Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുത്ത ദിലീപ് പക്ഷക്കാരനായ സിദ്ദിഖിനെ സെക്രട്ടറി ആക്കിയത് പിടിവിടില്ലെന്ന സൂചനയോടെ; എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ പോലും ദിലീപിനെതിരെ ചിന്തിക്കുന്നവരെ തുടച്ചു നീക്കി; പരസ്യമായി ദിലീപിനെ അനുകൂലിച്ച നിലപാടുകാർക്ക് മാത്രം ഇടം; ഇടത് എംഎൽഎയായ ഗണേശിനേയും മുകേഷിനേയും വൈസ് പ്രസിഡന്റ് ആക്കിയതും ബുദ്ധിപൂർവ്വം; അക്രമിക്കപ്പെട്ട നടിയുടെ ഒപ്പം നിന്നവരും പുറത്തായപ്പോൾ ദിലീപിനെ സ്തുതിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് മാത്രം പദവി നൽകിയത് കൃത്യമായ ആസുത്രണത്തിന്റെ ഭാഗമായി

കടുത്ത ദിലീപ് പക്ഷക്കാരനായ സിദ്ദിഖിനെ സെക്രട്ടറി ആക്കിയത് പിടിവിടില്ലെന്ന സൂചനയോടെ; എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ പോലും ദിലീപിനെതിരെ ചിന്തിക്കുന്നവരെ തുടച്ചു നീക്കി; പരസ്യമായി ദിലീപിനെ അനുകൂലിച്ച നിലപാടുകാർക്ക് മാത്രം ഇടം; ഇടത് എംഎൽഎയായ ഗണേശിനേയും മുകേഷിനേയും വൈസ് പ്രസിഡന്റ് ആക്കിയതും ബുദ്ധിപൂർവ്വം; അക്രമിക്കപ്പെട്ട നടിയുടെ ഒപ്പം നിന്നവരും പുറത്തായപ്പോൾ ദിലീപിനെ സ്തുതിക്കുകയും സഹായിക്കുകയും ചെയ്തവർക്ക് മാത്രം പദവി നൽകിയത് കൃത്യമായ ആസുത്രണത്തിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയെ ദിലീപാണ് നയിക്കുന്നത്. ഇനിയും അങ്ങനെ തന്നെ. അമ്മയെന്ന താരസംഘടനയെ പിടിക്കാനിറങ്ങിയ പൃഥ്വിരാജ് സംഘടനയിൽ നിന്ന് തന്നെ പുറത്തായി. നടിയെ ആക്രമിച്ച കേസിലെ പ്രതി താരങ്ങളുടെ ഹീറോയാണ്. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ അമ്മയുടെ ജനറൽ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യിൽ നിന്നും പുറത്താക്കപ്പെട്ട നടൻ ദിലീപിനെ വീണ്ടും സംഘടനയിൽ തിരിച്ചെടുത്തു. അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മുൻനിർത്തിയാണ് നടപടി.

ആരോപണവിധേയനായ നടൻ ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി. വേണ്ട നടപടിക്രമം പാലിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും യോഗത്തിൽ വാദങ്ങളുയർന്നിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് പദവികളിൽ പുതിയ ആളുകൾ ചുമതലയേറ്റതിന് പിന്നാലെ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ദിലീപ് വിഷയം ചർച്ചയായത്. മോഹൻലാൽ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. വനിതാ അംഗങ്ങൾ അടക്കം ഭൂരിഭാഗം താരങ്ങളും യോഗത്തിൽ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഘടനയിലും ദിലീപ് പിടിമുറുക്കി. ഇടത് എംഎൽമാരായ ഗണേശും മുകേഷും ഭാരവാഹികളാണ്. വിശ്വസ്തനായ ജഗദീഷിനെ ട്രഷററാക്കി. ജനറൽ സെക്രട്ടറി ഇടവേള ബാബു ദിലീപിന്റെ മാത്രം ആളായി മാറി കഴിഞ്ഞു. എക്‌സിക്യൂട്ടീവിലും ദിലീപിനെ അനുകൂലിക്കുന്നവർ മാത്രമേ ഉള്ളൂ. പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും ഒഴിവാക്കിയാണ് നടപടികൾ.

മോഹൻ ലാലിനെതിരെ ആരും മത്സരിക്കാനില്ലാതിരുന്നതിനാൽ ഐകകണ്‌ഠ്യേനയാണു തിരഞ്ഞെടുത്തത്. പുതുതായി 11 നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു: ആസിഫ് അലി, അജു വർഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രൻസ്, ജയസൂര്യ, സുധീർ കരമന, ടിനി ടോം, രചന നാരായണൻക്കുട്ടി, ശ്വേത മേനോൻ, ഉണ്ണി ശിവപാൽ എന്നിവർ ചേർന്നതാണ് നിർവാഹക സമിതി. ഇവരെല്ലാം ദിലീപ് അനുകൂലികളാണ്. ദിലീപിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നവർ. സംഘടനയിൽ സ്ത്രീ പ്രാതിനിധ്യത്തിനായി വാദിച്ചവരും പുറത്തായി. ഇനി ദിലീപ് സംഘടനയിലേക്ക് ഇല്ലെന്ന സൂചനയാണുള്ളത്. സിനിമയിൽ പ്രവർത്തിക്കാൻ സംഘടന വേണ്ടെന്ന നിലപാട് പൃഥ്വിരാജ് എടുത്തതായാണ് സൂചന. ദിലീപിന് വേണ്ടിയാണ് യോഗമെന്ന തിരിച്ചറിവിലാണ് ഇന്നലെ കൊച്ചിയിലെ യോഗത്തിൽ പൃഥ്വി രാജ് എത്താതിരുന്നത്.

ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം താരങ്ങൾ അഭിപ്രായപ്പെട്ടു. ദിലീപിനെ അന്ന് അമ്മയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നുവെന്നും അമ്മയുടെ നടപടിക്കെതിരേ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു. പുറത്താക്കലിനെതിരേ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ദിലീപിന്റെ തീരുമാനം നിർണായകമാണ്. അമ്മയിലേക്ക് മടങ്ങി വരാൻ താരത്തിന് താൽപര്യമുണ്ടോ എന്ന് ആരാഞ്ഞതിന് ശേഷം മാത്രമേ വിഷയത്തിൽ ഭരണ സമിതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. അമ്മയിൽ നിന്ന് പുറത്താക്കി ഒരു വർഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുന്നത്.

ദിലീപിനെതിരേ നിലപാടെടുത്ത താരങ്ങൾ പങ്കെടുക്കാത്ത വാർഷിക യോഗത്തിനുശേഷം നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണു നാടകീയമായ നീക്കം നടന്നത്. വിവാദങ്ങൾ ഭയന്നു മാധ്യമങ്ങളെ ഒഴിവാക്കിയാണു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പൊതുയോഗം. ദിലീപിനെ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സംഭവം പൊട്ടിത്തെറിക്കു വഴിവയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ദിലീപിനെതിരേ നിലപാടെടുത്ത പൃഥ്വിരാജ്, രമ്യാ നമ്പീശൻ, റിമാ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽനിന്നു വിട്ടുനിന്നു. വാർഷികയോഗത്തിൽ ഒരാൾമാത്രമാണ് ദിലീപ് പ്രശ്നം ചർച്ച ചെയ്തത്. ദിലീപിനെ സംഘടനയിൽ നിന്ന് ഒഴിവാക്കിയ രീതി ചട്ടങ്ങൾ പാലിച്ചല്ലെന്നായിരുന്നു അഭിപ്രായം ഉയർന്നത്. നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ പിന്നീട് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നായിരുന്നു ഭാരവാഹികളുടെ വാദം. എന്നാൽ, പിന്നീട് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നാടകീയമായി ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. മുൻ തീരുമാനം നടപ്പാക്കിയെന്നാണു സൂചന. എതിർപ്പ് ഒഴിവാക്കാൻ പൊതുയോഗത്തിൽ നിന്ന് ചർച്ചയും ഒഴിവാക്കി. സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ദിലീപിന് അനുകൂലമായി രംഗത്തെത്തി.

ജനറൽ ബോഡി യോഗത്തിന്റെ അജണ്ടയിൽ ദിലീപ് വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ചർച്ചയ്ക്ക് ഉയരുകയായിരുന്നു. നടൻ ദിലീപിനായി ആദ്യം വാദിച്ചത് ഊർമ്മിള ഉണ്ണിയാണ്. തുടർന്ന് ഈ വിഷയത്തിൽ താരങ്ങളുടെ അനുകൂല പ്രതികരണം ഉയർന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാൽ തന്നെ പുറത്താക്കൽ നിലനിൽക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. അതു തെറ്റായിപ്പോയെന്നും അമ്മയുടെപുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേർത്തു. അജണ്ടയ്ക്കു പുറത്തുള്ള വിഷയമായതിനാൽ വിശദമായ ചർച്ച ഇന്നത്തെ യോഗത്തിൽ നടന്നില്ല. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനൽകിയത് നിറഞ്ഞ കൈയടികളോടെയാണ് അംഗങ്ങൾ സ്വാഗതം ചെയ്തത്. അതിന് ശേഷമായിരുന്നു അടിന്തര എക്‌സിക്യൂട്ടീവ് ദിലീപിനെ സംഘടനയിൽ വീണ്ടും തിരിച്ചെടുത്തത്.

സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമ്മേളനം ചേർന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉൾപ്പെടെയുള്ള സമ്മേളന നടപടികൾ ഫേസ്‌ബുക് വഴി തൽസമയം കാണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 'അമ്മ'യുടെ ഔദ്യോഗിക പേജിൽ യോഗത്തിന്റെ ചില വിഡിയോകളും ഷെയർ ചെയ്തിരുന്നു. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരാണ് നിർവാഹകസമിതിയിലെ വനിതാ സാന്നിധ്യം.

രമ്യാനമ്പീശനും കുക്കൂ പരമേശ്വരനുമാണു കഴിഞ്ഞ സമിതിയിലുണ്ടായിരുന്നത്. ജയസൂര്യയെയും ആസിഫ് അലിയെയും നിലനിർത്തിയ സമിതിയിൽ ഇന്ദ്രൻസ്, സുധീർ കരമന, ബാബുരാജ്, ടിനി ടോം, അജു വർഗീസ്, ഉണ്ണി ശിവപാൽ എന്നിവരാണ് മറ്റംഗങ്ങൾ. 2021 വരെയാണ് ഭരണസമിതിയുടെ കാലാവധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP