Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിൽ പട്ടികടിച്ചത് 13 ലക്ഷം പേരെ; മൂന്നര ലക്ഷം തെരുവ് പട്ടികളുള്ള കേരളത്തിൽ ഒരു വർഷം കടിയേറ്റത് 23,000 പേർക്ക്; കാശ്മീരിലും നായ ശല്യം കൊണ്ട് പൊറുതി മുട്ടി; ഇന്ത്യയിൽ ഭീകരാക്രമണങ്ങളേക്കാൾ ആളുകൾ മരിക്കുന്നത് പട്ടികടിച്ചോ? ബിബിസി റിപ്പോർട്ട് ചർച്ചയാകുന്നു

മുംബൈയിൽ പട്ടികടിച്ചത് 13 ലക്ഷം പേരെ; മൂന്നര ലക്ഷം തെരുവ് പട്ടികളുള്ള കേരളത്തിൽ ഒരു വർഷം കടിയേറ്റത് 23,000 പേർക്ക്; കാശ്മീരിലും നായ ശല്യം കൊണ്ട് പൊറുതി മുട്ടി; ഇന്ത്യയിൽ ഭീകരാക്രമണങ്ങളേക്കാൾ ആളുകൾ മരിക്കുന്നത് പട്ടികടിച്ചോ? ബിബിസി റിപ്പോർട്ട് ചർച്ചയാകുന്നു

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യന്റെ സുരക്ഷയാണ് പ്രധാനം. അതിന് ഭീഷണി ഉയർത്തുന്ന എന്തിനെയും ഗൗരവമായി കാണണം. അതു കൊണ്ടു തന്നെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നത് സർക്കാരിന്റെ സുപ്രധാന കടമയായി കരുതുന്നു. .പലയിടത്തും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു വിഷയം തലസ്ഥാനത്തെ ദാരുണ സംഭവം പ്രാഥമിക കൃത്യം നിർവഹിക്കാൻ വെളിമ്പറമ്പിനെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് ഉണ്ടായി എന്നതാണ്. എല്ലാ വീട്ടിലും നല്ല കക്കൂസ് ഉണ്ടാകണം. അത് സാധ്യമാകാൻ എല്ലാ തരത്തിലും ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പുല്ലുവിളയിൽ സ്ത്രീയെ നായ്ക്കൂട്ടം കടിച്ചുകൊന്നത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴും ഇതിന്റെ ഭീരത വ്യക്തമാക്കുന്ന വാർത്തകൾ പുറത്തുവരുന്നു. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷിക്കാനാണ് കേരള സർക്കാരിന്റെ തീരുമാനം.

എന്നാൽ നടപടികളെടുക്കാൻ കേരളം വൈകിയോ? അതെ എന്നാണ് സാമൂഹ്യപ്രവർത്തകർ പറയുന്നത്. തെരുവ് നായ പ്രശ്‌നത്തിൽ ചർച്ചകൾ സജീവമാകുമ്പോൾ മറ്റൊരു സംസ്ഥാനത്തും ഈ വിഷയമില്ലെന്ന് മൃഗ സ്‌നേഹികൾ വാദിക്കുന്നു. അക്രമകാരികളായ നായ്ക്കളെ പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് പറയുന്നവരുമുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇത് വിഷയമല്ലെന്ന് അവർ പറയുന്നു. എന്നാൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി തെരുവ് നായ്ക്കളാണെന്നാണ് മനുഷ്യന്റെ ജീവനാണ് വിലയെന്ന് വാദിക്കുന്നവരുടെ പക്ഷം. ബിബിസിയുടെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയാണ് ആവർ വാദം സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യന്തരീക്ഷത്തെ കുറിച്ച് ബിബിസി പോലും തിരിച്ചറിയുന്നു. എന്നിട്ടും നടപടികൾ അധികാരികൾ വാക്കുകളിൽ ഒതുക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നായ്ക്കളാണെന്ന് ബിബിസി മാസങ്ങൾക്ക് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു. കേരളം മാത്രമല്ല മുംബൈയും കാശ്മീരുമെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളി തെരുവ് നായക്കാണെന്നായിരുന്നു ബിബിസിയുടെ റിപ്പോർട്ട്.

സുപ്രീംകോടതിയിൽ മുംബൈ മുനിസിപ്പാലിറ്റി നൽകിയ റിപ്പോർട്ടിനെ അധികരിച്ചാണ് ബിബിസി റിപ്പോർട്ട്. ഇത് പ്രകാരം ഇരുപതുകൊല്ലത്തിനിടെ അവിടെ പട്ടികടിയേറ്റ് മരിച്ചത് 434 പേരാണ്. 1994നും 2015നും ഇടയിലെ കണക്കാണിത്. അതായത് 1993ലെ ബോംബ് സ്‌ഫോടന പരമ്പരയിലും മുംബൈ തീവ്രവാദ ആക്രമണത്തിലും കൊല്ലപ്പെട്ടതിലും അധികം പേർ പട്ടികടിയേറ്റ് മരിച്ചു. രണ്ട് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 422 പേർ മാത്രമാണ്. 13ലക്ഷം പേർക്കാണ് ഈ കാലയളവിൽ മുംബൈയിൽ മാത്രം പട്ടികടിയേറ്റത്. ഇന്ത്യയിൽ ഓരോ വർഷവും 20,000 പേർ പട്ടികടിയേറ്റ് മരിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ഇതിന് കാരണം രാജ്യത്ത് മൂന്ന് കോടി തെരുവ് പട്ടികൾ ഉള്ളതാണെന്നും ബിബിസി വിശദീകരിക്കുന്നു.

കേരളവും ബിബിസിയുടെ റിപ്പോർട്ടിന്റെ ഭാഗമാണ്. പട്ടികടിയേറ്റ് മരിച്ച ആളുടെ ഭാര്യയ്ക്ക് 40000രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ കഴിഞ്ഞവർ,ം 23,000 പേർക്ക് പട്ടികഠിയേറ്റു. കാശ്മീരിൽ 2008നും 2012നും ഇടയിൽ 50000 പേർക്ക് പട്ടികടിയേറ്റെന്നും പന്ത്രണ്ടോളം പേർ മരിച്ചെന്നുമാണ് ബിബിസി പറയുന്നത്. ഈ സാമൂഹിക പ്രശ്‌നത്തിൽ ഉയരുന്ന എതിർപ്പുകളും ബിബിസി ചൂണ്ടിക്കാട്ടുന്നുണ്ട്. മുനിസിപ്പാലിറ്റികളും നാട്ടുകാരും പട്ടികളെ വിഷം കൊടുക്കുന്നതും അടിക്കുന്നതും ഷോക്കടിപ്പിക്കുന്നതുമെല്ലാം ഉയർത്തി മൃഗ സ്‌നേഹികൾ നടത്തുന്ന പ്രക്ഷോഭങ്ങളും ബിബിസി വിവരിക്കുന്നു. കേരളവും തമിഴ്‌നാടും അക്രമകാരികളായ പട്ടികളെ കൊല്ലാൻ നടപടിയെടുത്തിരുന്നു. തെരുവ് പട്ടികളെ ചൈനയിലേക്ക് അയക്കണമെന്ന പഞ്ചാബിലെ ജനപ്രതിനിധിയുടെ പ്രതികരണവും വിവാദമായി.

എംപിമാരുടെ വാസസ്ഥലത്തെ പട്ടിശല്യത്തെകുറിച്ച് പഠിക്കാൻ പാർലമെന്ററീ സമിതിയെ നിയോഗിച്ചതും ബിബിസി ചൂണ്ടിക്കാട്ടുന്നു. 2001ന് ശേഷം പട്ടിയെ കൊല്ലുന്നത് നിയമവിരദ്ധമാണ്. എന്നാൽ കേരളവും മുംബൈയുമെല്ലാം പ്ട്ടികളെ വകവരുത്താറുണ്ടെന്നും പറയുന്നു. 2008ൽ പട്ടിയെ കൊല്ലാൻ മുംബൈ ഹൈക്കോടതി അനുമതി നൽകിയതും പിന്നീട് അത് സുപ്രീംകോടതി റദ്ദാക്കിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വന്ധ്യകരണത്തിന് മാത്രമാണ് അതിന് ശേഷം സുപ്രീംകോടതിയുടെ അനുമതിയുള്ളതെന്നും വിശേഷിപ്പിക്കുന്നു. തെരുവ് പട്ടികൾ മാത്രമല്ല ആളുകളെ കടിക്കുന്നതെന്നും ബിബിസി പറയുന്നു. പട്ടികടിയേറ്റ് വരുന്ന 75 ശതമാനം പേരും വളർത്തു നായക്കളാൽ കടിയേൽക്കുന്നവരാണെന്ന് കേരളത്തിലെ ആശുപത്രികളിലെ പഠനത്തെ ഉദ്ദരിച്ച് ബിബിസി സമർദ്ധിക്കുന്നുമുണ്ട്. തമിഴ്‌നാട്ടിൽ പകുതിയിലേറെ പേരെ കടിക്കുന്നതും വളർത്ത് പട്ടികളാണ്.

തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള പരിപാടികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും നായശല്യം അവസാനിപ്പിക്കാൻ പര്യാപ്തമല്ല. കുഴഞ്ഞു മറിഞ്ഞ ഉദ്യോഗസ്ഥ സംവിധാനവും ആവശ്യത്തിനുള്ള തുക ഇല്ലാത്തതുമാണ് ഇതിന് ഇടയാക്കുന്നത്. ആരോഗ്യമന്ത്രാലയം ഹരിയാനയിൽ മാസംതോറും 5000 നായകളെ വന്ധ്യംകരിക്കുന്നതിനായി തുക നൽകുന്നുണ്ട്. എന്നാൽ, ഈ തുക ആവശ്യത്തിനു തികയാറില്ല. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിം നായകളുടെ വന്ധ്യംകരണത്തിനു കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഒരു നായയ്ക്ക് ഏകദേശം ആയിരം രൂപ സർക്കാർ മാറ്റിവയ്ക്കുന്നുണ്ട്. നായകൾ പെറ്റുപെരുകുന്നതു തടയാനായി ദ്രുതഗതിയിലുള്ള പദ്ധതികളാണു സർക്കാർ ചെയ്യുന്നതും.

രാജ്യത്തെ മുഴുവൻ തെരുവുനായകളെയും വന്ധ്യംകരിക്കുന്നതു അസാധ്യമായ കാര്യമാണെന്നാണ് അധികൃതർ പറയുന്നത്. എല്ലാ നായകളെയും പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതിക്കു പകരം അലഞ്ഞുതിരിയുന്ന പെൺപട്ടികളെ മാത്രം പിടികൂടി വന്ധ്യംകരിക്കുന്നതാകും പ്രായോഗികമായ നീക്കമെന്നും അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP