Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുകാംബികയിൽനിന്നു കൂടെക്കൂടിയ തെരുവുപട്ടി അയ്യപ്പനൊപ്പം നടന്നത് 600 കിലോമീറ്റർ; തെരുവുപട്ടികളെ ആട്ടിയകറ്റിയിരുന്ന നവീന് മാളു പിരിയാകൂട്ടുകാരിയായി; മനുഷ്യനും മൃഗവും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥ

മുകാംബികയിൽനിന്നു കൂടെക്കൂടിയ തെരുവുപട്ടി അയ്യപ്പനൊപ്പം നടന്നത് 600 കിലോമീറ്റർ; തെരുവുപട്ടികളെ ആട്ടിയകറ്റിയിരുന്ന നവീന് മാളു പിരിയാകൂട്ടുകാരിയായി; മനുഷ്യനും മൃഗവും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥ

തിരുവനന്തപുരം: ഹൃദയത്തിൽതൊടുന്നൊരു സൗഹൃദത്തിന്റെ കഥയാണിത്. മനുഷ്യമും മനുഷ്യനും തമ്മിലല്ല. മനുഷ്യനും മൃഗവും തമ്മിൽ. കോഴിക്കോട് സ്വദേശി നവീൻ കാൽനടയായി ശബരിമല തീർത്ഥാടനം തുടങ്ങിയതുകൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽനിന്നായിരുന്നു. അവിചാരിതമായി നവീന് ഒരു സുഹൃത്തിനെയും വഴിയിൽനിന്നു കിട്ടി- മാളു എന്ന പട്ടി. ഒന്നും രണ്ടുമല്ല അറുന്നൂറു കിലോമീറ്ററും നവീനൊപ്പം നടന്ന് മാളുവും ശബരിമലയിലെത്തി.

ഇലക്ട്രിസിറ്റി ബോർഡിയിൽ ജോലി ചെയ്യുന്ന 38 വയസ്സുള്ള നവീൻ ഡിസംബർ ഏഴിനാണ് മൂകാമ്പികയിൽനിന്ന് 700 കിലോമീറ്റർ ദൂരം കാൽനടയായി ശബരിമല തീർത്ഥാടനം ആരംഭിച്ചത്. പിറ്റേന്നാണ് മാളുവിനെ കണ്ടുമുട്ടുന്നത്. ഇരുമുടിക്കെട്ടു തലയിലേന്തി താടിയും മീശയും വളർത്തി റോടുവക്കിലൂടെ നടന്നുനീങ്ങുന്ന മനുഷ്യനിൽ ഒരു തെരുവുപട്ടിക്കുണ്ടായ കൗതുകം നവീന് ഒരു ആജീവനാന്ത സുഹൃത്തിനെയാണു നേടിക്കൊടുത്തത്. 17 ദിവസം നീണ്ടയാത്രയിൽ ഒരിക്കൽപ്പോലും മാളു നവീനെ വിട്ടുപിരിഞ്ഞില്ല. 27നു മലയറിങ്ങി വീട്ടിലേക്കു നവീൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുത്ത് മാളുവിനെ വീട്ടിലെത്തിച്ചു.

യാത്ര ആരംഭിച്ചപ്പോൾ തെരുവുപട്ടികളുടെ ശല്യത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു നവീൻ. പ്രത്യേകിച്ച് പുലർകാലങ്ങളിൽ. തന്നെ സമീപിക്കുന്ന പട്ടികളെ ആട്ടിയകറ്റുകയായിരുന്നു നവീന്റെ പതിവ്. എന്നാൽ മറ്റു പട്ടികളിൽനിന്ന് മാളുവിന് എന്തോ പ്രത്യേകതയുള്ളതായി നവീൻ കണ്ടെത്തി. മുകാംബികയിൽനിന്ന് ആരംഭിച്ച യാത്ര എൺപതു കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് മാളുവിനെ നവീൻ കണ്ടുമുട്ടുന്നത്. റോഡിന്റെ അപ്പുറത്തു നിൽക്കുകയായിരുന്നു അവൾ. തന്നെ കണ്ടപ്പോൾ റോഡ് മുറിച്ചുകടന്ന് അടുത്തേക്കുവന്നു. ആട്ടിയോടിക്കാൻ പലതവണ നവീൻ ശ്രമിച്ചു. പക്ഷേ അവൾ പോകാൻ കൂട്ടാക്കിയില്ല. നവീനൊപ്പം അവളും കൂടി.

ആദ്യ ദിവസങ്ങളിൽ പത്തിരുപതു മീറ്റർ മുന്നിലാണ് മാളു നടന്നിരുന്നത്. ഇടയ്ക്കിടയ്ക്ക് നിന്ന് നവീനെ തിരിഞ്ഞുനോക്കും, നവീൻ തന്റെ പിറകേയുണ്ടെന്ന് ഉറപ്പാക്കാനായി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ മാളു നവീന്റെ പിറകിലായി അദ്ദേഹത്തിന്റെ പാദങ്ങൾ മണത്തായി നടത്തം. ഇത്രയും സ്‌നേഹം കാണിക്കുന്ന പട്ടി ഒപ്പം പോന്നോട്ടെയെന്ന് നവീനും തീരുമാനിച്ചു. അവളുടെ കഴുത്തിൽ കറുത്ത ബെൽറ്റും മുദ്രമാലയും നവീൻ ധരിപ്പിച്ചു. മാളുവെന്ന പേരുമിട്ടു.

അറുന്നൂറു കിലോ മീറ്ററും ഈ പട്ടി തന്നെ അനുഗമിക്കുമെന്ന ഒരു പ്രതീക്ഷയും തുടക്കത്തിൽ നവീനില്ലായിരുന്നു. കോഴിക്കോടുവരെയെത്തിയപ്പോൾ ഉറപ്പിച്ചു ഇവൾ ശബരിമലവരെയും കൂടെയുണ്ടാകും. നവീൻ ഭക്ഷണം മേടിക്കാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴുമെല്ലാം ഇരുമുടിക്കെട്ട് ഭദ്രമായി സംരക്ഷിച്ച് മാളു കാത്തിരിക്കും.

യാത്രയിലുടനീളം നവീന്റെ അലാറവും മാളുവായിരുന്നു. ഒരു ദിവസം ശരാശരി 50 കിലോമീറ്ററാണ് നവീൻ നടന്നിരുന്നത്. രാവിലെ മൂന്നിന് ആരംഭിക്കുന്ന നടത്തം ഏതെങ്കിലും ക്ഷേത്രത്തിലാണ് അവസാനിക്കുക. അവിടെയായിരിക്കും അന്നത്തെ കഴിഞ്ഞുകൂടുക. ചില ദിവസങ്ങളിൽ നവീൻ ഉറങ്ങിപ്പോകും. പക്ഷേ മാളു മുണ്ടുകടിച്ചു വലിച്ചും കുരച്ചും നവീനെ എഴുന്നേൽപ്പിക്കും.

പമ്പയിൽവച്ച് ഏതാനും മണിക്കൂറുകൾ മാളുവിനെ കാണാതായത് നവീനെ ഏറെ പരിഭ്രാന്തി പിടിപ്പിച്ചിരുന്നു. ആദ്യദിവസങ്ങളിലേതു പോലെ മാളു നവീനു മുമ്പായി നടക്കാൻ തുടങ്ങിയതാണ്. പിന്നെ കാണാതായി. നവീൻ ക്ഷേത്രത്തിലേക്കുള്ള പടിക്കുതാഴെ എത്തിയപ്പോഴേക്കും മാളു അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. നവീൻ മലകയറിയിറങ്ങാനെടുന്ന ഒന്നരദിവസവും മാളു ഈ പടിക്കൽതന്നെ കാത്തുനിൽക്കുകയായിരുന്നു. കോഴിക്കോടുനിന്ന് നവീനൊപ്പം കൂടിയ ഏതാനും അയ്യപ്പന്മാർ ഫോണിൽവിളിച്ച് മാളു ഇപ്പോഴും പടിക്കുചുവട്ടിൽ നിൽക്കുന്ന കാര്യം അറിയിച്ചു. തിരിച്ചു മലയിറങ്ങിവന്ന നവീന്റെ ദേഹത്തുചാടിക്കയറിയാണ് മാളു ആഹഌദം പ്രകടിപ്പിച്ചത്.

പമ്പയിലെ ബസ്റ്റാൻഡിൽലുണ്ടായിരുന്ന ഒരു കെഎസ്ആർടിസി ജീവനക്കാരനാണ് മാളുവിനെ തിരിച്ചുകൊണ്ടുപോകാനുള്ള പോംവഴി നവീനു നിർദ്ദേശിച്ചത്. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നവീൻ സ്‌പെഷ്യൽ ഓഫീസറെ പോയി കണ്ടു. മാളുവിന്റെ കഥ കേട്ട സ്‌പെഷ്യൽ ഓഫീസർ സന്തോഷത്തോടെ അവളെ ബസിൽ കൊണ്ടുപോകാൻ അനുവദിക്കുകയായിരുന്നു. 460 രൂപയുടെ ഒരു ടിക്കറ്റും മാളുവിനായി എടുത്തു. ബസിൽ കയറിയതും മാളു ഉറക്കം പിടിച്ചു. പാതിരാത്രി വീട്ടിലെത്തുന്നതുവരെ അവൾ ഉറക്കമായിരുന്നു.

ഇന്ന് കോഴിക്കോട് ബേപ്പൂരിലെ നവീന്റെ വീട്ടിൽ മാളു സുഖമായി കഴിയുന്നു, ഒരു കുടുംബാംഗമെന്നപോലെ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP