Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശനിയാഴ്ച രാത്രി 11 വരെ കുട്ടികൾ മുറ്റത്തുക്രിക്കറ്റ് കളിച്ചു; വീടാകെ നവംബറിൽ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ തിരക്കിൽ; അയൽക്കാരുമായി സന്തോഷത്തോടെ സഹവാസം; സാമ്പത്തികപ്രശ്‌നങ്ങളില്ലെന്ന് ബന്ധുക്കൾ; ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണത്തിന് പിന്നിൽ ദുർമന്ത്രവാദമോ? മോഷണം നടന്നില്ലെന്ന് തെളിഞ്ഞപ്പോൾ വീട്ടിൽ നിന്ന് കിട്ടിയ കുറിപ്പുകൾ തുമ്പാക്കി പൊലീസ് അന്വേഷണം

ശനിയാഴ്ച രാത്രി 11 വരെ കുട്ടികൾ മുറ്റത്തുക്രിക്കറ്റ് കളിച്ചു; വീടാകെ നവംബറിൽ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ തിരക്കിൽ; അയൽക്കാരുമായി സന്തോഷത്തോടെ സഹവാസം; സാമ്പത്തികപ്രശ്‌നങ്ങളില്ലെന്ന് ബന്ധുക്കൾ; ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണത്തിന് പിന്നിൽ ദുർമന്ത്രവാദമോ? മോഷണം നടന്നില്ലെന്ന് തെളിഞ്ഞപ്പോൾ വീട്ടിൽ നിന്ന് കിട്ടിയ കുറിപ്പുകൾ തുമ്പാക്കി പൊലീസ് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുടുംബത്തിലെ യുവതിയുടെ വിവാഹം അടുത്തുതന്നെ നടക്കാനിരിക്കെയാണ് ആ ദുരന്തം അവരെ തേടിയെത്തിയത്. അതോ ക്ഷണിച്ചുവരുത്തിയതോ? ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണത്തിന് പിന്നിലെ കാരണങ്ങൾ തിരയുമ്പോൾ പൊലീസ് സംശയിക്കുന്നത് നിഗൂഢമായ ഏതോ ആത്മീയ ആചാരമാണ്. അതോ ദുർമന്ത്രവാദമോ? തലേന്ന് രാത്രി 11 വരെ കുട്ടികൾ മുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നത് കണ്ടവരുണ്ട്.അയൽവാസികളുമായി നല്ല അടുപ്പമുള്ളവർ. പിന്നെ എന്താണ് സംഭവിച്ചത്?

കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാൻ തക്കവണ്ണം എന്തുപ്രശ്‌നങ്ങളാണ് അവരെ അലട്ടിയത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ് വാർത്ത കേട്ട്.കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങൾ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുരാരി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതിൽ കണ്ടതോടെയാണു സംശയം ദുർമന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.

പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്. ആരുടെയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാൽ വീട്ടിലെ കാവൽ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാൽ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാൻ ഇടയായി.

പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണു നടന്നത്. നവംബറിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. കുടുംബം അതിന്റെ തിരക്കുകളിലായിരുന്നെന്നും അയൽക്കാർ പറയുന്നു. പ്രിയങ്കയ്ക്കു ജോലിയിലും യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ജൂൺ 17നായിരുന്നു നിശ്ചയം. വിവാഹം ഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അയൽക്കാരെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകം.രാജസ്ഥാനിൽ നിന്നുള്ള ഭാട്ടിയ കുടുംബം 22 വർഷം മുൻപാണു ബുരാരിയിലെ സന്ത് നഗറിൽ എത്തിയത്. എല്ലാ ദിവസവും രാവിലെ ആറിനു തന്നെ പലചരക്കു കട തുറക്കും. രാത്രി തെരുവിലെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ മാത്രമേ കട അടയ്ക്കാറുള്ളൂ. അത്യാവശ്യക്കാർക്കു വേണ്ടി എപ്പോൾ വേണമെങ്കിലും കട തുറക്കാനും തയാറായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ഏഴരയായിട്ടും കട തുറക്കാതായതോടെയാണു അയൽവാസികൾക്കു സംശയം തോന്നിയത്. ഗേറ്റും വാതിലും തുറന്നിട്ട നിലയിലായിരുന്നു. അയൽക്കാരിലൊരാൾ രണ്ടാം നിലയിലേക്കു കയറിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ അറിയിച്ചു.

സഹോദരങ്ങളായ ഭൂപീന്ദറും ലളിത് സിങ്ങും തമ്മിൽ ചെറിയൊരു വഴക്കു പോലും ഉണ്ടായിട്ടില്ല. തലേന്നു രാത്രി ഭൂപീന്ദറിനോടു സംസാരിച്ചിരുന്നവരും സമീപവാസികളിലുണ്ട്. അദ്ദേഹത്തിനു യാതൊരു വിധത്തിലുള്ള സങ്കടമുണ്ടെന്നു തോന്നിയില്ലെന്നും മറിച്ച് സന്തോഷവാനായിരുന്നെന്നും അയൽക്കാരിലൊരാൾ പറഞ്ഞു. കുടുംബത്തിനു സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. സ്‌കൂൾ ഫീസിന്റെ പേരിലും പ്രശ്‌നമുണ്ടായിട്ടില്ല.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, ഡൽഹി ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരിയും സംഭവ സ്ഥലം സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP