Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവസേന ദശമൂലാരിഷ്ടം കഴിക്കുന്നവർ സൂക്ഷിക്കുക! ആൽക്കഹോളിന്റെ അളവ് 12 ശതമാനം; നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം ദിവസേന കഴിച്ചപ്പോൾ കരളുപോയി; ദശമൂലാരാഷ്ടം സേവിച്ച് ഗുരുതരാവസ്ഥയിലായ കേരളത്തിലെ കർഷകൻ അമേരിക്കൻ ജേണലിലും വാർത്ത

ദിവസേന ദശമൂലാരിഷ്ടം കഴിക്കുന്നവർ സൂക്ഷിക്കുക! ആൽക്കഹോളിന്റെ അളവ് 12 ശതമാനം; നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം ദിവസേന കഴിച്ചപ്പോൾ കരളുപോയി; ദശമൂലാരാഷ്ടം സേവിച്ച് ഗുരുതരാവസ്ഥയിലായ കേരളത്തിലെ കർഷകൻ അമേരിക്കൻ ജേണലിലും വാർത്ത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം കഴിച്ചിട്ടില്ലാത്ത വ്യക്തിത്വം. എന്നിട്ടും മദ്യപന്മാർക്കിടയിൽ കാണുന്ന കരൾരോഗം. തനിക്ക് കരൾരോഗം വന്ന വാർത്ത അറിഞ്ഞ് കർഷകൻ ശരിക്കും ഞെട്ടി. എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടി ഡോക്ടറെ സമീപിച്ചു. ഈ സംഭവം ഒടുവിൽ അമേരിക്കൻ വൈദ്യശാസ്ത്ര മാസികകളിൽ പോലും വൻ വാർത്തയായിരിക്കയാണ്. ഒരു തുള്ളി മദ്യം ജീവിതത്തിൽ തൊട്ടുനോക്കാത്ത കൃഷിക്കാരന് കരൾരോഗം വന്നത് ഒടുവിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തകളിലായിരുന്നു.

അമേരിക്കൻ വൈദ്യശാസ്ത്ര മാസികകളിലാണ് മലയാളിക്ക് കരൾരോഗം വന്നത് വാർത്തയായിരിക്കുന്നത്. എല്ലാ ദിവസവും നാല് ഔൺസ് ദശമൂലാരിഷ്ടം സേവിച്ച് കരൾ തകരാറിലായ വാർത്ത പുറത്തുകൊണ്ടുവന്നത് ഒരു മലയാളി ഡോക്ടറായ കൊച്ചിൻ ഗസ്സ്‌ട്രോഎൻട്രോളജി ഗ്രൂപ്പിലെ ലിവർ യൂണിറ്റിലെ കൺസൾസ്റ്റന്റായ ഡോ. സിറിയക് എബി ഫിലിപ്‌സാണ്.

ഏതാണ്ട് മൂന്നുമാസം മുമ്പാണ് 40 വയസ്സുള്ള കർഷകനായ കുടുംബനാഥൻ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. കടുത്ത മഞ്ഞപ്പിത്തരോഗബാധയുമായാണ് അയാളെത്തിയത്. രോഗവിവരങ്ങൾ തിരക്കുന്നതിനിടയിൽ ജീവിതാവസ്ഥയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും ഡോക്ടർ പതിവുപോലെ ചോദിച്ചറിഞ്ഞു. രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് വേണ്ടി പലപരിശോധനകൾക്കും മറ്റും ഇയാളെ വിധേയനാക്കി. രക്തസാമ്പിളുകൾ, ബയോപ്‌സി എന്നിവയുടെ പരിശോധനയ്ക്കിടയിൽ ഇദ്ദേഹം കടുത്ത മദ്യപാനിയാണെന്ന വിവരമാണ് പതോളജി ലാബിൽ നിന്ന് ലഭിച്ചത്. പക്ഷേ ആ പാവപ്പെട്ട കർഷകൻ താൻ ജീവിതത്തിലിന്നുവരെ മദ്യം തൊട്ടുപോലും നോക്കിയിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞു. കൂടെവന്ന മക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.

എങ്കിൽപിന്നെ എന്തൊക്കെയാണ് ദിവസവും കഴിക്കുന്നതെന്ന് ആരാഞ്ഞപ്പോൾ വളരെ നിക്ഷ്‌കളങ്കനായി അയാൾ പറഞ്ഞു. 'ദിവസവും നാലുനേരം ഓരോ ഔൺസ് ദശമൂലാരിഷ്ടവും പിന്നെ എന്റെ പറമ്പിൽ വിളയുന്ന കൈതച്ചക്ക (പൈനാപ്പിൾ) ജ്യൂസും കുടിക്കാറുണ്ട്. ഇതല്ലാതെ മദ്യമോ ലഹരിവസ്തുക്കളോ ഞാൻ ഉപയോഗിക്കാറില്ല.' ഇതോടെ ഇയാളുപയോഗിച്ചിരുന്ന അരിഷ്ടവും ജ്യൂസും ഒക്കെ പരിശോധിച്ചപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.

ദശമൂലാരിഷ്ടത്തിൽ ആൽക്കഹോളിന്റെ അളവ് 12 ശതമാനം, പൈനാപ്പിൾ ജ്യൂസിൽ അപകടകരമായ വിഷാംശത്തിന്റെ സാന്നിധ്യവും. 'മലയാളികൾ സ്വയം ചികിത്സയും പാരമ്പര്യമായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജീവിതരീതിയും ഭക്ഷണരീതിയും മാറുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം ഒറ്റമൂലികളും മറ്റും ശരീരത്തിന്റെ ഘടനകളെപ്പോലും മാറ്റി മറിക്കുന്നതിന്റെ തെളിവാണ് ഈ രോഗിയുടേതെന്ന് ഡോ. സിറിയക് എബി ഫിലിപ്‌സ് പറഞ്ഞു.

ഇയാളുടേത് വളരെ അപൂർവ്വമായ ഹെപറ്റൈറ്റിസായിരുന്നു. പൂർണ്ണമായും കടുത്ത മദ്യപാനികൾക്കുവരുന്ന കരൾവീക്കമായിരുന്നു രോഗിക്കുണ്ടായിരുന്നത്. ലിവർ ബയോപ്‌സി റിപ്പോർട്ട് പ്രകാരം കൂടുതലായും ആൾക്കഹോൾ കണ്ടന്റായിരുന്നു കണ്ടെത്തിയത്. അതായത് അരിഷ്ടത്തിന്റെ ഉപയോഗം നിമിത്തമാണ് ആൾക്കഹോളിന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചത്. ബാറുകൾ പൂട്ടിയകാലത്ത് മദ്യം ലഭ്യമാകാത്ത സാഹചര്യത്തിൽ അരിഷ്ടക്കച്ചവടം ക്രമതീതമായി വർദ്ധിക്കുകയും ഒരുപാടുപേർ അരിഷ്ടം ഉപയോഗിച്ചു തുടങ്ങിയതായും എക്‌സൈസ് വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു.

ഈ കാലഘട്ടത്തിൽ ആധുനിക ശാസ്ത്രവും വൈദ്യശാസ്ത്രവും ഒരുപാട് മുന്നേറിയിട്ടുണ്ട്. അന്ധമായി പാരമ്പര്യ ചികിത്സാരീതികൾ പിന്തുടരുന്നത് അപകടം ചെയ്യും. ദഹനപ്രക്രിയക്ക് അരിഷ്ടം നല്ലതാണെന്നുള്ള ധാരണകൾ നാം തിരുത്തിയേ മതിയാകൂ. പ്രത്യേകിച്ച് ഏതെങ്കിലും ആയൂർവേദ വിദഗ്ധന്റെ ശുപാർശ പ്രകാരം പോലും ആകില്ല ഇത്തരക്കാർ അരിഷ്ടം വാങ്ങിക്കുടിക്കുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ എന്താണെന്നുപോലും തിരിച്ചറിയാൻ കഴിയാറില്ല. ഏതൊക്കെ അളവിൽ എന്തൊക്കെ ചേർത്തിട്ടുണ്ടെന്നുപോലും പ്രാദേശികമായി ലഭിക്കുന്ന ഇത്തരം മരുന്നുകളിൽ അറിയാനും കഴിയാറില്ല. അതുവാങ്ങിക്കുടിക്കുന്നത് ഒരുപക്ഷേ ആരോഗ്യം നശിപ്പിക്കാൻ ഇടയാക്കുമെന്ന് ഡോ. സിറിയക് അബി ഫിലിപ്‌സ് മുന്നറിയിപ്പ് നൽകുന്നു. ജൈവകൃഷി എന്നപേരിൽ നടക്കുന്ന പലതും യഥാർത്ഥത്തിൽ ജൈവകൃഷിയല്ല. നമ്മുടെ ആരോഗ്യത്തിനും സംസ്‌കാരത്തിനും ചേരാത്ത പല സമ്പ്രദായങ്ങളും ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ ജേർണൽ ഓഫ് ഗസ്സ്ട്രോഎൻട്രോളജി ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അവർക്കിതെല്ലാം ഒരു പുതുമയായിട്ടാണ് തോന്നുന്നത്. അവിടെയൊന്നും ഇത്തരത്തിൽ സ്വയം ചികിത്സാരീതികൾ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം വാർത്തകൾ പുതുമയുള്ളതും അത്ഭുതകരവുമാണ്. അതുകൊണ്ടുതന്നെ വലിയ ചോദ്യങ്ങൾ ഒന്നുമില്ലാതെ തന്നെ ഈ വാർത്ത ആ ജേർണലിൽ പ്രസിദ്ധീകരിതെന്നും ഡോ.എബി പറഞ്ഞു.

ഡോ. സിറിയക് എബി ഫിലിപ്‌സ്ന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈയിടെ ഒരു നാൽപത് വയസുകാരൻ ഓ.പി.ടിയിൽ കഠിനമായ മഞ്ഞപ്പിത്ത ചികിത്സക്കായി വന്നിരുന്നു. മഞ്ഞപ്പിത്തതിന്റെ കാരണം ഒരു എത്തും പിടിയും കിട്ടുന്നില്ല! എല്ലാം വിശദമായി ഒന്നുകൂടി നോക്കി. വൈറസ്, മദ്യപാനം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സംബന്ധമായ സകല ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു. അപൂർവമായ ചില കരൾ രോഗങ്ങളുടെയും നിർണ്ണയം നടത്തി. ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ് -സി, കുടാതെ മറ്റു ചില വൈറസുകൾ ഹെർപീസ്, സോസ്റ്റർ, സൈറ്റൊമെഗലൊ, പാർവോ, ഡെങ്കു വൈറസ്, എന്തിന് ടൈഫോയ്ഡ് അണുബാധ, ഓട്ടൊഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് വരെ ചെക് ചെയ്തു. എല്ലാം നെഗറ്റീവ്.

ആന്റിബയോട്ടിക്കുകൾ, മറ്റ് ആധുനിക മരുന്നുകൾ, വേദനസംഹാരി, പച്ചമരുന്ന് എന്നിവയൊന്നും എടുത്തിട്ടില്ല. ടെസ്റ്റുകളിലൂടെ അറിയപ്പെടുന്ന എല്ലാ കാരണങ്ങളും നെഗറ്റീവ് ആയ സ്ഥിതിക്ക് കരളിന്റെ രോഗനിർണയസ്ഥിരീകരണത്തിനായി ലിവർ ബയോപ്‌സി പരിശോധന നടത്തി. ലിവർ ബയോപ്‌സി, അർബുദം കണ്ടെത്തുന്നതിനായി മാത്രമല്ല, അപൂർവ്വ രോഗകാരണങ്ങൾ കണ്ടെത്താനും വളരെയധികം സഹായകമാണ്. എന്നാൽ ലിവർ ബയോപ്‌സി വായിച്ച പതോളജിസ്റ്റ് സ്ഥിരീകരിച്ചു പറഞ്ഞത് കരൾരോഗം മദ്യപാനം മൂലം തന്നെ ബയോപ്‌സിയിൽ കണ്ടെത്തിയത്. സിവിയർ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് (കടുത്ത മദ്യപാനം മൂലമുള്ള കരൾരോഗം). പക്ഷെ മുഴുവനുമായി മദ്യത്തെ പഴിചാരാൻ സാധ്യമല്ലെന്നും പറഞ്ഞു. മദ്യം കൂടാതെ വേറെ ചില തരത്തിലുള്ള ലിവർ ഡാമേജും കണ്ടിരുന്നു.

രോഗിയോടു തിരികെ വന്നു ഞാൻ വീണ്ടും ചോദിച്ചു. താങ്കൾ മദ്യം കഴിച്ചിരുന്നില്ലെ? ഇല്ല എന്ന് കർശനമായി രോഗി. ആകെ കുഴപ്പത്തിലായി. പിന്നീട് ഒന്നുംതന്നെ ചിന്തിച്ചില്ല. കഴിഞ്ഞ മുന്നു മാസമായി കഴിച്ചിരുന്ന എല്ലാ മരുന്നും ഭക്ഷണവും ആലോചിച്ച് ഒന്നൊന്നായി പറയാൻ ആവശ്യപ്പെട്ടു. വളരെനേരം ആലോചിച്ച് അദ്ദേഹം ഒരു ലിസ്റ്റ് ഉണ്ടാക്കി. അതിൽ രണ്ടു സാധനങ്ങൾ വളരെയേറെ ശ്രദ്ധേയമായിരുന്നു. ദശമൂലാരിഷ്ടം (നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം), കൂടാതെ സ്വയമായി കൃഷി ചെയ്തു നല്ല വിഷമടിച്ചു (അടിച്ച കീടനാശിനികളുടെ പേര്: ഫെൻവാൽ, കരാട്ടെ) വളർത്തിയ പൈനാപ്പിളിന്റെ ജൂസ് ദിവസേന നാല് ഗ്ലാസ് വരെ സേവിച്ചിരുന്നു ഈ കർഷകൻ.

അധികമായാൽ അരിഷ്ടവും വിഷം. അരിഷ്ടത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന്റെയും, പൈനാപ്പിളിൽ അടങ്ങിയിരുന്ന വിഷത്തിന്റെ ഇഫക്ട് ആണ് കരൾവീക്കത്തിന്റെ കാരണം എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. കൊണ്ടുവന്ന അരിഷ്ടത്തിലെ മദ്യത്തിന്റെ അളവ് 12 ശതമാനം. കർഷകന്റെ കൃഷിസ്ഥലത്തു നിന്നും ശേഖരിച്ച പൈനാപ്പിളിൽ നിന്നും കണ്ടെത്തിയത് -നിക്കൽ ടെട്രാകാർബോണിൽ, അസെറ്റൈയിൽ പെന്റ്റാകാർബോണിൽ, കാർബാമിക് ആസിഡ് ഈതൈയിൽ എസ്റ്റർ എന്നി കെമിക്കൽ ടോക്്‌സിൻസ് ആയിരുന്നു. ഈയിടെ കേരള സർക്കാർ മദ്യ നിരോധന പദ്ധതിയുടെ ഭാഗമായി ഷാപ്പുകളും ബാറുകളും അടച്ചതിനെ തുടർന്ന് ലഹരി തേടി ജനം അധികമായും സേവിച്ചത് അരിഷ്ടമായിരുന്നു. ഇതിനെ തുടർന്ന് പല ആയുർവേദ അരിഷ്ടം നിർമ്മാതാക്കൾ പുറമെ നിന്നും മദ്യം ഈ പാരമ്പര്യ ഔഷധത്തിൽ ചേർക്കുക ഉണ്ടായി എന്ന വാർത്തയും വന്നിരുന്നു.

തെറ്റായ ശാസ്ത്രീയതയിലൂടെ ആരോഗ്യം തേടുന്ന പെരുമാറ്റങ്ങൾ, സുരക്ഷിതമല്ലാത്ത ഉൽപ്പാദനക്ഷമതയുടെ വ്യാപനങ്ങൾ എന്നിവ വികസ്വര രാജ്യങ്ങളിൽ പുതുരോഗങ്ങൾക്ക് കാരണമാകുകയാണ്. അരിഷ്ടവും, ഡൈജെസ്റ്റീവും, വേണ്ടാത്ത ഈ കൃഷിസമ്പ്രദായം മാറ്റേണ്ട സമയമായി. ദഹനത്തിനായി മരുന്നും മന്ത്രവും അരിഷ്ടവും ഒന്നും തന്നെ വേണ്ട. ശരീരത്തിന് അതെങ്ങനെ നടപ്പാക്കണമെന്നറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP