Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനസാക്ഷിയെ ഞെട്ടിച്ച മരണം നടന്നത് സാമൂഹ്യക്ഷേമമന്ത്രിയുടെ മണ്ഡലത്തിൽ; പുറം ലോകവുമായുള്ള ശോഭയുടെ ബന്ധം തടഞ്ഞത് ബന്ധുക്കൾ; പത്ത് ദിവസമായി ഒന്നും കഴിക്കാതെ മൃതദേഹത്തിൽ കെട്ടിപിടിച്ചു കിടന്ന മകളുടെ നിലയും ഗുരുതരം

മനസാക്ഷിയെ ഞെട്ടിച്ച മരണം നടന്നത് സാമൂഹ്യക്ഷേമമന്ത്രിയുടെ മണ്ഡലത്തിൽ; പുറം ലോകവുമായുള്ള ശോഭയുടെ ബന്ധം തടഞ്ഞത് ബന്ധുക്കൾ; പത്ത് ദിവസമായി ഒന്നും കഴിക്കാതെ മൃതദേഹത്തിൽ കെട്ടിപിടിച്ചു കിടന്ന മകളുടെ നിലയും ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ പട്ടിണി മരണം. അതും സാമൂഹ്യക്ഷേമന്ത്രി കെ ടി ജലീലിന്റെ മണ്ഡലത്തിൽ. എടപ്പാളുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണഅ ഈ സംഭവം. ഇവരുടെ വീടിനുമുൻപിൽത്തന്നെയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഐ.സി.ഡി.എസ്. പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നീ സ്ഥാപനങ്ങൾ. എന്നാൽ ദിവസങ്ങളായി ഇവരെ പുറത്തു കാണാതിരുന്നിട്ടും ആരും അന്വേഷിക്കുകയോ ചെന്നുനോക്കുകയോ ചെയ്യാതിരുന്നതാണ് ശോഭയുടെ മരണത്തിനു കാരണമായത്. അതുകൊണ്ട് തന്നെയാണ് അധികൃതരുടെ അനാസ്ഥ ഇവിടെ ചർച്ചയാകുന്നതും. സാമൂഹ്യക്ഷേമ മന്ത്രി ജലീലിന്റെ മണ്ഡലത്തിൽ ഇത്തരത്തിൽ ഒരുമരണം നടന്നത് പ്രതിപക്ഷപാർട്ടികളെല്ലാം രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കഴിഞ്ഞു.

എടപ്പാൾ നഗരത്തിനുസമീപത്തെ വീട്ടിൽ പത്തുദിവസമായി ഭക്ഷണം കഴിക്കാതെയാണ് 53 കാരി മരിച്ചത്. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡിൽ എടപ്പാൾ ആശുപത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടിൽ(വടക്കത്ത്)ശോഭയാണ് മരിച്ചത്. മകൾ ശ്രുതി(26)യെ ആരോഗ്യ വകുപ്പധികൃതരാണ് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രുതിയെ രോഗംമാറിയ ശേഷം നോക്കാനാരുമില്ലാത്ത അവസ്ഥയാണെങ്കിൽ അഭയമന്ദിരത്തിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറ്റാൻ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷൻ സ്വമേധയാ കേസെടുത്തു. പട്ടിണി മരണമാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മലപ്പുറം ജില്ലാകളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻ കുമാർ ആവശ്യപ്പെട്ടു. കേസ് അടുത്തമാസം മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശോഭയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരിസരവാസികളോടൊന്നും ഇവർക്ക് കാര്യമായ ബന്ധമില്ലായിരുന്നു. തൊട്ടപ്പുറത്തുതന്നെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നുണ്ട്. എന്നാൽ, ആരുചെന്നാലും വാതിൽ തുറക്കാറില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവരുടെ കാര്യങ്ങൾ അന്വേഷിക്കാനും സഹായിക്കാനുമെല്ലാം ഇടയ്‌ക്കെത്താറുള്ള ഗ്രാമപ്പഞ്ചായത്തംഗം കെ.പി. റാബിയ തിങ്കളാഴ്ച രാവിലെ വന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ശോഭയെയും അവരെ കെട്ടിപ്പിടിച്ച് കിടക്കുന്ന അവശയായ മകളെയും കണ്ടത്. പാഴ് വസ്തുക്കളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമെല്ലാം കൂടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന മുറിയിലായിരുന്നു ഇവർ കിടന്നിരുന്നത്. പരേതരായ സുന്ദരമേനോന്റെയും സരോജിനിഅമ്മയുടെയുടെയും മകളാണ് ശോഭ. സഹോദരങ്ങൾ: ശ്രീകുമാർ(ബാബു), ശങ്കരനുണ്ണി(റിട്ട.ബാങ്ക് മാനേജർ), ലത കോഴിക്കോട്, സാവിത്രി(ബറോഡ)

പ്രദേശത്തെ പേരുകേട്ട തറവാട്ടിലെ സാമ്പത്തികഭദ്രതയുള്ള കുടുംബാംഗമായിരുന്നു മരിച്ച ശോഭ. ഈശ്വരഭക്തിയുള്ള ഇവരെ ക്ഷേത്രങ്ങളിൽ പോകുമ്പോഴല്ലാതെ അപൂർവമായി മാത്രമാണ് പുറത്തു കാണാറുള്ളത്. വിവാഹംകഴിഞ്ഞെങ്കിലും മകൾ പിറന്ന് അധികം കഴിയുംമുൻപേ ബന്ധംപിരിഞ്ഞിരുന്നു. ഏതാനുംനാൾ മുൻപ് ഗ്യാസ് സ്റ്റൗ കേടായതിനെത്തുടർന്ന് ഹോട്ടലിൽനിന്നായിരുന്നു ഇവർ ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നതെന്നാണ് തൊട്ടടുത്തുള്ള ബന്ധു പറഞ്ഞത്. പിന്നീട് അതും നിലച്ചത് ആരുംശ്രദ്ധിച്ചില്ല. നാട്ടുകാർ കണ്ടെത്തുന്ന സമയത്ത് എലി കടിച്ചതുപോലുള്ള മുറിവുകളുമായിക്കിടന്ന ശോഭയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു മകൾ ശ്രുതി. മരിച്ച വിവരംപോലുമറിയാതെയായിരുന്നു ഇവരുടെ കിടപ്പ്. പത്തുദിവസത്തോളമായി ഭക്ഷണമൊന്നും കിട്ടാറില്ലെന്നും ആരും അന്വേഷിച്ചുവന്നിരുന്നില്ലെന്നുമാണ് ശ്രുതി പറഞ്ഞത്.

മുന്നുദിവസം മുൻപ് മരിച്ചശോഭയുടെ മകൾ എടപ്പാളിലെ ടാക്‌സി ഡ്രൈവറെ വിളിച്ച് വീട്ടിലേക്ക് ചെല്ലാനാവശ്യപ്പെട്ടിരുന്നുവത്രെ. അമ്മയ്ക്കു സുഖമില്ലെന്നും ഭക്ഷണംകഴിച്ചിട്ടില്ലെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നുമെല്ലാമായിരുന്നുവത്രെ കുട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാറുമായിച്ചെല്ലാൻ ശ്രമിച്ചെങ്കിലും ചില ബന്ധുക്കൾ പറഞ്ഞതനുസരിച്ച് പിന്മാറുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP