Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസംഗിച്ച് കത്തിക്കയറി; പ്രഭാഷണത്തിൽ നിറഞ്ഞു നിന്നത് സംഘപരിവാർ വിമർശനവും മോദിയും ബീഫ് രാഷ്ട്രീയവും ഇസ്ലാമോഫോബിയയും; ആസാദി ഗാനം പാടി ഇങ്ക്വിലാബ് വിളികളോടെ സദസിനെ ആവേശം കൊള്ളിച്ചു: കനയ്യ കുമാർ കോഴിക്കോടിനെ ഇളക്കി മറിച്ചത് ഇങ്ങനെ

ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസംഗിച്ച് കത്തിക്കയറി; പ്രഭാഷണത്തിൽ നിറഞ്ഞു നിന്നത് സംഘപരിവാർ വിമർശനവും മോദിയും ബീഫ് രാഷ്ട്രീയവും ഇസ്ലാമോഫോബിയയും; ആസാദി ഗാനം പാടി ഇങ്ക്വിലാബ് വിളികളോടെ സദസിനെ ആവേശം കൊള്ളിച്ചു: കനയ്യ കുമാർ കോഴിക്കോടിനെ ഇളക്കി മറിച്ചത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: കനയ്യകുമാർ തരംഗം കേരളത്തിലും അവസാനിക്കുന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആവേശോജ്ജ്വല പ്രസംഗത്തിനൊടുവിൽ ആസാദി ഗാനവും പാടി ജനത്തെ കൈയിലെടുത്താണ് ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ പ്രസിഡന്റ് കനയ്യ കുമാർ ഇന്നലെ മലബാറിൽ നിന്ന് മടങ്ങിയത്്. കോഴിക്കോട്ടും കണ്ണൂരിലുമായി അദ്ദേഹം പങ്കെടുത്ത രണ്ടു പരിപാടികളിലും സ്ത്രീകളും വിദ്യാർത്ഥികളും അടക്കം വൻ ജനാവലി തടിച്ചുകൂടിയിരുന്നു. പതിവുപോയെ തന്റെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംഘപരിവാറിനെയും അദ്ദേഹം നിറുത്തിപൊരിക്കുകയും ചെയ്തു. തന്റെ തനതു ശൈലിയിൽ കടുത്ത സംഘപരിവാർ വിമർശനവും അവസാനം ആ്‌സാദി ഗാനവും പാടി അക്ഷരാർത്ഥത്തിൽ സദസിനെ കൈയിലെടുക്കുകയായരുന്നു അദ്ദേഹം.

എ.ഐ.വൈ.എഫ് ദേശീയ വർക്കിങ് കമ്മിറ്റിയും ജനറൽ കൗൺസിലും ഓഗസ്റ്റ് മൂന്നുവരെ കോഴിക്കോട് നടക്കുന്നതിന്റെ ഭാഗമായാണ് കനയ്യ തിങ്കളാഴ്ച കോഴിക്കോടത്തെിയത്. കപട ദേശീയവാദത്തിനും മതതീവ്രവാദത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായി ടാഗോർ സെന്റിനറി ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനത്തെിയ കനയ്യ കുമാറിന് ആവേശകരമായ സ്വീകരണമാണ് നഗരം നൽകിയത്. രാവിലെ പത്തോടെതന്നെ ടാഗോർ ഹാൾ നിറഞ്ഞിരുന്നു. 11.15ഓടെ കനയ്യ കുമാർ വേദിയിലേക്കത്തെിയപ്പോൾ അഭിവാദ്യമർപ്പിച്ചാണ് പ്രിയനേതാവിനെ സ്വീകരിച്ചത്. കനയ്യ കുമാറിനായി സ്വാഗതഗാനവും വേദിയിൽ ആലപിച്ചു. മലയാളി സുഹൃത്തുക്കൾ ഒരുപാട് ഉണ്ടെങ്കിലും അവരാരും തനിക്ക് മലയാളം പഠിപ്പിച്ചുതന്നില്‌ളെന്നും അതിനാൽ ഇംഗ്‌ളീഷിലും ഹിന്ദിയിലുമായി സംസാരിക്കാമെന്ന മുഖവുരയോടെയാണ് പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം കനയ്യ കുമാർ വ്യക്തമാക്കിയത് വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു.

ശരിയായ വിദ്യാഭ്യാസമില്‌ളെങ്കിൽ രാജ്യം പിന്തിരിപ്പൻ രാഷ്ട്രീയത്തിലേക്ക് കൂപ്പുക്കുത്തുമെന്നും പറഞ്ഞു. പിന്നെ, മോദിയെയും ബിജെപി സർക്കാറിന്റെ തെറ്റായ നയങ്ങളെക്കുറിച്ചും സംസാരിച്ചു. സംഘ്പരിവാർ അജണ്ടയെ പ്രതിരോധിക്കാനും രാജ്യത്തെ പൗരന്മാർക്കെല്ലാവർക്കും ഒരുപോലെ നീതി ലഭിക്കാനും ശരിയായ വിദ്യാഭ്യാസം വേണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനൊടുവിൽ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ എന്ന് മലയാളത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ വേദിയിലുള്ളവരും അത് ഏറ്റുവിളിച്ചു. അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഒരുനൂറു ചുവപ്പൻ അഭിവാദ്യങ്ങൾ... എന്നുപറഞ്ഞുകൊണ്ട് തന്റെ 'ആസാദി' ഗാനം പാടി സദസ്സിനെ ഇളക്കിമറിച്ചാണ് കനയ്യ കുമാർ വേദിയിൽനിന്ന് ഇറങ്ങിയത്. ജെ.എൻ.യുവിന്റെ വിപ്‌ളവതാരം കോഴിക്കോട് എത്തുന്നതിന്റെ പോസ്റ്ററുകളും ബാനറുകളും നേരത്തേ നഗരത്തിൽ ഇടംപിടിച്ചിരുന്നു.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംമ്പിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരേമുഖമാണെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ട്രംമ്പ് ഇംഗ്‌ളീഷിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ മോദി ഹിന്ദിയിൽ ചെയ്യുന്നതും അതുതന്നെയാണ്. അധികാരത്തിലേറിയാൽ അമേരിക്കയിൽനിന്ന് മുസ്ലിംകളെ പുറത്താക്കുമെന്നാണ് ട്രംമ്പ്് പ്രഖ്യാപിക്കുന്നത്. ഇവിടെ, എല്ലാ പ്രശ്‌നങ്ങൾക്കും കാരണം മുസ്ലിംകളെന്നാണ് മോദിയും ആർ.എസ്.എസും പറയുന്നത്. ഇങ്ങനെ ഇസ്ലാമിനെ ശത്രുക്കളാക്കി ലോകത്ത് ഇസ്ലാമോഫോബിയ സൃഷ്ടിക്കാനാണ് ശ്രമം. രാജ്യത്തെ ബീഫ് രാഷ്ട്രീയം നാം തിരിച്ചറിയണം. ചത്തമൃഗങ്ങളുടെ പേരിൽ ജനങ്ങൾ കൊല്ലപ്പെടുകയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ യഥാർഥപ്രശ്‌നങ്ങൾ തിരിച്ചറിയാതെ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഏകാധിപത്യമാണ് പരിപാലിക്കുന്നത്.

കേരളത്തിലത്തെിയാൽ കേന്ദ്രത്തിൽ മോദി സർക്കാർ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തിരിച്ചറിയും. ഇവിടത്തെ പുരോഗമനപരമായ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. ശരിയായ വിദ്യാഭ്യാസമുണ്ടായാലേ രാഷ്ട്രീയവും മുന്നേറുകയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും യുവാക്കളെ വേണം. എന്നാൽ, അവരുടെ യഥാർഥപ്രശ്‌നം ആരും അഭിസംബോധന ചെയ്യുന്നില്ല. ആർഎസ്എസ്. സ്‌കൂളുകൾ നടത്തുന്നത് അവരുടെ പിന്തിരിപ്പൻ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനാണ്. വിദ്യാഭ്യാസമുള്ളവർക്ക് തൊഴിൽ ലഭിക്കാത്തതാണ് ഇവിടത്തെ അവസ്ഥ. തുല്യത ഉറപ്പാക്കുകയായിരിക്കണം നമ്മുടെ അജണ്ട. സവർണാധിപത്യവും മുതലാളിത്വവും നിയോലിബറൽ ആശയങ്ങളും വെല്ലുവിളി ഉയർത്തുകയാണ്. ഇതിനെതിരെ ആശയങ്ങളുമായി നാം ഒന്നിച്ച് യുദ്ധംചെയ്യണം. സമാന്തരമായ രാഷ്ട്രീയ മുന്നേറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും കനയ്യ കുമാർ പറഞ്ഞു.

സമാധാനം, സമത്വം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവക്കായി മഴവിൽ എകീകരണമാണ് ഉണ്ടാകേണ്ടത്. പ്രതിരോധത്തിനെക്കാൾ വിദ്യാഭ്യാസത്തിനായിരിക്കണം ബജറ്റിൽ കൂടുതൽ തുക വകയിരുത്തേണ്ടത്. മനുവാദം, ദലിത് ആക്രമണം തുടങ്ങിയവയിലൂന്നി സംഘ്പരിവാർ ഗൂഢാലോചന നടത്തുകയാണ്. മുസ്ലിംകൾ വ്യത്യസ്തരാണെന്നും അവർ മാറ്റിനിർത്തേണ്ടവരാണെന്നുമുള്ള തെറ്റായ ആശയം ഇവർ പ്രചരിപ്പിക്കുകയാണ്. ആദ്യം മുസ്ലിംകളെയും പിന്നെ ദലിതരെയും സ്ത്രീകളെയും ഇവർ ഇരയാക്കുകയാണെന്നും കനയ്യ കുമാർ പറഞ്ഞു.

കണ്ണൂരിലും ആവേശോജ്വല സ്വീകരണമാണ് കനയ്യക്ക് ലഭിച്ചത്. സിപിഐ നേതാക്കളായ എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ എന്നിവരെ അനുസ്മരിക്കാൻ സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിത്തിലാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിയത്. കണ്ണൂരിന്റെ രാഷ്ട്രീയം അക്രമത്തിലധിഷ്ഠിതമാണെന്നാണ് ബിജെപി രാജ്യത്താകെ പ്രചാരണം നടത്തുന്നതെങ്കിലും സംഘ്പരിവാറിന്റെ അക്രമത്തെ പ്രതിരോധിക്കുന്നതിനെയാണ് അവർ ഇങ്ങനെ ചിത്രീകരിക്കുന്നതെന്ന് കനയ്യ ചൂണ്ടിക്കാട്ടി.

ആരാണ് അക്രമം തുടങ്ങിവച്ചതെന്ന് ജനം തിരിച്ചറിയും. ബ്രാഹ്മണവാദവും ഇസ്ലാമോഫോബിയയും പറഞ്ഞ് എക്കാലത്തും ജനങ്ങളെ പറ്റിക്കാനാവില്‌ളെന്ന് ബിജെപി തിരിച്ചറിയണം. കേരളത്തെ സോമാലിയ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'പോ മോനെ മോദി'യെന്നാണ് കേരളം മറുപടി നൽകിയത്. ആ മറുപടി രാജ്യം ഏറ്റുവിളിക്കാൻ പോവുകയാണ്. എൻ.ഇ. ബാലറാമിനെയും പി.പി. മുകുന്ദനെയും പോലുള്ള മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളുടെ പാത പിന്തുടർന്ന് രാജ്യമെങ്ങും ഈ ആശയം കത്തിപടരുമെന്നും കനയ്യകുമാർ വ്യക്തമാക്കി.

കേരളത്തിന്റെ മഹത്തായ സംസ്‌കാരം രാജ്യത്താകെ എത്തിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രക്ക് പകരം കേരളത്തിലേക്കാണ് വരേണ്ടിയിരുന്നത്. ഇവിടെ വന്നാൽ വിദ്യാഭ്യാസം എത്ര വലുതാണെന്നും സ്ത്രീശാക്തീകരണം എത്ര മഹത്തരമാണെന്നും അദ്ദേഹത്തിന് മനസ്സിലാകുമെന്നും കനയ്യ പറഞ്ഞു. കേരളത്തിൽ ആരും ബീഫ് കഴിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നുപോലുമില്ല. ഇതാണ് 'കമ്യൂണൽ ഹാർമണി'. ഹിന്ദുവാദത്തിന്റെയും ബീഫിന്റെയും പേരിൽ നമ്മുടെ രാജ്യത്തെ വിഭജിക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. മരിച്ചുപോയ മൃഗങ്ങൾക്കുവേണ്ടി ജീവിച്ചിരിക്കുന്നവരെ മർദിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. മരിച്ച മൃഗങ്ങൾക്കുവേണ്ടി ജനങ്ങൾ കൊല്ലപ്പെടുകയാണ്.

ജാതി, മത ഭേദമന്യേ രാജ്യത്തെ യുവാക്കൾ ഒരുമിച്ചു നിന്ന് ഇതിനെതിരായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവണം. ജാതിയേതുമാവട്ടെ, മതമേതുമാവട്ടെ, നമുക്കെല്ലാം ഉള്ളത് ഒരു വയറും ഇരു കൈകളുമാണ്. അതു നിറയ്ക്കാൻ ഇരുകൈകളുമുയർത്തി പ്രവർത്തിക്കേണ്ടതും നമ്മളാണ്. ആർഎസ്എസ് ലക്ഷ്യമിടുന്നത് മനുഷ്യരെ വിഭജിക്കുകയെന്നതാണ്. എന്നാൽ, എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ എന്നതാണ് തങ്ങളുടെ മുദ്രാവാക്യം. ഇത് ഞങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും. തെറ്റുകാരൻ എപ്പോഴൊക്കെ തെറ്റ് തുടരുന്നുവോ അപ്പോഴൊക്കെ നീതിയുടെയും ന്യായത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദമായ ഇങ്ക്വിലാബിന്റെ മുദ്രാവാക്യം ഓരോ കോണിൽ നിന്നും ഉയരുമെന്നും കനയ്യകുമാർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP