Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'രാമലീല' ഡ്യൂപ്പർ ഹിറ്റാക്കാൻ ജനപ്രിയ നായകൻ നേരിട്ടിറങ്ങും; ലക്ഷ്യം 50 കോടി ക്ലബ്ബിൽ മുളകുപാടത്തിന്റെ ചിത്രത്തെ എത്തിക്കൽ തന്നെ; എല്ലാ തിയേറ്ററിലും പ്രമോഷൻ ഷോയ്ക്ക് നായകനെത്തും; മലയാള സിനിമയുടെ പ്രതിസന്ധി ഇല്ലാതാക്കാൻ 'കേരള പര്യടനത്തിന്'; ആവേശം വിതറാനെത്തുന്ന ദിലീപിനെ സ്വീകരിക്കാനൊരുങ്ങി ഫാൻസുകാരും

'രാമലീല' ഡ്യൂപ്പർ ഹിറ്റാക്കാൻ ജനപ്രിയ നായകൻ നേരിട്ടിറങ്ങും; ലക്ഷ്യം 50 കോടി ക്ലബ്ബിൽ മുളകുപാടത്തിന്റെ ചിത്രത്തെ എത്തിക്കൽ തന്നെ; എല്ലാ തിയേറ്ററിലും പ്രമോഷൻ ഷോയ്ക്ക് നായകനെത്തും; മലയാള സിനിമയുടെ പ്രതിസന്ധി ഇല്ലാതാക്കാൻ 'കേരള പര്യടനത്തിന്'; ആവേശം വിതറാനെത്തുന്ന ദിലീപിനെ സ്വീകരിക്കാനൊരുങ്ങി ഫാൻസുകാരും

പ്രകാശ് ചന്ദ്രശേഖർ

ആലുവ: 85 ദിവസത്തെ ജയിൽ ജീവിതത്തിന് ശേഷം മോചിതനായ ദിലീപിന് ഇനി തിരക്കിട്ട പരിപാടികൾ. സിനിമ പ്രവർത്തകരിൽ പരസ്യമായി അടുപ്പം പുലർത്തിയിരുന്ന ഏതാനും പേർ മാത്രമാണ് ഇന്നലെ കാണാനെത്തിയത്. ചാനൽ കാമറകളിൽ നിന്നൊഴിഞ്ഞ് ദിലീപിനെ കാണുന്നതിനായി ഇക്കൂട്ടരിൽ പലരും അവസരം കാത്തിരിക്കുന്നുണ്ട്. ഇവരിൽ ചിലർ ദിലീപിനെ കാണാനെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. രാവിലെ ബന്ധപ്പെട്ട അടുത്ത സുഹൃത്തുക്കളോട് താൻ വീട്ടിൽ നിന്നിറങ്ങിയെന്നാണ് ദിലീപ് അറിയിച്ചത്.

ചാലക്കുടുയിലെ സ്വന്തം തീയറ്ററായ ഡീസിനിമാസിൽ എത്തി രാമലീല കാണുമെന്നും ഇതിന് മുമ്പ് അഭിഭാഷകനെകണ്ട് കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ദിലീപ് സുഹൃത്തുക്കളിൽ ചിലരോട് വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ രാമലീല പ്രദർശിപ്പിക്കുന്ന സരിത തീയറ്ററിൽ ദിലീപ് എത്തുമെന്നാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം നൽകുന്ന സൂചന. ഡീ സിനിമാസിൽ ദിലീപിനൊപ്പം രാമലീല കാണാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഭൂരിപക്ഷം പേരുമുണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പ്രാരണത്തിനായി വരുംദിനങ്ങളിൽ ദിലീപ് കൂടി പങ്കെടുക്കുന്ന പ്രമോഷൻ ഷോകൾ ഉണ്ടാവുമെന്നും അറിയുന്നു. രാമലീല വിജയിപ്പിക്കുകയാകും ദിലീപിന്റെ പ്രധാന ഉദേശം. സിനിമയ്ക്ക് മികച്ച ഇനിഷ്യൽ കിട്ടിയിട്ടുണ്ട്. അത് നിലനിർത്താനും അമ്പത് കോടി ക്ലബ്ബിൽ ചിത്രത്തെ എത്തിക്കാനുമാകും ദിലീപിന്റെ നീക്കം.

നവഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് രാമലീല. വിവാദങ്ങളും, നായകന്റെ ജയിൽവാസവും ഒക്കെ തീർത്ത പ്രതിസന്ധികൾക്കിടയിലാണ് ചിത്രം തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭരണകക്ഷിയായ സിഡിപിയുടെ യുവ എംഎൽഎയായ രാമനുണ്ണി പാർട്ടിയുമായുള്ള ആശയ വ്യത്യസത്തിന്റെ പേരിൽ രാജിവയ്ക്കുന്നു.

പിന്നീട് വരുന്ന ഉപതെരഞ്ഞെടുപ്പിൽ എതിർപക്ഷത്തുള്ള വലത് പക്ഷ പാർട്ടിയുടെ സ്വതന്ത്ര്യസ്ഥാനാർത്ഥിയാകുന്നു. സിഡിപി രക്തസാക്ഷിയായ സഖാവ് രാഘവന്റെ മകനാണ് രാമനുണ്ണി. എന്നാൽ അപ്രതീക്ഷിതമായ ഈ ചുവട് മാറ്റത്തിൽ രാമനുണ്ണിക്ക് മുന്നിൽ എതിരാളിയായി എത്തുന്നത് പ്രതീക്ഷിക്കാത്ത ഒരാൾ-ദിലീപിന്റെ സമീകാല അറസ്റ്റുമായി ബന്ധപ്പെട്ടതിന് സമാനമായ നിരവധി സീനുകൾ ചിത്രത്തിലുണ്ട്. ഇതൊക്കെ വീണ്ടും ചർച്ചയാക്കാനും ആവേശം വിതറാനുമാകും ദിലീപിന്റെ തിയേറ്റർ പര്യടനം. അപ്രതീക്ഷിത ക്ലൈമാക്‌സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നായകൻ ജയിലിലായിരിക്കുമ്പോൾ സിനിമ റിലീസ് ചെയ്യുന്നത് മലയാള സിനിമയിൽ ആദ്യത്തെ സംഭവമായിരുന്നു. രാമലീല എന്ന ചിത്രം റിലീസ് ചെയ്യുമ്പോൾ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലാണ്. യാദൃശ്ചികമെന്നോണം സിനിമയിലെ ചില സംഭാഷണങ്ങൾക്കും സാഹചര്യങ്ങൾക്കും ദിലീപിന്റെ ജീവിതവുമായുള്ള അസാധാരണ സാമ്യം ചർച്ചയായി. ദിലീപ് ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. കേരളത്തിലെ ഒട്ടുമിക്ക പ്രദർശന കേന്ദ്രങ്ങളും തുടക്ക ദിവസത്തിൽ ഹൗസ്ഫുള്ളായിരുന്നു.

സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം സംവിധായകൻ അരുൺ ഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് എന്നിവർ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. സിനിമയുടെ വിജയത്തെക്കുറിച്ച കേട്ടറിഞ്ഞ ദിലീപ് വികാരാധീനനായി പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് മികച്ച റിപ്പോർട്ടാണെന്ന് ഇവർ ദിലീപിനെ അറിയിച്ചു. 

സ്ഥിരം ദിലീപ് ചിത്രത്തിന്റെ തട്ടുപൊളിപ്പൻ ലൈനിൽ നിന്നുമാറി നല്ലൊരു കച്ചവട സിനിമയുടെ ചേരുവകൾ യഥാക്രമം മിക്‌സ് ചെയ്യാൻ നവാഗത സംവിധായകൻ അരുൺ ഗോപിക്ക് സാധിച്ചിട്ടുണ്ട്. ഒരു മുഴുനീളൻ ദിലീപ് ചിത്രം തന്നെയാണ് രാമലീല. അതുകൊണ്ട് തന്നെ ജയിൽ മോചിതനായ ദിലീപ് എല്ലാ തിയേറ്ററിലും എത്തുന്നത് ചിത്രത്തിന്റെ കളക്ഷനെ സ്വാധീനിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ദിലീപ് ജയിലിലായതോടെ മലയാള സിനിമ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. ഓണചിത്രങ്ങളെല്ലാം പൊളിഞ്ഞു.

എന്നാൽ പുജക്കാലത്ത് എത്തിയ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും മികച്ച അഭിപ്രായം ഉണ്ടാക്കി. ദിലീപ് ചിത്രത്തിന് ഫാൻസുകാരും മഞ്ജു ചിത്രത്തിന് കുടുംബങ്ങളും ആവേശം വിതറി. ഇത് നിലനിർത്തി മലയാള സിനിമ പ്രതിസന്ധിയിലാണെന്ന പേരുദോഷം മാറ്റാണാണ് സിനിമാക്കാരുടേയും ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP