Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം സൊമാലിയ അല്ലെന്നു സ്വയം ഊറ്റം കൊള്ളുമ്പോഴും ലജ്ജിച്ചു തലതാഴ്‌ത്താൻ ഒരു ദാരുണ സംഭവം; വിശപ്പടക്കാൻ ഒരു നേരത്തെ വറ്റുപോലും കിട്ടാതെ എടപ്പാളിൽ വീട്ടമ്മയ്ക്കു ദയനീയാന്ത്യം; ഉറുമ്പരിച്ചു കിടന്ന മൃതദേഹം കണ്ടെത്തിയതു രണ്ടു നാളിനു ശേഷം; ഭക്ഷണം ലഭിക്കാതെ 25 വയസുള്ള മകളും രോഗാവസ്ഥയിൽ

കേരളം സൊമാലിയ അല്ലെന്നു സ്വയം ഊറ്റം കൊള്ളുമ്പോഴും ലജ്ജിച്ചു തലതാഴ്‌ത്താൻ ഒരു ദാരുണ സംഭവം; വിശപ്പടക്കാൻ ഒരു നേരത്തെ വറ്റുപോലും കിട്ടാതെ എടപ്പാളിൽ വീട്ടമ്മയ്ക്കു ദയനീയാന്ത്യം; ഉറുമ്പരിച്ചു കിടന്ന മൃതദേഹം കണ്ടെത്തിയതു രണ്ടു നാളിനു ശേഷം; ഭക്ഷണം ലഭിക്കാതെ 25 വയസുള്ള മകളും രോഗാവസ്ഥയിൽ

എം പി റാഫി

മലപ്പുറം: കേരളത്തെ ഞെട്ടിച്ചു പട്ടിണിമരണം. എടപ്പാളിൽ നിന്നാണു ഭക്ഷണം കിട്ടാതെ വീട്ടമ്മ മരിച്ച വാർത്ത പുറത്തുവന്നത്.

എടപ്പാൾ പാലക്കാട് റോഡിനു സമീപം താമസിക്കുന്ന വടക്കത്ത് കുന്നത്താടിൽ ശോഭന(55)യാണു പട്ടിണി കിടന്ന് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഇന്നു രാവിലെയാണു ശോഭനയുടെ മൃതദേഹം കണ്ടെത്തിയത്.

മരണം നടന്നിട്ട് ഒന്നോ രണ്ടോ ദിവസമായതായും സൂചനയുണ്ട്. മൃതദേഹത്തിൽ ഉറുമ്പരിക്കുന്ന നിലയിലായിരുന്നു. ഭർത്താവ് വിവാഹ മോചനം നടത്തിയ ശേഷം അമ്മയും മകളും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ ജീവിക്കാൻ വേണ്ട വരുമാന മാർഗമോ മറ്റു വഴികളോ ഇല്ലാതെ ദാരിദ്ര്യത്തിന്റെ ദുരിതക്കയം നീന്തിയായിരുന്നു ശോഭന ജീവിതം മുന്നോട്ട് നയിച്ചിരുന്നത്.

ഏകാന്തതയും പട്ടിണിയും ഇവരെ മാനസിക വിഭ്രാന്തിയിൽ എത്തിച്ചിരുന്നു. പഞ്ചായത്ത് മെമ്പർ റാബിയ ഇന്ന് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.

25 വയസ് പ്രായമുള്ള മകൾ ശ്രുതിയുടെ ആരോഗ്യ നിലയും മോശമായിരുന്നു. ദിവസങ്ങളോളമായി ഭക്ഷണം കഴിക്കാതെ ശരീരം ശുഷ്‌കിച്ചിരുന്നു. പഞ്ചായത്തംഗം റാബിയ വീട്ടിൽ പോയ സമയം മകൾ അമ്മയുടെ മൃതദേഹത്തിനരികിൽ ഇരിക്കുന്നതാണു കണ്ടത്. ഉടൻ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മകൾ ശ്രുതിയെ എടപ്പാളിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണവും ചികിത്സയും നൽകി ഇവിടെ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്.

മാനസികാസ്വാസ്ഥ്യമുള്ള അമ്മയെയും മകളെയും പരിചരിക്കാനോ ഭക്ഷണം എത്തിക്കാനോ ആരും ഉണ്ടായിരുന്നില്ല. ബന്ധുക്കളാരും നോക്കാറുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ബന്ധുക്കളുടെ പരിചരണം ശോഭനയും മകൾ ശ്രുതിയും താൽപര്യപ്പെട്ടിരുന്നില്ലെന്നും പറയപ്പെടുന്നു. മറ്റാരും ഇവരുടെ വിശേഷങ്ങൾ തിരക്കാനോ പരിചരണം എത്തിക്കാനോ ഉണ്ടായിരുന്നില്ല.

ഭക്ഷണം കിട്ടാതെ മരണത്തിന് കീഴടങ്ങിയപ്പോഴും പുറം ലോകമറിഞ്ഞില്ല. സ്ഥലം മെമ്പറായിരുന്ന റാബിയയായിരുന്നു ഭക്ഷണ സാധനങ്ങൾ വല്ലപ്പോഴും എത്തിച്ചിരുന്നതും വിശേഷങ്ങൾ തിരക്കിയിരുന്നതും. പതിവുപോലെ വിശേഷങ്ങളറിയാൻ വന്ന പഞ്ചായത്ത് മെമ്പർ കണ്ടത് ശോഭനയുടെ മൃതദേഹവും അവശനിലയിലായ മകൾ ശ്രുതിയുടെ ദയനീയാവസ്ഥയുമായിരുന്നു.

സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡീഷണൽ എസ്.ഐ ബാഹുലേയന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി. പോസ്റ്റുമോർട്ടം നടപടികൾ തുടരുകയാണ്. മരണം സംഭവിച്ചിട്ട് എത്രമണിക്കൂർ പിന്നിട്ടെന്നുവെന്നതും കൃത്യമായ മരണകാരണവും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്ന് എസ്.ഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP