Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ അന്വേഷണം 'അമ്മ' ആവശ്യപ്പെടുമോ? താര സംഘടനയിൽ വിഷയം ചർച്ചയാക്കാൻ മഞ്ജു വാര്യർ; നടന്റെ പരാതിയിൽ പ്രത്യേക അന്വേഷണം ഇല്ലെന്ന് വിശദീകരിച്ച് പൊലീസും; ദിലീപും നാദിർഷായും അനുഭവിക്കുന്നത് സമ്പൂർണ്ണ ഒറ്റപ്പെടൽ; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയിലെ സമവാക്യങ്ങൾ മാറ്റിമറിക്കും

സിബിഐ അന്വേഷണം 'അമ്മ' ആവശ്യപ്പെടുമോ? താര സംഘടനയിൽ വിഷയം ചർച്ചയാക്കാൻ മഞ്ജു വാര്യർ; നടന്റെ പരാതിയിൽ പ്രത്യേക അന്വേഷണം ഇല്ലെന്ന് വിശദീകരിച്ച് പൊലീസും; ദിലീപും നാദിർഷായും അനുഭവിക്കുന്നത് സമ്പൂർണ്ണ ഒറ്റപ്പെടൽ; നടിയെ ആക്രമിച്ച കേസ് മലയാള സിനിമയിലെ സമവാക്യങ്ങൾ മാറ്റിമറിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസ് അന്വേഷണത്തിൽ ദിലീപിന് അതൃപ്തനെന്ന് സൂചന. തന്നെ കുടുക്കാൻ പോന്ന വിധമാണ് അന്വേഷണം നടക്കുന്നതെന്ന വിലയിരുത്തലാണ് നടനുള്ളത്. ബ്ലാക്ക് മെയിലിങ് കേസിൽ നടൻ ദിലീപിന്റെ പരാതിയിൽ പ്രത്യേക അന്വേഷണമില്ലെന്ന് എറണാകുളം റൂറൽ എസ് പി എ വി ജോർജ് പറഞ്ഞതാണ് ദിലീപിനെ ചൊടിപ്പിക്കുന്നത്. അതിനിടെ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്ത് നൽകിയേക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ള നിഷ്പക്ഷ സമീപനം ഭാവിയിൽ ഉണ്ടാകാനിടയില്ലെന്ന് സിനിമാക്കാർക്കിടയിൽ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. അതിനിടെ അടുത്ത ദിവസങ്ങളിൽ അമ്മയുടെ യോഗം ചേരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അമ്മ യോഗത്തിൽ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ചർച്ചയാക്കാനാണ് നീക്കം.

നടിയുടെ ആക്രമക്കേസിലെ ഗൂഢാലോചന മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. കേസിൽ പ്രത്യേക എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും എസ്‌പി എ വി ജോർജ് പറഞ്ഞു. പൊലീസ് നടത്തുന്നത് പുനരന്വേഷണം അല്ല. നടിയെ അക്രമിച്ച കേസിന്റെ അന്വേഷണത്തിൽ ദിലീപിന്റെ പരാതിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റൂറൽ എസ് പി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ സഹതടവുകാരൻ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ വിവരം കഴിഞ്ഞ ദിവസം നടൻ ദിലീപ് സ്ഥിരീകരിച്ചിരുന്നു. ഈ ഘട്ടത്തിൽ തന്റെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം നടക്കുന്നതെന്ന് മാധ്യമങ്ങളോട് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ഈ വാദമാണ് ഇപ്പോൾ പൊലീസ് തള്ളിക്കളഞ്ഞിരിക്കുന്നത്. ദിലീപിനോട് ആ മാസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടുണ്ട്.

ഗൂഢാലോചനാ ആരോപണത്തിൽ കുടുങ്ങിയത് താനാണെന്ന് ദിലീപ് തന്നെ തുറന്നു പറഞ്ഞ സാഹചര്യം മലയാള സിനിമയിൽ പോലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ദിലീപിനൊപ്പം നിന്ന പലരും പതിയെ പിന്മാറുകയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷപ്പെടണമെന്നാണ് ഏവരുടേയും നിലപാട്. ദിലീപിനേയോ നാദിർഷായെയോ ആരും ബന്ധപ്പെടുന്നു പോലുമില്ല. വിവാദങ്ങളിൽ ഉൾപ്പെടാൻ താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം. അതിനിടെ തങ്ങൾ സത്യം പറഞ്ഞാൽ സിനിമാ മേഖല സ്തംഭിപ്പിക്കുമെന്ന നാദിർഷായുടെ ഭീഷണിയും സിനിമാക്കാരെ ചിന്തിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ നടനെതിരെ പരോക്ഷ ആരോപണം ഉയർത്തി വിവാദങ്ങളെ പുതിയ തലത്തിലെത്തിക്കാനാണ് ദിലീപിന്റെയും നാദിർഷായുടേയും ശ്രമമെന്നാണ് സൂചന.

നിലവിൽ മലയാള സിനിമയെ നയിച്ചിരുന്നതുകൊച്ചി ലോബിയായിരുന്നു. അതിന്റെ നേതൃസ്ഥാനത്ത് ദിലീപായിരുന്നു. പുതിയ വിവാദത്തോടെ തിരുവനന്തപുരം ലോബി വീണ്ടും ഒരുമിക്കുന്നുണ്ട്. നടിയുടെ ആക്രമണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാനാണ് ഇവരുടെ ശ്രമം. ഇതിന് വേണ്ടിയാണ് അമ്മയെ പ്രശ്‌നത്തിൽ ഇടപെടുവിക്കുന്നത്. താരസംഘടനയെ കൊണ്ട് കേസ് അന്വേഷണം സിബിഐ ഏൽപ്പിക്കുന്ന തരത്തിലെ ഇടപെടലിനാണ് ശ്രമം. സിനിമാ മേഖല തന്നെ സംശയത്തിന്റെ പിടിയിലായ സാഹചര്യത്തിലാണ് ഇത്. ഈ മാസം 28ന് അമ്മയുടെ യോഗം ചേരുന്നുണ്ട്. ഇതിലെ മുഖ്യ അജണ്ടയായി ഈ വിഷയം മാറുമെന്നാണ് സൂചന. എന്നാൽ കരുതലോടെ മാത്രമേ പ്രതികരണങ്ങൾ ഉണ്ടാകൂ.

അതിനിടെ പൾസർ സുനിക്ക് വേണ്ടി ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പൊലീസ് പിടിയിലായി. നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ച് പൾസർ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ടതും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വിഷ്ണുവാണെന്നാണ് കരുതുന്നത്. 86-ഓളം മാല മോഷണക്കേസുകളിലും കഞ്ചാവ്-മയക്കുമരുന്ന് കേസുകളിലും പ്രതിയായ വിഷ്ണു പലതവണ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഇങ്ങനെയൊരു കേസിൽ ശിക്ഷ ലഭിച്ച് കാക്കനാട് ജയിലിൽ വിഷ്ണു കിടക്കുന്ന സമയത്താണ് സഹതടവുകാരനായി പൾസർ സുനിയെത്തിയത്. സുനിക്ക് പൾസർ ബൈക്കുകളോട് കമ്പമുള്ളത് പോലെ പൾസർ ബൈക്കിൽ സഞ്ചരിച്ച് മാല മോഷ്ടിക്കുന്നതാണ് വിഷ്ണുവിന്റെ സ്റ്റൈൽ. ഇതിനൊപ്പം മറ്റൊരാളെ കൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരാപ്പുഴക്കേസിലെ പ്രതിയാണ് ഇദ്ദേഹം. സിനിമാ മേഖലയുമായി പൾസർ സുനിക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. മനീഷാണ് കസ്റ്റഡിയിലുള്ളത്.

അതിനിടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതി നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം വിശദമായി പരിശോധിച്ചിരുന്നതായി സൂചനയുമുണ്ട്. ദിലീപിനെ പോലെ ഒരു സൂപ്പർതാരം പരാതി നൽകി രണ്ട് മാസമായിട്ടും പൊലീസ് ദിലീപിന്റേയും നാദിർഷയുടേയും മൊഴി ശേഖരിക്കുകയോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ പോലും ചെയ്തിരുന്നില്ല. പരാതിയിൽ പ്രാഥമിക പരിശോധനയും അന്വേഷണവും നടത്തിയതല്ലാതെ തുടർ നടപടികളിലേക്ക് പൊലീസ് കടക്കാഞ്ഞത് പരാതി ഗൗരവമായി കാണുന്നില്ലെന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു. തന്നെ പണത്തിന് വേണ്ടി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ഇന്നലെ ദിലീപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് ശേഷം മാത്രമാണ് ദിലീപിനോടും നാദിർഷയോടും ദിലീപിന്റെ മാനേജർ അപ്പുണ്ണിയോടും മൊഴി നൽകാൻ ഹാജരാക്കുവാൻ പൊലീസ് ആവശ്യപ്പെട്ടത് തന്നെ. ഇതും ദിലീപിനെ അലോസരപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ വ്യക്തമായ ഗൂഢാലോചനയാണ് ഇതെന്ന് ദിലീപ് സംശയിക്കുന്നു.

മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമോ എന്ന് ദിലീപിനും നാദിർഷായ്ക്കും ഭയമുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടുന്നതും ആലോചനയിലാണ്. പൊലീസിന്റെ ഭാഗത്തുള്ള ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP