Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായ് യാത്രയിൽ നിന്നും മകൾ മീനാക്ഷിയെ ഒഴിവാക്കിയത് പരീക്ഷ ആയതിനാൽ; അമ്മയ്‌ക്കൊപ്പം വിമാനമിറങ്ങിയ താരത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു സുഹൃത്തുക്കൾ; 'ദേ പുട്ട്' റസ്റ്റോറന്റന്റെ ഉദ്ഘാടനം അഞ്ച് അമ്മമാർ ചേർന്ന് ഇന്ന് വൈകീട്ട് നിർവഹിക്കും; പ്രതിപ്പട്ടികയിൽ ആയതോടെ നിർമ്മാതാക്കൾ മടിച്ചു നിൽക്കുമ്പോൾ ബിസിനസ് കൊഴുപ്പിക്കാൻ തന്നെ ദിലീപിന്റെ തീരുമാനം

ദുബായ് യാത്രയിൽ നിന്നും മകൾ മീനാക്ഷിയെ ഒഴിവാക്കിയത് പരീക്ഷ ആയതിനാൽ; അമ്മയ്‌ക്കൊപ്പം വിമാനമിറങ്ങിയ താരത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു സുഹൃത്തുക്കൾ; 'ദേ പുട്ട്' റസ്റ്റോറന്റന്റെ ഉദ്ഘാടനം അഞ്ച് അമ്മമാർ ചേർന്ന് ഇന്ന് വൈകീട്ട് നിർവഹിക്കും; പ്രതിപ്പട്ടികയിൽ ആയതോടെ നിർമ്മാതാക്കൾ മടിച്ചു നിൽക്കുമ്പോൾ ബിസിനസ് കൊഴുപ്പിക്കാൻ തന്നെ ദിലീപിന്റെ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നടിയെ ആക്രമിച്ച കേസിൽ പ്രതിയായതോടെ ദിലീപിനെ നായകനാക്കിയുള്ള ചിത്രങ്ങളെടുക്കാൻ നിർമ്മാതാക്കൾ മടിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദിലീപിനെ നായകനാക്കി ചിത്രമെടുക്കാൻ വിചാരണക്കും മറ്റുമായി കൂടുതൽ സമയം എടുക്കുമെന്നതിനാൽ സിനിമാക്കാര്യങ്ങൾ മുറപോലെ നടക്കുമോ എന്ന ആശങ്കയാണ് പലർക്കും. മാത്രമല്ല, ഇക്കാര്യത്തിൽ ടോമിച്ചൻ മുളകുപാടത്തെ പോലെ ധൈര്യം പല നിർമ്മാതാക്കൾക്കുമില്ല തന്നെ. അതുകൊണ്ട് തന്നെ ദിലീപിനെ നായകനാക്കാൻ മടിക്കുന്നതിനിടെ തന്റെ ബിസിനസ് കൊഴുപ്പിക്കാൻ തന്നെയാണ് താരം ഒരുങ്ങുന്നത്. തന്റെ ഉടമസ്ഥതയിലുള് ദേ പുട്ട് റസ്റ്റോറന്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനാണ് നടന്റെ തീരുമാനം. ഇതിനായാണ് അദ്ദേഹം ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലെത്തിയത്.

അമ്മ സരോജത്തെയും ഒപ്പം കൂട്ടിയാണ് ദിലീപ് ദുബായിൽ എത്തിയത്. ഇരുവരെയും സുഹൃത്തുക്കൾ ഹൃദ്യമായി സ്വീകരിച്ചു. ഇരുവരും പിന്നീട് താമസ സ്ഥലത്തേക്കു പോയി. ഇതെവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കരാമയിലാണ് പുതിയ റസ്റ്റോറന്റ് തുടങ്ങുന്നത്. നീട്ടി വളർത്തിയ താടിയുമായി സാധാരണ വേഷത്തിലെത്തിയ ദിലീപിനെ ദുബൈയിലെ സുഹൃത്തുക്കൾ രാജ്യാന്തര വിമാനത്താവളത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. വീൽചെയറിലാണ് അമ്മ സരോജം പുറത്തേയ്ക്ക് വന്നത്. ഇരുവരും പിന്നീട് താമസ സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു.

നേരത്തെ ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവരോടൊപ്പമാണ് ദിലീപിനൊപ്പമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മീനാക്ഷിക്ക് പരീക്ഷയായതിനാലാണ് ഈ തീരുമാനം മാറ്റിയതെന്നറിയുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ഈ യാത്ര. അതേസമയം, നാദിർഷാ ചൊവ്വാഴ്ച രാവിലെ റസ്റ്ററന്റിൽ മാധ്യമപ്രവർത്തകരെ കണ്ടു പ്രവർത്തനങ്ങൾ വിശദീകരിച്ചു. എന്നാൽ, ദിലീപ് വൈകിട്ടോടെ ഇവിടെ എത്തുമെന്നാണു പ്രതീക്ഷ. ദിലീപും നാദിർഷയും കൂടാതെ, യുഎഇയിൽ നിന്നുള്ള അഞ്ചു പേരും ചേർന്നാണ് റസ്റ്ററന്റ് ആരംഭിക്കുന്നത്. ദിലീപിന്റ അമ്മയടക്കം അഞ്ച് അമ്മമാർ ചേർന്ന് ബുധനാഴ്ച വൈകിട്ട് ഏഴിന് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യും.

കരാമയിലെ പാർക് റെജിസ് ഹോട്ടലിന് പിൻവശത്തായി അൽ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് റസ്റ്റോറന്റ്. ഒട്ടേറെ മലയാളി റസ്റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങൾ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് കഴിഞ്ഞദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് ദുബൈയിലേയ്ക്ക് വരാനുള്ള പാസ്പോർട്ട് കൈപ്പറ്റിയത്. റസ്റ്റോറന്റിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി ദിലീപിന് അനുമതി നൽകിയിരുന്നു. തുടർന്നാണു പാസ്പോർട്ടിനായി ദിലീപ് കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ദുബൈ യാത്ര.

ദിലീപിന് ദുബൈയിൽ ഒട്ടേറെ സുഹൃത്തുക്കളും ബിസിനസ് പാർട്ണർമാരുമുണ്ട്. നാദിർഷയും ദുബൈയിലെ പാർട്ണർമാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകൾ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാൽ, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു. ദിലീപിന്റെ ജയിൽവാസം നീണ്ടുപോയതോടെ വൻ തുക ചെലവിട്ട് നിർമ്മിച്ച റസ്റ്റോറന്റിന്റെ ഭാവി തകരുമോയെന്ന ആശങ്കയിലായിരുന്നു ദുബൈയിലെ സുഹൃത്തുക്കൾ. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം നടത്താനായി ഒരുങ്ങിയത്.

നാലുദിവസം വിദേശത്തു തങ്ങാനായി ആറുദിവസത്തേക്കു പാസ്‌പോർട്ട് വിട്ടുനൽകാനാണു ഹൈക്കോടതി നിർദേശിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ എത്തി ദിലീപ് പാസ്‌പോർട്ട് വാങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ വിദേശത്തേക്കു കടത്തിയെന്നു പൊലീസിനു സംശയമുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണു പൊലീസ് കാണുന്നത്.

അതിനിടെ സിനിമാ ലോകത്ത് ദിലീപ് ഇനിയും സജീവമായിട്ടില്ല. താരം നായകനായ 'കമ്മാരസംഭവ' മുൾപ്പെടെയുള്ള ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ ഇഴയുന്നതും ദിലീപിനെ കുഴക്കിയിട്ടുണ്ട്. ദിലീപ് ജയിലിൽ കിടന്നപ്പോൾ റിലീസ് ചെയ്ത രാമലീലയ്ക്ക് വൻ വരവേൽപ് കിട്ടിയത് അനുകൂലമാകുമെന്ന പ്രതീക്ഷ നൽകി. പക്ഷേ പുതിയ പ്രോജക്ടുകളൊന്നും ദിലീപിനെ തേടിയെത്തുന്നില്ല. കുറ്റമുക്തനായ ശേഷം ദിലീപിനെ വച്ചുള്ള ചിത്രങ്ങൾ മതിയെന്ന നിലപാടിലാണു നിർമ്മാതാക്കൾ. ദിലീപ് ചിത്രങ്ങൾക്ക് 5-6 കോടി രൂപയാണു ശരാശരി ചെലവ്.

ഷൂട്ടിങ് മുടങ്ങിപ്പോയ കമ്മാരസംഭവത്തിന്റെ ലൊക്കേഷനിൽ ദിലീപ് തിരിച്ചെത്തിയത് ആരാധകർക്ക് ആവേശമായിരുന്നു. പരസ്യ സംവിധായകൻ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചെങ്കിലും രണ്ടാമത്തെ ഷെഡ്യൂളിലുള്ള ദിലീപിന്റെ സീനുകൾ ആയിട്ടില്ല. മുരളി ഗോപി തിരക്കഥ എഴുതി ഗോകുല മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ്ബജറ്റാണ്. 20 കോടി രൂപ ചെലവുള്ള സിനിമയുടെ ഭൂരിഭാഗവും നേരത്തെ ചിത്രീകരിച്ചു.

മലയാറ്റൂർ വനത്തിൽ ഷൂട്ടിങ് ഒരുക്കങ്ങൾ നടക്കുമ്പോഴായിരുന്നു ദിലീപ് അറസ്റ്റിലായത്. ഇനിയുള്ള ഭാഗം ചൈന്നെയിലാണു ചിത്രീകരിക്കേണ്ടത്. ദിലീപ് പലരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നമിത പ്രമോദാണു നായിക. സിദ്ധാർഥ്, ബോബി സിംഹ എന്നിവർക്കൊപ്പമുള്ള കോംബിനേഷൻ സീനുകളാണു ചിത്രീകരിക്കാനുള്ളത്. കരാറായ ചിത്രങ്ങളിൽ പ്രമുഖമായ ഡിങ്കന്റെ ഷൂട്ടിങും നടക്കാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP