Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോർപറേറ്റ് ചാരക്കേസ്; പ്രധാനമന്ത്രിയുടെ മുമ്പിൽ ഫയൽ എത്തും മുമ്പ് വേണ്ടപ്പെട്ടവർക്ക് ലഭിക്കും; ചൈനയിലേക്കും പാക്കിസ്ഥാനിലേക്കും വിവരങ്ങൾ ചോർത്തി; ഒഴുക്കിയത് കോടികൾ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഞെട്ടി ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ ഇന്ത്യ വൻ അഴിമതികളുടെ തറവാടാവുകയാണോ...??. ഓരോ അഴിമതികൾക്കും കുംഭകോണങ്ങൾക്കും ശേഷം അതിനെ വെല്ലുന്ന പുതിയ അഴിമതിക്കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ കോർപറേറ്റ് ചാരക്കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെയും തീരുമാനങ്ങളെയും സംബന്ധിച്ച ഫയലുകൾ പ്രധാനമന്ത്രിയുടെ മുമ്പിൽ എത്തുന്നതിന് മുമ്പ് വേണ്ടപ്പെട്ടവർക്ക് എത്തിക്കുന്ന ഉദ്യോഗസ്ഥമാഫിയുടെ കുടിലതന്ത്രങ്ങളുടെ ചിത്രമാണിതിലൂടെ തെളിയുന്നത്. ഇത്തരം കുത്സിതപ്രവർത്തനങ്ങൾ നടപ്പിലാക്കാനായി മിക്ക തലങ്ങളിലും ഇടപാടുകാരെയും സജ്ജമാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ഇതിനായി കോടികളാണ് ഒഴുകിയെത്തിയിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

മന്ത്രാലയത്തിലെ രഹസ്യാത്മകമായ നിരവധി രേഖകൾ ഈ തട്ടിപ്പ് സംഘത്തിന്റെ കൈകളിലൂടെ വേണ്ടപ്പെട്ടവരുടെ കസ്റ്റഡിയിൽ എത്തുകയും അവയിൽ പലതും പ്രധാനമന്ത്രിയുടെ ഓഫീസിലോ പാർലമെന്റിലോ എത്തുക പോലും ചെയ്തില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. അണ്ടർസെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്തിനേറെ മന്ത്രിമാർ വരെ ഒപ്പ് വച്ച് സുപ്രധാന രേഖകൾ വരെ തട്ടിപ്പ് സംഘത്തിന്റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ചില വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിലൂടെ സർക്കാരിന്റെ ചില പ്രപ്പോസലുകൾ, സുപ്രധാന യോഗങ്ങളുടെ വിശദാംശങ്ങൾ, എന്തിനേറെ ഓഡിറ്റ് റിപ്പോർട്ടുകൾ വരെ സ്വകാര്യകമ്പനികളുടെ പക്കലെത്തിച്ചേരുകായിരുന്നുവെന്നും വെളിവായിട്ടുണ്ട്. അതിനിടെ പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് ചോർത്തിയ രേഖകൾ ചൈനയിലും പാക്കിസ്ഥാനിലും എത്തിയെന്നും സൂചനയുണ്ട്. പൊലീസ് പിടിയിലായ പ്രയാസ് ജെയിനിന്റെ മൊഴിയിൽ ഇതിന്റെ സൂചനയുണ്ട്.

ഹൈഡ്രോകാർബൺ പ്രൊഡക്ഷനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട്, എണ്ണക്കമ്പനികൾക്കുള്ള ഓപ്പൺ ലൈസൻസിങ് പോളിസിയുടെ മുകളിലുള്ള കാബിനറ്റ് നോട്ട്, സാമ്പത്തിക കാര്യങ്ങൾക്ക് മുകളിലുള്ള കാബിനറ്റ് കമ്മിറ്റിയുടെ അപ്രൂവൽ നോട്ടുകൾ, പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ, കൽക്കരി ബ്ലോക്ക് ലേലത്തെക്കുറിച്ചുള്ള ഫയൽ നോട്ടുകളും രേഖകളും, ദേശിയവും അന്തർദേശീയവുമായ പദ്ധതികളെക്കുറിച്ചുള്ള സർക്കാരിന്റെ തീരുമാനങ്ങൾ , മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ആശയവിനിമയങ്ങൾ തുടങ്ങിയ നിരവധി തന്ത്രപ്രധാനമായ വിവരങ്ങളാണ് പ്രസ്തുത തട്ടിപ്പിലൂടെ ചോർത്തപ്പെട്ടിരിക്കുന്നത്.

പെട്രോളിയം മന്ത്രാലയത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ വിലപ്പെട്ട രേഖകൾ ചോർത്തിയ സംഭവത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഇതിന് പുറമെ കൽക്കരി, ഊർജ, ധനകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. കോർപറേറ്റ് അഴിമതിക്കേസിൽ പിടിയിലായവരിൽ നിന്ന് പ്രസ്തുത മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം വ്യപിപ്പിക്കുന്നത്. ഭരണപരമായ നിർണായക രേഖകൾ ചോർത്തിയ ഗൗരവപരമായ കുറ്റത്തിൽ ഭാഗഭാക്കായ ഒരാൾ പോലും രക്ഷപ്പെടാൻ അവസരമൊരുക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നൽകിയിട്ടുള്ളത്.

പിടിയിലായ എനർജി കൺസൾട്ടന്റ് പ്രയാസ് ജെയിനിന്റെ ഓഫീസിൽ നടത്തിയ തിരച്ചിലിനുശേഷം പെട്രോകെമിക്കൽ കമ്പനിയുടെ നോയ്ഡ ഓഫീസിൽ ശനിയാഴ്ച പൊലീസ്‌റെയ്ഡുണ്ടായിരുന്നു. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് വേണ്ടി തയ്യാറാക്കിയ കുറിപ്പുകളുൾപ്പെടെ പെട്രോളിയം മന്ത്രാലയം രഹസ്യമായി സൂക്ഷിച്ച നിരവധി രേഖകളാണ് ചോർന്നത്. പെട്രോളിയം മന്ത്രാലയത്തിലെ ജീവനക്കാർ ഉൾപ്പെടുന്ന സംഘമാണിതിന് ചുക്കാൻ പിടിച്ചത്.

രാജ്യത്തെ ഞെട്ടിച്ച് കോർപറേറ്റ് അഴിമതിയെക്കുറിച്ച് ഡൽഹി പൊലീസ് നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും ഇതിലൂടെ എല്ലാ കള്ളക്കളികളും വെളിപ്പെടുമെന്നും രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. ഈ കുംഭകോണത്തിൽ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമിടയിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. കുറച്ചധികം കാലമായി അരങ്ങേറുന്ന ഈ വക അഴിമതികൾ അനാവരണം ചെയ്യാൻ സാധിച്ചത് വലിയ നേട്ടമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത ജൂബിലന്റ് എനർജി കമ്പനിയുടെ സീനിയർ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്രയെ ശനിയാഴ്ച രാവിലെ പ്രയാസ് ജെയിനിന്റെ ഓഫീസിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ കോർപ്പറേറ്റ് അഫയേഴ്‌സ് മാനേജർ ശൈലേഷ് സക്‌സേന, എസ്സാർ ഓയിലിന്റെ ഡി.ജി.എം. വിനയ് കുമാർ, ജൂബിലന്റ് എനർജി സീനിയർ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, കെയിൻ ഇന്ത്യ ജി.എം. കെ.കെ. നായിക്, അഡാഗ് റിലയൻസ് ഉദ്യോഗസ്ഥൻ റിഷി ആനന്ദ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, മോഷണമുതൽ കൈപ്പറ്റൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേൽ ചുമത്തിയിട്ടുള്ളത്. പ്രസ്തുത അഴിമതിക്കേസിൽ ഇതുവരെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോർപറേറ്റ് അഴിമിതിയുമായി ബന്ധപ്പെട്ട സമഗ്രതലങ്ങളെയും സൂക്ഷ്മമായി അരിച്ച് പെറുക്കിക്കൊണ്ടുള്ള അന്വേഷണം നടത്തുമെന്നും കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയുണ്ടാകുമെന്നും അറസ്റ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കുകയാണെന്നും ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ് ബാസി അറിയിച്ചു.

ദേശീയസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനായ രേഖകളാണ് അറസ്റ്റിലായവരിൽനിന്ന് കണ്ടെടുത്തതെന്നും ഇവർക്കെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കേസ് ചാർജ് ചെയ്യുമെന്നും പൊലീസ് ഡൽഹി കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കാനായി മൂന്നുദിവസത്തേക്ക് കോടതി, പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണിപ്പോൾ.

മന്ത്രാലയങ്ങളിലെ തന്ത്രപ്രധാനമായ രേഖകൾ പിൻവാതിലിലൂടെ ചോർത്താനായി 10,000 കോടി രൂപയുടെ ചാരപ്പണിയാണ് അരങ്ങേറിയതെന്ന് മാദ്ധ്യമപ്രവർത്തകൻ ശന്തനു സൈകിയ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണിയാൾ അറസ്റ്റിലായത്.ഈ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് തന്നെ അറസ്റ്റുചെയ്തതെന്നും അദ്ദേഹം പറയുന്നു. പെട്രോളിയം വിഷയത്തിൽ വെബ്‌പോർട്ടൽ നടത്തുന്നയാളാണ് ശന്തനു സൈകിയ. ഈ തട്ടിപ്പ് വെളിച്ചത്ത് വരാതിരിക്കാനാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായി പൊരുതുമെന്നും സൈകിയ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പക്ഷേ സൈകിയയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

ഗവൺമെന്റ് സംവിധാനം അട്ടിമറിക്കാൻ ഒത്താശ ചെയ്തവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഭരണപരമായ നടപടികൾക്ക് കൂടുതൽ സുതാര്യത ഉറപ്പു വരുത്താൻ കോർപറേറ്റ് ലോബിയിങ് നിയമവിധേയമാക്കണമെന്നാണ് വ്യാപാര സംഘടനയായ അസോചം ഇതിനോടനുബന്ധിച്ച് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ പെട്രോളിയം മന്ത്രാലയത്തിലെ മൾട്ടി ടാസ്‌കിങ് വിഭാഗത്തിലെ ജീവനക്കാരനായ ലോകേഷിനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസിറക്കിയിട്ടുണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട നിർണായകമായ വിവരങ്ങൾ മറ്റു സ്വകാര്യ കമ്പനികൾക്കു എത്തിച്ച് കൊടുക്കുന്നതിൽ ഇയാൾക്കു വലിയ പങ്കുണ്ടെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടക്കാൻ തുടങ്ങിയത് മുതൽ ലോകേഷ് ഒളിവിൽ പോയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP