Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പതുമാസം സർവീസിലിരുന്ന ഡോക്ടർ തളർന്നുവീണ് കിടപ്പിലായാൽ സർക്കാർ സഹായത്തിനെത്തില്ലേ? ഡോ. ബൈജു സർക്കാരിന്റെ കണക്കിൽ ഇപ്പോഴും ഡ്യൂട്ടിക്കുവരാതെ ആബ്‌സന്റ് ആയ ഒരു ഡോക്ടർമാത്രം; മനുഷ്യസ്‌നേഹി ആയിരുന്ന ഈ ഡോക്ടർക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത്

ഒമ്പതുമാസം സർവീസിലിരുന്ന ഡോക്ടർ തളർന്നുവീണ് കിടപ്പിലായാൽ സർക്കാർ സഹായത്തിനെത്തില്ലേ? ഡോ. ബൈജു സർക്കാരിന്റെ കണക്കിൽ ഇപ്പോഴും ഡ്യൂട്ടിക്കുവരാതെ ആബ്‌സന്റ് ആയ ഒരു ഡോക്ടർമാത്രം; മനുഷ്യസ്‌നേഹി ആയിരുന്ന ഈ ഡോക്ടർക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത്

മറുനാടൻ മലയാളി ബ്യൂറോ

മുവാറ്റുപുഴ: ഒമ്പതുകൊല്ലം മുമ്പ് 2007ലെ റിപ്പബ്ലിക്ക് ദിനത്തിന് തലേന്ന് ഹാജർ പുസ്തകത്തിൽ ഒപ്പിട്ട ഡോ. ബൈജു അതിനുശേഷം ഇന്നുവരെ സർക്കാർ രേഖകളിൽ ആബ്‌സന്റ് ആണ്. തന്റേതല്ലാത്ത കാരണത്താൽ രോഗിയുടെ ഭർത്താവ് ഒരുക്കിയ മരണക്കെണിയിൽ വീണുപോയ ആ ഗവൺമെന്റ് ഡോക്ടർ ഒമ്പതുവർഷത്തെ നരകജീവിതത്തിനു ശേഷം മരണത്തെ പുൽകുമ്പോഴും ഇക്കാലമത്രയും ഒരു സർക്കാർ സഹായവും അദ്ദേഹത്തെ തേടിയെത്തിയില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

പ്രൊബേഷൻ കാലയളവിൽ ഒമ്പതുമാസത്തെ മാത്രം സർവീസുണ്ടായിരുന്നപ്പോഴാണ് ബൈജുവിന് ദുരന്തമുണ്ടാകുന്നത്. അക്കാരണം പറഞ്ഞുകൊണ്ടുതന്നെ മനുഷ്യസ്‌നഹം മറന്ന സർക്കാർ അധികാരികൾ അദ്ദേഹത്തിന് സഹായം നിഷേധിക്കുകയായിരുന്നുവത്രെ. രാഷ്ട്രീയക്കാരും ഡോക്ടർമാരുടെ സംഘടനകളും പലകാലത്തും ഇതിനായി ശ്രമിച്ചെങ്കിലും മനുഷ്യസ്‌നഹത്തിനു വിലകൽപ്പിക്കാൻ ചുവപ്പുനാടകൾ തടസ്സമാക്കി സർക്കാർ മേലാളന്മാർ ഡോട്കറുടെ ദുരന്തത്തെ കണ്ടില്ലെന്നു നടിച്ചു.

താൻ നല്കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ സ്വന്തം ജീവിതം തന്നെ ഉപയോഗിച്ചപ്പോൾ അതിൽ ഒളിഞ്ഞിരുന്ന ചതി മനസിലാക്കാൻ കഴിയാതെയാണ് മൂവാറ്റുപുഴ പായിപ്ര പണ്ടിരിയിൽ പുത്തൻപുര വീട്ടിൽ ഡോ. പി.എ. ബൈജു (47) ലോകത്തോടു വിട പറഞ്ഞത്. ഒൻപതു വർഷത്തെ ജീവിത യാതനകൾക്കൊടുവിൽ. മൂവാറ്റപുഴ പായിപ്ര മാനാറിയിലെ വീട്ടിൽ ഞായറാഴ്ച രാത്രി 12.30 യോടെയായിരുന്നു ഡോക്ടറുടെ അന്ത്യം.

താൻ ശാന്തയെന്ന രോഗിക്ക് നൽകിയ മരുന്നുകഴിച്ച് അവർ അവശനിലയിലായെന്നു പറഞ്ഞ് ഭർത്താവും ബന്ധുക്കളും കൊണ്ടുവന്ന മരുന്ന് വിശ്വാസ്യത തെളിയിക്കാനായി 2007 ജനുവരി 26ന് ബൈജു കഴിക്കുകയായിരുന്നു. മരുന്നിൽ രോഗിയുടെ ഭർത്താവ് വിഷംകലർത്തിയിരുന്നതറിയാതെയാണ് ഡോക്ടർ അത് കഴിച്ചുകാണിച്ചത്. ബൈസൺവാലി ഗവ. ആയുർവേദ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. അല്പസമയത്തിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ വിവിധ ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആറുമാസത്തിനു ശേഷം വീട്ടിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.

അതിനുശേഷം ഒമ്പതുവർഷം ദുരിതക്കിടക്കയിൽ ബോധം നഷ്ടമായി കഴിഞ്ഞ ഡോക്ടർ ബൈജുവിന് സർക്കാർ വേണ്ടതുപോലെ സഹായമെത്തിച്ചില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരുടെയും ഡോക്ടർമാരുടെ സംഘടനകളും ഇടപെട്ടിരുന്നെങ്കിലും വലിയ സഹായമൊന്നും ലഭിച്ചില്ല. പേരിനായി പലരും ഡോക്ടറുടെ വീട്ടിൽ കയറിയിറങ്ങി ഒമ്പതുമാസംമാത്രം ജോലി ചെയ്തതുകൊണ്ട് ഡോക്ടർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു വാദം. ഇടക്കിടെ ദുരിതാശ്വാസനിധിയിൽനിന്ന് സർക്കാരും മറ്റു സന്നദ്ധ സംഘടനകൾ അവരുടെ ചാരിറ്റി ഫണ്ടിൽ നിന്നും കുറച്ച് സഹായം നൽകിയെങ്കിലും അതൊന്നും ഡോക്ടറെ രക്ഷിക്കാൻ പര്യപ്തമായില്ല.

ഡ്യൂട്ടിയിലിരിക്കെ ഡോക്ടർക്ക് അത്യാഹിതമുണ്ടായതിനാൽ ശമ്പളം തുടർന്നും നൽകണമെന്ന വീട്ടുകാരുടെ ആവശ്യം. പരിഗണിക്കപ്പെട്ടില്ല. സംഭവം നടന്ന് ആദ്യമൊക്കെ ശുഷ്‌കാന്തി കാണിച്ചവർ പിന്നീടങ്ങോട്ടു തിരിഞ്ഞുനോക്കാതെയയി. ആദ്യകാലത്തെ ഉ്ത്സാഹംകഴിഞ്ഞതോടെ പിന്നീടാരും ഡോക്ടറെ കാണാനെത്തിയില്ല. അവസാനകാലത്ത് ചികിത്സയ്ക്കു മറ്റുമായി നാട്ടിലുള്ള ഒരു ചാരിറ്റി സംഘടനയാണ് ഇടയ്ക്കിടെ വീട്ടിൽ എത്തി അത്യാവശ്യ മരുന്നും മറ്റും നൽകിയിരുന്നത്.

കുറച്ചുകാലംകൊണ്ട് രോഗികളുടെ കണ്ണിലുണ്ണിയായി

വിവിധ ആശുപത്രികളിൽ ജോലി ചെയ്തശേഷമാണ് ഡോ. ബൈജു സർക്കാർ സർവീസിൽ കയറുന്നത്. ആദ്യ നിയമനം ബൈസൻവാലിയിൽ. കുറച്ചുകാലംകൊണ്ടുതന്നെ പേരെടുത്ത് രോഗികൾക്ക് പ്രിയങ്കരനായി മാറി ബൈജു. ആശുപത്രി രോഗികളെക്കൊണ്ടു നിറഞ്ഞു. അതിലൊരാളായിരുന്നു ശാന്തയെന്ന വീട്ടമ്മയും. നിത്യരോഗിയായിരുന്ന അവർ ശരീരം തളർന്ന് ഏറെക്കുറെ ഒരു കിടപ്പുരോഗിയായെന്ന അവസ്ഥയിലായിരുന്നു ഡോക്ടറുടെ അരികിലെത്തുന്നത്. സ്വന്തമായി ജോലിയൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ആമവാതമായിരുന്നു ശാന്തക്കെന്ന് കണ്ടെത്തിയ ഡോക്ടർ അതിനുള്ള ചികിത്സകൾ നിർദ്ദേശിച്ചു.

മരുന്നു ഫലിച്ചു. രണ്ടു മാസംകൊണ്ട് ശാന്തയുടെ നില വളരെയധികം മെച്ചപ്പെട്ടു. പിന്നീട് തുടർ ചികിത്സകളും നിർദ്ദേശിച്ചു. നാഗാർജുന ഔഷധനിർമ്മാണ കമ്പനിയുടെ രാസനപഞ്ജകം കഷായമാണ് ഡോക്ടർ പ്രധാനമായും നിർദ്ദേശിച്ചത്. മരുന്നുമായി വീട്ടിലെത്തിയശേഷം ഒരു ഡോസ് കഴിച്ചു. പിന്നീട് രണ്ടാമത്തെ ഡോസ് കഴിച്ചശേഷമാണ് ശാന്തയ്ക്ക് അസ്വസ്ഥത തോന്നിയത്. തുടർന്ന് ശാന്തയെ ബന്ധുക്കൾ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. വിഷം ഉള്ളിൽച്ചെന്നതാണെന്ന് അവിടെയുള്ള ഡോക്ടർ വ്യക്തമാക്കി. അതിനുള്ള ചികിത്സകൾ ഉടനടി നൽകുകയും ചെയ്തതോടെ അപകടാവസ്ഥയിൽ നിന്ന് ശാന്ത രക്ഷപ്പെട്ടു.

തുടർന്നാണ് ശാന്തയുടെ ഉള്ളിൽച്ചെന്ന മരുന്നുമായി ഭർത്താവ് രാജപ്പനും കൂട്ടരും ബൈജു ഡോക്ടറുടെ അടുത്തെത്തുന്നത്. താൻ നൽകിയ മരുന്ന് വിഷമല്ലെന്നും അതിൽ യാതൊരു പിഴവുകളുമില്ലെന്നും ഡോക്ടർ ആവർത്തിച്ചെന്നാണ് സാക്ഷിമൊഴികൾ. പക്ഷേ, അതൊന്നും ഡോക്ടറെ വളഞ്ഞവർ കേട്ടില്ല. ഒടുവിൽ ഡോക്ടർ ഈ മരുന്ന് കഴിച്ചു കാണിക്കുകയായിരുന്നു. മണിക്കൂറുകളോളം ഡോക്ടർക്ക് പറയത്തക്ക വിഷമതകൾ ഉണ്ടായിരുന്നില്ല. സംഭവദിവസം വൈകുന്നേരമായപ്പോൾ ഒരു ഫ്രൂട്ടി കഴിച്ചതോടെ ഡോക്ടർ പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു.

മരുന്നുകഴിക്കൽ സംഭവമൊന്നും അതുവരെ അത്രഗൗരവത്തിൽ ആരും എടുത്തിരുന്നില്ല. പക്ഷേ, ഡോക്ടർ അബോധാവസ്ഥയിലേക്കു വീണതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ഉഗ്രവിഷമായിരുന്നു മരുന്നിൽ കലർന്നിരുന്നതെന്ന് അറിയാതെയാണ് ബൈജുവിനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ഥിതിവഷളായിരുന്നു. തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിനു താഴേക്കു ചലനമറ്റു. പിന്നീടൊരിക്കൽപ്പോലും ബൈജു ഒരുവാക്കും പറഞ്ഞിട്ടില്ല.

കണ്ണീരോർമ്മകളുമായി വയോധികമാതാവ്

മൂവാറ്റുപുഴ: അവൻ ഒരുപാട് വേദന തിന്നു. ഒന്നനങ്ങാൻ പോലും കഴിയാതെ കട്ടിലിൽ തളർന്ന് ഒമ്പതുവർഷമായി ഒരേ കിടപ്പ്. ചിലപ്പോൾ ഇമയൊന്നു ചിമ്മും. കണ്ണുകളിൽനിന്നും കണ്ണീരൊഴുകും. ആരോ ചെയ്ത തെറ്റിന് എന്റെ മകൻ അനുഭവിച്ച കഷ്ടതകൾ പറഞ്ഞാൽ തീരുന്നില്ല. ഞാനിരിക്കുമ്പോൾ അവനെ ദൈവം വിളിച്ചതാകണം. കാരണം ഞാൻ പോയാൽ അവനെ നോക്കാൻ മറ്റാരുമില്ലല്ലോ .. അനങ്ങാനോ മിണ്ടാനോ കഴിയാതെ കഴിഞ്ഞ ബൈജുവിനെ പരിപാലിച്ച വയോധികമാതാവ് ലീല പറയുന്നു.

ബൈസൺവാലി ആശുപത്രിയിൽ വച്ച് രോഗിക്കു കുറിച്ചുകൊടുത്ത മരുന്നിൽ അവരുടെ ഭർത്താവ് ഏലത്തിനടിക്കുന്ന കൊടുംവിഷമാണ് കലർത്തിയതെന്ന് ആ അമ്മ പറയുന്നു. ശാന്ത അതുകഴിച്ചതാണ്. പക്ഷേ എങ്ങനെയോ അവർ രക്ഷപ്പെട്ടു. പക്ഷേ, എന്റെ വാവയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ശാന്തയുടെ ഭർത്താവും കൂട്ടരും ആശുപത്രിയിൽ വന്ന് വിഷം കലർത്തിയ മരുന്ന് അവന്റെ വായിൽ ബലമായി ഒഴിച്ചു നൽകുകയായിരുന്നുവെന്ന് ലീല പറയുന്നു. പക്ഷേ, പൊലീസ് മൊഴിയിൽ അവൻ സ്വയം ആ വിഷമരുന്ന് കുടിച്ചെന്നാണ്.

അവന് അപകടം പിണഞ്ഞപ്പോൾ ആരും ഞങ്ങളെ അറിയിച്ചില്ല. അവൻ ബോധരഹിതനായി സംസാരിക്കാൻ കഴിയാതെ വീണുപോയപ്പോഴാണ് ഞങ്ങൾ ഇതൊക്കെ അറിഞ്ഞതുതന്നെ. ഒരുപക്ഷേ, മരുന്ന് അവന്റെ ഉള്ളിൽച്ചെന്ന് കുറേയധികം സമയം അവന് കുഴപ്പമൊന്നുമില്ലായിരുന്നു. അപ്പോൾ ഞങ്ങൾക്ക് അവനുമായോ അവനു ഞങ്ങളോടോ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവനിൽനിന്നു തന്നെ കാര്യം അറിയാമായിരുന്നു. പക്ഷേ, അതുണ്ടായില്ല- കരഞ്ഞുകൊണ്ട് ലീല പറയുന്നു.

ജനകീയ പ്രതിഷേധമൊക്കെ നടന്നതുകൊണ്ടാണ് പിന്നീട് കേസ് എടുത്തത്. പൊലീസിനെപ്പോലും അവരെല്ലാം പാട്ടിലാക്കിയെന്നുകരുതണം. ഒടുവിൽ ശാന്ത കഴിച്ച വിഷമരുന്നും വാവ കഴിച്ചതും ഒരേ മരുന്നാണെന്ന് കണ്ടെത്തിയപ്പോഴാണ് അവർ പ്രതിയെ അറസ്റ്റ് ചെയ്തത്. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജാമ്യത്തിൽ ഇറങ്ങി. ആ കേസ് ഇന്നും തീർന്നിട്ടില്ല- മകനെ ജീവച്ഛവമാക്കിയവർക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയുമായി ലീല പറഞ്ഞുനിർത്തുന്നു.

പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ മോഹങ്ങൾ ബാക്കിയാക്കി അന്ത്യയാത്ര

കഷ്ടപ്പെട്ട് പഠിപ്പിച്ച മകൻ ഡോക്ടറായതോടെ വീട് പച്ചപിടിക്കുമെന്ന കൂലിപ്പണിക്കാരായ ലീലയുടേയും ഭർത്താവിന്റെയും പ്രതീക്ഷകൾക്കുമേൽ വിധി ഇടിത്തീപോലെ വന്നുവീണ സംഭവമായിരുന്നു ഡോക്ടർക്കുണ്ടായ ദുരന്തം. ഡോ. ബൈജുവിന്റെ പായിപ്രയിലെ വീട്ടിലേക്ക് എത്തണമെങ്കിൽ മൺവഴിയിലൂടെ കുന്നുകയറി ഇറങ്ങണം. ചെങ്കുത്തായ മലയുടെ ഒരു വശത്താണ് വീട്. ബൈക്കുപോലും കഷ്ടിച്ച് പോകുന്ന വഴി. ചികിത്സയ്ക്കായി ബൈജുവിനെ സ്ട്രക്ചറിൽ കിടത്തി ചുമന്നാണു സമീപത്തുള്ള ടാർ റോഡിലേക്ക് എത്തിച്ചിരുന്നത്. അവിടെനിന്ന് ആംബുലൻസിലായിരുന്നു ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നത്. ഓടുമേഞ്ഞ വീടും പൊട്ടിയ ചുമരുകളും ചോർന്നൊലിക്കുന്ന വീടുമായിരുന്നു അപകടശേഷം ഡോക്ടറുടെ ഏക ആശ്രയം.

ബൈജുവിനേറ്റ ദുരന്തം ആ കുടുംബത്തിന്റെ പ്രതീക്ഷയാകെ തകർത്തു. സാമ്പത്തികമായി അഭിവയോധികിപ്പെടേണ്ടിയിരുന്ന കുടുംബം ബൈജു വീണതോടെ ദുരിതക്കയത്തിലേക്ക് വീണുപോയി. കൂലിപ്പണിക്കുപോയിരുന്ന ലീല പിന്നീട് ആ പണിക്കു പോകാതെ മകനു കൂട്ടിരുന്നു. പിതാവും സഹോദരൻ ബിജുവുമാണ് പിന്നീടുള്ള ആശ്രയം. ഏക സഹോദരി വത്സല അകാലത്തിൽ ഒന്നരമാസം മുമ്പ് മരണമടഞ്ഞത് കുടുംബത്തിന് മറ്റൊരു വേദനയായി.

ബൈജുവിന്റെ ഭാര്യ ഡോ. ഷിൻസി തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ ഡോക്ടറാണ്. മക്കൾ രണ്ടുപേരും ഷിൻസിക്കൊപ്പമാണ്. ഷിൻസി കുട്ടികളുമായി എല്ലാ ആഴ്ചയും എത്തിയിരുന്നു. സ്വന്തം കുട്ടികളുടെയും സഹോദരിയുടെ മക്കളുടെയും സാന്നിധ്യത്തിൽ ബൈജു പുഞ്ചിരിക്കുമായിരുന്നുവെന്ന് മാതാവ് ലീല പറയുന്നുണ്ട്. അരച്ചഭക്ഷണവും പാനീയങ്ങളും മാത്രം മൂക്കിലൂടെ കഴിച്ചുകൊണ്ട് ജീവിതം തള്ളിനീക്കിയ ബൈജു ഒടുവിൽ മരണത്തിന് കീഴടങ്ങി. എന്നെങ്കിലും മകൻ എഴുന്നേറ്റുവരുമെന്നും എന്തെങ്കിലുമൊന്ന് മിണ്ടുമെന്നുമുള്ള അമ്മയുടെയും ബന്ധുക്കളുടേയും പ്രാർത്ഥനകൾ കേൾക്കാതെ.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP