിന്നിൽ വിശ്വാസികൾ അണിനിരന്നു.

മുണ്ടാടന്റെ ഗുണ്ടാ സംഘത്തെ സഭയിൽ നിന്നും പുറത്താക്കുക.. വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ.. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്. കർദിനാളിനെ പിന്തുണച്ചു കൊണ്ട് വിശ്വാസികളും രംഗത്തെത്തി. കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് ബിഷപ്പ് ഹൗസിൽ സമാപിച്ചു. നിരവധി വിശ്വാസികൾ സംസാരിച്ചു. മാർ ആലഞ്ചേരിയെ പുറത്താക്കാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് പറഞ്ഞാണ് വിശ്വാസികൾ പ്രസംഗിച്ചത്. ജോർജ്ജ് ആലഞ്ചേരിയെ കള്ളക്കേസിൽ കുടുക്കുകായാണ്. ഭൂമി ഇടപാടിൽ നഷ്ടമുണ്ടായില്ല. എടയന്ത്രത്തിന്റെ കുതന്ത്രങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴച്ചതും മോശമായ നടപടി ആയെന്നും വിശ്വാസികൾ വിമർശിച്ചു.

ഭൂമി ഇടപാടിൽ സെബാസ്റ്റ്യൻ എടയന്ത്രത്താണ് ഇല്ലാത്ത പ്രശ്നങ്ങൾ പെരുപ്പിച്ചു കാണിച്ചതെന്നും പ്രതിഷേധ മാർച്ചിൽ പ്രസംഗിച്ചവർ ആരോപിച്ചു. ഇപ്പോഴത്തെ പ്രശ്നനങ്ങളുടെ പേരിൽ പിതാവിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും വിശ്വാസികൾ പറഞ്ഞു. കർദിനാളിനെതിരെ നീക്കമുണ്ടായാൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിശ്വാസികളുടെ തീരുമാനം. കർദ്ദിനാൾ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം പുരോഹിതർ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നേരിട്ട് കണ്ട് കത്ത് നൽകിയിരുന്നു. കർദിനാൾ സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടാണ് കത്തു നൽകിയത്. ഇതിനെതിരെയാണ് കടുത്ത അമർഷം വിശ്വാസികൾക്കിടയിലുണ്ട്. കർദിനാളിനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ പൊതു വികാരം.ഇതിനിടെ ഭൂമി വിവാദത്തിൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന രേഖകളുമായി നിയമ പോരാട്ടത്തിന് വിശ്വാസികൾ രംഗത്തെത്തിയിരുന്നു. രൂപതയുടെ ഭൂമി വിൽക്കുന്നതിനു തീരുമാനമെടുത്തതും, അഡ്വാൻസ് തുക വാങ്ങിയതും സഹായമെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്താണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഭൂമിവിൽപ്പന വിവാദത്തിൽ പ്രധാന ആരോപണ വിധേയനായ പ്രൊക്യുറേറ്റർ ജോഷി പുതുവയെ ഇതിനായി നിയോഗിച്ചത് സെബാസ്റ്റ്യൻ എടയന്ത്രത്ത് ആണെന്നും രേഖകളിലുണ്ട്. എന്നാൽ എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ് എടയന്ത്രത്ത് എന്നാണ് ആരോപണം.

സഹായമെത്രാനെതിരായ രേഖകൾ കേസിന്റെ തുടർ നടപടികളിൽ ആയുധമാക്കാനും കർദ്ദിനാൾ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കേസിൽ സഹായമെത്രാനും പ്രതിയാകുമെന്ന് ഉറപ്പായി. കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് വിമതർ ആലഞ്ചേരിക്കെതിരെ രംഗത്തിറങ്ങിയത്.വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഭയ്ക്കുണ്ടായ പ്രതിസന്ധിക്ക് മുഖ്യകാരണക്കാരൻ കർദ്ദിനാളും മേജർ ആർച്ചുബിഷപ്പുമായ മാർ ജോർജ്ജ് ആലഞ്ചേരിയാണെന്ന് കത്തിൽ പുരോഹിതർ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ തീരുന്നതുവരെ ആലഞ്ചേരി എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ അധാർമ്മികവും വഴിവിട്ട സാമ്പത്തിക ഇടപാടുമാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് സഭയെ തള്ളിവിട്ടതെന്നും കത്തിലുണ്ട്.

കർദ്ദിനാൾ സ്ഥാനമൊഴിയണമെന്ന് പുരോഹിതർ ആവശ്യപ്പെട്ട കാര്യം മാർപ്പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നും സഹായമെത്രാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതർക്കുവേണ്ടി ഫാ. കുര്യാക്കോസ് മുണ്ടാടനാണ് കത്ത് നൽകിയത്. അതേസമയം വിമത വൈദികരുടെ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് വിശ്വാസി സമൂഹത്തിൽ നിന്നും ഉണ്ടാകുന്നത്.സാമ്പത്തിക- നിയമ വിദഗ്ധരടങ്ങിയ അതിരൂപതാ സാമ്പത്തിക സമിതിയും അതിരൂപതയുടെ ഭരണ സമിതിയും എല്ലാ അംഗീകാരങ്ങളും നൽകിയ സ്ഥല വിൽപ്പനയിൽ അതിരൂപതാധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരി ഒപ്പുവയ്ക്കുകയായിരുന്നു. അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP