Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയ്ക്ക് സമീപം വിമാനത്താവളം വേണമെന്ന് പിണറായി വിജയൻ പറഞ്ഞത് ആറന്മുള വിമാനത്താവളത്തിലേക്കുള്ള പച്ചക്കൊടിയോ? അതിരപ്പള്ളിക്കും മുല്ലപ്പെരിയാറിനും ശേഷം മറ്റൊരു വികസന വിവാദം കൂടി തലപൊക്കുന്നു

ശബരിമലയ്ക്ക് സമീപം വിമാനത്താവളം വേണമെന്ന് പിണറായി വിജയൻ പറഞ്ഞത് ആറന്മുള വിമാനത്താവളത്തിലേക്കുള്ള പച്ചക്കൊടിയോ? അതിരപ്പള്ളിക്കും മുല്ലപ്പെരിയാറിനും ശേഷം മറ്റൊരു വികസന വിവാദം കൂടി തലപൊക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : തീർത്ഥാടകരുടെ സൗകര്യാർഥം ശബരിമലയ്ക്കു സമീപം വിമാനത്താവളം വേണമെന്നും മണ്ഡല മകരവിളക്കു കാലത്തെ വലിയ തിരക്ക് ഒഴിവാക്കാൻ ക്ഷേത്രം നിത്യവും തുറക്കുന്ന കാര്യം ദേവസ്വം ബോർഡ് പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദത്തിലേക്ക്. പമ്പയിൽ നടന്ന അവലോകനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനു പുറത്തു നിന്നും വിദേശത്തു നിന്നും ധാരാളം തീർത്ഥാടകരാണ് എത്തുന്നത്. നെടുമ്പാശേരിയിലും തിരുവനന്തപുരത്തുമാണ് ഇപ്പോൾ വിമാനത്താവളമുള്ളത്. ശബരിമലയോട് ഏറ്റവും അടുത്തു വിമാനത്താവളം ഉണ്ടാകുന്നത് ഏറെ സഹായകമാകും. ഇക്കാര്യം ആലോചിക്കാവുന്നതാണെന്നും പിണറായി പറഞ്ഞു. ഇതോടെയാണ് ചർച്ചകൾക്ക് തുടക്കമിടുന്നത്. മുഖ്യമന്ത്രി ആറന്മുളയേയും കെജിഎസിനേയും അനുകൂലിക്കുന്നുവെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ ശബരിമലയ്ക്ക് അടുത്തെന്ന് പറയുന്നത് ആറന്മുളയെ ഉദ്ദേശിച്ചിട്ടല്ലെന്ന വാദവും സജീവമാവുകയാണ്. അതിരപ്പള്ളിക്കും മുല്ലപ്പെരിയാറിലെ ഡാം വിഷയത്തിന് ശേഷം മറ്റൊരു വികസന ചർച്ച കൂടെ ശക്തമാവുകയാണ്. അതിനിടെ മുഖ്യമന്ത്രി ആറന്മുളയെ പിന്തുണയ്ക്കില്ലെന്നാണ് ഇടത് കേന്ദ്രങ്ങൾ പറയുന്നത്.

ശബരിമലയ്ക്ക് അടുത്തെന്ന് പറഞ്ഞാൽ ആറന്മുളയല്ല. അതിനും അടുത്താണ് മുഖ്യമന്ത്രി വിമാനത്താവളം ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത സ്ഥലം ഇതിനായി കണ്ടെത്തും. അല്ലാതെ ആറന്മുളയ്ക്ക് സമാനമായി പാടം നികത്തി വിമാനത്താവളം സിപിഐ(എം) ആഗ്രഹിക്കുന്നില്ലെന്നാണ് ഇടത് കേന്ദ്രങ്ങൾ പറയുന്നത്. പത്തനംതിട്ടയിൽ ഒരു വിമാനത്താവളമെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിനുള്ള സ്ഥല സൗകര്യങ്ങൾ ജില്ലയിലുണ്ട്. ഇതിൽ നിന്ന് യോജിച്ച സ്ഥലം കണ്ടെത്തും. അതിനിടെ ശബരിമലയോട് ചേർന്ന് വിമാനത്താവളമെന്ന പ്രഖ്യാപിനം ആറന്മുളയ്ക്ക് അനുകൂലമാക്കാൻ കെജിഎസും രംഗത്തുണ്ട്. അതിനിടെ ജില്ലയിൽ മറ്റൊരിടത്ത് വിമാനത്താവളം പരിഗണിച്ചാൽ തങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും കെജിഎസ് പറയുന്നു.

ആറന്മുളയിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക നഷ്ടം ഒഴിവാകുന്ന തരത്തിലെ ഫോർമുലയാകും കെജിഎസ് തയ്യാറാക്കുന്നതെന്നും സൂചനയുണ്ട്. ഏതായാലും ആറന്മുളയ്ക്ക് സർക്കാർ അനുകൂലമാകില്ലെന്ന് കെജിഎസ് തിരിച്ചറിയുന്നുണ്ട്. സിപിഐയുടെ എതിർപ്പാണ് ഇതിന് കാരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും എതിർപ്പ് കടുപ്പിച്ചതോടെ കേന്ദ്രസർക്കാരും പ്രതിസന്ധിയിലായി. ആറന്മുളയ്ക്ക് ഒരു തരത്തിലുമുള്ള അനുമതിയും ഇനി നൽകില്ലെന്ന് ഉറപ്പാക്കുമെന്ന് കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്. നിയമനടപടിക്കും ഒരുങ്ങുന്നു. ഇതിനിടെയാണ് പിണറായിയുടെ ശബരിമല വിമാനത്താവള പദ്ധതിക്ക് അനുകൂലമായ പ്രസ്താവന. ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതിക്കായി കെജിഎസ് ഗ്രൂപ്പ് കേന്ദ്രസർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചിരുന്നു. ഇതിനായി വസ്തുതകൾ മറച്ചുവെക്കുകയും വ്യാജ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്നാണ് ആക്ഷേപം.

ശബരിമലയിൽ വിമാനത്താവളമെന്നത് പ്രായോഗികമല്ല. വനംഭൂമി ഏറ്റെടുക്കുക സാധ്യമാകില്ല. ശബരിമല ക്ഷേത്ര വികസനം പോലും കേന്ദ്ര വനം വകുപ്പ് തടസ്സപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ പിണറായി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈന്ദവ സംഘടനകളുടെ ആവശ്യം. അതിനിടെ കോന്നിയിൽ വിമാനത്താവളത്തിനുള്ള സ്ഥലം ലഭ്യമാക്കാൻ അടൂർ പ്രകാശ് ശ്രമിക്കുന്നതായും സൂചനയുണ്ട്. ആറന്മുളയിലെ പദ്ധതി കോന്നിയിലേക്ക് എത്തിക്കാനാണ് നീക്കം. അതിനിടെയാണ് വിമാനത്താവള പ്രസ്താവനയുമായി പിണറായി എത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിയമ പോരാട്ടവും ശ്രദ്ധേയമാകും.

പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയിൽ സംസ്ഥാന സർക്കാരിന് ഷെയറുണ്ടെന്നും, പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായിട്ടുണ്ടെന്നും കെജിഎസ് കേന്ദ്രസർക്കാരിനെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം അസത്യമായ കാര്യങ്ങളായിരുന്നുവെന്ന് കുമ്മനം രാജേശഖരൻ പറഞ്ഞു വിമാനത്താവളത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ നാളിതുവരെ വിമാനത്താവളത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. പ്രതിരോധ മന്ത്രാലയം നൽകിയെന്ന് പറയുന്ന അനുമതി മന്ത്രി നേരിട്ട് പിൻവലിച്ചതാണ്. മെയ് മൂന്നിന്റെ ഈ ഉത്തരവ് കെജിഎസ് ഗ്രൂപ്പ് വിദഗ്ദ്ധ സമിതിയെ അറിയിച്ചിട്ടില്ല. പദ്ധതിക്കതിരായി കേസുകളൊന്നും നിലവിൽ ഇല്ലെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ ആറന്മുള പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ സുഗതകുമാരി നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്, ലാൻഡ് ബോർഡിൽ കേസുണ്ട്, ജില്ലാ കളക്ടർ മുൻപാകെ നിരവധി പരാതികൾ പദ്ധതിക്കെതിരായി ലഭിച്ചിട്ടുണ്ട് ഗ്രീൻ ട്രിബ്യൂണലും സുപ്രീംകോടതിയും സാങ്കേതിക തകരാറുകൾ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ എന്നും അവയെല്ലാം ശരിയാക്കിയെന്നുമുള്ള കമ്പനി വാദം തെറ്റാണ്.

വിമാനത്താവള നിർമ്മാണം പാരിസ്ഥിതിക നാശം ഉണ്ടാക്കുമെന്ന് ഗ്രീൻ ട്രിബ്യൂണൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം എന്നിവ കമ്പനി ലംഘിച്ചെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. കേരള സർക്കാർ നൽകിയ അനുമതി മാത്രമാണ് കെജിഎസിന് ഹാജരാക്കാൻ സാധിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ 2010ൽ നൽകിയ ഈ അനുമതി റദ്ദാക്കിയാൽ വിമാനത്താവള പ്രശ്‌നം എന്നെന്നേക്കുമായി അവസാനിക്കും. പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച തീരുമാനം സർക്കാർ പിൻവലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കെജിഎസ് ഗ്രൂപ്പിന് ആറന്മുളയിൽ സ്വന്തമായി ഭൂമിയില്ലെന്നും വാദമുണ്ട്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് വാങ്ങിയ 232 ഏക്കർ മിച്ചഭൂമിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് കമ്പനി ഉന്നയിച്ച തർക്കം ലാൻഡ് ബോർഡ് പരിശോധിക്കുന്നതേയുള്ളൂ. ഇത്തരം യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചാണ് കമ്പനി അനുമതിക്കായി കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇതിനെതിരെ കുമ്മനം നൽകാനിരിക്കുന്ന ഹർജിയിൽ കേരളം എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ഇതിലൂടെ മാത്രമേ പിണറായിയുടെ ശബരിമല വിമാനത്താവള പ്രസ്താവനയുടെ യഥാർത്ഥ വസ്തുത പുറത്തുവരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP