Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിൽ വീണ്ടും ഫണ്ട് വിവാദം; വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ഫണ്ട് വകമാറ്റാൻ ധൃതിപിടിച്ച നീക്കമെന്ന് ആക്ഷേപം; ഫണ്ടിലെ ക്രമക്കേട് മറയ്ക്കാൻ ആന്റണിയെ കരുവാക്കുന്നതായും പരാതി

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിൽ വീണ്ടും ഫണ്ട് വിവാദം; വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ഫണ്ട് വകമാറ്റാൻ ധൃതിപിടിച്ച നീക്കമെന്ന് ആക്ഷേപം; ഫണ്ടിലെ ക്രമക്കേട് മറയ്ക്കാൻ ആന്റണിയെ കരുവാക്കുന്നതായും പരാതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള പ്രസ്‌ക്‌ളബ്ബ് നിർമ്മാണത്തിനായി പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽനിന്ന് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കെ ഇതേ ഫണ്ടിൽനിന്ന് വീണ്ടും തുക വകമാറ്റാനുള്ള യൂണിയൻ നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപം. ഇതിനെതിരേ ഒരു വിഭാഗം പത്രപ്രവർത്തകർ രംഗത്തിറങ്ങിയതോടെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി. വിവാദത്തിന് പിന്നാലെ ഡൽഹിയിലെ മലയാളി പത്രപ്രവർത്തകർ വ്യത്യസ്്ത സംഘടനകൾ രൂപീകരിച്ച് മൂന്നു ചേരിയിലാണിപ്പോൾ. ഇതിനിടെയാണ് പുതിയ വിവാദങ്ങളും ഉയരുന്നത്.

വിവാദ ഫണ്ടിൽനിന്നുള്ള തുക വകമാറ്റി തുടങ്ങുന്ന യൂണിയൻ വെബ്സൈറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പുതിയ ആക്ഷേപം. സൈറ്റ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി 15ന് ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പ് യൂണിയൻ നേതൃത്വത്തിൽനിന്ന് അംഗങ്ങൾക്ക് ലഭിച്ചതോടെയാണ് പ്രതിഷേധം കടുത്തത്. മുതിർന്ന അംഗമായ വി. വി ബിനുവിന് എതിരെ ജാതിയ അധിക്ഷേപം നടത്തിയെന്ന ആക്ഷേപം നേരിട്ടവരുടെ നേതൃത്വത്തിലാണ് ചടങ്ങെന്നതിനാൽ തന്നെ വിഷയം വലിയ ചർച്ചയായി.

കേരള പ്രസ് ക്‌ളബ്ബ് നിർമ്മാണത്തിനായി കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് 24 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന് അനുവദിച്ചിരുന്നത്. എന്നാൽ ബാങ്കിൽ നിക്ഷേപിച്ച ഈ തുകയിൽനിന്ന് പലപ്പോഴായി പല ആവശ്യങ്ങൾ രേഖപ്പെടുത്തി പലിശയും മുതലും പിൻവലിച്ച് ധൂർത്തടിച്ചതായും കണക്കവതരണത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതായും ആക്ഷേപം ഉയർന്നു. ഇക്കാര്യം വിജിലൻസ് അന്വേഷിച്ചുവരികയുമാണ്.

ഇതോടെ ഫണ്ട് ഉള്ള അക്കൗണ്ട് മരവിപ്പിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവന്നു. മലപ്പുറത്ത് നടന്ന യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ കൂട്ടത്തല്ലിൽ കലാശിച്ചതിന്റെ പ്രധാനകാരണങ്ങളിലൊന്നും ഡൽഹി ഘടകത്തിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ചർച്ചയായിരുന്നു. ഇതേതുടർന്ന് ഡൽഹിയിലെ വിഷയങ്ങൾ അന്വേഷിക്കാൻ സമിതിയെ അയക്കുമെന്ന് സംസ്ഥാന നേതൃത്വം സമ്മേളന വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനിടയിൽ ഇതെ ഫണ്ടിൽ നിന്ന് വീണ്ടും തുക വകമാറ്റി ചെലവഴിക്കാൻ നീക്കം നടക്കുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. വെബ്‌സൈറ്റിനായി തുക ഈ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാണ് നീക്കമെന്നാണ് പരാതി. അഴിമതി വിരുദ്ധ പ്രതിഛായയുള്ള എ.കെ ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്താൽ ഫണ്ടിൽ ക്രമക്കേടും വകമാറ്റലും നടന്നെന്ന ആരോപണത്തിന്റെ മുനയൊടിക്കാമെന്ന നീക്കവും ഇതിന് പിന്നിലുണ്ടെന്നും ആക്ഷേപമുണ്ട്.

എന്നാൽ വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിവാദ ഫണ്ടിൽനിന്നുള്ള തുക വകമാറ്റി തുടങ്ങിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്താൽ ഭാവിയിൽ രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടയാക്കുമെന്ന ഉപദേശം ആന്റണിയുമായി അടുപ്പമുള്ളവർ അദേഹത്തിന് നൽകിയിട്ടുണ്ടെന്നാണ് സൂചന.

സർക്കാർ ഫണ്ട് ഇനിയും വകമാറ്റരുതെന്നും യൂണിയൻ പ്രവർത്തനങ്ങൾക്ക് മറ്റെല്ലാ പ്രസ്‌ക്‌ബ്ബുകളും ഇതര തൊഴിലാളി സംഘടനകളും ചെയ്യുന്നതുപോലെ പ്രവർത്തന ഫണ്ട് മറ്റ് മാർഗങ്ങളിലൂടെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ യൂണിയൻ ഡൽഹി ഫടകം നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കത്ത് നൽകിയിരുന്നു.

വെബ്സൈറ്റ് തുടങ്ങുന്നതിനെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, സർക്കാർ ഫണ്ടിൽ നിന്നല്ല അതിന് പണം എടുക്കുന്നതെന്ന് വ്യക്തമാക്കി ഒരു വിഭാഗം യൂണിയൻ നേതൃത്വത്തെ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്. ജാതീയ അധിക്ഷേപത്തെ തുടർന്ന് മനോരമ സീനിയർ റിപ്പോർട്ടർ വി.വി ബിനു യൂണിയൻ അംഗത്വം രാജിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP