Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഷ്ടപ്പെട്ട് സമ്പാദിച്ച അനുകൂല തരംഗം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി; തിരിച്ചെടുക്കൽ വിഷയം കരുതൽ ഇല്ലാതെ കൈകാര്യം ചെയ്ത സഹതാരങ്ങളോടുള്ള അസ്വസ്ഥത മറച്ചു വയ്ക്കാതെ ദിലീപ്; സമ്മർദ്ദം അതിജീവിക്കാനാവാതെ ശാന്തി തേടി നടൻ പുട്ടപർത്തിയിൽ; വിവാദം ചൂടു പിടിക്കുമ്പോഴും ലാലേട്ടൻ സിനിമയ്ക്ക് പറ്റിയ ലൊക്കേഷൻ തേടി കാടുകളിൽ അലഞ്ഞ് പൃഥ്വിരാജും; ഫോണിൽ പോലും ലഭ്യമാകാതെ രണ്ട് താരങ്ങളും

കഷ്ടപ്പെട്ട് സമ്പാദിച്ച അനുകൂല തരംഗം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി; തിരിച്ചെടുക്കൽ വിഷയം കരുതൽ ഇല്ലാതെ കൈകാര്യം ചെയ്ത സഹതാരങ്ങളോടുള്ള അസ്വസ്ഥത മറച്ചു വയ്ക്കാതെ ദിലീപ്; സമ്മർദ്ദം അതിജീവിക്കാനാവാതെ ശാന്തി തേടി നടൻ പുട്ടപർത്തിയിൽ; വിവാദം ചൂടു പിടിക്കുമ്പോഴും ലാലേട്ടൻ സിനിമയ്ക്ക് പറ്റിയ ലൊക്കേഷൻ തേടി കാടുകളിൽ അലഞ്ഞ് പൃഥ്വിരാജും; ഫോണിൽ പോലും ലഭ്യമാകാതെ രണ്ട് താരങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ പ്രമുഖർ വിളിച്ചിട്ട് പോലും ദിലീപിനെ ഫോണിൽ കിട്ടുന്നില്ല. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്ത വിവാദം സിനിമാക്കാർക്കിടയിൽ ആളിക്കത്തുമ്പോൾ ഇതിൽ നിന്ന് മാറി നിൽക്കുകയാണ് ദിലീപ്. പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ ദിലീപിന് മേലുണ്ട്. അതുകൊണ്ട് കൂടിയാണ് താൻ ഇനി സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കി എഎംഎംഎയ്ക്ക് ദിലീപ് കത്ത് നൽകിയത്. ഇതിന് ശേഷം ആർക്കും ദിലീപുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ശാന്തി തേടി സായിബാബയുടെ പുട്ടപർത്തിയിൽ കഴിയുകയാണ് നടനെന്നാണ് റിപ്പോർട്ട്. ദിലീപിനെതിരെ ഉറച്ച നിലപാടുമായി പോകുന്ന പൃഥ്വിരാജും മുന്നണിയിലേക്ക് എത്തുന്നില്ല. അദ്ദേഹത്തിന്റെ ഫോണും സ്വിച്ച് ഓഫാണ്.

മോഹൻലാൽ നായകനായ ലുസിഫർ ഒരുക്കുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ്. അടുത്ത മാസം ഷൂട്ടിങ് തുടങ്ങുകയാണ് ലക്ഷ്യം. ഈ ചിത്രത്തിനുള്ള ലൊക്കേഷൻ കണ്ടെത്താനുള്ള ഓട്ടത്തിലാണ് താരം. അതുകൊണ്ട് തന്നെ ഫോൺ സ്വിച്ച് ഓഫ്. കാട്ടിനുള്ളിലെ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ട ലൊക്കേഷൻ തേടിയാണ് യാത്ര.

അതുകൊണ്ട് തന്നെ ദിലീപ് വിഷയത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾക്കായി പൃഥ്വിരാജിനെ ബന്ധപ്പെടാൻ പോലും കഴിയുന്നില്ല. ഇതോടെ തീരുമാനങ്ങളെടുക്കാൻ എഎംഎംഎയ്ക്ക് കഴിയാതെയും പോകുന്നു. സംഘടനയ്ക്ക് പ്രതിച്ഛായ നഷ്ടമുണ്ടാക്കാത്ത തീരുമാനമാണ് എഎംഎംഎ എടുക്കാൻ ആഗ്രഹിക്കുന്നത്. ദിലീപിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയൊരു തീരുമാനമെടുക്കാനാണ് താര സംഘടന ആഗ്രഹിക്കുന്നത്. ഇതു മനസ്സിലാക്കിയാണ് ദിലീപും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പുട്ടപർത്തിയിൽ തങ്ങുന്നതെന്നാണ് സൂചന.

സായിബാബയുടെ ജീവിതം സിനിമയാക്കാൻ ആലോചനയുണ്ടായിരുന്നു. അന്ന് സായി ബാബയായി അഭിനയിക്കാൻ പരിഗണിച്ചത് ദിലീപിനെയാണ്. ആ പ്രോജക്ട് ഇനിയും നടന്നിട്ടില്ല. ഈ ചർച്ചകൾ മുതൽ പുട്ടപർത്തിയുമായി അത്മബന്ധം ദിലീപിനുണ്ട്. ഈ സാഹചര്യത്തിലാണ് മനസ്സിന് ശാന്തികിട്ടാൻ ദിലീപ് പുട്ടപർത്തിയിലേക്ക് പോയത്. അനാവശ്യമായി തന്റെ പേര് വിവാദങ്ങളിൽ കൊണ്ടു വരുന്നതിൽ കടുത്ത അതൃപ്തി ദിലീപിനുണ്ട്. വേണ്ടത്ര കരുതലില്ലാതെ എഎംഎംഎയിലെ നേതൃത്വം പ്രവർത്തിച്ചുവെന്നാണ് ദിലീപിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജയിൽ മോചിതനായ ശേഷം ഉണ്ടാക്കിയെടുത്ത ഗ്ലാമർ വീണ്ടും നഷ്ടമാക്കി. തന്റെ കേസിലെ പ്രതിയായി വീണ്ടും ചിത്രീകരിക്കാൻ പുതിയ സംഭവങ്ങൾ വഴിവച്ചു. ഇതിൽ താരം തീർത്തും നിരാശനാണ്. അതുകൊണ്ട് കൂടിയാണ് ഫോൺ ഒഴിവാക്കുന്നത്.

ഇനി ആരോടും ഒന്നും പറയാനില്ലെന്ന നിലപാടിലാണ് ദിലീപ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് പേർ താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവച്ചിരുന്നു. ഇതിനൊപ്പം മൂന്ന് പേർ പ്രതിഷേധിച്ച് അമ്മയ്ക്ക് കത്ത് അയച്ചു. ഇവരെല്ലാം വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗങ്ങളായിരുന്നു. ആക്രമിക്കപ്പെട്ട നടിയും രാജിവച്ചരുടെ കൂട്ടത്തിലുണ്ട്. ദിലീപിനെ തിരിച്ചെടുത്തത് ഇരയ്ക്ക് നീതി നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇടപെടൽ. ഇത് താരസംഘടനയെ പ്രതിസന്ധിയിലാക്കി. വിഷയം ചർച്ച ചെയ്യാമെന്നും വേണമെങ്കിൽ തിരുത്തൽ വരുത്താമെന്നും സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ തന്നെ വിശദീകരിച്ചു. ഒടുവിൽ പരാതിക്കാരെ കാണാനും എഎംഎംഎ തീരുമാനിച്ചു. ഇതെല്ലാം ഫലത്തിൽ ദിലീപിനെയാണ് മോശമായി ബാധിച്ചത്. ഇതിനൊപ്പം പൃഥ്വിരാജ് കലാപക്കൊടിയും ഉയർത്തി. താനും നടിക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ എഎംഎംഎയിൽ ദിലീപിന് എതിരുണ്ടെന്ന വാദവും സജീവമായി. ഈ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ ഒത്തുതീർപ്പാണ് എഎംഎംഎ ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയുള്ള ശ്രമത്തിനെയാണ് ദിലീപും പൃഥ്വിരാജും മാറി നിൽക്കുന്നത് ബാധിക്കുന്നത്.

പാർവ്വതിയും പത്മപ്രിയയും രേവതിയുമാണ് ദിലീപ് വിഷയത്തിൽ താരസംഘടനയ്ക്ക് പരാതി നൽകിയത്. റിമാ കല്ലിങ്കലും ഗീതു മോഹൻദാസും രമ്യാനമ്പീശനും രാജിയവയ്ക്കുകയും ചെയ്തു. ഇതിൽ വിട്ടുപോകുമെന്നു പ്രഖ്യാപിച്ചവരുടെ തിരിച്ചുവരവിനായി താരസംഘടന 'ഒത്തുതീർപ്പു ചർച്ച നടത്തില്ലെന്നാണ് സൂചന. ഇവരെ നിരുത്സാഹപ്പെടുത്തുകയോ എതിർക്കുകയോ ഇല്ല. ആവശ്യമില്ലെന്നു തോന്നുന്നവർ വിട്ടുപോകട്ടെ എന്നതായിരിക്കും അമ്മയുടെ നിലപാടെന്നറിയുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി ചർച്ച നടത്തും. വിഷയം ചർച്ച ചെയ്യാമെന്നു ജനറൽ സെക്രട്ടറി ഇടവേള ബാബു രേവതിക്കു കത്തു നൽകി. ഈ മാസം 13നോ 14നോ യോഗം വിളിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.

അമ്മ പ്രസിഡന്റ് മോഹൻലാൽ 10നു ശേഷമേ വിദേശത്തുനിന്നു മടങ്ങിയെത്തൂ. ശേഷം നിർവാഹക സമിതി യോഗം ചേരാനും രേവതി ഉൾപ്പെടെയുള്ളവരെ ചർച്ചയ്ക്കു വിളിക്കാമെന്നുമാണു ധാരണ. എന്നാൽ, വിഷയം ചർച്ച ചെയ്യാൻ ജനറൽ ബോഡി തന്നെ വിളിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നടൻ ജോയ് മാത്യു ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് മരവിപ്പിക്കുകയും തീരുമാനം വീണ്ടും ജനറൽ ബോഡിക്കു വിടുകയും ചെയ്യുമെന്നാണറിയുന്നത്. സംഘടനാ രംഗത്തെ പരിചയക്കുറവാണു തെറ്റായ തീരുമാനം എടുക്കുന്നതിലേക്കു നയിച്ചതെന്ന് താരസംഘടന വിശദീകരിക്കുന്നു. അഞ്ചോ ആറോ പേരാണു എല്ലാക്കാലത്തും അമ്മയുടെ നയങ്ങൾ തീരുമാനിച്ചിട്ടുള്ളത്. അവരിൽ ചിലർ തന്നെയാണു ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം ജനറൽ ബോഡിയിൽ എത്തിച്ചത്. പൃഥിരാജ് സംഘടനയ്ക്കെതിരെ നീങ്ങുമെന്നും ഇവർ കരുതുന്നില്ല.

സംഘടനയിൽ ഇപ്പോൾ കലാപം നടത്തുന്നവർ ആരും തന്നെ അമ്മയിലോ സിനിമയിലോ സജീവമല്ല. ആർക്കെതിരെയും അമ്മ നടപടി എടുക്കില്ല. രാജി നൽകിയാൽ അതു സ്വീകരിക്കും. പിൻവലിക്കാൻ ആവശ്യപ്പെടുകയുമില്ല. പാർവ്വതിയും പത്മപ്രിയയും രേവതിയും രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവരുമായി സംഘടന ചർച്ച നടത്തും. ഇതുവരെ മൂന്നു പേരുടെ രാജിയാണു കിട്ടിയിട്ടുള്ളത്. അതിനിടെ ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കിയ നടപടി പൃഥ്വിരാജും രമ്യാ നമ്പീശനും ഉൾപ്പെട്ട കമ്മിറ്റിയാണ് മരവിപ്പിച്ചതെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ദിലീപിനെ പുറത്താക്കാൻ മമ്മൂട്ടിയുടെ വീട്ടിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത് സാധുവായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ കുറച്ച് പേർ ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ദീലിപിനെ പുറത്താക്കിയ തീരുമാനം പിന്നീട് മരവിപ്പിച്ചു. ഈ കമ്മിറ്റിയിൽ പൃഥ്വിരാജും രമ്യാ നമ്പീശനും അംഗങ്ങളായിരുന്നു

എന്നാൽ അവർ അന്ന് തീരുമാനത്തിന് എതിര് പറഞ്ഞില്ലെന്നും ഇക്കാര്യം പുറത്ത് പറയാൻ പോലും തയ്യാറായില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്മയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP