Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിനെ കൗൺസിൽ ചെയ്യിക്കുന്നത് കന്യാസ്ത്രീയാണെന്ന പ്രചരണം തള്ളി ജയിൽ അധികൃതർ; ദിലീപിന്റെ ആരോഗ്യ നിലയും തൃപ്തികരം; സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത് വീഡിയോ കോൺഫറൻസിലൂടെ; ജാമ്യാപേക്ഷ സമർപ്പിച്ചില്ലെങ്കിൽ റിമാൻഡ് കാലാവധി നീട്ടും

ദിലീപിനെ കൗൺസിൽ ചെയ്യിക്കുന്നത് കന്യാസ്ത്രീയാണെന്ന പ്രചരണം തള്ളി ജയിൽ അധികൃതർ; ദിലീപിന്റെ ആരോഗ്യ നിലയും തൃപ്തികരം; സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത് വീഡിയോ കോൺഫറൻസിലൂടെ; ജാമ്യാപേക്ഷ സമർപ്പിച്ചില്ലെങ്കിൽ റിമാൻഡ് കാലാവധി നീട്ടും

മറുനാടൻ മലയാളി ബ്യൂറോ

ആലുവ : നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ഇന്നും കോടതിയിൽ ഹാജരാക്കില്ല. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം റിമാൻഡ് കാലാവധി അവസാനിക്കുന്ന നടനെ വീണ്ടും വിഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ 'ഹാജരാക്കും'. ജാമ്യാപേക്ഷ നൽകിയില്ലെങ്കിൽ വീണ്ടും നടനെ റിമാൻഡ് ചെയ്യും. അതിനിടെ ഹൈക്കോടതിയിൽ നടനായി ജാമ്യാപേക്ഷ നൽകാനുള്ള ആലോചന നടക്കുകയാണ്. എന്ന് ഹർജി നൽകണമെന്നതിൽ തീരുമാനം എടുക്കുക അഡ്വക്കേറ്റ് ബി രാമൻപിള്ളയാണ്.

അതിനിടെ ശനിയാഴ്ച ജയിൽ സന്ദർശിച്ച കന്യാസ്ത്രീ ദിലീപിനു കൗൺസലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ പറഞ്ഞു. ജയിലിൽ കൗൺസലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളിൽ സന്നദ്ധപ്രവർത്തകരെത്തി പ്രാർത്ഥന നടത്താറുണ്ട്. ദിലീപ് റിമാൻഡിലായ ശേഷം സന്ദർശകർക്കു കർശന നിയന്ത്രണമുള്ളതിനാൽ ഇവരെയും അകത്തു കയറ്റിയിരുന്നില്ല. മൂന്നാഴ്ചയായി മുടങ്ങിയ പ്രാർത്ഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു.

സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണു പ്രാർത്ഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാർക്കു പുറത്തു വരാന്തയിൽ ഇരുന്നു പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലിൽ നിന്നു പുറത്തിറങ്ങിയിരുന്നില്ലെന്ന് ജയിൽ അധികൃതർ പറയുന്നു. അതേസമയം, ഡോക്ടർമാർ ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നു റിപ്പോർട്ട് ചെയ്തു. രക്തസമ്മർദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

ഡോ. നിജി വർഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്. പ്രതിക്കു ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു 'വൈറ്റമിൻ ഇ' അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലിൽ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതർ സൂചിപ്പിച്ചു.

ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നത്. ഇതുമൂലം ഇടയ്ക്ക് തലചുറ്റലും ഛർദിയും അനുഭവപ്പെടുന്നുണ്ട്. അമിതമായ മാനസിക സമ്മർദമുണ്ടാകുമ്പോൾ ചെവിയിലേക്കുള്ള ഞരമ്പുകളിൽ സമ്മർദം കൂടുകയും, ഇതേത്തുടർന്ന് ഫ്ളൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്നമാകുന്നതെന്നായിരുന്നു സൂചന. ജയിലിൽ ദിലീപിന് മരുന്ന് നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭാര്യ കാവ്യ മാധവനെ പൊലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമോയെന്ന ഭയവും ദിലീപിനെ അലട്ടുന്നുണ്ടെന്നും റിപ്പോർട്ട് എത്തി.

ജയിലിലെ തറയിൽക്കിടന്ന് ഉറങ്ങേണ്ടിവരുന്നതും താരത്തെ സാരമായി ബാധിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്‌നങ്ങളാൽ ഇതൊഴിവാക്കി. പിന്നീട് ഡോക്ടർമാർ ജയിലിലെത്തി പരിശോധിച്ചു. ഡോക്ടർമാർ പരിശോധനയ്ക്കെത്തുമ്പോൾ ശരിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപെന്നും ജയിലിൽ നിന്നും വാർത്ത എത്തി. എന്നാൽ ഇതൊക്കെ ഇപ്പോൾ ജയിൽ അധികൃതർ നിഷേധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP