Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സെയിൽസ് ഹെഡ് മാത്രമായിരുന്ന ചേച്ചിക്കു കമ്പനിയുടെ കടങ്ങളിൽ ഉത്തരവാദിത്വമില്ല; ബോർഡ് യോഗങ്ങളിൽ ഉൾപ്പെടെ പ്രധാന മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുമില്ല; ജോണിന്റെ കുടുംബം മനഃപൂർവം കേസിൽ പെടുത്തിയെന്നു വിശ്വസിക്കുന്നില്ല; റിമാൻഡിൽ വിട്ടതു മുൻകൂർ ജാമ്യം നിലനിൽക്കെ': ഫ്‌ളാറ്റ് തട്ടിപ്പു കേസിൽ റിമാൻഡിലുള്ള ധന്യ മേരി വർഗീസിന്റെ സഹോദരൻ മറുനാടൻ മലയാളിയോടു പറഞ്ഞത്

'സെയിൽസ് ഹെഡ് മാത്രമായിരുന്ന ചേച്ചിക്കു കമ്പനിയുടെ കടങ്ങളിൽ ഉത്തരവാദിത്വമില്ല; ബോർഡ് യോഗങ്ങളിൽ ഉൾപ്പെടെ പ്രധാന മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുമില്ല; ജോണിന്റെ കുടുംബം മനഃപൂർവം കേസിൽ പെടുത്തിയെന്നു വിശ്വസിക്കുന്നില്ല; റിമാൻഡിൽ വിട്ടതു മുൻകൂർ ജാമ്യം നിലനിൽക്കെ': ഫ്‌ളാറ്റ് തട്ടിപ്പു കേസിൽ റിമാൻഡിലുള്ള ധന്യ മേരി വർഗീസിന്റെ സഹോദരൻ മറുനാടൻ മലയാളിയോടു പറഞ്ഞത്

അർജുൻ സി വനജ്

കൊച്ചി: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നടി ധന്യ മേരി വർഗ്ഗീസിന്റെ കുടുംബം, കേസിൽ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഉഴലുന്നു. 'കേസ് ഇത്രയ്ക്കും സീരിയസാണെന്ന് അറസ്റ്റിന് ശേഷമാണ് അറിയുന്നത്. ചേച്ചിയുടെ അറസ്റ്റോടെ പപ്പയും മമ്മിയും കടുത്ത മാനസിക സംഘർഷത്തിലാണെ'ന്നും ധന്യയുടെ സഹോദരൻ ഡിക്സൺ വർഗ്ഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. സെയിൽസ് ഹെഡ് മാത്രമായിരുന്ന ചേച്ചിക്ക് കമ്പനിയുടെ കടങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. നടി ആയതിനാൽ, ചേച്ചിയുടെ ചിത്രങ്ങൾ കമ്പനിയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഡിക്‌സൺ പറഞ്ഞു.

മാഗി ന്യൂഡിൽസിനെതിരെയുള്ള കേസിൽ ബ്രാൻഡ് അബാസിഡറെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ്, ചേച്ചിക്കെതിരെയുള്ള കേസ്. വല്ലപ്പോഴും മാത്രമാണ് ധന്യേച്ചി കമ്പനിയിൽ പോയിരുന്നത്. കമ്പനിയുടെ ബോർഡ് യോഗങ്ങളിലടക്കം ഒരു പ്രധാന മീറ്റിംഗുകളിലും ചേച്ചി ഇന്നുവരെ പങ്കെടുത്തിട്ടില്ലെന്നാണ് ഞങ്ങൾക്കുള്ള അറിവ്. പിന്നെങ്ങനെയാണ് ചേച്ചിയെ പ്രതിയാക്കുക. ചേച്ചിക്ക് എതിരെയുള്ള ആരോപണങ്ങൾ എന്തെന്നോ, എഫ്.ഐ.ആറിലെ കുറ്റങ്ങൾ എന്താണെന്നോ ഞങ്ങൾക്കറിയില്ല- ഡിക്സൺ പറയുന്നു.

ഭർത്താവ് ജോണിന്റെ കുടുംബത്തിൽ എന്തൊക്കെയോ, കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിയാമായിരുന്നു. എന്നാലും ചേച്ചിയെ അവർ മനഃപൂർവ്വം കേസിൽ പെടുത്തിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. പക്ഷെ, ആ കമ്പനിയെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ചേച്ചി മുമ്പ് പറഞ്ഞിട്ടുണ്ട്. അവർതന്നെയാകും ഇപ്പോഴുള്ള കേസിന് പിന്നെലെന്നുമാണ് ഞങ്ങളുടെ വിശ്വാസം. പലപ്പോഴായി കമ്പനി ആവശ്യത്തിനായി 19 ലക്ഷം രൂപ ചേച്ചിക്ക് ബാങ്ക് വായ്പയെടുത്ത് നൽകിയിരുന്നു. വായ്പയുടെ പലിശ മുടക്കം വരാതെ അടുത്ത കാലത്ത് വരെ അടച്ചതാണ്. ഈ കേസും പ്രശ്നങ്ങളും തുടങ്ങിയത് മുതൽ പലിശ മുടങ്ങിയിരിക്കുകയാണ്.

ചേച്ചിക്ക് മുൻകൂർ ജാമ്യം ഉണ്ടായിരുന്നു. പക്ഷെ മുൻകൂർ ജാമ്യം പോലും നിഷേധിച്ചാണ് ഇപ്പോൾ റിമാന്റിൽ വിട്ടത്. ഭർത്താവ് ജോൺ ജേക്കബിന്റെ കുടുംബം ചേച്ചിയെ പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കമ്പനിയുടെ അഭിഭാഷകനോട് ആലോചിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ നമ്മളോട് പങ്കുവച്ചിട്ടില്ല. ചേച്ചി വീട്ടിലേക്ക് വിളിച്ചിട്ട് കുറച്ച് ദിവസങ്ങളായെന്നും ഡിക്സൺ മറുനാടനോട് പറഞ്ഞു.

സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ കേസിലാണു ധന്യയും ഇപ്പോൾ കസ്റ്റഡിയിലുള്ളത്. മ്യൂസിയം, കന്റോൺമെന്റ്, പേരൂർക്കട പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. 2011ൽ മരപ്പാലത്ത് നോവ കാസിൽ എന്ന ഫ്‌ളാറ്റ് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 40 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ കൈപ്പറ്റി എന്നാണ് ആരോപണം. പണി പൂർത്തിയാക്കി 2014 ഡിസംബറിൽ ഫ് ളാറ്റ് കൈമാറാമെന്ന് പറഞ്ഞിരുന്നെങ്കിലും ഫ് ളാറ്റ് നൽകാത്തതിനെ തുടർന്ന് പണം നൽകിയവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫ്‌ളാറ്റിന്റെ ഉപയോക്താക്കളെ ആകർഷിച്ചതു ധന്യയെ ബ്രാൻഡ് അംബാസഡർ രൂപത്തിൽ നിർത്തിയായിരുന്നു. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ധന്യ അറിഞ്ഞിരുന്നില്ലെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്. ഐപിസി 420, 406 വകുപ്പുകളാണു തട്ടിപ്പുകേസിൽ ധന്യക്കെതിരായി ചുമത്തിയിരിക്കുന്നത്. കമ്പനിക്കെതിരായി ചുമത്തിയ കേസുകളിൽ നാലെണ്ണത്തിലാണു ധന്യയെ പ്രതിചേർത്തിരിക്കുന്നതെന്നാണു ലഭിക്കുന്ന വിവരം.

ധന്യയുടെ ഭർത്താവു ജോണിന്റെ പിതാവു ജേക്കബ് സാംസൺ പിആർഡിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. പത്രങ്ങളിലും മറ്റും ലക്ഷങ്ങളുടെ പരസ്യം നൽകിയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കു ജേക്കബ് സാംസൺ ഇറങ്ങിയത്. ധന്യയെ ജോൺ വിവാഹം ചെയ്തതോടെ സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ച് ധാരാളം ആളുകളെ ചതിയിൽപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്. 2012ലായിരുന്നു ജോണും ധന്യയും തമ്മിലുള്ള വിവാഹം.

2011 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസിൽ എന്ന ഫ്‌ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 25 പേരിൽ നിന്ന് ജേക്കബ് സാംസന്റെ കമ്പനി അഡ്വാൻസ് തുക കൈപ്പറ്റി. 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ കൊടുത്തവരിൽ ഉൾപ്പെടുന്നു. മരുമകളായി ധന്യ എത്തിയതോടെ കൂടുതൽ പേരെ തട്ടിപ്പിനിരകളാക്കി. 2014 ഡിസംബറിൽ ഫ്‌ലാറ്റ് പൂർത്തീകരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ലാറ്റ് നിർമ്മാണം പൂർത്തിയാകാതെ വന്നതോടെ ഉപഭോക്താക്കൾ ഫ്‌ലാറ്റ് നിർമ്മാതാക്കളെ സമീപിച്ചു. ഉടൻ പൂർത്തിയാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ രണ്ടുവർഷമായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. ഇതുകൂടാതെ ഫ്‌ലാറ്റുകളും ഫ്‌ലാറ്റ് നിർമ്മിക്കുന്ന സ്ഥലവും ഈടുവച്ച് ഇവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 15 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാർ ആരോപിക്കുന്നു. നോവ കാസിൽ കൂടാതെ, പരുത്തിപ്പാറ സന്തോഷ് നഗറിൽ ഓർക്കിഡ് വാലി എന്ന ഫ്‌ലാറ്റ് നിർമ്മിക്കാമെന്ന് കാണിച്ച് പലരിൽ നിന്നും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് അഡ്വാൻസ് തുക കൈപ്പറ്റി. 25 ഫ്‌ലാറ്റുകളാണ് ഇവിടെ നിർമ്മിക്കുന്നതെന്നായിരുന്നു വാഗ്ദാനം. 2014ലാണ് ഈ തട്ടിപ്പിന് തുടക്കമിട്ടത്.

ഫ്‌ലാറ്റ് നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് ഇതുവരെ പൈലിങ് പോലും ആരംഭിച്ചിട്ടില്ല. പേരൂർക്കടയിൽ പേൾ എന്ന് ഫ്‌ലാറ്റും വഴയിലയിൽ സാങ്ച്വറി എന്ന് ഫ്‌ലാറ്റ് സമുച്ചയവും മരുതൂരിൽ ഷാരോൺ വില്ലാസ് ആൻഡ് ഫ്‌ലാറ്റ് എന്ന് സമുച്ചയവും നിർമ്മിക്കുമെന്ന് കാണിച്ചും പണംതട്ടിയതായി പരാതിയിൽ പറയുന്നു. ഇവിടങ്ങളിലൊന്നും ഫ്‌ലാറ്റ് നിർമ്മാണം തുടങ്ങിയിട്ടേയില്ല. പരുത്തിപ്പാറയിൽ മെറിലാന്റ് എന്ന ഫ്‌ലാറ്റ് നിന്നിരുന്ന സ്ഥലം സാംസൺ ആൻഡ് ബിൾഡേഴ്‌സ് വാങ്ങി. ഇവിടെ താമസിച്ചിരുന്ന ഏഴ് ഫ്‌ലാറ്റ് ഉടമകൾക്ക് പകരം ഫ്‌ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപ്പായില്ല. ഇങ്ങനെ നിരവധി പരാതികളാണ് സാംസൺ ആൻഡ് ബിൾഡേഴ്‌സിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഫ്‌ലാറ്റ് നിർമ്മിച്ചുനൽകാമെന്ന് കാണിച്ച് പണംതട്ടിയതിനുപുറമെ ഉയർന്ന പലിശ നൽകാമെന്ന് കാണിച്ച് നിക്ഷേപം സ്വീകരിച്ചതിനും പദ്ധതികളിൽ പങ്കാളിത്തം നൽകാമെന്ന് മോഹിപ്പിച്ച് പണം തട്ടിയതായും സാംസൺ ആൻഡ് ബിൽഡേഴ്‌സിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP