Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശമ്പളമില്ല... കാറില്ല.... ജീവനക്കാരില്ല.... ഓഫീസില്ല............ കടലാസ് വാങ്ങാൻ പോലും പണമില്ല...... കോടതിയിൽ ചെലവഴിക്കാൻ കാശില്ല..... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ കാലിടറി സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ; എല്ലാം നഷ്ടപ്പെട്ടാലും ആരുടേയും കാല് പിടിക്കാനില്ലെന്ന് തറപ്പിച്ച് ജേക്കബ് തോമസ്; സർക്കാരിന്റെ കുറ്റപത്രങ്ങൾക്ക് മറുപടി എഴുതി കൈ തളർന്ന ഡിജിപിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലേ?

ശമ്പളമില്ല... കാറില്ല.... ജീവനക്കാരില്ല.... ഓഫീസില്ല............ കടലാസ് വാങ്ങാൻ പോലും പണമില്ല...... കോടതിയിൽ ചെലവഴിക്കാൻ കാശില്ല..... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ കാലിടറി സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ; എല്ലാം നഷ്ടപ്പെട്ടാലും ആരുടേയും കാല് പിടിക്കാനില്ലെന്ന് തറപ്പിച്ച് ജേക്കബ് തോമസ്; സർക്കാരിന്റെ കുറ്റപത്രങ്ങൾക്ക് മറുപടി എഴുതി കൈ തളർന്ന ഡിജിപിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലേ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു. ഓഖിയിലെ പ്രസംഗമായിരുന്നു ഇതിന് കാരണം. പിന്നീട് വീണ്ടും സസ്‌പെൻഷൻ. അത് ആത്മകഥ എഴുതിയതിന്റെ പേരിൽ. ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന അഴിമതി വിരുദ്ധരെന്ന് അവകാശപ്പെടുന്ന സാമൂഹ്യ നേതാക്കൾ പോലും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അങ്ങനെ കൂട്ടിലടയ്ക്കാനാവാത്ത തത്ത ഏകനാവുകായണ്.

കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരനാണ് ജേക്കബ് തോമസ്. സീനിയോറിട്ടി അനുസരിച്ച് പൊലീസ് മേധാവിയാകേണ്ട സിവിൽ സർവ്വീസുകാരൻ. അദ്ദേഹത്തെക്കാൾ ജൂനിയറായ ലോക് നാഥ് ബെഹ്‌റയാണ് പൊലീസ് ഭരിക്കുന്നത്. തന്റെ ബാച്ചിലെ തന്നെ ഋഷിരാജ് സിംഗിന് കേന്ദ്ര ഡിജിപി പദവിയിൽ ഉന്നത സ്ഥാനവും കിട്ടി. ഇതെല്ലാം ജേക്കബ് തോമസിനും അർഹതപ്പെട്ടതാണ്. എന്നാൽ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ മാത്രം സർക്കാരുകളുടെ ഇഷ്ടക്കേടുണ്ടാക്കിയ ജേക്കബ് തോമസിന് ഇന്ന് ഔദ്യോഗിക പദവികളില്ല. രണ്ട് തവണ സസ്‌പെൻഷൻ വാങ്ങിയ ജേക്കബ് തോമസിന് ഇന്ന് ശമ്പളമില്ല. ഔദ്യോഗിക വാഹനമില്ല..... ജീവനക്കാരുമില്ല. സ്വന്തം ശമ്പളം കൊണ്ട് മാത്രം കഴിയുന്ന ജേക്കബ് തോമസിന് കേസ് നടത്താൻ പോലും കാശില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഹൈക്കോടിതിയുടെ കോടതിയലക്ഷ്യ നടപടി റദ്ദാക്കാനുള്ള സുപ്രീംകോടതി നിയമപോരാട്ടത്തിന് ഇനിയും നല്ലൊരു തുക തന്നെ വേണം. ഭാരിച്ച ചെലവ് കാരണം സർക്കാരിന്റെ നീതി നിഷേധങ്ങൾക്കെതിരെ കോടതിയിൽ പോകാനും ജേക്കബ് തോമസ് മടിക്കുകയാണ്.

ഇതിനിടെയിലും പ്രതികാരം തീരുന്നില്ല. ജേക്കബ് തോമസിന് വിദേശയാത്രയ്ക്കുള്ള അനുമതിയും സർക്കാർ തടഞ്ഞു. ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് അനുമതി നിഷേധിച്ചത്. അമേരിക്ക, കാനഡ, സ്വിറ്റ്‌സർലാന്റ് എന്നിവിടങ്ങളിൽ പോകാനാണ് ജേക്കബ് തോമസ് അനുമതി ചോദിച്ചത്. വിദേശത്തേക്ക് പോയാൽ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട അന്വേഷണം നീളുമെന്നും ചീഫ് െസക്രട്ടറി പ്രതികരിച്ചു. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ക്രിമിനൽ ചട്ടപ്രകാരം നടക്കുന്നതല്ല ജേക്കബ് തോമസിനെതിരായ അന്വേഷണം. ജേക്കബ് തോമസ് സഹകരിച്ചില്ലെങ്കിൽ അക്കാര്യം വ്യക്തമാക്കി അച്ചടക്ക സമിതിക്ക് തീരുമാനം എടുക്കാം. ഇതാണ് ചട്ടം. അതുകൊണ്ട് തന്നെ അച്ചടക്ക നടപടിയുടെ പേരിൽ വിദേശയാത്രാ അനുമതി നിഷേധിക്കേണ്ടതില്ല. ഏത് കോടതിയിൽ പോയാലും ജേക്കബ് തോമസിന് അനുമതി കിട്ടും. എന്നാൽ നിയമയുദ്ധം വേണ്ടെന്ന തീരുമാനത്തിലാണ് ജേക്കബ് തോമസ് എന്നാണ് സൂചന.

ഇപി ജയരാജൻ പ്രതിയായ ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് പോൾ ആന്റണിയേയും പ്രതിചേർത്തിരുന്നു. ഈ കേസ് പിന്നീട് ഹൈക്കോടതി തന്നെ റദ്ദാക്കി. അത് സാങ്കേതിക അർത്ഥത്തിലാണ്. എന്നാൽ ഇപി ജയരാജന് തെറ്റ് പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാൽ സിപിഎം തെറ്റു പറ്റിയെന്ന് സമ്മതിച്ച സംഭവത്തിൽ പ്രതിയായ ഐഎഎസുകാരനെതിരെ ആരും നടപടിയെടുത്തില്ല. വിജിലൻസ് കേസിൽ പെട്ടതിന്റെ പ്രതികാരം പോൾ ആന്റണിക്കുണ്ടാകാം. ഇതാകും ജേക്കബ് തോമസിനെതിരെ ഇപ്പോൾ തീർക്കുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. വിദേശ യാത്രയ്ക്ക് ജേക്കബ് തോമസിന് അനുമതി നൽകാത്തത് മൗലികാവകാശ ലംഘനമാണെന്ന അഭിപ്രായവും സജീവമാണ്.

സർക്കാർ ജീവനക്കാർക്ക് വിദേശത്ത് പോകാൻ അവധി നിഷേധിക്കാൻ സർക്കാരിന് അവകാശമുണ്ട്. ജോലി സംബന്ധമായ പ്രശ്‌നവും ആവശ്യകതയും ചൂണ്ടിയാകും വിദേശ യാത്രയ്ക്ക് അവധി നിഷേധിക്കുക. എന്നാൽ ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. അതുകൊണ്ട് തന്നെ ജോലി സംബന്ധമായ പ്രശ്‌നമൊന്നും വരുന്നില്ല. സർക്കാരിന് അധിക ബാധ്യതയുമില്ല. ചട്ടപ്രകാരം ജേക്കബ് തോമസ് ഇപ്പോഴും സർക്കാർ ജീവനക്കാരനാണ്. അതുകൊണ്ട് ചട്ട പ്രകാരം വിദേശ യാത്രയെ കുറിച്ച് അറിയിക്കണം. അതാണ് ജേക്കബ് തോമസ് ചെയ്തതും യാത്രയ്ക്ക് അനുമതി തേടിയതും. ഇതാണ് പോൾ ആന്റണി തന്ത്രപരമായി നിഷേധിക്കുന്നത്. അച്ചടക്ക നടപടികളിൽ തീരുമാനമെടുക്കാൻ സമിതിക്ക് ഇത് ഒരു തരത്തിലും തടസ്സവുമല്ല. ജേക്കബ് തോമസ് സഹകരിക്കുന്നില്ലെന്ന ഒറ്റവരിയിൽ തന്നെ കുറ്റാരോപണങ്ങൾ ശരിവയ്ക്കാൻ പോലും കഴിയും. എന്നാൽ കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന് അറിയാവുന്നവർ ഓരോ അവസരവും ജേക്കബ് തോമസിനെ മാനസികമായി പീഡിപ്പിക്കാൻ ഉപയോഗിക്കുകയാണ്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് ശമ്പളം പോലുമില്ലാതെ ജേക്കബ് തോമസ് ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ആരും സംസാരിക്കുന്നതു പോലുമില്ല. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്.

ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. അഴിമതിക്കാരും അധികാരമോഹികളും ഒഴിച്ചുതരുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കാൻ പോലും മടിക്കുന്നവരായി ജനം മാറിയെന്ന് ജേക്കബ് തോമസ് ഇപ്പോൾ തിരിച്ചറിയുകയാണ്. നേരത്തെ സർക്കാർ നിയോഗിച്ച അച്ചടക്ക സമിതിക്കു മുൻപാകെ ഡിജിപി ജേക്കബ് തോമസ് ഹാജരായില്ല. സസ്‌പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണു നോട്ടിസ് നൽകിയത്. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു.

ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. വീണ്ടും സസ്‌പെന്റ് ചെയ്ത ശേഷം ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിൽ അദ്ദേഹം മറുപടി നൽകും. അഴിമതിക്കെതിരെ തന്റേതായ രീതിയിൽ മുന്നോട്ട് പോകുമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇത് തന്നെയാണ് അദ്ദേഹത്തെ ഇടത് സർക്കാരിനും ശത്രുവാക്കുന്നതെന്നാണ് സൂചന. ജേക്കബ് തോമസിന്റെ ആത്മകഥയായ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഏറെ ചർച്ചയായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നാണ് ആരോപണം.

ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറി. പൊലീസിലെ പ്രധാന ചുമതലകളിൽനിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ബാർ കോഴ ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുൻ യു.ഡി.എഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പുസ്തകത്തിൽ ഉന്നതർക്കെതിരെ കടുത്ത വിമർശനങ്ങൾ ഡി.ജി.പി. ജേക്കബ് തോമസ് ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP