Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമങ്ങളുടെ കൈയടിക്ക് കാത്തു നിൽക്കുന്ന സ്വഭാവമില്ല; ഭരണക്കാരുടെ പേര് പറഞ്ഞു വരുന്നവരോടും യാതൊരു ദാക്ഷിണ്യം കാണിക്കില്ല; കൈയേറ്റക്കാരിലെ വമ്പന്മാരോട് വിട്ടുവീഴ്‌ച്ചയുമില്ലാത്ത നിലപാടും; ശ്രീരാം വെങ്കിട്ടരാമന് പകരം മൂന്നാറിലെത്തിയത് ഉഗ്രവിഷമുള്ള അണലിയെന്ന് സിപിഎമ്മിന് വ്യക്തമായത് ജോയ്‌സ് ജോർജ് എംപിക്ക് കൊത്തു കിട്ടിയപ്പോൾ; കൊട്ടാക്കമ്പൂർ ഭൂമിയുടെ പട്ടയം റദ്ദാക്കി കരുത്തുകാട്ടിയ സബ്കളക്ടർ വി ആർ പ്രേംകുമാർ താരമാകുന്നു

മാധ്യമങ്ങളുടെ കൈയടിക്ക് കാത്തു നിൽക്കുന്ന സ്വഭാവമില്ല; ഭരണക്കാരുടെ പേര് പറഞ്ഞു വരുന്നവരോടും യാതൊരു ദാക്ഷിണ്യം കാണിക്കില്ല; കൈയേറ്റക്കാരിലെ വമ്പന്മാരോട് വിട്ടുവീഴ്‌ച്ചയുമില്ലാത്ത നിലപാടും; ശ്രീരാം വെങ്കിട്ടരാമന് പകരം മൂന്നാറിലെത്തിയത് ഉഗ്രവിഷമുള്ള അണലിയെന്ന് സിപിഎമ്മിന് വ്യക്തമായത് ജോയ്‌സ് ജോർജ് എംപിക്ക് കൊത്തു കിട്ടിയപ്പോൾ; കൊട്ടാക്കമ്പൂർ ഭൂമിയുടെ പട്ടയം റദ്ദാക്കി കരുത്തുകാട്ടിയ സബ്കളക്ടർ വി ആർ പ്രേംകുമാർ താരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുന്നാർ: ഇടുക്കിയിലെ മൂന്നാറെന്ന അളയിൽ നിന്നും ദേവികുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമൻ എന്ന മൂർഖൻ കുഞ്ഞിനെ പുറത്താക്കിയ സിപിഎമ്മിന് ഇപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടാകും. കാരണം മടയിൽ നിന്നും ഇറക്കിവിട്ട് പകരം എത്തിയത് ഉഗ്രവിഷമുള്ള അണലി തന്നെയാണ്! കയ്യേറ്റക്കാർ എത്ര വമ്പനായാലും മുഖം നോക്കാതെ നടപടി എടുക്കുന്ന ധീരനായ ഉദ്യോഗസ്ഥനാണ് മൂന്നാറിലെ കാര്യങ്ങൽ മുറതെറ്റാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഏറെക്കാലമായി വിവാദത്തിൽ നിൽക്കുന്ന കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയാണ് ദേവികുളത്തെ പുതിയസബ്കലക്ടർ വി ആർ പ്രേംകുമാർ താരമാകുന്നത്.

മാധ്യമങ്ങളുടെ കൈയടിക്ക് കാത്തു നിൽക്കാതെ അധികം ബഹളങ്ങളില്ലാതെ വളരെ നിശബ്ദമായി കാര്യങ്ങൾ നീക്കിയ പ്രേംകുമാർ ജോയ്‌സ് ജോർജ്ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കി കഴിഞ്ഞപ്പോഴാണ് എംപി പോലും കാര്യം അറിഞ്ഞത്. അടുക്കും ചിട്ടയോടു കൂടി കാര്യങ്ങൾ നീക്കുകയായിരുന്നും ശ്രീരാം വെങ്കിട്ടരാമന് പകരമെത്തിയ ഈ മിടുക്കനായി ഉദ്യോഗസ്ഥൻ. ശ്രീറാം വെങ്കിരാമനെ സ്ഥലംമാറ്റി പുതിയ സബ്കളക്ടറെ നിയമിച്ചതുകൊട്ടാക്കമ്പൂർ കേസിൽ എംപിയെ രക്ഷിക്കാനാണെന്ന വിമർശനം അടക്ക ഉയർന്നിരുന്നു. എന്നാൽ, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിമർശകരുടെ വായടപ്പിക്കുന്ന പ്രേംകുമാറിന്റെ നടപടി.

കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർ പോലും ഞെട്ടിയ നടപടിയായിരുന്നു ജോയ്‌സിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി. ഭരണകക്ഷി എംപിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച കലക്ടറുടെ നടപടി സിപിഎമ്മിനെ ശരിക്കും പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥന്റെ മിടുക്കിന് സോഷ്യൽ മീഡിയയിലടക്കം പ്രശംസകൾ ഒഴുകുകയാണ്. എന്നാൽ, അഭിനന്ദനങ്ങൾക്ക് കാത്തു നില്ക്കാതെ തന്റെ കാര്യങ്ങൾ ധൈര്യമായി മുന്നോട്ടു കൊണ്ടുപോകുകയാണ് പ്രേംകുമാർ.

എതിർപ്പുകൾ മറികടന്ന ഭരണപക്ഷ എംപിക്കെതിരെ ശക്തമായ നടപടിയെടുത്തത് സബ് കളക്ടറുടെ ധീരമായ നടപടിയായാണ് വിലയിരുത്തുന്നത്. ജൂലായ് മാസത്തിലാണ് വി.ആർ. പ്രേംകുമാർ ദേവികുളം സബ്കളക്ടറായി ചുമതലയേൽക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ പ്രേംകുമാർ ഇതിന് മുമ്പ് മാനന്തവാടി സബ് കളക്ടറായിരുന്നു. കൈയേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമൻ എംപ്ലോയ്‌മെന്റ് ഡയറക്ടറായി സ്ഥലംമാറി പോയ ഒഴിവിലായിരുന്നു നിയമനം.

ജോയ്‌സ് ജോർജ് എംപിയുടെയും കൊട്ടാക്കമ്പൂരിലെ 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെ പൊളിഞ്ഞത് ഇടുക്കി ജില്ലയിലെ സി.പി.എം നേതൃത്വത്തിന്റെ വാദം. ജോയ്‌സ് ജോർജ് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി മെയ്‌ നാലിന് നിയമസഭയിൽ പറഞ്ഞത്. പിതാവ് വിലകൊടുത്തുവാങ്ങിയ ഭൂമിയുടെ വിഹിതം ലഭിച്ചതല്ലാതെ ജോയ്‌സ് ഒരു തുണ്ടുഭൂമിയും വാങ്ങിയിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്.

സി.പി.എം ജില്ലാ നേതൃത്വവും ആദ്യാവസാനം എംപിക്ക് പൂർണ പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിച്ചത്. മാറി മാറി വന്ന പല സബ്കളക്ടർമാരും പട്ടയരേഖകൾ പരിശോധിക്കാൻ ശ്രമിച്ചപ്പോഴെല്ലാം കർഷകദ്രോഹ നടപടിയാണെന്ന് ആരോപിച്ച് സി.പി.എം പ്രക്ഷോഭം നടത്തി. ഇതെല്ലാം മറികടന്ന് ശ്രീറാം വെങ്കിട്ടരാമൻ സബ് കളക്ടറായിരിക്കുമ്പോൾ രണ്ട് തവണ എംപിക്ക് നോട്ടീസ് നൽകി. തുടർന്ന് സിപി.എമ്മിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ സ്ഥലം മാറ്റേണ്ടിവന്നു. ഇതിനെല്ലാമേറ്റ കനത്ത തിരിച്ചടിയായി പുതിയ സബ്കളക്ടറുടെ നടപടി.

ഭരിക്കുന്നവരാണങ്കിലും നിലപാടുകളുടെ കാര്യത്തിൽ കാർക്കശ്യക്കാരനാണ് പ്രേംകുമാർ. ആർഡിഒ ഓഫീസിൽ പണപ്പിരിവിന് എത്തിയവരെ പുറത്താക്കിയും നേരത്തെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. ആർഡിഒ ഓഫീസ് രാഷ്ട്രീയ പാർട്ടികൾക്ക് പണപ്പിരിവ് നടത്താനുള്ള സ്ഥലമല്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഓഫീസിൽ പിരിവിനെത്തിയ സി.പി.എം പ്രവർത്തകരെ പുറത്താക്കിയത്. നായനാർ സ്മാരകത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള പിരിവിനെത്തിയ പ്രവർത്തകരെ പുറത്താക്കാനാണു സബ്കലക്ടർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്. പിരിവ് നടത്താൻ അനുവദിക്കാതെ തങ്ങളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ദേവികുളത്ത് പ്രതിഷേധ പ്രകടനം നടത്തുക പോലുമുണ്ടായി. എന്നാൽ, ഈ വിമർശനങ്ങളെയൊന്നും മുഖവിലക്കെടുക്കാൻ പ്രേംകുമാർ തയ്യാരായില്ല.

കയ്യേറ്റ മാഫിയയ്ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്നാണ് ശ്രീറാം വെങ്കട്ടരാമനെ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇപ്പോൾ ഈ ഐഎഎസ് ഓഫീസർ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറാണ്. പകരം ദേവികുളത്ത് എത്തിയത് വി ആർ പ്രേംകുമാറും. മന്ത്രി എംഎം മണി, എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. വി ആർ പ്രേംകുമാർ രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലുമെത്തി. എന്നാൽ അത് തെറ്റാണെന്ന് തെളിയുകയാണ് പ്രേംകുമാറിന്റെ നടപടികൾ.

സി.പി.എം പാർട്ടി ഗ്രാമമായ മൂന്നാർ ഇക്കാനഗറിലെ കയ്യേറ്റ ഒഴിപ്പിക്കാൻ ധൈര്യം കാണിച്ചാണ് പ്രേംകുമാർ ആദ്യം തന്റെ വഴി വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയത്. ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഇടുക്കിയിലെ ഒരു സിപിഐഎം എംഎൽഎയുടെ നോമിനിയാണ് പ്രേംകുമാറെന്ന ആരോപണവും ഉയർന്നിരു്‌നു. എന്നാൽ ഇതൊന്നും ശരിയല്ലെന്നാണ് മികച്ച തുടക്കത്തിലൂടെ പ്രേമംകുമാർ തെളിയിക്കുന്നത്. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാലത്ത് വിവിധ റവന്യൂ ഓഫീസുകളിൽ നിന്ന് ആർഡി ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥർ മടങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ദേവികുളം സബ്കളക്ടർ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് മടങ്ങിപ്പോകാൻ ഉദ്യോഗസ്ഥർ താല്പര്യം പ്രകടിപ്പിച്ചത്.

മടങ്ങേണ്ടവർക്ക് മടങ്ങാമെന്നും പകരം ഉദ്യോഗസ്ഥരെ കാട്ടിത്തരണമെന്നും സബ് കളക്ടർ വി.ആർ പ്രേംകുമാർ നിർദ്ദേശിച്ചു. മറ്റ് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയാണ് അദ്ദേഹം തന്റെ ജോലി തുടർന്നത്. ഈ ജോലിയിലെ ഒടുവിലത്തെ നേട്ടമാണ് ജോയ്‌സ് ജോർജ്ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP