Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ടീസ് പോലും നൽകാതെ ഡി സിനിമാസിന് താഴിട്ടത് കോടതിയുടെ ചെലവിൽ ദിലീപിനെ രക്ഷിക്കാൻ; പൂട്ടാൻ ഉത്തരവിട്ടത് ജനറേറ്ററിന് അനുമതി വാങ്ങിയില്ലെന്ന പേരിൽ; കോടതിയിൽ ചെന്ന് തുറപ്പിച്ച് ദിലീപിനെ വേട്ടയാടുന്നുവെന്ന് വരുത്തി തീർക്കാനുള്ള കള്ളക്കളിയുടെ വിശദാംശങ്ങൾ പുറത്ത്

നോട്ടീസ് പോലും നൽകാതെ ഡി സിനിമാസിന് താഴിട്ടത് കോടതിയുടെ ചെലവിൽ ദിലീപിനെ രക്ഷിക്കാൻ; പൂട്ടാൻ ഉത്തരവിട്ടത് ജനറേറ്ററിന് അനുമതി വാങ്ങിയില്ലെന്ന പേരിൽ; കോടതിയിൽ ചെന്ന് തുറപ്പിച്ച് ദിലീപിനെ വേട്ടയാടുന്നുവെന്ന് വരുത്തി തീർക്കാനുള്ള കള്ളക്കളിയുടെ വിശദാംശങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി : നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു. നിബന്ധനകൾ പാലിക്കാത്തതിനാൽ പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസം നഗരസഭ നിർദ്ദേശിച്ചതിനെത്തുടർന്നാണിത്. അതേസമയം, മുൻകൂർ നോട്ടിസ് പോലും നൽകാതെ തിയറ്റർ അടച്ചിടാൻ നഗരസഭ ശ്രമിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് തിയറ്റർ അധികൃതർ പറഞ്ഞു. അതിനിടെയാണ് നോട്ടീസ് പോലും നൽകാതെ തിയേറ്റർ അടപ്പിച്ചതിലെ കള്ളക്കളി പുറത്താകുന്നത്. കോടതിയുടെ അനുമതിയോടെ ഡി സിനിമാസ് തുറക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് സൂചന.

വെള്ളിയാഴ്ച പ്രവർത്തനം നിർത്താനാണ് നഗരസഭ നേരത്തെ ആവശ്യപ്പെട്ടത്. അതുപ്രകാരം തിയറ്റർ അടച്ചുപൂട്ടാൻ പൊലീസും അധികൃതരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച സെക്കൻഡ് ഷോയും നടത്താൻ ഒടുവിൽ അനുമതി നൽകുകയായിരുന്നു. അതിനുശേഷം തിയറ്റർ അധികൃതർ തന്നെയാണ് അടച്ചുപൂട്ടിയത്. അതേസമയം തിയറ്റർ അടപ്പിച്ച ശേഷം താക്കോൽ വാങ്ങി കൈവശംവയ്ക്കാൻ നഗരസഭ ശ്രമിച്ചില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നഗരസഭയുടെ നടപടി ക്കെതിരെ തിയേറ്റർ ഉടമ കോടതിയിൽ പോയാൽ തിയേറ്റർ പ്രവൃത്തിപ്പിക്കാൻ അനുമതി ലഭിക്കും. നോട്ടീസ് പോലും നൽകാതെ അടപ്പിച്ചത് സാമാന്യ നീതിക്ക് നിരക്കാത്തതാണ്. അതേ സമയം യഥാസമയം നോട്ടീസ് നൽകി പൂട്ടിച്ചിരുന്നുവെങ്കിൽ നിയമപരമായി അതിനെ ചോദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതി വരുമായിരുന്നു.

അതിനിടെ ഡി സിനിമാസ് പൂട്ടാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ തിയറ്റർ ഉടമകളുടെ സംഘടന 'ഫിയോക്' നിയമനടപടിക്ക് ഒരുങ്ങുകയുമാണ്. 2014 മുതൽ 2017 ഡിസംബർ വരെ തിയറ്റർ പ്രവർത്തിപ്പിക്കാനാണ് വൈദ്യുതി ഇൻസ്‌പെക്ടറേറ്റ് അനുമതി നൽകിയിട്ടുള്ളതെന്നാണ് ഫിയോകിന്റെ വാദം. അതിന്റെ രേഖകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഡി സിനിമാസിന് 2014 മുതൽ ലൈസൻസുണ്ട്. കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്. ജനറേറ്റർ വയ്ക്കുന്നതിനുള്ള എല്ലാ അനുമതികളും ഉണ്ട്. എല്ലാ രേഖകളും കൃത്യമാണെന്നും തിയറ്റർ സംഘടനാഭാരവാഹികൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയുള്ള അടച്ചു പൂട്ടലിൽ സംശയം ഏറുന്നത്.

നഗരസഭയുടെ അനുമതിയില്ലാതെ ഉയർന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകൾ പ്രവർത്തിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഡി സിനിമാസ് പൂട്ടാൻ നഗരസഭ നിർദ്ദേശിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ നഗരസഭ അധികൃതർ നേരിട്ടെത്തിയാണ് തിയറ്റർ അടപ്പിച്ചത്. സംഭവത്തിൽ പ്രതികരണവുമായി തിയറ്റർ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡി സിനിമാസിൽ വന്ന ഉദ്യോഗസ്ഥർ പകപോക്കുന്നതുപോലെയാണു കാര്യങ്ങൾ ചെയ്തതെന്നും തങ്ങൾ പറയുന്നത് ചെവിക്കൊള്ളാൻ പോലും തയാറായില്ലെന്നും ഇവർ പറഞ്ഞു. 60 ജീവനക്കാരാണ് ഇവിടെയുള്ളതെന്ന് തിയറ്റർ അധികൃതർ പറയുന്നു.

കോടിക്കണക്കിനു രൂപ നഗരസഭയ്ക്ക് നികുതി നൽകിയ സ്ഥാപനം പൂട്ടിക്കാൻ രാഷ്ട്രീയക്കാർ മനപ്പൂർവം ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു. രണ്ട് സിനിമകൾ റിലീസ് ചെയ്ത ദിവസംതന്നെ തിയറ്റർ അടപ്പിക്കാൻ നടത്തിയ നീക്കം സംശയകരമാണെന്നും തിയറ്റർ അധികൃതർ ആരോപിച്ചു. എന്നാൽ, നഗരസഭയ്ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും ഏകകണ്‌ഠേനയാണ് ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനമെടുത്തതെന്നും ചാലക്കുടി നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പ്രതികരിച്ചു.

ഡി സിനിമാസിന് നിലവിൽ ലൈസൻസ് ഇല്ല. 201718 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ സമർപ്പിക്കുമ്പോൾ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ്, ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് ആരോപണമുയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP