Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാൻഡിങ് വൻ ദുരന്തത്തിലേക്കെന്ന് ഫസ്റ്റ് ഓഫീസർ അലുവാലിയ ഉച്ചത്തിൽ പറഞ്ഞിട്ടും ക്യാപ്റ്റൻ ഗ്‌ളൂസിക അത് കേട്ടില്ല; കീഴെയുള്ളവരുടെ നിർദ്ദേശം മോശമെന്ന് വിലയിരുത്തിയ സെർബിയക്കാരൻ ക്യാപ്റ്റന്റെ അഹംഭാവത്തിൽ പൊലിഞ്ഞത് 158 ജീവനുകൾ; മംഗളൂരു ബജ്‌പേ വിമാന ദുരന്തത്തിന്റെ ഏഴാം വാർഷിക ദിനത്തിലും ഉത്തരംകിട്ടാതെ നിരവധി ചോദ്യങ്ങൾ

ലാൻഡിങ് വൻ ദുരന്തത്തിലേക്കെന്ന് ഫസ്റ്റ് ഓഫീസർ അലുവാലിയ ഉച്ചത്തിൽ പറഞ്ഞിട്ടും ക്യാപ്റ്റൻ ഗ്‌ളൂസിക അത് കേട്ടില്ല; കീഴെയുള്ളവരുടെ നിർദ്ദേശം മോശമെന്ന് വിലയിരുത്തിയ സെർബിയക്കാരൻ ക്യാപ്റ്റന്റെ അഹംഭാവത്തിൽ പൊലിഞ്ഞത് 158 ജീവനുകൾ; മംഗളൂരു ബജ്‌പേ വിമാന ദുരന്തത്തിന്റെ ഏഴാം വാർഷിക ദിനത്തിലും ഉത്തരംകിട്ടാതെ നിരവധി ചോദ്യങ്ങൾ

രഞ്ജിത് ബാബു

മംഗളൂരു: മഹാദുരന്തം മുന്നിൽ കണ്ടിട്ടും ക്യാപ്റ്റൻ സ്ലാഡ്‌കോ ഗ്ലൂസിക അത് ഉൾക്കൊള്ളാതിരുന്നത് എന്തു കൊണ്ട് ? 158 പേരുടെ ജീവൻഹോമിക്കപ്പെട്ട മംഗളൂരു ബജ്‌പേ വിമാന ദുരന്തത്തിന്റെ ഏഴാം വാർഷിക ദിനത്തിലും ഈ ചോദ്യമുയരുന്നു. പെട്ടെന്നുള്ള ലാന്റിങ് അപകടത്തിലാവുമെന്ന് വിമാനത്തിലെ ഫസ്റ്റ് ഓഫീസർ എച്ച് എസ്. അലുവാലിയയുടെ മുന്നറിയിപ്പ് ക്യാപ്റ്റൻ അവഗണിച്ചതെന്തുകൊണ്ട്?

ഗ്ലൂസികയുടെ അമിത ആത്മ വിശ്വാസവും തനിക്ക് കീഴെയുള്ളവരുടെ നിർദ്ദേശം സ്വീകരിക്കുന്നതിനുള്ള വൈമനസ്യവുമാണ് വിമാനം മുമ്പോട്ട് കൊണ്ടു പോകാൻ പ്രേരിപ്പിച്ചത്. താൻ മാത്രമാണ് ശരിയെന്ന പക്ഷക്കാരനായിരുന്നു ഗ്ലൂസികയെന്ന് സഹപ്രവർത്തകരും ദുരന്തം അന്വേഷിച്ച ഉദ്യോഗസ്ഥരോട് സാക്ഷ്യപ്പെടുത്തിയിരുന്നു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്രക്കാരുമായി മംഗളൂരുവിലേക്ക് കുതിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് ഫ്‌ളൈറ്റ് 812 വിമാനം 2010 മെയ് 22 ന് രാവിലെ 6.07നാണ് ദുരന്തത്തിൽ പെട്ടത്. 160 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ലാന്റിങിനിടെ റൺവേയുടെ അറ്റത്തുള്ള സിഗ്നൽ തൂണിൽ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് കത്തിയമരുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്നവരിൽ 158 പേരും വെന്തു മരിച്ചു. മലയാളിയായ കമ്പിൽ സ്വദേശി കെ.പി. മായൻകുട്ടി ഉൾപ്പെടെ എട്ട് യാത്രക്കാർ മാത്രമാണ് രക്ഷപ്പെട്ടിരുന്നത്. വിമാനം അപകടത്തിലേക്ക് കുതിക്കും മുമ്പ് ഫസ്റ്റ് ഓഫീസർ അലുവാലിയ ക്യാപ്റ്റനോട് ഗോ എറൗണ്ട് എന്ന് ശബ്ദമുയർത്തി പറയുന്നുണ്ട്. ഒരിക്കൽ കൂടി ചുറ്റി ലാന്റിങിന് ശ്രമിക്കൂ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റൻ സ്ലാഡ്‌കോ ഗ്ലൂസിക ദുരന്തം കൺമുന്നിലെത്തിയിട്ടും അത് ചെവിക്കൊണ്ടില്ല.

അതേക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂർ വിമാനം മംഗളൂരു കൺട്രോൾ റൂമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ റഡാർ സംവിധാനം തകരാറിലായിരുന്നു. പതിനഞ്ച് മിനുട്ടിനു ശേഷം വിമാനം താഴ്ന്നു തുടങ്ങി. താഴോട്ടിറക്കുമ്പോൾ പറക്കേണ്ടിയിരുന്ന പരിധിക്കപ്പുറം ഉയരത്തിലായിരുന്നു വിമാനം. പെട്ടെന്നുള്ള ഇറക്കമാണ് അപകടകരമായതെന്നാണ് സൂചന.

സെർബിയക്കാരനായിരുന്നു ക്യാപ്റ്റൻ ഗ്ലൂസിയ. അപകടം സംഭവിച്ചതിന്റെ തലേനാളായിരുന്നു അയാൾ ഡ്യൂട്ടിക്ക് കയറിയത്. അതിനു മുമ്പ് ഒരാഴ്ചയായി അവധിയിലായിരുന്നു. 2008 മുതൽ എയർ ഇന്ത്യയിൽ പൈലറ്റായി പ്രവർത്തനം ആരംഭിക്കുകയും നിരവധി മണിക്കൂറുകൾ വിമാനം പറത്തിയ പരിചയവുമുണ്ടായിരുന്നു.

അടുത്ത കാലത്തൊന്നും മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങൾക്ക് അകപ്പെട്ടിരുന്നുമില്ല. മാത്രമല്ല പതിനാറ് തവണ മംഗളൂരുവിൽ മാത്രം വിമാനം ഇറക്കിയിട്ടുമുണ്ട്.

എന്നാൽ 2009 ഡിസംബർ 12 ന് ഇയാൾ പറത്തിയ മസ്‌ക്കറ്റ് - തിരുവനന്തപുരം ഹാർഡ് ലാന്റിങ് ആയിരുന്നു. ഇക്കാരണത്താൽ 2010 മാർച്ചിൽ എയർ ഇന്ത്യയുടെ വിമാന സുരക്ഷാ വിഭാഗം വിശദീകരണം തേടുകയും ഗ്ലൂസിയയെ കൗൺസിലിങിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഗ്ലൂസിയക്ക് വളരെയേറെ മനപ്രയാസമുണ്ടാക്കിയിരുന്നു.

അത് സഹപ്രവർത്തകരോട് അദ്ദേഹം പങ്കിടുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ തൊട്ട് മുമ്പ് ദിവസങ്ങളിൽ ഗ്ലൂസിയക്ക് വയറുവേദനയും തൊണ്ട വേദനയും ഉണ്ടായിരുന്നു. അതിനായി അദ്ദേഹം മരുന്നുകളും ഉപയോഗിച്ചിരുന്നു. മംഗളൂരുവിൽ അയാൾ താമസിച്ച ഹോട്ടൽ മുറിയിൽ നിന്നും ഇതിനായുള്ള തെളിവുകൾ ലഭിച്ചിരുന്നു.

മുംബൈ സ്വദേശിയായ അലുവാലിയ മംഗളൂരുവിൽ തന്നെയാണ് താമസിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളോട് മാത്രം കാര്യമായി ഇടപെടുന്ന ആളാണ് അദ്ദേഹം. എന്നാൽ അലുവാലിയയും ഗ്ലൂസിയയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് തെളിവുകളുണ്ട്. ഒരേ വിമാനത്തിൽ ജോലി നോക്കുമ്പോഴും ഇവർ അകന്നുതന്നെ കഴിയുകയായിരുന്നു.

എന്നാൽ ജോലി ചെയ്യുന്നതിൽ ഇരുവരും മിടുക്കന്മാരാണുതാനും. ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും തമ്മിലുള്ള അസ്വാരസ്യം എയർ ഇന്ത്യാ അധികൃതരുടെ ശ്രദ്ധയിലും പെട്ടിരുന്നു. സുരക്ഷിത യാത്രക്ക് തൊഴിൽ സഹവർത്തിത്വമില്ലാത്തത് ശരിയല്ലെന്നും ബന്ധം ശക്തമാക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും ഇവർ ഇത് അംഗീകരിച്ചിരുന്നില്ല. കോക്ക് പിറ്റിലെ വോയ്‌സ് റിക്കാർഡിൽ ഇതിനുള്ള തെളിവുകളുണ്ട്. കോക്ക് പിറ്റിൽ ക്യാപ്റ്റൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ നിശ്ചിത ഉയരത്തിൽ പറക്കുമ്പോൾ പൈലറ്റുമാർ ചെറുതായി ഉറങ്ങാറുണ്ട്. ഇത് ലോകത്തെ എല്ലാ വിമാനങ്ങളിലും സാധാരണമാണ്. ക്ഷീണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ക്യാപ്റ്റൻ ഉറങ്ങിപ്പോവുകയാണെങ്കിൽ ഫസ്റ്റ് ഓഫീസർ കൂടുതൽ ജാഗരൂകനാകണം. വേണ്ടി വന്നാൽ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കേണ്ടിയും വരും. എന്നാൽ ഈ വിമാനത്തിൽ ഫസ്റ്റ് ഓഫീസർ അലുവാലിയയുടെ മുന്നറിയിപ്പ് ലംഘിക്കപ്പെട്ടതായി കാണുന്നു. പെട്ടെന്നുള്ള ലാന്റിങാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്ന് അനുമാനിക്കാം.

തലേ ദിവസം രാത്രി ഒമ്പതരക്ക് മംഗലാപുരത്തു നിന്നും ദുബായിലേക്ക് ഇതേ ജീവനക്കാർ തന്നെയാണ് വിമാനം കൊണ്ടു പോയിരുന്നത്. ഒന്നര മണിക്കൂറോളം വിശ്രമിച്ച ശേഷം വിമാനം തിരിച്ചു കൊണ്ടു വരികയായിരുന്നു. അസുഖബാധിതനായ ഗ്ലൂസിയ മാനസിക സമ്മർദ്ദത്തിന് ഇടയായിട്ടുണ്ടോ എന്ന ചോദ്യവും അവശേഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP