Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആബേൽ അച്ചൻ ശിഷ്യന്മാരായി കലാഭവനിൽ വെച്ച് കണ്ടുമുട്ടി; ദേ മാവേലി കൊമ്പത്തിൽ തുടങ്ങിയ ബന്ധം 'ദേ പുട്ടിലും' വിവാദങ്ങളിലും വരെ ഒരുമിച്ചു; സിനിമയിലും ജീവിതത്തിലും താങ്ങും തണലുമായി നിന്നു; പൊലീസ് സ്റ്റേഷന്റെ പടികയറിയതും ഒരുമിച്ച്; ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ കിടന്ന് വളർന്ന വഴി പിരിയാത്ത ദിലീപ്-നാദിർഷാ സൗഹൃദ കഥ ഇങ്ങനെ

ആബേൽ അച്ചൻ ശിഷ്യന്മാരായി കലാഭവനിൽ വെച്ച് കണ്ടുമുട്ടി; ദേ മാവേലി കൊമ്പത്തിൽ തുടങ്ങിയ ബന്ധം 'ദേ പുട്ടിലും' വിവാദങ്ങളിലും വരെ ഒരുമിച്ചു; സിനിമയിലും ജീവിതത്തിലും താങ്ങും തണലുമായി നിന്നു; പൊലീസ് സ്റ്റേഷന്റെ പടികയറിയതും ഒരുമിച്ച്; ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ  കിടന്ന് വളർന്ന വഴി പിരിയാത്ത ദിലീപ്-നാദിർഷാ സൗഹൃദ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ മിമിക്രിയും സ്റ്റേജ് ഷോയുമായി അലഞ്ഞു നടന്ന നാളുകളിൽ, പരിപാടി കഴിഞ്ഞ് രാത്രി പുട്ടുതേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടവിഭവമായ പുട്ടു കിട്ടാതെ പലപ്പോഴും പൊറോട്ടയാണ് കഴിക്കേണ്ടി വന്നിട്ടുള്ളത്. പല കടകളിൽ കയറിയിട്ടുണ്ടെങ്കിലും ഒടുവിൽ പൊറോട്ടയിൽത്തന്നെ ഞങ്ങൾ ശരണം പ്രാപിച്ചിട്ടുണ്ട്. അന്നത്തെ രസകരമായ ഓർമ്മകൾ കൂടി ദേ പുട്ടിന് പിന്നിലുണ്ട്.-ഇതായിരുന്നു പുട്ടുകട തുടങ്ങിയപ്പോൾ ആത്മമിത്രമായ ദിലീപും നാദിർഷായും പ്രതികരിച്ചത്. 

1998 ൽ വൻ ഹിറ്റായി മാറിയ 'ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം' എന്ന ഹാസ്യ പാരഡി കാസറ്റിലൂടെയാണ് ദിലീപ് നാദിർഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. ഇതിനുശേഷം ഈ ടീം സ്വന്തമായി നിർമ്മിച്ച കോമഡി കാസറ്റാണ് 'ദേ മാവേലി കൊമ്പത്ത് ' അതും വൻ ഹിറ്റായി. വർഷങ്ങൾക്കു ശേഷം ജീവിതം തന്നെ ഹിറ്റാക്കി മാറ്റിയ ഈ താരങ്ങൾ ദേ പുട്ടുമായി രംഗത്തെത്തി. ദേ മാവേലി കൊമ്പത്തിലെ ദേ യും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിലെ പുട്ടും ചേർത്തുവച്ചാണ് 'ദേ പുട്ട്' എന്ന ഭാഗ്യനാമം ഉണ്ടായതതെന്ന് ദിലീപും നാദിർഷയും പറയുന്നു. അതും വമ്പൻ വിജയും. അങ്ങനെ മുന്നേറുമ്പോഴാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമെത്തുന്നത്. അവിടേയും ഇരുവരും പൊലീസിന്റെ കണ്ണിൽ സംശയാലുക്കളാകുന്നു. ഇഴപിരിയാത്ത സൗഹൃദം തന്നെയാണ് അമ്മയിലെ 'രണ്ട് മക്കളെ' കുഴപ്പത്തിൽ ചാടിക്കുന്നതും.

കേരളത്തിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്നായി മിമിക്രി എന്ന കലാരൂപം മാറിയതിനു പിന്നിൽ ഒരു കലസ്‌നേഹിയുടെ പേരുണ്ട്. ആബേലച്ചൻ. ഉത്സവപറമ്പുകളെ കീഴടക്കിയ മിമിക്‌സ് പരേഡ് എന്ന മുഴുനീള ഹാസ്യ പരിപാടിയുടെ ശില്പി അപൂർവ്വമായി മാത്രം ചിരിക്കുന്ന ഫാദർ ആബേൽ ആണ്. മരണം വരെ കലാഭവൻ എന്ന സ്ഥാപനത്തിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ആബേലച്ചന്റെ ശിഷ്യ സമ്പത്ത് മലയാള ചലച്ചിത്ര -ടെലിവിഷൻ വ്യവസായത്തിന്റെ നെടുംതൂണുകളാണ്. സിദ്ദിഖ് -ലാൽ , ജയറാം , ദിലീപ് , നാദിർഷാ തുടങ്ങി എണ്ണിയാൽ തീരില്ല ആ പട്ടിക. ഈ ആബേൽ അച്ചന്റെ പിന്തുണയുമായായണ് ദിലീപും നാദിർഷായും സ്റ്റേജിലെ താരങ്ങളാകുന്നത്. പിന്നീട് കാസറ്റിലൂടെ വെള്ളിത്തിരയിലേക്കും. ഇവിടെയെല്ലാം സൗഹൃദം നിലനിർത്തി ഇരുവരും മുന്നേറി. മോഹൻലാലും പ്രിയദർശനും എന്നതിന് സമാനമായ സൗഹൃദ കൂട്ടായി ഇവരുടെ പേര് ചർച്ചയുമായി.

ഇന്നസെന്റിനെ മാവേലിയായി അവതരിപ്പിച്ചത് ദിലീപും നാദിർഷായും ചേർന്നായിരുന്നു. തൊണ്ണൂറുകളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഹാസ്യ പാരഡി. വിഡി രാജപ്പന്റെ ഹാസ്യ കഥാപ്രസംഗത്തെ വെല്ലുന്ന അവതരണം. പാരഡിയിൽ നാദിർഷാ ഉസ്താദായി. അവതരണത്തിൽ ദിലീപും. ജയറാമിന് ശേഷം കലാഭവന്റെ സുവർണ്ണകാലം. അബേലച്ചന്റെ മിടുക്കന്മാരായ ശിഷ്യന്മാരായി ദിലീപും നാദിർഷായും കലാഭവൻ മണിയും അബിയും കലാഭവൻ സാജനുമായി. എൻ എഫ് വർഗ്ഗീസിന്റെ മേൽനോട്ടത്തിൽ ലാൽ ജോസിന്റെ സഹകരണവും കലാഭവനെ സ്‌റ്റേജുകളിൽ സ്‌റ്റേജുകളിലേക്ക് നയിച്ചു. ഇതിനിടെയാണ് ആബേലച്ചന്റെ പിന്തുണയിൽ ദേ മാവേലി കൊമ്പത്ത് എത്തുന്നത്. ഇതോടെ ദിലീപും നാദിർഷായും മലയാളിയുടെ മനസ്സിലെ പ്രിയമുഖങ്ങളായി.

അങ്ങനെ ഇന്നും ഇന്നലെയും തുടങ്ങിയ കൂട്ടുകെട്ടല്ല നാദിർഷയും ദിലീപും തമ്മിലുള്ളത്. കാൽ നൂറ്റാണ്ടുകൾക്ക് പുറകോട്ട് പോണം ഒറ്റ ചങ്കായ ഈ സുഹൃത്തുക്കളുടെ കഥ അറിയണമെങ്കിൽ. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടാകുമെന്ന് കരുതിയ പലരും പാതിവഴിയിൽ ഇറങ്ങിപ്പോയപ്പോഴും എല്ലാ പ്രശ്നങ്ങളിലും ദിലീപിനൊപ്പം നിന്ന കട്ട ഫ്രണ്ടാണ് നാദിർഷ. അതിപ്പോൾ മഞ്ജു വാര്യറുമായുള്ള രഹസ്യ വിവാഹത്തിലായാലും കാവ്യയുമായുള്ള പരസ്യ വിവാഹത്തിലായാലും നാദിർഷയ്ക്ക് ഇങ്ങനെയൊക്കയെ ആവു. നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ ഒറ്റയ്ക്ക് പൊലീസിന് മുമ്പിലേക്ക് എറിഞ്ഞ് കോടുക്കാൻ നാദിർഷയ്ക്ക് കഴിയില്ല. ദിലീപിനോടൊപ്പം തന്നെ പൊലീസ് ക്ലബ്ബിൽ കയറാനും നാദിർഷായുണ്ടായി. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ മിമിക്രി കളിച്ചും പാരഡി പാടിയുമാണ് ദിലീപും നാദിർഷയും സൗഹൃദം തുടങ്ങുന്നത്. കലാഭവനിലൂടെ ഇരുവരും കൂടുതൽ അടുത്തു. അബി, നാദിർഷ, ദിലീപ് തുടങ്ങിയവർ ചേർന്ന് ഇറക്കിയ 'ദേ മാവേലി കൊമ്പത്ത്' എന്ന പാരഡി കാസറ്റിലൂടെ ഇരുവരും സൗഹൃദ ബന്ധം അരക്കിട്ടുറപ്പിച്ചു.

ഏഷ്യാനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്‌ക്രീനിൽ മുഖം കാണിക്കുന്നത്. പിന്നീട് കമലിന്റെ അസിസ്റ്റന്റായി ദിലീപ് സിനിമയിൽ എത്തിയപ്പോൾ കൊച്ച് കൊച്ച് വേഷങ്ങളിൽ അഭിനയിച്ച് നാദിർഷയും സിനിമയിൽ ചുവടുറപ്പിച്ചു. ത്രിമൻ ആർമിയും മാനത്തെ കൊട്ടാരവും ദിലീപിനെ മലയാള സിനിമയിലെ ശ്രദ്ധേയമുഖമാക്കി. ജയറാമിന്റെ പിന്തുണയായിരുന്നു ഇതിനെല്ലാം കാരണം. ഏഴരക്കൂട്ടം എന്ന സിനിമയിലൂടെ ദിലീപ് നായകനായി സിനിമയിൽ എത്തിയപ്പോൾ നാദിർഷയും ആ സിനിമയിൽ മുഖം കാണിച്ചു. സല്ലാപത്തിൽ മഞ്ജുവാര്യരും ദിലീപും ഒന്നിച്ചു. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രം ഈ ജോഡിയെ ജനപ്രിയമാക്കി. ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലപീന് താര പദവിയും നൽകി. പിന്നെ പതിയെ മഞ്ജുവിന്റെ കല്ല്യാണം. ജോക്കറും മീശമാധവനും കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ദലീപിനെ ജനപ്രിയ താരമാക്കി. സിഐഡി മൂസയും കൊച്ചിരാജാവുമെല്ലാം ജനപ്രിയ നായകന്റെ പിറവിക്കും കാരണമായി. അപ്പോഴും ചങ്ങാതിക്കൂട്ടത്തിൽ ഒപ്പം നിർത്തിയത് നാദിർഷായെ ആയിരുന്നു.

ഫർണ്ണിച്ചർ കട മുതൽ ഹോട്ടൽ വ്യവസായം വരെ ദിലീപ് തുടങ്ങി. പിന്നെ തിയേറ്ററും മൾട്ടി പ്ലക്‌സുകളുമെല്ലാം. ഇവിടെയല്ലം ചങ്ങാതിയെയും ദിലീപ് ഒപ്പം തന്നെ നിർത്തി. ഏറ്റവും അടുത്ത വിശ്വസ്തനായും ബിസിനസ് പങ്കാളിയായും. പാരഡി പാട്ടുകളും സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളുമായി തിളങ്ങിയ നാദിർഷ പിന്നീട് ഗായകനായും സിനിമ സംവിധായകനായും വളർന്നപ്പോൾ എല്ലാ പിന്തുണയുമായും ദിലീപും ഉണ്ടായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം കാവ്യയും ദിലീപും അമേരിക്കയിൽ കറങ്ങാൻ പോയതും മകളെ ഒപ്പം കൂട്ടാതെ പോയതും ഫേസ്‌ബുക്കിൽ വൻ വിവാദമായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ മകളെ അമേരിക്കയിലെത്തിച്ചും ഫോട്ടോ എടുത്തും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തും വിവാദങ്ങളിൽ നിന്നും ദിലീപിന്റെ മുഖം രക്ഷിച്ചതും നാദിർഷയാണ്. നാദിർഷ സംവിധാനം ചെയ്ത അമർ അക്‌ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിനും ദിലീപ് എത്തിയിരുന്നു.

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രം നാദിർഷ സംവിധാനം ചെയ്തപ്പോൾ അതിന് പണം മുടക്കിയതും ദിലീപാണ്. ദിലീപിന്റെ പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിയുമാണ് നാദിർഷ. എറണാകുളത്തെ ദിലീപിന്റെ ഹോട്ടലായ ദേ പുട്ടിലും നാദിർഷയ്ക്ക് പങ്കാളിത്തം ഉണ്ട്. ആക്രമണത്തിനിരയായ നടിയുമായി ദിലീപിനുള്ള ഭൂമി ഇടപാടിലും നാദിർഷയ്ക്കും പങ്കുണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്. മഞ്ജുവും ദിലീപും എന്തുകൊണ്ട് പിരിഞ്ഞു എന്നതിലും യഥാർത്ഥ കാരണം അറിയാവുന്ന ഒരേ ഒരാളും നാദിർഷയാണ്. ദിലിപ് -കാവ്യ വിവാഹം കഴിഞ്ഞതോടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരാളാണ് നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ. ദിലീപ്- കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് നാദിർഷയാണെന്ന തരത്തിലുള്ള വാർത്തകൾ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. വാർത്തകൾ വ്യാജമാണെന്നും എല്ലാവരേയും പോലെ താനും വിവാഹത്തിന്റെ തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞതെന്ന് നാദിർഷ പ്രതികരിച്ചിരുന്നു. പക്ഷേ മലയാളികളാരും ഈ വാക്കുകളെ വിശ്വസിച്ചില്ല. കാരണം ദിലീപും നാദിർഷായും തമ്മിലെ ബന്ധം മലയാളിക്ക് അത്രമേൽ അറിയാമായിരുന്നു.

ഒടുവിൽ ദിലീപ്-നാദിർഷ ചിത്രം യാഥാർത്ഥ്യമാകുന്നുവെന്ന വാർത്തയുമെത്തി. ദിലീപ് ചിത്രങ്ങളുടെ മാർക്കറ്റ് വീണ്ടെുടുക്കാനാണ് ആത്മസുഹൃത്തുക്കൾ ഒന്നിക്കുന്നതെന്നും വിലയിരുത്തലെത്തി. മമ്മൂട്ടി ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്ന് നാദിർഷ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥയും താരങ്ങളുടെ ഡേറ്റുമെല്ലാം ഒത്തുവന്നാൽ ആദ്യം ദിലീപ് ചിത്രത്തിലേക്ക് കടക്കുകയായിരുന്നു. നാദിർഷ സംവിധായകനാകുന്നുവെന്ന റിപ്പോർട്ട് വന്നപ്പോൾ തന്നെ ദിലീപ് നായകനാകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ തന്റെ ആദ്യ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെയാണ് നാദിർഷാ് നായകരാക്കിയത്. രണ്ടാം ചിത്രത്തിൽ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്്ണനാണ് നായകനായത്. ഇതും വൻ വിജയമായി. ഇതിനിടെ അമേരിക്കൻ യാത്രയിലും നാദിർഷായുടെ മികവാണ് വിജയ രഹസ്യമായതും. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടി നാദിർഷാ ഒരുക്കുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറി.

ഇതിനിടെയാണ് നടിയെ ആക്രമിക്കപ്പെട്ട കേസ് എത്തുന്നത്. ആദ്യമുതൽ തന്നെ ഗൂഢാലോചനയിൽ നടന്റെ പേര് ഉയർന്നു കേട്ടു. എല്ലാം തീർന്നെന്ന് കരുതുമ്പോൾ പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉയർന്നു കേട്ട സംവിധായകന്റെ പേരിൽ ആദ്യം പറഞ്ഞു കേട്ടത് മറ്റ് ചില പേരുകളായിരുന്നു. ഇതിനിടെയാണ് നാടകീയമായി പൊലീസ് നാദിർഷായെ വില്ലനാക്കുന്നത്. ഇതോടെ ഈ സിനിമാ സുഹൃത്തുക്കൾ വിജയ വഴയിൽ നിന്ന് കഥയിലെ വില്ലനുമായി. പരസ്പരം താങ്ങും തണലുമായി നിന്ന ദിലീപും നാദിർഷായും ഇപ്പോഴും ഒരുമിച്ചാണ്. വെല്ലുവിളികളെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഇരുവരും ഒറ്റ സ്വരത്തിൽ പറയുകയുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP