Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശങ്ങളിൽ എലിവിഷത്തിന് ഉപയോഗിക്കുന്ന കാസിയ കേരളത്തിൽ കറുവപ്പട്ടയായി ഉപയോഗിക്കാൻ കാരണം കസ്റ്റംസ്- ആദായനികുതി വകുപ്പുകൾ കുടപിടിക്കുന്നത്; ഇറക്കുമതി ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടു കിട്ടിയില്ല; കറുവപ്പട്ടയെന്നു കരുതി ബഹുഭൂരിപക്ഷം വീട്ടമ്മമാരും വാങ്ങുന്നതു മാരക രോഗമുണ്ടാക്കുന്ന കാസിയ

വിദേശങ്ങളിൽ എലിവിഷത്തിന് ഉപയോഗിക്കുന്ന കാസിയ കേരളത്തിൽ കറുവപ്പട്ടയായി ഉപയോഗിക്കാൻ കാരണം കസ്റ്റംസ്- ആദായനികുതി വകുപ്പുകൾ കുടപിടിക്കുന്നത്; ഇറക്കുമതി ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടു കിട്ടിയില്ല; കറുവപ്പട്ടയെന്നു കരുതി ബഹുഭൂരിപക്ഷം വീട്ടമ്മമാരും വാങ്ങുന്നതു മാരക രോഗമുണ്ടാക്കുന്ന കാസിയ

രഞ്ജിത് ബാബു

കണ്ണൂർ: കറുവപ്പട്ടയുടെ പേരിൽ മാരകവിഷമായ കോമറിൻ അടങ്ങിയ കാസിയ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൊച്ചിൻ കസ്റ്റംസിന്റെ സംരക്ഷണമെന്ന് ആക്ഷേപം. സംസ്ഥാനത്ത് കാസിയ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും വിവരങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജ.പിക്ക് നൽകിയ കത്ത് പ്രകാരം ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് കൊച്ചിൻ കസ്റ്റംസ് കമ്മീഷണർക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ നാളിതുവരെ ഇക്കാര്യത്തിൽ കസ്റ്റംസ് അധികൃതരിൽ നിന്നും മറുപടി പോലും ലഭിച്ചില്ല. കാസിയ ഇറക്കുമതിക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥർ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട അച്ചുതണ്ടാണ് സംസ്ഥാനത്ത് കാസിയ ഇറക്കുമതിക്ക് പ്രധാനമായും കുട ചൂടുന്നത്. മനുഷ്യ ജീവന് ഹാനികരമായതെന്ന് വ്യക്തമാക്കപ്പെട്ട വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം ഗരം മസാലയിൽ ചേർത്തും തനി കറുവപ്പട്ട എന്ന പേരിലും തകൃതിയായി വിപണനം നടത്തിവരികയാണ്. അറിഞ്ഞോ അറിയാതേയോ ആയുർവേദ ഔഷധങ്ങളിലും ഇത് ചേർക്കപ്പെടുന്നുണ്ട്.

മലയാളിയുടെ സദ്യവട്ടങ്ങളിൽ സുഗന്ധവ്യഞ്ജനക്കൂട്ടിനൊപ്പം എത്തുന്നത് ഭൂരിഭാഗവും കോമറിൻ എന്ന വിഷമായ കാസിയയാണ്. വിദേശങ്ങളിൽ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ ഒറ്റനോട്ടത്തിൽ കറുവപ്പട്ടയാണെന്നേ തോന്നൂ. കാൻസറും ഗുരുതരമായ വൃക്കരോഗങ്ങളും കാസിയയുടെ ഉപയോഗം മൂലം ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുള്ളതായി കറുവപ്പട്ട കർഷകനായ ലിയനോർഡ് ജോൺ പറയുന്നു. സാധാരണഗതിയിൽ ഗരം മാസലയിൽ ചേർത്തും പട്ടയായും കാസിയ മാർക്കറ്റിൽ സുലഭമാണ്. യഥാർത്ഥ കറുവപ്പട്ടക്ക് ബ്രൗൺ നിറവും നേരിയ തൊലിയുമായിരിക്കും. മിതമായ ഗന്ധം മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ. എന്നാൽ കാസിയ കറുപ്പു കലർന്ന പട്ടയാണ്. രൂക്ഷമായ ഗന്ധവുമുണ്ടാകും. ഇതാണ് യഥാർത്ഥ കറുവപ്പട്ടയെന്ന ധാരണയാണ് സാധാരണ വീട്ടമ്മമാരിൽ ഉണ്ടാകാറുള്ളത്. അതുകൊണ്ടു തന്നെ മാരകമായ ഈ കറുവപ്പട്ട ഗരം മസാലയോടൊപ്പവും പട്ട വാങ്ങിപ്പൊടിച്ചും കറികളിലും മാംസാഹാരത്തിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു. അറിയാതെ മാരകരോഗത്തിലേക്ക് അടുക്കുകയാണ് ഇതിലൂടെ മലയാളി സമൂഹം.

ആരോഗ്യ വകുപ്പിൽ ചെലവഴിക്കുന്നതിന്റെ 65 ശതമാനവും ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനാണ് കേരളത്തിൽ വിനിയോഗിക്കപ്പെടുന്നത്. എന്നാൽ മനുഷ്യ ജീവന് ഹാനികരമാവുന്ന കോമറിൻ എന്ന വിഷമടങ്ങിയ വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നതിന് തടയിടാനാവുന്നില്ല. കാക്കനാട്ടേയും കോഴിക്കോട്ടേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളിലും തിരുവനന്തപുരത്തെ അനലിറ്റിക്കൽ ലാബിലും ജി.സി.എം.എസ് മെഷീൻ ഇല്ലാത്തതിനാൽ കേരളത്തിൽ കാസിയ പരിശോധന നടക്കുന്നില്ല. അതിനാൽ സംസ്ഥാനത്തെ വിപണികളിൽ വ്യാപകമായി വിറ്റുവരുന്ന വ്യാജ കറുവപ്പട്ട ശേഖരിച്ച് മൈസൂരിലെ ലാബിലേക്കയച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കാസിയക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം വന്നിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് കസ്റ്റംസ് വകുപ്പിന്റേയും ആദായനികുതി വകുപ്പിന്റേയും സംരക്ഷണത്തിൽ കൊച്ചി വഴി കാസിയ ഇറക്കുമതി നിർബാധം തുടരുകയാണ്.

ദേശീയഭക്ഷ്യ സുരക്ഷാനിലവാര അതോറിററി നേരത്തെ തന്നെ കാസിയയുടെ ഇറക്കുമതി തടയണമെന്ന് സംസ്ഥാനത്തോട് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വിലയിലെ വൻ അന്തരമാണ് കറുവപ്പട്ടക്ക് പകരം കാസിയ ഇറക്കുമതി ചെയ്യാൻ ഇറക്കുമതിക്കാരെ പ്രേരിപ്പിക്കുന്നത്. ചൈന , ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് കാസിയ കേരളത്തിലേക്ക് എത്തിച്ചേരുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴിയാണ് നേരത്തെ കാസിയ എത്തിച്ചേർന്നത്. അവർ നിയന്ത്രണം നടപ്പാക്കിയതോടെയാണ് കൊച്ചി തുറമുഖം വഴി ഇത് എത്തുന്നത്. കസ്റ്റംസ് വകുപ്പും ആദായനികുതി വകുപ്പും ഇറക്കമതിക്കാരും ചേർന്നുള്ള കോടികളുടെ ഇടപാടാണ് ഇതുവഴി നടക്കുന്നതെന്ന് ആരോപണം ശക്തമാണ്. അത് ശരിവെക്കും വിധം സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുമുതൽ പ്രാദേശിക പലചരക്കു കടകൾ വരെ വൻ തോതിൽ ഗരം മസാലയുടേയും കറവപ്പട്ടയുടേയും പേരിൽ കാസിയ വിപണനം ചെയ്യപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP