Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണം മാറിയാലും സുകുമാരൻ നായർ താക്കോൽ സ്ഥാനത്ത് തന്നെ; മകളുടെ സിൻഡിക്കേറ്റ് അംഗത്വം നിലനിർത്തിയിട്ടും തൃപ്തി പോരാത്ത ജനറൽ സെക്രട്ടറിയെ അനുനയിപ്പിക്കാൻ മന്ത്രി കടകംപള്ളി എൻഎസ്എസ് ആസ്ഥാനത്തെത്തി; ദേവസം റിക്രൂട്ട്‌മെന്റിലും ശബരിമല വിഷയങ്ങളിലും സർക്കാർ നിലപാട് മാറ്റേണ്ടി വരുമോ?

ഭരണം മാറിയാലും സുകുമാരൻ നായർ താക്കോൽ സ്ഥാനത്ത് തന്നെ; മകളുടെ സിൻഡിക്കേറ്റ് അംഗത്വം നിലനിർത്തിയിട്ടും തൃപ്തി പോരാത്ത ജനറൽ സെക്രട്ടറിയെ അനുനയിപ്പിക്കാൻ മന്ത്രി കടകംപള്ളി എൻഎസ്എസ് ആസ്ഥാനത്തെത്തി; ദേവസം റിക്രൂട്ട്‌മെന്റിലും ശബരിമല വിഷയങ്ങളിലും സർക്കാർ നിലപാട് മാറ്റേണ്ടി വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പിണക്കം മാറ്റാൻ ദേവസ്വംമന്ത്രിയുടെ പെരുന്ന സന്ദർശനം. മകളുടെ സിൻഡിക്കേറ്റ് സ്ഥാനം നിലനിർത്തിയതിട്ടും സുകുമാരൻ നായർ ഇടത് സർക്കാരിന് അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഞായറാഴ്ച എൻ.എസ്.എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും സന്ദർശനവിവരം വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള മന്ത്രിമാർ ആരും സാമുദായികനേതാക്കളെ ഇതുവരെ അങ്ങോട്ട്‌പോയി സന്ദർശിച്ചിരുന്നില്ല. ഇതിനാണ് മാറ്റം വരുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് മന്ത്രി എൻ.എസ്.എസ് ആസ്ഥാനത്തത്തെിയത്. അവിടെ അരമണിക്കൂറോളം ചെലവഴിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. ദേവസ്വം നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതും ശബരിമല സ്ത്രീപ്രവേശവും ഉൾപ്പെടെ വിഷയങ്ങളിൽ എൽ.ഡി.എഫിനെ എതിർക്കുന്ന എൻ.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. ദേവസം റിക്രൂട്ടമെന്റ് ബോർഡിനെ പിരിച്ചുവിടാനുള്ള നീക്കത്തേയും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാടിനേയും അംഗീകരിക്കില്ലെന്ന് സുകുമാരൻ നായർ കടകംപള്ളിയോട് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിട്ട് മുഴുവൻ നിയമനവും പി.എസ്.സിക്ക് വിടുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിൽ പുനരാലോചനയുണ്ടാകും. ശബരിമല വിഷയത്തിൽ ഒരു ഉറപ്പും മന്ത്രി നൽകിയില്ലെന്നാണ് സൂചന.

ദേവസ്വം നിയമന വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കടകംപള്ളി നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ നീക്കുന്നതിനായി ഉടൻ തന്നെ കാണാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഈ കൂടിക്കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതോടെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടില്ലെന്നും എതാണ്ട് ഉറപ്പായി. എന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുകുമാരൻനായരോട് കടകംപള്ളി ഒരുറപ്പും കൊടുത്തിട്ടില്ല. സാമുദായിക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കേരളത്തിൽ ഉണ്ടാകാനിടയുള്ള ഭൂരിപക്ഷ വോട്ട് കേന്ദ്രീകരണം എതിരാവാതിക്കാൻ എൻഎസ്എസിനെ തൽക്കാലം പിണക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഐ(എം) എത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശനുമായി തെറ്റിയതിനാൽ ഈഴവ വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. ഇത് എൻഎസ്എസിനെ ഒപ്പം നിർത്തി പരിഹരിക്കാനാണ് നീക്കം. അഞ്ചു കൊല്ലവും എൻഎസ്എസിന്റെ ഭാഗത്ത് നിന്ന് സർക്കാരിനെതിരെ വിമർശനം ഉയരുന്നില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇതിനായാണ് എൻഎസ്എസ് ആസ്ഥാനത്ത് കടകംപള്ളി എത്തിയത്.

ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വെള്ളാനയാണെന്ന് ആദ്യം പറഞ്ഞത് കടകംപള്ളിയായിരുന്നു. ബോർഡിന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കാനും ശ്രമിച്ചു. എന്നാൽ ഇപ്പോൾ ഇതെല്ലാം മാറ്റി പറയുകയാണ് മന്ത്രി. ദേവസ്വം നിയമം അനുസരിച്ച് പിഎസ്‌സിക്ക് വിടാവുന്ന നിയമനങ്ങൾ മാത്രമെ വിട്ടിട്ടുള്ളു. താന്ത്രികവിധി പ്രകാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു നിയമനവും പിഎസ്‌സിക്ക് വിട്ടിട്ടില്ല. അവരതിൽ ഇടപെടുകയും ചെയ്യില്ല. അഹിന്ദുക്കളെ നിയമിക്കുമെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പടർത്തുകയാണ്.പിന്നോക്ക ജാതിക്കാർക്കും പട്ടികവിഭാഗക്കാർക്കും ഹിന്ദുക്കളിൽ കൊടുക്കുന്ന സംവരണം ബാക്കി നിയമനങ്ങളിൽ കൊടുക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി പറയുന്നു. ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് നിലനിർത്തി അംഗ സംഖ്യ കുറച്ച് പുനഃസംഘടിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിലൂടെ എൻഎസ്എസിനെ അനുനയിപ്പിക്കാമെന്നും കരുതുന്നു. ഈ ഫോർമുല സുകുമാരൻ നായർക്ക് മുന്നിൽ കടകംപള്ളി അവതരിപ്പിച്ചിട്ടുണ്ട്.

ദേവസ്വം നിയമനത്തിന്റെ പേരിലുള്ള അഴിമതിയും കൈക്കൂലിയും അവസാനിപ്പിക്കാനാണ് പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത്. ശബരിമല സ്ത്രീപ്രവേശം വേണമെന്ന നിലപാടായിരുന്നു വി എസ് സർക്കാറിൻേറത്. എന്നാൽ, ആചാരാനുഷ്ഠാനം അനുസരിക്കണമെന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ എടുത്തത്. എന്നാൽ, പിണറായിസർക്കാർ സുപ്രീംകോടതിയിൽ യു.ഡി.എഫ് നിലപാടിനെ പിന്തുണക്കുന്ന അഭിപ്രായം സ്വീകരിച്ചു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാറിനെ തിരുത്തി. സത്രീപ്രവേശത്തിന് അനുകൂലമായ പുതിയ സത്യവാങ്മൂലം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന് ഇക്കാര്യത്തിലും വിരുദ്ധനിലപാടാണ്. ഇതിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി മാത്രമേ സർക്കാർ നിലകൊള്ളൂവെന്നാണ് സൂചന. ഇതിൽ സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഇനിയും തുടരും.

എന്നാൽ റിക്രൂട്ടമെന്റ് ബോർഡിൽ വിട്ടുവീഴ്ച ഉറപ്പാണ്. ബോർഡ് പിരിച്ചു വിടില്ല. എന്നാൽ ചെലവ് കുറയ്ക്കും. നിലവിൽ ചെയർമാനുൾപ്പെടെ ആറുപേരാണ് റിക്രൂട്ട്‌മെന്റ് ബോർഡിനുള്ളത്. ഇത് മൂന്നായി ചുരുക്കും. എൻഎസ്എസിന്റെ അഭിപ്രായം പരിഗണിച്ച് അംഗങ്ങളെ നിയമിക്കാമെന്ന ഉറപ്പാകും കടകംപള്ളി നൽകുക. ഇതോടെ എൻഎസ്എസ് എതിർപ്പുപേക്ഷിക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. സമുദായ സംഘനകൾക്ക് കീഴ്‌പ്പെടുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവും സജീവമാണ്. തൽക്കാലം എൻഎസ്എസിനെ പിണക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായിയും നിലപാട് എടുത്തു. ഇതോടെയാണ് പ്രശ്‌നം പരിഹിക്കാൻ ദൂതുമായി പോകാൻ കടകംപള്ളിക്ക് നിർദ്ദേശമെത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പല പ്രശ്‌നങ്ങളിലും കടുത്ത നിലപാടുകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എടുത്തിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ന്യൂനപക്ഷ പ്രീണനമാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റേതെന്ന പൊതു ധാരണയും ഉണ്ടായി. ഇത് കോൺഗ്രസിന്റെ വോട്ട് ബാങ്കുകളെ ബാധിച്ചു. ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തു. ബിജെപിയുടെ ശക്തി കൂടുന്ന സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കുന്നത് ഗുണകരമല്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് മാത്രമാണ് ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വിഷയത്തിൽ എൻഎസ്എസിന് സർക്കാർ വഴങ്ങുന്നത്.

ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയർത്തിയതിലും മറ്റും സർക്കാരിനെതിരെ വ്യാജ പ്രചരണങ്ങൾ ശക്തമായിരുന്നു. ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വിഷയത്തിലും ഇതിനുള്ള സാഹചര്യം സർക്കാർ മുൻകൂട്ടി കാണുന്നു. അതും ബദൽ മാർഗ്ഗത്തെ കുറിച്ച് ആലോചിക്കാൻ കാരണമായി. ഇതിനായി ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കാനാണ് നീക്കം. വിവിധ തസ്തികകളിലേക്ക് ആളെ തിരഞ്ഞെടുക്കുന്നതിന്റെ നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് സെക്രട്ടറിക്കു സർക്കാർ നോട്ടിസ് നൽകിയിരുന്നു. ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് ഇതുസംബന്ധിച്ച നോട്ടിസ് കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കംമുതൽ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിനെതിരെ നിലപാടു സ്വീകരിച്ചിരുന്നെങ്കിലും നടപടികളിലേക്കു കടന്നിരുന്നില്ല. സുകുമാരൻ നായരെ പിണക്കാതിരിക്കാൻ ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ചു നിർത്തി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുന്നതിനാണു സർക്കാരിന്റെ ആലോചനയെന്നറിയുന്നു. അംഗങ്ങളെ കുറച്ചു ബോർഡിന്റെ പ്രവർത്തനച്ചെലവു കുറയ്ക്കാനാണ് ആലോചന.

ദേവസം നിയമനങ്ങൾ പിഎസ്എസിക്ക വിടുന്നതിലൂടെ പ്രതിമാസം ഇരുപത്തിയഞ്ച് ലക്ഷം രൂപയെങ്കിലും സർക്കാരിന് കുറഞ്ഞത് ലാഭിക്കാമെന്നതാണ് യാഥാർത്ഥ്യം. അംഗങ്ങളുടെ മൊത്തം ചെലവ് ഒരുവർഷം ഒന്നരക്കോടിയും വരും. നാമമാത്രമായ ജീവനക്കാരെ നിയമിക്കാനാണ് ഇതെന്നതാണ് വസ്തുത. ഈ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടാൽ നയാപൈസ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ നിയമനങ്ങൾ നടത്തമെന്നതാണ് യാഥാർത്ഥ്യം. ചെയർമാൻ സ്ഥാനത്തെത്തിയ ഫയർഫോഴ്‌സ് മുൻ മേധാവി മുതൽ കൊല്ലം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യ ഉൾപ്പടെ ആറുപേർക്ക് ബോർഡ് അംഗത്വം ലഭിച്ചു. പി.എസ്.സിയിൽ നിന്ന് വിരമിച്ച നാലുപേർക്ക് ഉൾപ്പടെ രണ്ട് ഡസനോളം യു.ഡി.എഫുകാർക്ക് ബോർഡിൽ നിയമനവും നൽകി. തിരുവിതാംകൂർ, കൊച്ചി, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാർ, ശംഖുവിളി, സംബന്ധി തുടങ്ങിയ ആറ് തസ്തികകളിലേയ്ക്കും ഗുരുവായൂർ ദേവസ്വത്തിലെ ഏതാനം സമാന തസ്തികയിലേക്കുമുള്ള നിയമനമാണ് സർക്കാർ ഈ ബോർഡിന് കൈമാറിയത്. ഇതെല്ലാം കൂടി പ്രതിവർഷം നൂറുപേരിൽ കൂടുതൽ നിയമിക്കേണ്ടി വരില്ല. ഇതിനായി ഇത്രയും തുക ചെലവഴിക്കേണ്ടതില്ലെന്നായിരുന്നു പിണറായി സർക്കാരിന്റെ തീരുമാനം.

ഇങ്ങനെ നിയമിതരാവുന്നവർക്ക് ഒരു വർഷം നൽകേണ്ടതിനേക്കാൾ തുക ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി ഒരു മാസം ചെലവഴിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ആറ് ഇന്നോവ കാറുകൾ അംഗങ്ങൾക്കായി ബോർഡ് ആവശ്യപ്പെട്ടതിൽ ചെയർമാന് അത് ലഭിച്ചു. ബാക്കിയുള്ളവർക്ക് വാങ്ങി നൽകുമെന്ന ഉറപ്പും യുഡിഎഫ് സർക്കാർ നൽകിയിരുന്നു. അതു വരെ മാസംതോറും അയ്യായിരം രൂപ അധികമായി നൽകുന്നു. ഇവർക്കെല്ലാം ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ട്. ബോർഡ് ഓഫീസിനുവേണ്ടി 6000 ചതുരശ്ര അടിയുള്ള സ്ഥലം വാടകയ്‌ക്കെടുത്തത് ഒന്നര ലക്ഷം രൂപയ്ക്കാണ്. തേ സ്ഥലത്ത് ഇതിനുമുൻപ് ഗ്രാമവികസന കമ്മീഷണറേറ്റ് പ്രവർത്തിച്ചിരുന്നപ്പോഴത്തെ പ്രതിമാസ വാടക ഇതിന്റെ പകുതിയായിരുന്നു. ഇവിടെ നവീകരണത്തിന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ആദ്യമായി കഴിഞ്ഞ സർക്കാർ 20 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകുകയും ചെയ്തു. ഈ തുക ഇനി സർക്കാർ അനുവദിക്കാൻ ഇടയില്ലെന്നും സൂചന പുറത്തുവന്നു. ഇതിനിടെയാണ് ശക്തമായ നിലപാടുമായി എൻഎസ്എസ് രംഗത്ത് വന്നത്.

ഒന്നര വർഷം മുമ്പാണ് ചന്ദ്രശേഖരനെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനാക്കിയത്. പ്രത്യേക ഓർഡിനൻസിലൂടെയായിരുന്നു ഇത്. പിന്നീട് നിയമസഭ ബിൽ അംഗീകരിച്ചു. പക്ഷേ നിയമനത്തിന് വേണ്ട സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്തതുമില്ല. അതുകൊണ്ട് തന്നെ വിവിധ ദേവസങ്ങൾ ഒഴിവുകൾ അറിയിച്ചെങ്കിൽ ഒരിഞ്ചു മുന്നോട്ട് പോകാൻ റിക്രൂട്ട്‌മെന്റ് ബോർഡിന് കഴിഞ്ഞില്ല. നാളിതുവരെ ഒരു നിയമനവും റിക്രൂട്ട്‌മെന്റ് ബോർഡിലൂടെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടന്നിട്ടില്ല. എന്നാൽ സർക്കാർ നിയോഗിച്ച ചെയർമാനും ബോർഡ് അംഗങ്ങൾക്കും അവരുടെ ജീവനക്കാർ ഖജനാവിൽ നിന്ന് കാശ് ഒഴുകുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും ഖജനാവിനെ സംബന്ധിച്ചിടത്തോളം വെള്ളാനയായിരുന്നു ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ്. ഇതു മനസ്സിലാക്കിയാണ് മാറ്റത്തിന് പിണറായി സർക്കാർ തയ്യാറെടുക്കുന്നത്. വെറുമൊരു സർക്കാർ വിജ്ഞാപനത്തിലൂടെ ദേവസം നിയമനങ്ങൾ പിഎസ് സിക്ക് വിടാം. സ്‌പെഷ്യൽ റൂൾ പി എസ് സി രൂപീകരിച്ചതിനാൽ നിയമന നടപടികളും ഉടൻ തുടങ്ങാം. ഇതിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ സുതാര്യതയും വരും.

പൊലീസ് സേനയിലെ സൗമ്യ പ്രകൃതക്കാരനായിരുന്നു ഐപിഎസുകാരനായ ചന്ദ്രശേഖരൻ. ഡിജിപി റാങ്ക് അനുവദിച്ച് സർക്കാർ ഫയർഫോഴ്‌സിന്റെ തലപ്പത്ത് നിയോഗിച്ചെങ്കിൽ അക്കൗണ്ട് ജനറലിന്റെ ഇടപെടൽ മൂലം ശമ്പളം മുടങ്ങുകയാണ് ഉണ്ടായത്. ഡിജിപി റാങ്കിലെ ശമ്പളം നൽകുന്നതിൽ നൂലാമാലകളും ഉണ്ടായി. എന്നാൽ സർക്കാരിനെതിരെ തിരിയാൻ ചന്ദ്രശേഖരൻ തയ്യാറായില്ല. സർക്കാരിനെ വെട്ടിലാക്കാതെ വിരമിക്കാനും തയ്യാറായി. ഇതിനുള്ള അംഗീകാരമെന്നോണമാണ് ചന്ദ്രശേഖരനെ ബോർഡിന്റെ തലപ്പത്ത് നിയോഗിച്ചത്. ബാക്കി നിയമനങ്ങളെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP