Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂക്കു വിളി പ്രതീക്ഷിച്ച് പുറത്തിറങ്ങിയ ദിലീപ് കണ്ടത് പുഷ്പ വൃഷ്ടി നടത്തുന്ന ആരാധകരെ; കൃത്രിമ ചിരിയുമായി പുറത്തിറങ്ങിയ നടന്റെ മുഖം പെട്ടെന്ന് പ്രകാശിച്ചു; വീട്ടു പരിസരത്ത് കാത്ത് നിന്ന ആരാധകരേയും നിരാശപ്പെടുത്തിയില്ല; സഹോദരനെ പോലെ വീട്ടിൽ കാത്തുനിന്ന് സിദ്ദിഖ്; അമ്മയെ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ ആരാധകരുടെ കണ്ണ് നിറയിച്ചു

കൂക്കു വിളി പ്രതീക്ഷിച്ച് പുറത്തിറങ്ങിയ ദിലീപ് കണ്ടത് പുഷ്പ വൃഷ്ടി നടത്തുന്ന ആരാധകരെ; കൃത്രിമ ചിരിയുമായി പുറത്തിറങ്ങിയ നടന്റെ മുഖം പെട്ടെന്ന് പ്രകാശിച്ചു; വീട്ടു പരിസരത്ത് കാത്ത് നിന്ന ആരാധകരേയും നിരാശപ്പെടുത്തിയില്ല; സഹോദരനെ പോലെ വീട്ടിൽ കാത്തുനിന്ന് സിദ്ദിഖ്; അമ്മയെ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ ആരാധകരുടെ കണ്ണ് നിറയിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു സ്വീകരണം. നടിയെ ആക്രമിച്ച കേസിൽ പൊലീസ് കുടുക്കിയത് തീർത്തും അപ്രതീക്ഷിതമായാണ്. കാർണിവല്ലിന്റെ ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തിയുള്ള ഒന്നാന്തരം നാടകം. അതിന് ശേഷം തെളിവെടുപ്പിനുള്ള കറക്കം. ഇതോടെ തന്നെ കേസ് അന്വേഷണത്തിൽ ദിലീപിന്റെ റോൾ അവസാനിച്ചു. പിന്നീട് ആലുവ ജയിലിൽ നീണ്ട തടവുകാലം. തെളിവെടുപ്പിന് പുറത്തിറങ്ങിയപ്പോൾ എല്ലാം കൂവലായിരുന്നു. റോഡുനീളെ കരിക്കൊടികൾ ഉയർന്നു. ആദ്യമൊക്കെ കോടതിയിൽ ഹാജരാക്കിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. പ്രതിഷേധം പേടിച്ച് വിഡീയോ കോൺഫറൻസിലൂടെ കോടതി നടപടികൾ പോലും നടത്തി. പിന്നീട് അച്ഛന്റെ ശ്രാദ്ധത്തിന് മൂന്ന് മണിക്കൂർ ദിലീപ് പുറത്തെത്തി. ആരാധകരാരും അപ്പോഴും എത്തിയില്ല. കേസിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനായിരുന്നു ഇത്. എന്നാൽ ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് ഫാൻസുകാർ നൽകി. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ.

ദിലീപിന് ജാമ്യം കിട്ടിയത് അറിഞ്ഞ് ഓടിയെത്തിയവരിൽ പ്രധാന ധർമ്മജനായിരുന്നു. വികാരനിർഭരനായി ധർമജൻ ജയിലിന് മുന്നിൽ നിന്നു. തനിക്ക് സന്തോഷമല്ല വിഷമമാണെന്നും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒന്നുകണ്ടാൽ മാത്രം മതിയെന്നും ധർമജൻ പറഞ്ഞു. മാധ്യമങ്ങളുടെ പിന്നീടുള്ള ചോദ്യങ്ങൾക്ക്മുന്നിൽ ഉത്തരം പറയാതെ ധർമജൻ പൊട്ടിക്കരയുകയായിരുന്നു. ഇതൊരു തുടക്കമായിരുന്നു. ഫാൻസുകാരെല്ലാം ആലുവയിലേക്ക് ഒഴുകിയെത്തി. നടനെ വരവേൽക്കാൻ വീടും ഒരുങ്ങി. ദിലീപിനെ ആദ്യം പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചതും പതിമൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചതും വലിയ വിവാദമായിരുന്നു. അന്ന് ദിലീപിനെ വിളിച്ചു കൊണ്ട് പോകാനെത്തി സിദ്ദിഖ് വിവാദത്തിലായി. കഴിഞ്ഞ ദിവസം ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും സിദ്ദിഖിലും പ്രകടമായിരുന്നു. ദിലീപിന്റെ വീട്ടിൽ കാര്യക്കാരനെ പോലെ സിദ്ദിഖ് നിറഞ്ഞു. ചേട്ടനെ പോലെ ദിലീപ് വീട്ടിലെത്തുന്നത് കാത്ത് അമ്മയ്ക്കും ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം സിദ്ദിഖും കാത്തുനിന്നു.

ജാമ്യം നേടിയ ദിലീപ് ആലുവ കൊട്ടാരക്കടവ് റോഡിലെ വീട്ടിലെത്തിയില്ല. പകരം പറവൂർ കവല വിഐപി ലെയ്‌നിലുള്ള തറവാട്ടു വീട്ടിലേക്കാണു പോയത്. ജാമ്യം ലഭിച്ച വാർത്ത വരുമ്പോൾ ദിലീപിന്റെ പത്‌നി കാവ്യാ മാധവനും മകൾ മീനാക്ഷിയും കുടുംബാംഗങ്ങളും പറവൂർ കവലയിലെ വീട്ടിലായിരുന്നു. അമ്മ സരോജം ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണു വീട്ടിലേക്കു സ്വീകരിച്ചത്. കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നനയിച്ചതായിരുന്നു ഈ കരച്ചിൽ. പിന്നെ കാവ്യയുമൊത്ത് സന്തോഷം പങ്കിടൽ. മകൾ മീനാക്ഷിയെ ആശ്വസിപ്പിക്കൽ. ആപത്തു കാലത്ത് കുടുംബവും സുഹൃത്തുക്കളും ദിലീപിനെ കൈവിട്ടില്ല. ദിലീപ് എത്തിയതിന് തൊട്ടുപിറകെ നടനും സംവിധായകനുമായ നാദിർഷാ വീട്ടിലെത്തി. വികാര തീവ്രമായിരുന്നു ഈ കൂടിക്കാഴ്ച.

ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവർത്തകരും ഫാൻസ് അസോസിയേഷൻ പ്രവർത്തകരും വൻ വരവേൽപ്പാണ് ദിലീപിന് ഒരുക്കിയിരുന്നത്. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. ഉച്ചക്ക് ഒന്നേമുക്കാലോടെ വിധി വന്നെങ്കിലും വിധിയുടെ ശരിപകർപ്പ് ആലുവ സബ്ജയിലെത്തിച്ചത് വൈകിട്ട് അഞ്ചുമണി കഴിഞ്ഞാണ്. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും സുഹൃത്തുക്കളും സ്വീകരിക്കാൻ വാഹനവുമായി ജയിലിലെത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടു നേരിട്ടതോടെ വാഹനം ജയിലിന്റെ കവാടത്തിന് മുന്നിലേക്ക് നിർത്തി.

5.20 ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൈകൂപ്പിയശേഷം വാഹനത്തിൽ കയറി. വൻ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് പറവൂർ കവലയിലെ കുടുംബ വീട്ടിലേക്ക് ദിലീപ് യാത്ര തിരിച്ചത്. അഞ്ചരയോടെ ദിലീപ് കുടുംബവീട്ടിലെത്തി. സുഹൃത്തുക്കൾക്ക് കൈകൊടുത്ത ശേഷമാണ് ദിലീപ് വീടിന് അകത്തേക്ക് പോയത്.

അന്ന് കൂകി വിളി... ഇന്ന് കരഘോഷവും ആർപ്പുവിളിയും...!

ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ പുറത്തെ അവസ്ഥ എന്താണെന്ന് ദിലീപിന് അറിയില്ലായിരുന്നു. ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായ ശേഷം തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും പിന്നീട് അങ്കമാലി ജയിലിൽ എത്തിച്ചപ്പോഴും ജനങ്ങൾ കൂക്കിവിളിയോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പുറത്ത് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് ആശങ്കയോടെയാണ് പുറത്തിറങ്ങിയത്. ഇത് മുഖത്ത് വ്യക്തവുമായിരുന്നു. എന്നാൽ വാതിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് കാഴ്ച കണ്ട് ഞെട്ടി. കരഘോഷവും ആർപ്പുവിളിയും മാത്രം. രാമലീല സിനിമയുടെ വിജയവാർത്തകൾ അഴിക്കുള്ളിൽ മനസ്സിലാക്കിയെങ്കിലും ഇത്രയും വലിയ സ്വീകരണം ദിലീപ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് കണ്ടപ്പോൾ നടന്റെ മുഖം തെളിഞ്ഞു. മുഖം പുഞ്ചിരി കൊണ്ട ്‌നിറഞ്ഞു.

ജാമ്യ വാർത്തയറിഞ്ഞ് എത്തിയവരിലേറെയും ദിലീപിനെ അനുകൂലിക്കുന്നവരായിരുന്നു. ദിലീപിന് ജാമ്യം നൽകിയതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജയിലിന് പുറത്ത് കാത്തുനിന്നു. ഇവരിൽ ചിലർ ദിലീപ് നിരപരാധിയാണെന്ന് അന്ധമായി വാദിച്ചപ്പോൾ മറ്റുള്ളവർ, ജാമ്യം ന്യായമാണെന്നും ഇനി നടൻ വിചാരണ നേരിട്ട ശേഷം കുറ്റം തെളിയട്ടെ എന്ന നിലപാടിലുമായിരുന്നു. നാട്ടുകാരനെന്ന നിലയിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതികരണങ്ങളുണ്ടായി. മുമ്പ് ദിലീപിന് ആദ്യമായി കൂക്കിവിളി നേരിടേണ്ടി വന്നത് ആലുവ പൊലീസ് ക്ലബ്ബിൽ നിന്ന് പുറത്തിറക്കുമ്പോഴായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചെന്ന വാർത്ത പുറത്തുവന്നതോടെ ആലുവ സബ് ജയിലിലേക്ക് ആരാധകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. അര മണിക്കൂറിനകം തന്നെ നൂറിലേറെ പേർ സ്ഥലത്തെത്തി. ദിലീപ് ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ ജയിൽ കവാടത്തിനു മുന്നിൽ തന്നെ നിലയുറപ്പിച്ചപ്പോൾ മറ്റുള്ളവർ റോഡിൽ അൽപം മാറിയും സബ് ജയിൽ ഗ്രൗണ്ടിന്റെ ഗാലറിക്ക് മുകളിലായുമൊക്കെ ഇടംപിടിച്ചു.

ഇതിനിടെ ദിലീപ് ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ ദിലീപ് പുറത്തെത്തുമ്പോൾ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സബ് ജയിലിന് പുറത്ത് ദിലീപിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ളക്‌സുകൾ സ്ഥാപിച്ചു ദിലീപ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു ഒപ്പം ലഡു വിതരണവും. ക്യാമറകൾക്ക് മുന്നിലെത്തുമ്പോൾ ദിലീപ് അനുകൂലികൾ നിറഞ്ഞാടി. ആലുവ സബ് ജയിലിനു മുന്നിൽ ആരാധക സ്‌നേഹം അണപൊട്ടി. ആർപ്പുവിളികളും പടക്കംപൊട്ടിക്കലും പുഷ്പവൃഷ്ടിയും പാലഭിഷേകവും ഉന്തുംതള്ളും ബഹളവുമെല്ലാമായി ദിലീപിനെ അവർ സ്വീകരിച്ചു. 'ദിലീപേട്ടാ' എന്ന ആർപ്പുവിളികൾക്കിടയിൽ ദിലീപ് പുറത്തേക്ക്. ആരാധകരെയും നാട്ടുകാരെയും കൈവീശി അഭിവാദ്യം ചെയ്ത നടൻ ഉന്മേഷവനായിരുന്നു.

സഹോദരനും അഭിഭാഷകരും എത്തിയ കാറിന്റെ മുൻസീറ്റിൽ ദിലീപ് ഇരുന്നു. തിരക്കു മൂലം ഏറെ പണിപ്പെട്ടാണു നടനെയും വഹിച്ചുള്ള കാർ പ്രധാന റോഡിലെത്തിയത്. ജാമ്യം ലഭിച്ച വാർത്ത വന്ന സമയം മുതൽ സബ് ജയിലിനു മുന്നിലേക്ക് ആരാധക പ്രവാഹമായിരുന്നു. ഉച്ചയ്ക്കു രണ്ടോടെ ജയിൽ പരിസരത്തു നൂറുകണക്കിനാളുകൾ തടിച്ചു കൂടി. ദിലീപിനെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കിയ ആരാധകർ ഫ്‌ലെക്‌സ് ബോർഡിൽ പാലഭിഷേകം നടത്തി. കോടതിക്കു നന്ദി പറഞ്ഞു ജയിൽ പരിസരത്തു ബാനർ ഉയർന്നു. സംവിധായകൻ മാർത്താണ്ഡൻ, കലാഭവൻ അൻസാർ, നാദിർഷയുടെ സഹോദരൻ സമദ്, ധർമജൻ ബോൾഗാട്ടി എന്നിവരും ജയിലിനു മുന്നിലെത്തിയിരുന്നു. പടക്കവുമായിട്ടാണു ധർമജൻ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP